Thursday, November 7, 2013

പാമൊലിന്‍ കേസ് പിന്‍വലിക്കരുതെന്ന് മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എതിര്‍പ്പ് മറികടന്നെന്ന് മന്ത്രിസഭാ രേഖ. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭയുടെ അജന്‍ഡയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇത് മറികടന്ന്് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. തിരുവഞ്ചൂരിന്റെ വിയോജനക്കുറിപ്പ് അടങ്ങുന്ന അജന്‍ഡയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.

പാമൊലിന്‍ കേസ് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമുള്ളതിനാല്‍ അവ തീര്‍പ്പാക്കുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ കുറിപ്പ്. എന്നാല്‍, കേസ് കൈകാര്യംചെയ്യുന്ന വകുപ്പ് മന്ത്രിയെ മറികടന്ന് ഫയല്‍ നിയമ സെക്രട്ടറിക്ക് അയച്ചു. കേസില്‍ ഇടപെടരുതെന്ന് ഒരു കോടതിയും നിര്‍ദേശിച്ചിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് വിലക്കില്ലെന്നും നിയമ സെക്രട്ടറി കുറിപ്പെഴുതി. ഈ കുറിപ്പ് സഹിതമുള്ള ഫയല്‍ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്‍വലിക്കല്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരുവഞ്ചൂരിന്റെ വിയോജനക്കുറിപ്പ് പുറത്തുവരുന്നതെന്നതും ശ്രദ്ധേയം.

മുപ്പതിനായിരം മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ സിംഗപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. 1991 നവംബര്‍ 27നാണ് ഇറക്കുമതിക്ക് മന്ത്രിസഭ തീരുമാനിച്ചത്. ഉത്തരവിറങ്ങിയത് 1991 ഡിസംബര്‍ രണ്ടിന്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നതിനുമുമ്പ് നവംബര്‍ 29ന് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധി സദാശിവവും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണും കരാര്‍ ഒപ്പിട്ടു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫയും പ്രതികളായ കേസില്‍ ജിജി തോംസണ് പുറമെ മുന്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി ജെ തോമസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി. ധനസെക്രട്ടറിയുടെ തടസ്സവാദം തള്ളിയാണ് ഇടപാടിന് സിംഗപ്പുര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. താന്‍കൂടി പ്രതിയാകുമെന്ന് ഭയന്ന് 2005ല്‍ മുഖ്യമന്ത്രിയായ ഉടനെ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. ഇതിനെ സുപ്രീംകോടതി ഉള്‍പ്പെടെ വിമര്‍ശിച്ചു. തുടര്‍ന്ന് കരുണാകരന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ തെളിവെടുപ്പ് നടക്കട്ടെ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഇതിനിടെ തങ്ങള്‍ പ്രതികളാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് ടി എച്ച് മുസ്തഫയും മറ്റും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കുരുക്ക് മുറുകിയപ്പോള്‍ ജഡ്ജിയെ പുകച്ച് ചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ രാജിവയ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലെത്തിയത്. കേസ് തെളിവെടുപ്പിന്റെ ഘട്ടത്തില്‍ പ്രതിയായേക്കുമെന്ന ഭയന്നാണ് കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനത്തിന് വകുപ്പ് മന്ത്രിയുടെപോലും പിന്തുണയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായത്.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment