Saturday, November 2, 2013

ഇങ്ങനെ ചോദ്യംചെയ്തിട്ട് എന്ത് കാര്യം: ഹൈക്കോടതി

ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ വിജിലന്‍സ് ചോദ്യംചെയ്ത രീതിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത്തരത്തിലാണ് പ്രതികളെ ചോദ്യംചെയ്യുന്നതെങ്കില്‍ ഒരു പ്രയോജനവും കിട്ടില്ലെന്ന് കോടതി പറഞ്ഞു. കേസുകള്‍ അട്ടിമറിക്കാന്‍ പൊലീസില്‍ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ഈ മാഫിയയുടെ സഹായത്തോടെയാണോ തട്ടിപ്പുകേസുകള്‍ അട്ടിമറിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. സലിംരാജിനെ ചോദ്യംചെയ്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതു വിലയിരുത്തിയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. സലിം രാജിനെ ചോദ്യംചെയ്യുന്നതുപോലെ പ്രതികളെ ചോദ്യംചെയ്യുന്നതുകൊണ്ട് കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സോളാര്‍ കേസിലെ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 41 ലക്ഷം രൂപ കബളിപ്പിച്ച കേസ് എഴുതിത്തള്ളിയത് ചോദ്യംചെയ്യുന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.

ക്രിമിനലുകളെ സഹായിക്കാന്‍ പൊലീസിന്റെ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സഹായത്തോടെയാണ് കേസ് അട്ടിമറിച്ചതെന്നും പരാതിപ്പെട്ടാണ് ആലപ്പുഴ സ്വദേശി ടി ആര്‍ പ്രകാശ് കോടതിയെ സമീപിച്ചത്. ആക്രി ഇരുമ്പ് കരാറിന്റെ പേരില്‍ സരിതയും ബിജുവും ചേര്‍ന്ന് പരാതിക്കാരനില്‍നിന്ന് 41 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2005ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും തുടര്‍ന്ന് ആലപ്പുഴ സിജെഎം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നുവെന്നും ഹര്‍ജിഭാഗം പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സിവില്‍സ്വഭാവമുള്ള തര്‍ക്കം മാത്രമാണെന്നു ചൂണ്ടിക്കാട്ടി പിന്നീട് കേസ് എഴുതിത്തള്ളിയെന്നാണ് പരാതി. വീഴ്ചവരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെന്നു കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും ഹര്‍ജിക്കാര്‍ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് ഗുണകരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മോഷണക്കേസില്‍ കള്ളനെ കാണിച്ചുതന്നാല്‍ അറസ്റ്റ്ചെയ്യാമെന്നു പറയുന്നതുപോലെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടതി പറഞ്ഞു.

deshabhimani

No comments:

Post a Comment