Thursday, November 7, 2013

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വളര്‍ച്ച രാജ്യാന്തര നിലവാരത്തില്‍

തലശേരി: വിവാദങ്ങളില്‍ തകര്‍ന്നുപോകാതെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വളരുന്നത് രാജ്യാന്തരനിലവാരത്തിലേക്ക്. വികസനത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിട്ട് ക്യാന്‍സര്‍ ആശുപത്രി മുന്നോട്ട് കുതിക്കുമ്പോള്‍ മഹത്തായ ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ജനനായകനെ നന്ദിപൂര്‍വം ഓര്‍ക്കുകയാണ് നാട്. മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിന്റെ അഭിമാനസ്തംഭമായ ഈ ആശുപത്രി. എന്നാ, ക്യാന്‍സര്‍ സെന്ററിനെ അപവാദ വ്യവസായത്തിന്റെ കേന്ദ്രമാക്കാനാണ് യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്.

അര്‍ബുദരോഗ ചികിത്സാരംഗത്ത് മലബാറിന്റെ പ്രതീക്ഷയായിവളര്‍ന്ന എംസിസിയില്‍ ചികിത്സ തേടിയെത്തുന്നത് ആയിരങ്ങളാണ്. 2001ല്‍ 3701 രോഗികളാണ് ചികിത്സ തേടിയെത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 56,342 ആയി. ഈവര്‍ഷം സെപ്തംബര്‍വരെ 50,950 പേര്‍ ചികിത്സക്കെത്തി. രാജ്യത്തെ ഏത് ക്യാന്‍സര്‍ ചികിത്സാലയത്തെയും വെല്ലുന്നതാണിന്ന് എംസിസിയിലെ സംവിധാനം. ഒരു ലീനിയര്‍ ആക്സിലറേറ്റര്‍കൂടി ഈ വര്‍ഷം ആശുപത്രിയിലെത്തും. മോളിക്കുലര്‍ ഓങ്കോളജി ലാബ്, കുട്ടികളുടെ ചികിത്സാ സംവിധാനത്തിനുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക്, ഇരുന്നൂറു പേരെ കിടത്തി ചികിത്സിക്കാനുള്ള പുതിയബ്ലോക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഫോര്‍ ഡൈമന്‍ഷന്‍ സിടി സ്കാന്‍, ഡിജിറ്റല്‍ എക്സ്റേ, ഡിജിറ്റല്‍ മാമോഗ്രാഫി, ഡയാലിസിസ്, ബ്രാക്കിതെറാപ്പി മെഷീന്‍, ഡേ കെയര്‍ കീമോ വാര്‍ഡ്... തുടങ്ങിയ സംവിധാനങ്ങള്‍ ഏറെയുണ്ട് എംസിസിയില്‍. എംസിസി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 42 ലിംബ്സാല്‍വേജ് ശസ്ത്രക്രിയ നടത്തി.രണ്ടുപേര്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ (മജ്ജ മാറ്റിവയ്ക്കല്‍) നടത്തി. നേഴ്സിങ് കോളേജ് അടുത്ത വര്‍ഷം തുടങ്ങും. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് കീഴിലേക്ക് ആശുപത്രിയെ മാറ്റിയതോടെയാണ് വികസനക്കുതിപ്പ് തുടങ്ങിയത്. എംസിസിയില്‍ ഇന്ന് കാണുന്ന വികസനപദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനമായാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിഭാവനംചെയ്തത്. കോടിയേരി അന്തോളിമലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 25.5 ഏക്കര്‍ ഭൂമിയില്‍ 1998 ഏപ്രില്‍ 20നാണ് ആശുപത്രിക്ക് ശിലയിട്ടത്. 2000 നവംബര്‍ 21ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് ആശുപത്രി നാടിന് സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment