Friday, October 11, 2013

മലാലയ്ക്ക് ഇയു പുരസ്കാരം

സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്): ഭീകരവാദം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാക് പെണ്‍കുട്ടി മലാല യൂസഫ് സായിക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സഖാറോവ് മനുഷ്യാവകാശ പുരസ്കാരം. അമേരിക്കയുടെ ആഗോള ചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേഡ് സ്നോഡെന്‍ അടക്കമുള്ളവരുടെ അന്തിമപട്ടികയില്‍നിന്നാണ് ഇയുവിന്റെ ഏറ്റവും പ്രമുഖ പുരസ്കാരത്തിന് മലാലയെ തെരഞ്ഞെടുത്തത്. മികച്ച ഭാവിക്കായുള്ള ഞങ്ങളുടെ പ്രതീക്ഷ മലാലയെപ്പോലുള്ള യുവജനങ്ങളിലാണെന്ന് ലോകത്തെ അറിയിക്കാനാണ് തീരുമാനിച്ചതെന്ന് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ടി ജോസഫ് ദൗള്‍ പറഞ്ഞു.

അതേസമയം സമാധാന നൊബേല്‍ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്ന മലാലയെ(16) വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി ആവര്‍ത്തിച്ചു. സഖാറോവ് പുരസ്കാരം ലഭിക്കാന്‍ മലാലയ്ക്ക് അര്‍ഹതയില്ലെന്നും ഇസ്ലാമിന്റെ ശത്രുക്കളാണ് ഇതിനു പിന്നിലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്‍കാര്‍ മലാലയെ സ്കൂളില്‍നിന്ന് മടങ്ങവേ ആക്രമിച്ചത്. വെടിയേറ്റ് തലയോട്ടി തകര്‍ന്ന പെണ്‍കുട്ടി ലണ്ടനിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഐക്യരാഷ്ട്രസഭ അടക്കമുള്ള വേദികളിലെത്തിയ മലാല ഭീകരതയ്ക്കെതിരെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും ശക്തമായി വാദിച്ചു. അറുപത്തയ്യായിരം ഡോളറാണ് സഖാറോവ് പുരസ്കാരത്തിന്റെ സമ്മാനത്തുക. ഇറാന്‍ അഭിഭാഷകന്‍ നസ്റിന്‍ സുതോദെയ്ക്കും ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിക്കുമായിരുന്നു കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്.

deshabhimani

No comments:

Post a Comment