Tuesday, October 8, 2013

കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരം പുറത്തുവിടാന്‍ രാഹുല്‍ നിര്‍ദേശിക്കുമോ: മാത്യു ടി തോമസ്

ആദര്‍ശ രാഷ്ട്രീയത്തിന്റെ "സൂപ്പര്‍മാന്‍" ചമയുന്ന രാഹുല്‍ഗാന്ധി സ്വിസ് ബാങ്കുകളിലടക്കം വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുമോ- ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ ചോദിച്ചു. ലോകത്ത് അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ നാലാംസ്ഥാനം എഐസിസി പ്രസിഡന്റിനാണെന്ന് വെളിവാക്കപ്പെട്ട സാഹചര്യത്തില്‍, യുപിഎ സര്‍ക്കാര്‍ ഭരണം ആരംഭിച്ച 2004ലും ഇപ്പോഴും തനിക്കുള്ള ആസ്തികളുടെ യാഥാര്‍ഥ വിവരം സോണിയാഗാന്ധി പ്രസിദ്ധീകരിക്കുകയും ആസ്തിയുടെ സ്രോതസ്സ് വെളിപ്പെടുത്തുകയും വേണമെന്നും മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനെ സഹകരണമന്ത്രി എതിര്‍ത്തതിനോട് മുഖ്യമന്ത്രി പ്രതികരിക്കണം. അഴിമതി അന്വേഷണം നടത്തുന്നതിന് മന്ത്രിമാരുടെ അനുവാദം വേണമെന്ന സ്ഥിതിയിലേക്ക് യുഡിഎഫ് ഭരണം നീങ്ങുകയാണ്. ബിഹാറില്‍ അഴമതിക്കേസുകളില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രിവരെ ജയിലിടയ്ക്കപ്പെടുമ്പോള്‍ കേരളത്തില്‍ പഴകിയതെന്നുപറഞ്ഞ് മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കുന്നു. യുപിഎ അധ്യക്ഷയെ സര്‍ക്കാരിന്റെ പരിപാടി ഉദ്ഘാടനംചെയ്യാന്‍ കൊണ്ടുവന്നത് അഴിമതിക്കാണ്. രാജ്ഭവനിലാണ് യുഡിഎഫിന്റെ ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. രാജ്ഭവനെ കെപിസിസി ഓഫീസാക്കി മാറ്റിയെന്നും മാത്യു ടി തോമസ് പറഞ്ഞു. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ കാസര്‍കോട്ടുനിന്ന് ആരംഭിച്ച "ജനതാ മുന്നേറ്റയാത്ര" 11ന് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ യു ജോണിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment