Thursday, November 7, 2013

കേന്ദ്രമന്ത്രി ഇടപെട്ടു; കസ്റ്റഡിയിലെടുത്ത കോണ്‍. ഗുണ്ടയെ പൊലീസ് വിട്ടയച്ചു

ആലപ്പുഴ: കണ്ണര്‍കാട് ചെല്ലിക്കണ്ടത്തിലെ കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട സംഭവത്തില്‍ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ഗുണ്ടയെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചു. കായിപ്പുറം കുട്ടപ്പന്‍ എന്നറിയപ്പെടുന്ന ഓം പ്രണവദാസിനെയാണ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ നിന്ന് പുലര്‍ച്ചെ മൂന്നിന് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന ഗുണ്ടയായ പ്രണവദാസിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആലപ്പുഴയിലെ ഒരു കേന്ദ്രമന്ത്രിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഏഴു മണിക്കൂറിന് ശേഷം ഇയാളെ വിട്ടയച്ചതെന്ന് പറയുന്നു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുഹമ്മയ്ക്ക് അടുത്തുള്ള കായിപ്പുറത്ത് ഇന്ദിരാഗാന്ധിയുടെ പ്രതിമ ആരോ തകര്‍ത്തിരുന്നു. അതിന് ശേഷം കായിപ്പുറത്തെ വയലാര്‍ രവി വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ മുഹമ്മയിലൂടെ രാത്രി പന്ത്രണ്ടിനും ഒന്നരയ്ക്കും ഇടയ്ക്ക് പല പ്രാവശ്യം കടന്നുപോയതായി മുഹമ്മയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂറിറ്റി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഈ കാറില്‍ പ്രണവദാസും ഉണ്ടായിരുന്നുവത്രെ. മുഹമ്മയില്‍ തെക്കുവശം കാവുങ്കല്‍ വടക്ക് ജങ്ഷനിലൂടെ പടിഞ്ഞാറോട്ട് വന്ന് കൃഷ്ണപിള്ള സ്മാരകത്തിന് അടുത്ത് എത്താം. ഇത് ദേശീയപാതയിലേക്കുള്ള റോഡായതിനാല്‍ മറ്റ് സംശയങ്ങള്‍ക്ക് ഇടനല്‍കില്ല. വനസ്വര്‍ഗം കവലയില്‍ നിന്ന് കൃഷ്ണപിള്ള സ്മാരകത്തിലെത്തി കൃത്യം നിര്‍വഹിക്കുന്നതിനേക്കാള്‍ എളുപ്പവും പിടിക്കപ്പെടാനുള്ള സാധ്യത കുറവുമാണ്. കായിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്ന് രാത്രി പ്രണവദാസുമായി ബന്ധപ്പെട്ടിരുന്നുവെന്നതിന് തെളിവായി പൊലീസിന്റെ പക്കല്‍ കോള്‍ലിസ്റ്റുണ്ട്. പ്രണവദാസിന്റെ സഹായിയായ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഈ നേതാവ് രാത്രി 1.10ന് വിളിച്ചിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകന്‍ ആ സമയം ഏതു ടവര്‍ പരിധിയിലാണെന്ന് പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.

ഇടതുപക്ഷ പ്രവര്‍ത്തകരെ മാത്രമല്ല; ഗ്രൂപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേതാക്കളെവരെ തല്ലിയതിന് പ്രണവദാസിനെതിരെ കേസുണ്ട്. കഴിഞ്ഞ കര്‍ഷകദിനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടി ഇയാളുടെ നേതൃത്വത്തിലാണ് തല്ലിതകര്‍ത്തത്. അതിനു മുമ്പ് കായിപ്പുറം സഹകരണ ബാങ്കിന്റെ സെക്രട്ടറിയെ തല്ലിയതിനും ഇയാളുടെ പേരില്‍ കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവും വ്യത്യസ്തനല്ല. സ്കൂളിലെ പെണ്‍കുട്ടികളുടെ മൂത്രപുരയില്‍ വേഷം മാറി കയറിയതിന് പിടിയിലായിരുന്നു. മറ്റൊരു പീഡനക്കേസിലും തീവെപ്പ് കേസിലും പ്രതിയായിരുന്നു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ദീപ്തിമേരി വര്‍ഗീസിനെ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആക്രമിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സിപിഐ എമ്മില്‍ വിഭാഗീയതയുണ്ടെന്നും അതാണ് പ്രശ്നത്തിന് കാരണമെന്നും വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമം. ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ പ്രതിയാക്കാന്‍ ഒരു തെളിവും കിട്ടാതെ വന്നപ്പോഴാണ് പ്രണവദാസിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണം കോണ്‍ഗ്രസ് നേതൃത്വം തന്നെ തടസപ്പെടുത്തിയതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു തുടങ്ങി.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment