Friday, November 8, 2013

സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിക്ക് മാവോയിസ്റ്റ് ഭീഷണി

കല്‍പ്പറ്റ: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റുകള്‍ ഇറക്കിയ "കാട്ടുതീ" എന്ന പേരിലുള്ള ലഘുലേഖയിലാണ് ഭീഷണി. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്രകര്‍മയാവുകയാണോ ശശീന്ദ്രനെന്നാണ് ലഘുലേഖ. "സഖാവ് ശശീന്ദ്രന്‍ മറ്റൊരു മഹേന്ദ്രകര്‍മയാകുകയാണോ?" എന്ന തലക്കെട്ടിലുള്ള ലേഖനത്തിലുടനീളം അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കിടയില്‍ സി കെ ശശീന്ദ്രന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മാവോയിസ്റ്റുകളെ ചൊടിപ്പിച്ചത്.

ആഗസ്ത് 14ന് തോക്കുധാരികള്‍ തരിയോട് പഞ്ചായത്തിലെ കരിങ്കണ്ണി കാട്ടുനായ്ക്ക കോളനിയില്‍ എത്തി ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ കരിങ്കണ്ണി കോളനിയിലെത്തി പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. വനത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കോളനിക്കാരെ പുനരധിവസിപ്പിക്കണമെന്ന് സിപിഐ എം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ എകെഎസ് നേതൃത്വത്തില്‍ സിപിഐ എം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. എകെഎസിന്റെ ശക്തമായ ഭൂസമരങ്ങളിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും ആദിവാസികളില്‍ രാഷ്ട്രീയബോധവും കൈവന്നു. ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റുകളുടെ ശ്രമത്തിന് ഇത് തടസ്സമാണ്. മാവോയിസ്റ്റുകള്‍ പ്രതീക്ഷിച്ച പിന്തുണ വയനാട്ടില്‍നിന്ന് ലഭിച്ചിട്ടില്ല. ഇതിന് തടസ്സമായ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍. ആദിവാസി ഭൂസമരസഹായ സമിതിയുടെ കണ്‍വീനര്‍കൂടിയാണ് ശശീന്ദ്രന്‍. കോളനികളില്‍ വിതരണംചെയ്ത നോട്ടീസുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment