Tuesday, October 8, 2013

ആധാര്‍ : സര്‍ക്കാരിന് കടുംപിടിത്തം

പൊതുജനങ്ങള്‍ക്ക് അവശ്യസേവനം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഹര്‍ജിക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ വിഷയം തീര്‍പ്പാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍, ആധാറിനെതിരായ ഹര്‍ജികളില്‍ എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കാമെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാനും എസ് എ ബോബ്ഡെയും ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. കേസ് ദസറ അവധിക്കുശേഷം 21ന് വീണ്ടും പരിഗണിക്കും.

ആധാര്‍ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെ ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) ബില്ലിന് അംഗീകാരം നല്‍കി. ആധാര്‍ കാര്‍ഡിന് നിയമപിന്തുണ ഉറപ്പാക്കുന്നതാണ് ബില്‍. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. ആധാര്‍ കാര്‍ഡ് പദ്ധതിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് ബില്ലുമായി വന്നത്. ഇതുവരെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു അതോറിറ്റിയുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍സേവനം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തിരുത്തിക്കാന്‍ കേന്ദ്ര അഭിഭാഷകര്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ കിണഞ്ഞുശ്രമിച്ചു. ആധാറിനുവേണ്ടി, പെട്രോളിയം മന്ത്രാലയത്തിനും എണ്ണക്കമ്പനികള്‍ക്കുമൊക്കെയായി മുതിര്‍ന്ന അഭിഭാഷകരുടെ വന്‍നിരതന്നെ വാദിക്കാനെത്തി. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ തുടങ്ങിയവര്‍ ആധാറിനുവേണ്ടി വിശദമായി വാദിച്ചെങ്കിലും സുപ്രീംകോടതി നിലപാട് തിരുത്തിയില്ല.

ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് പെട്രോളിയം മന്ത്രാലയത്തിനുവേണ്ടി ഹാജരായ എജി ജി ഇ വഹന്‍വതി പറഞ്ഞു. ആധാര്‍ കാര്‍ഡ് കൂടാതെ സബ്സിഡി നിരക്കില്‍ പാചകവാതകസിലിണ്ടറുകള്‍ വിതരണംചെയ്യുന്നത് നിര്‍ത്തണമെന്ന് വഹന്‍വതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളുമെല്ലാം എളുപ്പത്തില്‍ വ്യാജമായി സൃഷ്ടിക്കാം. എന്നാല്‍, ആധാറില്‍ തട്ടിപ്പ് എളുപ്പമല്ല. ആധാര്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സബ്സിഡി ആനുകൂല്യങ്ങള്‍ കിട്ടുന്നതിനുള്ള ഉപാധിമാത്രമാണിത്. ആധാര്‍ കാര്‍ഡുടമകള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകള്‍ കൂടാതെ ആര്‍ക്ക് വേണമെങ്കിലും വിപണിവിലയ്ക്ക് സിലിണ്ടര്‍ സ്വന്തമാക്കാം.

എക്സിക്യൂട്ടീവ് അധികാരമുപയോഗിച്ച് ആധാര്‍പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. രണ്ടുവര്‍ഷംമുമ്പ് ഈ വിഷയം കോടതി തീര്‍പ്പാക്കിയതാണ്- വഹന്‍വതി പറഞ്ഞു. ഇടക്കാല ഉത്തരവ് തിരുത്തിയില്ലെങ്കില്‍ പാചകവാതകവിതരണത്തെ ബാധിക്കുമെന്ന് എണ്ണക്കമ്പനികള്‍ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗേശ്വര്‍റാവു പറഞ്ഞു. പാചകവാതക സബ്സിഡി ആധാര്‍ നമ്പരുമായി കൂട്ടിയിണക്കിയ 97 ജില്ലകളില്‍ വിതരണം പ്രതിസന്ധിയിലാകും-റാവു പറഞ്ഞു. സര്‍ക്കാരിന് നിയമത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതേയുള്ളൂവെന്ന് കോടതി പ്രതികരിച്ചു. ബില്‍ മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് വഹന്‍വതി പ്രതികരിച്ചപ്പോള്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഓര്‍ഡിനന്‍സ് മാര്‍ഗവും ആരായാമെന്ന് ജനപ്രതിനിധികളുടെ അയോഗ്യതാ ഓര്‍ഡിനന്‍സ് പരാമര്‍ശിച്ച് കോടതി പരിഹസിച്ചു.

deshabhimani 091013

No comments:

Post a Comment