Thursday, November 7, 2013

എസ്ബിടി സ്വീപ്പര്‍ നിയമനത്തില്‍ വ്യാപക ക്രമക്കേട്

എസ്ബിടി തൃശൂര്‍ സോണിലെ സ്വീപ്പര്‍ നിയമനത്തില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും അഴിമതിയും നടന്നതായി ആക്ഷേപം. 14 വര്‍ഷത്തോളം ബാങ്കില്‍ ദിവസക്കൂലിക്ക് ജോലിയെടുത്തവരെ തഴഞ്ഞാണ് ഒരുദിവസംപോലും ജോലിയെടുക്കാത്തവരും മറ്റ് ജീവിതമാര്‍ഗങ്ങളുള്ളവരുമായവരെ നിയമിച്ചത്. വിവിധ ശാഖകളിലായി 26പേരെ നിയമിച്ചിട്ടുണ്ട്. സ്ഥിരംനിയമനം നടത്തുമ്പോള്‍ താല്‍ക്കാലികക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു വാഗ്ദാനം. 40-45 വയസ്സ് പിന്നിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇനി മറ്റ് തൊഴിലവസരമൊന്നുമില്ല.

14 വര്‍ഷം എളനാട് ശാഖയില്‍ ജോലിയെടുത്ത പി എസ് ഷാബി, കുഴൂര്‍ ശാഖയിലെ എല്‍സി ജോണി, ചൊവ്വൂര്‍ ശാഖയിലെ ജോസഫീന എന്നിവരും പരിഗണിക്കപ്പെടാതെ പോയ താല്‍ക്കാലികക്കാരില്‍പ്പെടുന്നു. 30 രൂപയില്‍ തുടങ്ങി 170 രൂപയാണ് പലര്‍ക്കും കിട്ടിയിരുന്ന ദിവസവേതനം. രാവിലെ മുതല്‍ വൈകിട്ട്വരെയാണ് ജോലിസമയം. സ്ഥിരംനിയമനം വന്നതോടെ ഇവരുടെ താല്‍ക്കാലികജോലിയും നഷ്ടമായി. നോട്ടീസ്ബോര്‍ഡില്‍ പരസ്യപ്പെടുത്തിയാണ് അര്‍ഹതയുള്ളവരെ ഇന്റര്‍വ്യു ചെയ്തതെന്നാണ് മാനേജ്മെന്റ് വാദം. എന്നാല്‍ പലയിടത്തും ഈ വിജ്ഞാപനം പുറംലോകം കണ്ടിട്ടില്ല. എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍നിന്ന് ലിസ്റ്റ് വാങ്ങിയെന്ന പ്രഹസനവും അരങ്ങേറി. എന്നാല്‍ അക്കൂട്ടത്തില്‍ ആരേയും ഇന്റര്‍വ്യൂവിനുപോലും വിളിച്ചില്ലെന്നതാണ് വാസ്തവം. അതേസമയം ബാങ്ക് ആവശ്യങ്ങള്‍ക്ക് വിളിക്കാറുള്ള ടാക്സി ഡ്രൈവര്‍ക്കുപോലും നിയമനം തരമാക്കിയെന്ന ആക്ഷേപമുണ്ട്.

നിയമനത്തിന്റെ മാനദണ്ഡം വെളിപ്പെടുത്താന്‍ അധികാരികള്‍ തയ്യാറാവണമെന്നും ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും ബിഇഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരാതി എസ്ബിടി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കി.

deshabhimani

No comments:

Post a Comment