Sunday, November 3, 2013

അപമാനിച്ചത് എംപി: ശ്വേത

കൊല്ലത്ത് ജലോത്സവ വേദിയില്‍ തന്നെ അപമാനിച്ചത് കോണ്‍ഗ്രസ് എംപി എന്‍ പീതാംബരക്കുറുപ്പ് ആണെന്ന് ചലച്ചിത്ര നടി ശ്വേത മേനോന്‍ വെളിപ്പെടുത്തി. വേദിയില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെ തന്നെ പലതവണ അപമാനിക്കാന്‍ പീതാംബരക്കുറുപ്പ് ശ്രമിച്ചതായാണ് ശ്വേതയുടെ പരാതി. സംഭവത്തെക്കുറിച്ച് കൊല്ലം കലക്ടറോടും ആര്‍ഡിഒയോടും പരാതി പറഞ്ഞതായും അവര്‍ അറിയിച്ചു. എന്നാല്‍, കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകാതെ സര്‍ക്കാരും പൊലീസും ഒളിച്ചുകളിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേത ശനിയാഴ്ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ അവര്‍ പലപ്പോഴും വിങ്ങിപ്പൊട്ടി. തനിക്ക് നേരിട്ട അപമാനം മറക്കാനാകില്ലെന്നും താന്‍ കള്ളം പറഞ്ഞെന്ന് വരുത്താന്‍ കലക്ടര്‍ ശ്രമിച്ചെന്നും ശ്വേത പറഞ്ഞു.

ശ്വേത രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ കേസ് എടുക്കൂ എന്നാണ് പൊലീസ് നിലപാട്. സ്വമേധയാ കേസെടുക്കില്ലെന്ന്ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു. രാഷ്ട്രപതിയുടെ പേരിലുള്ള പ്രസിഡന്റ്സ് ട്രോഫി ജലമേളയുടെ ഉദ്ഘാടനവേദിയിലാണ് കോണ്‍ഗ്രസ് എംപിയില്‍നിന്ന് ചലച്ചിത്രനടിക്ക് അപമാനം നേരിട്ടത്. ഇതേപ്പറ്റി രാഷ്ട്രപതിക്കും പരാതി പോയിട്ടുണ്ട്്. കേസ് എടുക്കാതെ എംപിയെ രക്ഷിക്കുന്ന നടപടി പൊലീസിന് പുലിവാലാകുമെന്ന് ഉറപ്പാണ്. രാഷ്ട്രപതിഭവനില്‍നിന്ന് സംഭവത്തെക്കുറിച്ച് ഗവര്‍ണറോട് വിശദീകരണം ചോദിച്ചേക്കുമെന്നാണ് സൂചന. ശ്വേതയെ എംപി അപമാനിക്കുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടു. തന്നെ അപമാനിച്ചത് ജനപ്രതിനിധിയാണെന്നത് ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ശ്വേത മേനോന്‍ കൈരളി പീപ്പിളിനോട് പ്രതികരിച്ചു. കേസ് എടുത്താല്‍ സത്യം ബോധിപ്പിക്കും.

ആരോപണം പീതാംബരക്കുറുപ്പ് നിഷേധിച്ചു. ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചത് താനല്ല, മറ്റുചിലരാണെന്നും അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പീതാംബരക്കുറുപ്പിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സിനിമാ താരങ്ങളുടെ സംഘടനയായ "അമ്മ"യുടെ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കലക്ടറോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. പൊലീസ് ഇന്റലിജന്‍സും വിവരം ശേഖരിച്ചു. സ്വമേധയാ കേസ് എടുക്കുമെന്ന് വനിതാ കമീഷന്‍ അംഗം ലിസി ജോസ് അറിയിച്ചെങ്കിലും പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്നാണ് ചെയര്‍ പേഴ്സണ്‍ റോസക്കുട്ടിയുടെ നിലപാട്.

ചാനല്‍ വാര്‍ത്തകളെ അടിസ്ഥാനമാക്കിമാത്രം കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്. വളരെ സൂക്ഷിച്ചേ പൊലീസിന് നടപടി സ്വീകരിക്കാനാകൂവെന്നാണ് ഡിജിപി പറഞ്ഞത്. എന്നാല്‍, അപമാനിക്കപ്പെട്ടതായി സ്ത്രീ പറഞ്ഞാല്‍ സ്വമേധയാ കേസ് എടുക്കണമെന്ന് കേന്ദ്രനിയമം അനുശാസിക്കുന്നുണ്ട്. ഡിവൈഎഫ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ശ്വേത മേനോനില്‍നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍നിന്ന് വനിതാ പൊലീസുകാരുടെ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജി മുരളീധരന്‍, സംസ്ഥാന കമ്മിറ്റിഅംഗം ആര്‍ ബിജു, ജില്ലാ സെക്രട്ടറി വി പി പ്രശാന്ത്, സെക്രട്ടറിയറ്റ് അംഗം ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു 

കൊച്ചി: കൊല്ലത്തു നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തിന് തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ചുവെന്നും തന്നോട്് മോശമായി പെരുമാറിയെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നടി ശ്വേത മേനോന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയെന്ന നിലയില്‍ ശരിക്കും അപമാനിക്കപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയതുമുതല്‍ തിരികെ കാറില്‍ കയറുന്നതുവരെ ഈ വ്യക്തി ഒപ്പം നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. സ്റ്റേജില്‍വച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഇത് മനസ്സിലാക്കി താന്‍ പലപ്പോഴും ഒഴിഞ്ഞുമാറിയിട്ടും അദ്ദേഹം പിന്മാറിയില്ല. സംഭവം കൊല്ലം കലക്ടറുമായി സംസാരിച്ചിട്ടുണ്ട്്. അദ്ദേഹം വ്യക്തിപരമായി തന്നോടു ക്ഷമ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയപ്പോഴാണ് കലക്ടര്‍ നിലപാട് മാറ്റിയത്. ഇത് കൂടുതല്‍ വേദനിപ്പിച്ചു.

ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ അത്തരത്തില്‍ ചെയ്തത് സത്രീയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടായി. തന്നോട് മോശമായി പെരുമാറിയത്് പരാതിയായി എഴുതിനല്‍കിയില്ലെന്നത് സത്യമാണ്. ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍ അതിന്റെ ആവേശം തല്ലിക്കെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് അവിടെവച്ച് പ്രതികരിക്കാതിരുന്നത്. താരസംഘടനയായ "അമ്മ"യുടെ പ്രസിഡന്റ് ഇന്നസെന്റുമായി സംസാരിച്ചിട്ടുണ്ട്. സംഘടനയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ട്. അവരുമായി സംസാരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ശ്വേത വ്യക്തമാക്കി.
- See more at: http://www.deshabhimani.com/newscontent.php?id=374103#sthash.MPr4wFez.dpuf

കര്‍ശന നടപടി വേണം: വി എസ്

തിരു: അത്യന്തം അപമാനകരവും നീചവുമായ പ്രവൃത്തിയാണ് പീതാംബരക്കുറുപ്പില്‍നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുറുപ്പിനെതിരെ കര്‍ശന നടപടി എടുക്കണം. ഹീനമായ പ്രവൃത്തികളാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്നതെന്നും വി എസ് പറഞ്ഞു.

പീതാംബരക്കുറുപ്പിനെതിരെ കേസെടുക്കണം: കോടിയേരി

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എംപി നടി ശ്വേതമേനോനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉടന്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞയുടനെ സ്വമേധയാ പൊലീസ് കേസെടുക്കണമായിരുന്നു. നടി കലക്ടറോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തത് ശരിയായില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പാര്‍ലമെന്റ് പാസാക്കിയ 2013ലെ നിയമനുസരിച്ച് കേസെടുക്കണം. കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരത്തില്‍ ദുരനുഭവമുണ്ടായി. യൂത്ത് കോണ്‍ഗ്രസുകാരാണ് ഇവരെ അപമാനിക്കാന്‍ ശ്രമിച്ചത്.

സാംസ്കാരിക കേരളത്തിന് തീരാ കളങ്കം: പന്ന്യന്‍

തിരു: ദേശീയ നിലവാരത്തില്‍പ്പോലും ആദരിക്കപ്പെടുന്ന ശ്വേത മേനോനെ അപമാനിച്ചത് സാംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവാദപ്പെട്ടവര്‍ ഇതേക്കുറിച്ച് പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ഇനിയും തയ്യാറായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കിയുള്ള സമീപനം സ്വീകരിക്കുന്നത് ശരിയല്ല. സ്ത്രീസമൂഹത്തെയാകെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് എത്ര ഉന്നതനായാലും നടപടി സ്വീകരിക്കാന്‍അധികൃതര്‍ തയ്യാറാകണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

സമൂഹത്തിന് അപമാനം: ഡിവൈഎഫ്ഐ

തിരു: ശ്വേത മേനോനെ പൊതുവേദിയില്‍ അപമാനിച്ച സംഭവം മലയാളിസമൂഹത്തിന് അപമാനമാണെന്നും കലക്ടറോടും ആര്‍ഡിഒയോടും കരഞ്ഞ് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശ്വേത മേനോനെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ അടിയന്തരമായി കേസെടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ശ്വേതയെ അപമാനിച്ചവരെ ഒറ്റപ്പെടുത്തണം: എസ്എഫ്ഐ

തിരു: മലയാളത്തിന്റെ അഭിമാനതാരം ശ്വേതാമേനോനെ അപമാനിച്ച കൊല്ലം എംപി പീതാംബരക്കുറുപ്പിനെതിരെ കേസെടുത്ത് കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് യഥാര്‍ഥത്തില്‍ നീലാംബരക്കുറുപ്പാണെന്ന് സ്വയം തെളിയിച്ചരിക്കുന്നു. ഇത് സ്ത്രീത്വത്തിനേറ്റ ആക്രമണമാണ്. സ്ത്രീശരീരത്തെ ആക്രമിക്കുകയും ആഘോഷിക്കുകയുംചെയ്യുന്ന ആഗോളവല്‍ക്കരണ- വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് പീതാംബരക്കുറുപ്പ്. അമ്മയെയും പെങ്ങളെയും മകളെയും തിരിച്ചറിയാത്തവരെ ജനം ഒറ്റപ്പെടുത്തണം. ക്രിമിനല്‍ നടപടി പ്രകാരം പൊലീസും പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ലോക്സഭാ സ്പീക്കറും ശക്തമായ നടപടി സ്വീകരിക്കണം. നടി ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ടതില്‍ തിങ്കളാഴ്ച സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ശന നടപടി വേണം: സാഹിത്യസംഘം

