Thursday, November 7, 2013

ഫേസ്ബുക്കില്‍ ഗ്രൂപ്പ്കളി: യൂത്ത്നേതാവിന് സസ്പെന്‍ഷന്‍

ഫേസ്ബുക്കില്‍ ഗ്രൂപ്പ്പ്രവര്‍ത്തനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍. പറവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി കെ ഫൗമികിനെയാണ് സംസ്ഥാനനേതൃത്വം സസ്പെന്‍ഡ് ചെയ്തത്. വി ഡി സതീശന്‍ എംഎല്‍എയെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. സാമൂഹ്യശൃംഖലാ സൈറ്റുകളില്‍ സജീവമാകണമെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങിയവരില്‍ പലരും ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗം ഉപയോഗിക്കുന്നുവെന്ന പരാതി സജീവമായിരിക്കെയാണ് നടപടി. എ ഗ്രൂപ്പുകാരനും കെ പി ധനപാലന്‍ എംപിയുടെ അടുത്ത അനുയായിയുമാണ് ഫൗമിക്. നേതാക്കന്‍മാരുടെ പെട്ടിചുമക്കുന്നവര്‍ക്കു മാത്രമേ ഉയര്‍ന്ന പദവികളിലെത്താനാവൂ എന്നായിരുന്നു വി ഡി സതീശന്റെ എഐസിസി സെക്രട്ടറി പദവിയെക്കുറിച്ച് ഫൗമികിന്റെ ഫേസ്ബുക്ക് പരാമര്‍ശം. വി ഡി സതീശന്റെ പരാതിപ്രകാരം എറണാകുളം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എം വി രതീഷാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കെ വി രതീഷ് നല്‍കിയ പരാതിയില്‍ ഒരാളെ കഴിഞ്ഞദിവസം കളമശേരി പൊലീസ് ഗോവയില്‍നിന്ന് അറസ്റ്റ്ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ചൂടാറുംമുമ്പാണ് എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത്്.

വൈപ്പിന്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ എ-ഐ ഗ്രൂപ്പുകാര്‍ തമ്മിലുണ്ടായ അടിയില്‍ ബ്ലോക്ക് സെക്രട്ടറിക്ക് പരിക്കേറ്റതിലും ഒരാളെ സസ്പെന്‍ഡ്ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീറിന്റെ അന്വേഷണറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബ്ലോക്ക് ഭാരവാഹിയും ഐ ഗ്രൂപ്പുകാരനുമായ കെ എം മധുവിനെ സസ്പെന്‍ഡ്ചെയ്തത്. നേരത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പരാമര്‍ശം നടത്തിയതിനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും കെ മുരളീധരന്‍ എംഎല്‍എയെയും അപമാനിച്ച മുസ്ലിം ലീഗ് നേതാക്കളുടെ കോലംകത്തിച്ചതിനും മധുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുത്ത ഉടനെയാണ് ഇയാള്‍ ബ്ലോക്ക്യോഗത്തില്‍ എ വിഭാഗക്കാരുമായി ഏറ്റുമുട്ടിയതും ബ്ലോക്ക് സെക്രട്ടറിയെ മര്‍ദിച്ചതും. രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി എം വി രതീഷ് പറഞ്ഞു. നടപടി ദേശീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ട്.

deshabhimani

No comments:

Post a Comment