Thursday, November 7, 2013

ഇന്‍ഷുറന്‍സ് തുക കുറച്ചു; റിലയന്‍സ് തട്ടുന്നത് കോടികള്‍

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്ലെയിംനിരക്ക് വെട്ടിക്കുറച്ച് സ്വകാര്യകമ്പനി കോടികള്‍ കൊയ്യുന്നു. വര്‍ഷത്തില്‍ ശരാശരി അറുപതിനായിരം പേര്‍ നടത്തുന്ന താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയയുടെ ക്ലെയിംതുക പദ്ധതി നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഷുറന്‍സ് 7500 രൂപയില്‍നിന്ന് 4500 രൂപയായാണ് കുറച്ചത്. ഒരു വര്‍ഷം ക്ലെയിം അറുപതിനായിരത്തില്‍ ഒതുങ്ങിയാല്‍ത്തന്നെ മൂന്നുവര്‍ഷംകൊണ്ട് 54 കോടിയില്‍പ്പരം രൂപയാണ് റിലയന്‍സ് അടിച്ചെടുക്കുന്നത്. തുടക്കംമുതല്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടം സഹിച്ച് നടത്തിയ സമഗ്ര ആരോഗ്യപദ്ധതി ഈ വര്‍ഷമാണ് റിലയന്‍സിന്റെ കൈയിലെത്തിയത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ റിലയന്‍സിന് കേരളത്തിലെ പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ രേഖയിലെ നിബന്ധനതന്നെ മാറ്റിയത് വലിയ ആക്ഷേപം ഉണ്ടാക്കിയിരുന്നു. കരാര്‍ ഉറപ്പിച്ചശേഷം തുക വെട്ടിക്കുറച്ചത് നിയമവിരുദ്ധവുമാണ്. പദ്ധതി നടത്തിപ്പിന്റെ ചുമതല യുണൈറ്റഡ് ഇന്ത്യക്കായിരുന്ന 2013 മാര്‍ച്ച് 31 വരെ താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയക്ക് ക്ലെയിം നിരക്ക് 6300 രൂപയായിരുന്നു. എന്നാല്‍ 2012 ഡിസംബറില്‍ പുറത്തിറക്കിയ ടെന്‍ഡര്‍രേഖയില്‍ ഇത് 7500 രൂപയായി. ഈ ടെന്‍ഡര്‍രേഖയുടെ അടിസ്ഥാനത്തിലാണ് റിലയന്‍സ് പദ്ധതി നടത്തിപ്പ് ഏറ്റെടുത്തത്. എന്നാല്‍ ക്ലെയിം വന്നപ്പോള്‍ റിലയന്‍സ് തുക കുറച്ചു. ഇരുകണ്ണിനുമുള്ള ശസ്ത്രക്രിയക്കാണ് ഈ തുകയെന്നും ഒരുകണ്ണിന് 4500 രൂപയാണെന്നും വാദിച്ചാണ് തുക കുറച്ചത്. ഒരു കണ്ണിനുമാത്രമെന്ന് രേഖയില്‍ വ്യക്തമാക്കാന്‍ വിട്ടുപോയതാണെന്നാണ് പറയുന്ന ന്യായം.

എന്നാല്‍ രണ്ടുകണ്ണിനും ഒരേസമയം തിമിര ശസ്ത്രക്രിയ നടത്താറില്ലാത്ത സാഹചര്യത്തില്‍ ഈ തൊടുന്യായത്തിന് ന്യായീകരണമില്ല. തിരുവനന്തപുരത്തെ പ്രശസ്തമായ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് അതിന്റെ ആവശ്യമില്ലായിരുന്നെന്ന പേരില്‍ ക്ലെയിം നിഷേധിച്ച സംഭവവും ഉണ്ടായി. വിദഗ്ധ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രത്തിനുപകരം പാരാമെഡിക്കല്‍ ബിരുദധാരികളെയാണ് ഇക്കാര്യത്തില്‍ റിലയന്‍സ് പരിശോധകരായി വച്ചിട്ടുള്ളതെന്ന് ആശുപത്രികള്‍ക്ക് പരാതിയുണ്ട്. പദ്ധതിയില്‍ പങ്കാളികളായ ആശുപത്രികളെ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നടപടി.

രാജ്യത്തിനാകെ മാതൃകയായിരുന്ന കേരളത്തിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും ആകര്‍ഷകമായ അപകടമരണ നഷ്ടപരിഹാരം നിര്‍ത്തലാക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാരും റിലയന്‍സും ചേര്‍ന്ന് ആദ്യം ചെയ്തത്. കുടുംബനാഥന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. സിസേറിയിന് 2013 മാര്‍ച്ച്വരെ 8000 രൂപയായിരുന്നു. ഏപ്രിലില്‍ ഇത് 7000 രൂപയായും ആഗസ്തില്‍ 6000 രൂപയായും കുറച്ചു. ഇതിന്റെ സാമ്പത്തിക നേട്ടവും റിലയന്‍സിന് മാത്രമാണ്. ചികിത്സാച്ചെലവ് ഏറെ വര്‍ധിച്ച സമയത്ത് നടത്തിയ ഈ വെട്ടിക്കുറയ്ക്കല്‍ തങ്ങളെ പദ്ധതിയില്‍നിന്ന് പുറത്താക്കാനുള്ള നീക്കമായാണ് പല സ്വകാര്യ ആശുപത്രികളും കാണുന്നത്. സ്വകാര്യ ആശുപത്രികളിലെ സിസേറിയന്റെ എണ്ണത്തില്‍വന്ന കുറവ് ഇതാണ് കാണിക്കുന്നത്.
(എം എന്‍ ഉണ്ണിക്കൃഷ്ണന്‍)

deshabhimani

No comments:

Post a Comment