പാലക്കാട്: നടി ശ്വേതാമേനോനെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഈ സംഭവത്തിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണ സംസ്കാരം ഒരിക്കല്‍കൂടി വെളിവായിരിക്കുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, ജാതിതിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കുക, അയ്യങ്കാളിയുടെ പേരിലുള്ള ചലച്ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുക, അന്ധവിശ്വാസ നിര്‍മാര്‍ജനനിയമം കേരളത്തില്‍ പാസാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

വനിതാ കമീഷന്‍ സ്വമേധയാ നടപടി എടുക്കണം: ഡോ. ലിസി ജോസ്

കൊച്ചി: അപമാനിക്കപ്പെട്ട ശ്വേത മേനോന്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കേണ്ടതായിരുന്നെന്ന് സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. ലിസി ജോസ് പറഞ്ഞു. വണ്ടിയില്‍നിന്ന് ഇറങ്ങിയപ്പോള്‍മുതല്‍ തിരിച്ചുപോകുന്നതുവരെ തന്നെ ഉപദ്രവിച്ചെന്നാണ് ശ്വേത പറഞ്ഞത്. പ്രതികരിക്കാത്തതുകൊണ്ടും നിയമനടപടി വേണ്ടതുപോലെ നടക്കാത്തതുകൊണ്ടുമാണ് നാട്ടില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. വനിതാ കമീഷന്‍ സ്വമേധയ നടപടി എടുക്കണം. നിയമനടപടി എടുക്കേണ്ടത് പൊലീസാണ്. വനിതാ കമീഷനില്‍ പരാതിനല്‍കുന്ന പലര്‍ക്കും പിന്നീട് ധാരണയുണ്ടാക്കി പരാതി പിന്‍വലിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. സ്ത്രീ ശാക്തീകരണം ഉള്‍ക്കൊള്ളാനായവര്‍ മാത്രമാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.

ഞെട്ടിച്ചു: സുഗതകുമാരി

തിരു: ഇര പരാതിപ്പെട്ടില്ലെങ്കിലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് കവി സുഗതകുമാരി പറഞ്ഞു. ഏറ്റവും സങ്കടമുണ്ടാക്കുന്നതും ഒരിക്കലും പാടില്ലാത്ത നിര്‍ഭാഗ്യകരമായ കാര്യങ്ങളുമാണ് നടന്നത്. ശ്വേതാമേനോനെ പോലുള്ള നടിയെ അപമാനിച്ചത് ഞെട്ടിച്ചു. ഇതേകുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി എടുക്കണമെന്നും സുഗതകുമാരി പറഞ്ഞു.

അമ്മയുടെ നടപടിക്ക് ഫെഫ്കയുടെ പിന്തുണ

കൊച്ചി: ശ്വേത മേനോന്‍ പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ അമ്മ കൈക്കൊള്ളുന്ന തുടര്‍നടപടികള്‍ക്ക് ഫെഫ്ക പൂര്‍ണ സഹകരണവും പിന്തുണയും പ്രഖ്യാപിച്ചു. ഈ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഘടനയുടെ ശക്തമായ അമര്‍ഷവും പ്രതിഷേധവും അദ്ദേഹം അറിയിച്ചു.

ശ്വേത കള്ളം പറയില്ല: പത്മജ

തിരു: നടി ശ്വേതാമേനോന് കള്ളം പറയേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു

ആരോപണം അസത്യം: പീതാംബരക്കുറുപ്പ്

തിരു: തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ പീതാംബരക്കുറുപ്പ് എംപി പറഞ്ഞു. രണ്ട് മദ്യപാനികളാണ് അവിടെ പ്രശ്നമുണ്ടാക്കിയത്. വിശ്വസനീയമായ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ട്. അവ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരാതി കിട്ടിയാല്‍ നടപടി: മുഖ്യമന്ത്രി

കോട്ടയം: നടി ശ്വേത മേനോനെ എന്‍ പീതാംബരകുറുപ്പ് എംപി അപമാനിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരാതി കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. ഗൗരവമുള്ള വിഷയമാണോ എന്ന് പരാതി കിട്ടിയാലേ പറയാന്‍ സാധിക്കൂ എന്നായിരുന്നു ചോദ്യത്തിനുള്ള മറുപടി.

പഠിക്കുന്നു: ചെന്നിത്തല

കൊച്ചി: ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട വിഷയത്തില്‍ കാര്യങ്ങള്‍ പഠിക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment