Thursday, November 7, 2013

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ അടവുനയം രൂപീകരിക്കും: കാരാട്ട്

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപി അധികാരത്തില്‍ വരുന്നതു തടയാനുമുള്ള അടവുനയങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജ്യോതിബസു ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെയും ശക്തിവര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഈ ഐക്യത്തിലൂടെ വലിയ മാറ്റമാകും വരുംനാളുകളില്‍ ഉണ്ടാകുക. നവ ലിബറല്‍ നയങ്ങളില്‍നിന്നും വര്‍ഗീയ പ്രത്യയശാസ്ത്രത്തില്‍നിന്നും അമേരിക്കന്‍ അനുകൂല വിദേശനയത്തില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയവും വേദിയുമാണ് സിപിഐ എമ്മും ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാജ്യത്ത് വിനാശകരമായ ഭരണമാണ് നടത്തുന്നത്. സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും രൂക്ഷമായ വിലക്കയറ്റവും നാടിനെ വലിയ ദുരന്തത്തില്‍ എത്തിച്ചു. തൊഴിലില്ലായ്മയും വ്യവസായ, കാര്‍ഷികമേഖലയിലെ തകര്‍ച്ചയും രൂക്ഷമാക്കി. കോര്‍പറേറ്റുകളെയും മൂലധനശക്തികളെയും സഹായിക്കുന്ന നയങ്ങള്‍ വഴി സാമാന്യജനങ്ങളുടെ ജീവിതം ദുരിതമാക്കി. അഴിമതി സ്ഥാപനവല്‍ക്കരിച്ചു. കല്‍ക്കരി അഴിമതി പോലെയുള്ള കുംഭകോണങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം പുറത്തുവന്നു. നാടിന്റെ സമ്പത്തും വിഭവങ്ങളും കുത്തകകള്‍ കൊള്ളയടിക്കുന്നു. അവശ്യസാധനങ്ങളുടേതടക്കം വില ദിവസവും കുതിച്ചുയരുകയാണ്. യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യതയും രാഷ്ട്രീയാധികാരവും തകര്‍ന്നുതരിപ്പണമായി. സഖ്യകക്ഷികളില്‍ ഭൂരിപക്ഷവും യുപിഎ വിട്ടു. ഇപ്പോള്‍ ഏതാനും ചില കക്ഷികള്‍ മാത്രമാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. യുപിഎയുടെ തകര്‍ച്ചയും ഭരണത്തിനെതിരെ ജനങ്ങള്‍ക്കിടയിലുള്ള അസംതൃപ്തിയും മുതലെടുക്കാമെന്നാണ് ബിജെപി കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കുത്തിപ്പൊക്കാനും മതസ്പര്‍ധ വളര്‍ത്താനും ബോധപൂര്‍വം ശ്രമിക്കുന്നു.

നയങ്ങളുടെയും ജനവിരുദ്ധതയുടെയും കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേപോലെയാണ്. സാമ്പത്തികനയങ്ങള്‍, പാചകവാതക വിലവര്‍ധന, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ ഇവരുടെ നിലപാടിലൂടെ ഇക്കാര്യം വ്യക്തമായതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പൊതുവേദി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്തമായി പ്രചാരണപ്രവര്‍ത്തനങ്ങളും പ്രക്ഷോഭവും നടത്തും. അടുത്തിടെ ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികള്‍ വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷന്റെ വിജയം വലിയ സൂചനയാണ് നല്‍കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ആന്ധ്ര, ബിഹാര്‍, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശികകക്ഷികള്‍ വലിയ നേട്ടം കൈവരിക്കും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കാര്യമായ സ്വാധീനം ഉണ്ടാക്കാനാകില്ലെന്നും കാരാട്ട് പറഞ്ഞു.

മതനിരപേക്ഷ പ്രസ്ഥാനം നിര്‍ണായകമാകണം: വി എസ്

ഇടതുപക്ഷ മതനിരപേക്ഷപ്രസ്ഥാനത്തെ രാജ്യത്തെ ഭരണ വ്യവസ്ഥയില്‍ നിര്‍ണായകപങ്ക് വഹിക്കാന്‍ കഴിയുന്ന ശക്തിയാക്കി മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എ കെ ജി പഠന-ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജ്യോതിബസു ജന്മശതാബ്ദി സെമിനാറില്‍ ജ്യോതിബസു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു വി എസ്.

രാജ്യത്ത് വര്‍ഗീയ-പ്രതിലോമശക്തികള്‍ വീണ്ടും അധികാരത്തിലെത്താന്‍ എല്ലാ കുത്സിതമാര്‍ഗങ്ങളും പയറ്റുകയാണ്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാകാതെ അന്തം വിട്ടുനില്‍ക്കുകയാണ് മതേതര പാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്. അധികാരത്തിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയെപ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ് സമീപനം നാം പല ഘട്ടങ്ങളിലും കണ്ടിട്ടുള്ളതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുന്ന വേളയില്‍ ഇത് പ്രതിരോധിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കാനാകണം. ഇടതുപക്ഷ മതേതരപ്രസ്ഥാനത്തിനുവേണ്ടി ജ്യോതിബസു എന്നും വാചാലമായി വാദിച്ചിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റ്, ധീരനായ പോരാളി, ശക്തനായ ഭരണാധികാരി, ദീര്‍ഘവീക്ഷണമുള്ള നേതാവ്, വീറുറ്റ മതനിരപേക്ഷവാദി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലകളിലാണ് ജ്യോതിബസു ഓര്‍മിക്കപ്പെടുന്നത്്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മുന്‍ഗണനകള്‍ക്ക് രൂപംനല്‍കാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

സാമ്രാജ്യത്വ ദാസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് വിധിയെഴുതും: എം എ ബേബി

മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ സാമ്രാജ്യത്വ ദാസ്യവൃത്തിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇന്ത്യയുടെ വിദേശനയം നഗ്നമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ പ്രതിബിംബമായി മാറി. അമേരിക്കന്‍ വിധേയത്വത്തിന്റെ അവസാനത്തെ ഉദാഹരണമാണ് അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം. എ കെ ജി പഠന-ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ജ്യോതിബസു ജന്മശതാബ്ദി സെമിനാറില്‍ "വിദേശരംഗം 2009-14: സാമ്രാജ്യത്വ ദാസ്യത്തിന്റെ അപമാനദിനങ്ങള്‍" വിഷയം അവതരിപ്പിക്കുകയായിരുന്നു ബേബി.

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ച് എഡ്വേര്‍ഡ് സ്നോഡെന്‍ വെളിപ്പെടുത്തിയപ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നാണംകെട്ട നിലപാട് പുറത്തായത്. അമേരിക്കയുടെ സഖ്യകക്ഷികളായ ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയുംമേലുള്ള കൈയേറ്റമായാണ് കാണുന്നത്. ഇന്ത്യയാകട്ടെ ഒരുവിധ പ്രതിഷേധത്തിനും തയ്യാറായില്ല. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഒരു പടികൂടി കടന്ന് അമേരിക്ക ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിക്കാനും തയ്യാറായി. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗഫേസ് അമേരിക്കയുടെ ചാരപ്പണിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. മന്‍മോഹന്‍സിങ് മുന്‍നിശ്ചയപ്രകാരം വാഷിങ്ടണ്‍ സന്ദര്‍ശനം ഒഴിവാക്കിയില്ല. പ്രതിഷേധ സൂചകമായി ഒരു വാക്കുപോലും പറഞ്ഞതുമില്ല. പകരം ഒബാമയുമായി സൗഹാര്‍ദം പങ്കിട്ട് അത്താഴവിരുന്നുണ്ട് മടങ്ങുകയായിരുന്നു. പുതിയ കരാറുകളില്‍ ഒപ്പിട്ട് വിധേയത്വം ഒന്നുകൂടി ഉറപ്പിച്ചു. വിദേശ-സാമ്പത്തിക നയങ്ങളില്‍ യുപിഎ സര്‍ക്കാരിന്റെ അതേ നിലപാടാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനുള്ളത്. ഇത് തിരിച്ചറിയുന്ന ജനം ബദലിനായി വോട്ട് ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.

deshabhimani

No comments:

Post a Comment