Thursday, November 7, 2013

സിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് കോടതി

ഇന്ത്യയിലെ മുഖ്യ അന്വേഷണ ഏജന്‍സിയായ സിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് ഗുവാഹത്തി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രൂപീകരിച്ചത് ഉത്തരവിലൂടെയാണെന്നും എന്നാല്‍ നിയമനിര്‍മ്മാണത്തിലൂടെയേ അന്വേഷണ ഏജന്‍സിയെ രൂപീകരിക്കാനാകൂ എന്നും കോടതിപറഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐയെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരി, ഇന്ദിര ഷാ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സിബിഐയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

1963 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന സിബിഐ ഡല്‍ഹി പൊലീസ് സ്പെഷല്‍ ആക്ട് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ നവേന്ദ്രകുമാറാണ് സിബിഎയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. 2001ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നാല് ദിവസം സുപ്രീം കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാന്‍ കഴിയൂ. അതുവരെ ഗുവാഹത്തി ഹൈക്കോടതി വിധിയാണ് പ്രാബല്യത്തിലുണ്ടാകുക.

deshabhimani

No comments:

Post a Comment