Thursday, November 7, 2013

പി മോഹനന് ചായ വാങ്ങിക്കൊടുത്തതിന് മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്ത സിപിഐ എം നേതാവ് പി മോഹനന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴി ഹോട്ടലില്‍ ചായ കഴിക്കാന്‍ അനുവാദം നല്‍കിയതിന്റെ പേരില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ എഎസ്ഐ ഹാലിദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനു, സിവില്‍ പൊലീസ് ഓഫീസര്‍ ഇ കെ ഗണേഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിജിപി ആവശ്യപ്പെട്ടതനുസരിച്ച് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറാണ് നടപടിയെടുത്തത്. ആശുപത്രിയിലേക്ക് പോകവേ, ഭാര്യയും എംഎല്‍എയുമായ കെ കെ ലതികക്കൊപ്പം മെഡിക്കല്‍ കോളേജിനു സമീപത്തെ ഹോട്ടലില്‍ മോഹനന്‍ ചായ കഴിച്ചതാണ് മഹാ അപരാധമായി ചിത്രീകരിക്കുന്നത്.

ഡ്യൂട്ടിയിലുള്ള മൂന്നു പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഭക്ഷണം കഴിക്കാന്‍ പോയത്. മൂത്രാശയ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു മോഹനനെ. ജയിലില്‍നിന്ന് പ്രതികളെ പുറത്തുകൊണ്ടുപോകുമ്പോഴുള്ള നടപടിക്രമം മാത്രമേ ഇവിടെയും ഉണ്ടായുള്ളു. രാവിലെ ഭക്ഷണം കഴിക്കാതെയാണ് മോഹനന്‍ ജയിലില്‍നിന്നിറങ്ങിയത്. പൊലീസ് വാഹനം നിര്‍ത്തുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ഹോട്ടലിലേക്ക് കയറ്റിനിര്‍ത്തിയത്. തിരക്കുള്ള ജങ്ഷനായതിനാല്‍ റോഡില്‍ പൊലീസ് വാഹനം നിര്‍ത്തിയിടാനാവില്ല. ജയിലില്‍ കഴിയുന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുക സ്വാഭാവികമാണ്. അപ്പോള്‍ ഭാര്യയോടും ബന്ധുക്കളോടും പ്രതികള്‍ സംസാരിക്കുന്നതും സ്വാഭാവികം. വിചാരണയ്ക്കും മറ്റും കോടതിയില്‍ കൊണ്ടുപോകുമ്പോഴും ബന്ധുക്കളെ കാണാന്‍ പൊലീസ് അനുവദിക്കാറുണ്ട്. അതിന് യാതൊരു വിലക്കുമില്ലെന്ന് പൊലീസുകാര്‍ പറയുന്നു. എന്തെങ്കിലും സാധനങ്ങള്‍ കൈമാറാന്‍ പാടില്ലെന്ന ചട്ടമേയുള്ളു. ചട്ടങ്ങള്‍ പാലിച്ചില്ലെന്നുപറഞ്ഞാണ് പൊലീസുകാര്‍ക്കെതിരെ നടപടി.

എംഎല്‍എയോടും സിപിഐ എം നേതാവായ മോഹനനോടുമുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസുകാര്‍ക്കെതിരായ നടപടിയെടുത്തത്. പ്രാഥമിക അന്വേഷണം നടത്തുക പോലും ചെയ്യാതെയാണ് പ്രതികാര നടപടി. സസ്പെന്‍ഷനിലായ ഗണേഷ് കുമാര്‍ ഭരണാനുകൂല പൊലീസ് സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ്. സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment