Saturday, June 26, 2021

അടിയന്തരാവസ്ഥ അന്നും ഇന്നും - കെ രാജേന്ദ്രൻ എഴുതുന്നു

1975 ജൂൺ 25 അർധരാത്രി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാർശയെത്തുടർന്ന് രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റായ്ബറേലിയിൽനിന്നുള്ള ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ മറികടക്കുക എന്നതിലുമുപരി രാജ്യത്ത് ഏകാധിപത്യ ഭരണസംവിധാനം നടപ്പാക്കുക എന്നതായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം. നെഹ്റു കുടുംബത്തിന്റെ ഏകാധിപത്യമെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടില്ല. പക്ഷേ, കോൺഗ്രസ് (ഐ) എന്ന പാർടിയുടെ നേതൃത്വം നെഹ്റു കുടുംബത്തിന് വീറ്റോ പവറുള്ള ഒരു സംവിധാനമായി മാറി. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷികവേളയിൽ കോൺഗ്രസിന് സ്ഥിരം അധ്യക്ഷ ഇല്ല. അവർ ഇന്ന് അധികാരത്തിലുള്ളത് വെറും മൂന്ന്‌ സംസ്ഥാനത്ത്‌. ഇതിൽ രാജസ്ഥാൻ സർക്കാരാകട്ടെ എപ്പോൾ വേണമെങ്കിലും നിലംപൊത്താം. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെന്ന് നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവരുടെ ഭരണ ശൈലിയാകട്ടെ അടിയന്തരാവസ്ഥയ്‌ക്ക് സമാനമാണ്. പ്രതിഷേധിക്കുന്നവരെ ഉൻമൂലനം ചെയ്യുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി ഉപയോഗിച്ച അതേ പദമാണ് ഇന്ന് നരേന്ദ്ര മോഡിയും പ്രയോഗിക്കുന്നത് "രാജ്യദ്രോഹം'.

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവുമധികം മർദനങ്ങൾ ഏറ്റുവാങ്ങിയത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. പ്രതിഷേധിച്ചവരിൽ ആർഎസ്എസുകാരും ഉണ്ടായിരുന്നു. ആർഎസ്എസിന്റെ സംഘടനാ സംവിധാനവും അംഗബലവും കണക്കിലെടുക്കുമ്പോൾ പീഡനങ്ങൾ നേരിട്ടിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളുടെ കണക്കുപറഞ്ഞ് രാജ്യത്ത് ഏറ്റവുമധികം പെൻഷൻ വാങ്ങുന്നത് ആർഎസ്എസുകാരാണ്.

പുറത്ത് ഇന്ദിര ഗാന്ധിക്കെതിരെ സമരം ചെയ്യുമ്പോൾത്തന്നെ ആർഎസ്എസ് നേതാക്കൾ ഇന്ദിര ഗാന്ധിയുമായി സന്ധി ചേരുന്നതിനുള്ള അണിയറ നീക്കങ്ങൾ തകൃതിയായി നടത്തി. അടിയന്തരാവസ്ഥക്കാലത്ത് മധുകർ ദത്താത്രെയ ദേവരസ് ആയിരുന്നു ആർഎസ്എസിന്റെ സർസംഘചാലക്. ദേവരസ് മാതൃകയാക്കിയത് വി ഡി സവർക്കറുടെ ശൈലിയായിരുന്നു. ആന്തമാനിലെ സെല്ലുലാർ ജയിലിൽനിന്ന് മോചനം നേടാനായി 1913 നവംബർ 14ന് വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അയച്ച കത്തിലെ പ്രധാന വാചകം ഇങ്ങനെ: "ദയ തോന്നി എന്നെ ജയിലിൽനിന്ന് മോചിപ്പിക്കണം. എന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷുകാരോട് വിധേയത്വമുള്ളവനായി ഞാൻ പ്രവർത്തിക്കും. വഴിതെറ്റിപ്പോയ ചെറുപ്പക്കാരെ ഞാൻ ശരിയായ ദിശയിൽ നയിക്കും' അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ 1975 ജൂൺ 30ന് ദേവരസിനെ പുണെയിലെ യർവാദാ ജയിലിൽ അടച്ചു.1975 ജൂലൈ 15 മുതൽ 1976 ജനുവരി 12 വരെയുള്ള കാലയളവിൽ ദേവരസ് ഇന്ദിര ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കയച്ചത് ഒമ്പത്‌ കത്താണ്‌. വ്യാപകമായ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞതിനെ തുടർന്ന് യുപിയിലെ റായ്ബറേലി മണ്ഡലത്തിൽനിന്ന് ഇന്ദിര ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ജൂൺ 24ന് ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ജൂൺ 25ന് അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലിലടയ്‌ക്കപ്പെട്ട ദേവരസ് ഉടനെ ഇന്ദിര ഗാന്ധിക്ക് അഭിനന്ദനക്കത്തയച്ചു.

പൗരാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെയെല്ലാം ക്രൂരമായി അടിച്ചമർത്തുന്നതിനിടെയാണ് 1975 ആഗസ്ത്‌ 15ന് ഇന്ദിര ഗാന്ധി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. ഇന്ദിര ഗാന്ധിയുടെ പ്രസംഗത്തെ ജനാധിപത്യ വിശ്വാസികളെല്ലാം തള്ളിപ്പറഞ്ഞപ്പോൾ പ്രസംഗത്തെ അഭിനന്ദിച്ചും ഇന്ദിരക്ക് പിന്തുണ പ്രഖ്യാപിച്ചും 1975 ആഗസ്ത്‌ 22ന് ദേവരസ് വീണ്ടും കത്തയച്ചു. ആർഎസ്എസിനെതിരെയുള്ള നിരോധനം പിൻവലിക്കണമെന്ന് താണുകേണ് അപേക്ഷിച്ചു. ജയിൽമോചിതനായാൽ തനിക്ക് കൂടിക്കാഴ്ചക്ക്‌ സമയം നൽകണമെന്നും ഇന്ദിരയോട് യാചിച്ചു. 1976 ഫെബ്രുവരിയിൽ അസുഖം നടിച്ച് ദേവരസ് ബോംബെയിലെ സെന്റ്‌ ജോർജ് ആശുപത്രിയിൽ പ്രവേശിച്ചു. യർവാദാ ജയിൽ സ്ഥിതിചെയ്യുന്ന പുണെയിൽത്തന്നെ നല്ല ആശുപത്രികൾ ഉണ്ടായിരിക്കെയാണ് ദേവരസ് വിദഗ്ധ ചികിത്സയ്ക്കായി ബോംബെയിലെത്തിയത്. ഇന്ദിര ബോംബെ സന്ദർശിക്കാനിരിക്കെയായിരുന്നു ആ നാടകം. രഹസ്യ കൂടിക്കാഴ്ച നടത്താൻ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാൻ അണിയറയൊരുക്കി. ഇന്ദിരയെ നേരിൽക്കണ്ട് മാപ്പ് പറയുകയായിരുന്നു ലക്ഷ്യം. ആർഎസ്എസുകാരെയെല്ലാം ജയിൽ മോചിതരാക്കിയാൽ അടിയന്തരാവസ്ഥയ്‌ക്ക് പിന്തുണ നൽകാമെന്നും ദേവരസ് ഏറ്റു. പക്ഷേ, ഇന്ദിര കൂടിക്കാഴ്ചയ്‌ക്ക് തയ്യാറായില്ല. ആർഎസ്എസിന്റെ പിന്തുണ ഇല്ലാതെതന്നെ ജനവികാരത്തെ അതിജീവിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. മഹാരാഷ്ട്ര സർക്കാരാകട്ടെ അടിയന്തരാവസ്ഥാ തടവുകാർക്ക് മുന്നിൽ ഒരു ഉപാധിവച്ചു. അടിയന്തരാവസ്ഥയ്‌ക്ക് തടസ്സം നിൽക്കുന്ന പ്രവൃത്തികളിലൊന്നും ഏർപ്പെടില്ലെന്ന സമ്മതപത്രത്തിൽ ഒപ്പുവച്ചാൽ ജയിൽ മോചിതരാക്കാം എന്നായിരുന്നു ഉപാധി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് തടവുകാരൊന്നും ഒപ്പുവച്ചില്ല. അവർ ജയിൽവാസം തുടർന്നു. ദേവരസിന്റെ നിർദേശത്തെ തുടർന്ന് എല്ലാ ആർഎസ്‌എസുകാരും സമ്മതപത്രത്തിൽ ഒപ്പുവച്ചു. ഇവരിൽ കോൺഗ്രസ് നേതൃത്വത്തിന് ഇഷ്ടപ്പെട്ട കുറച്ചുപേരെമാത്രം മോചിപ്പിച്ചു.

രാജാവിനേക്കാൾ വലിയ രാജഭക്തി

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ജനപ്രിയമായ മാധ്യമം ആകാശവാണിയായിരുന്നു. വാർത്തകളിൽ പ്രധാനമന്ത്രി മാത്രം നിറഞ്ഞുനിന്നു. വർത്തമാനപത്രങ്ങളിൽ മിക്കവയും കുനിയാൻ പറഞ്ഞപ്പോൾ ഇഴയുന്നവരായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിച്ചവരെയെല്ലാം ജയിലിലടച്ചു. സെൻസർഷിപ്പിലൂടെ മാധ്യമങ്ങളെ വരിഞ്ഞുമുറുക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ന് സ്ഥിതി കൂടുതൽ പരിതാപകരമാണ്. മോഡി സർക്കാരിന് കീഴിലെ ഭരണകൂട ഭീകരതകൾക്ക് കോറസ് പാടുന്നതിനായി മുഖ്യധാരാമാധ്യമങ്ങൾ മത്സരിക്കുകയാണ്. വിമർശിക്കുന്നവർക്കും പ്രതിഷേധിക്കുന്നവർക്കുമെല്ലാമെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നതാണ് മോഡി സർക്കാരിന്റെ അടിസ്ഥാന നയം. ഇപ്പോ‍ഴത്തെ ലക്ഷ്യം സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താനയാണ്. മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ്‌ താക്കൂറിനെ പാർലമെന്റ്‌ അംഗമാക്കിയവരാണ് നിരപരാധികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്. ട്വിറ്റർ, ഫെയ്‌സ്ബുക്, വാട്സാപ്‌ തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളെ വരുതിക്ക് നിർത്താനാണ് ഇപ്പോഴത്തെ തിരക്കിട്ട ശ്രമം. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷിക വേളയിൽ രാജ്യം ഏറ്റവുമധികം ചർച്ചചെയ്യുന്നത് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന ഭൂമിതട്ടിപ്പാണ്. രണ്ട്‌ കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മണിക്കൂറുകൾക്കുള്ളിൽ ഇടനിലക്കാർ 18.5 കോടി രൂപയ്‌ക്ക്‌ രാമജന്മഭൂമി ട്രസ്റ്റിന് മറിച്ചുവിറ്റതാണ്‌ പ്രധാന ചർച്ച.

അടിയന്തരാവസ്ഥയും ബംഗ്ലാദേശ് രൂപീകരണവും തമ്മിൽ ബന്ധമുണ്ട്. ഇന്ദിര ഗാന്ധി സൈനികമായി ഇടപെട്ടതിനെ തുടർന്നാണ് 1971ൽ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടത് ഇന്ദിര ഗാന്ധിയെ ശക്തയാക്കി. എന്തും ചെയ്യാൻ അധികാരമുള്ള നേതാവായി താൻ മാറിയെന്ന അബദ്ധധാരണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചത്.

മോഡിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളിലും ബംഗ്ലാദേശ് എന്ന രാജ്യം വീണ്ടും ചിത്രത്തിൽ വന്നു. രൂപീകരണസമയത്ത് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പ്രതിശീർഷവരുമാനത്തിൽ ഇന്ത്യയെ പിന്തള്ളി. ഇന്ന് ബംഗ്ലാദേശിന്റെ വാർഷിക പ്രതിശീർഷവരുമാനം 2227 ഡോളറാണ്. ഇന്ത്യയുടേതാകട്ടെ 1947.417 ഡോളറും. ഫാസിസം രാജ്യത്തെ സമഗ്രമേഖലയിലും പിറകോട്ടടിപ്പിക്കുമെന്നതിന് ഇതിലും മികച്ച ഉദാഹരണം മറ്റൊന്നില്ല.

കെ രാജേന്ദ്രൻ

അന്ന്‌ ഇന്ദിര; ഇന്ന്‌ മോഡി ; പാർലമെന്റ്‌ അപ്രസക്തമായി , തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി

സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46–-ാം വാർഷികത്തിൽ രാജ്യം എത്തിനിൽക്കുന്നത്‌ കൂടുതൽ ഗുരുതര അവസ്ഥയിൽ. അച്ചടക്കത്തിന്റെ പേരിൽ അന്ന്‌ ഇന്ദിര ഗാന്ധി സർക്കാർ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചെങ്കിൽ ഇന്ന്‌ വികസനത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും മുഖംമൂടിയണിഞ്ഞ്‌ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും കശാപ്പ്‌ ചെയ്യുന്നു. ‘ഇന്ദിരയാണ്‌ ഇന്ത്യ, ഇന്ത്യയാണ്‌ ഇന്ദിര’ എന്ന വാഴ്‌ത്തലിനുപകരം പകരം ‘മോഡി ദൈവങ്ങളുടെ നേതാവ്‌’ എന്ന സ്‌തുതി ഉയരുന്നു.

ഭരണഘടന വ്യവസ്ഥകൾ ദുരുപയോഗം ചെയ്‌താണ്‌ ഇന്ദിര ഗാന്ധി സർക്കാർ 1975 ജൂൺ 25 അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആർഎസ്‌എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ സർക്കാരാകട്ടെ ഭരണഘടനതന്നെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമത്തിലാണ്‌. അടിയന്തരാവസ്ഥയുടെ 21 മാസത്തിൽ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചു. പൊതുതെരഞ്ഞെടുപ്പ്‌ നീട്ടി. മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു. ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ നിഷ്‌ഠുരമായി നേരിട്ടു. എന്നാൽ, ജനാധിപത്യബോധമുള്ള പോരാളികൾ നിർഭയം നിലകൊണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞു. വീണ്ടുമൊരിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണാധികാരികൾക്ക്‌ ധൈര്യം ഉണ്ടാകാത്ത സ്ഥിതിയായി. കോൺഗ്രസിന്റെ രാഷ്ട്രീയത്തകർച്ചയ്‌ക്കും തുടക്കമായി.

നരേന്ദ്ര മോഡിസർക്കാർ വന്നശേഷം ജനാധിപത്യസ്ഥാപനങ്ങളെ ആസൂത്രിതമായി ദുർബലപ്പെടുത്തി. കേന്ദ്രമന്ത്രിസഭ പോലും നോക്കുകുത്തിയായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. പാർലമെന്റ്‌ ഏതാണ്ട്‌ അപ്രസക്തമായി. പാർലമെന്റ്‌ സമ്മേളനം നടത്തുന്നതിനെക്കാൾ സർക്കാരിനു താൽപര്യം പുതിയ പാർലമെന്റ്‌ മന്ദിരം നിർമിക്കുന്നതിലാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി മാറി. നീതിപീഠത്തെ സ്വാധീനിക്കാൻ സർക്കാർ ശ്രമിക്കുന്നു. സുപ്രീംകോടതി–-ഹൈക്കോടതി ജഡ്‌ജിമാർ പൊതുവേദിയിൽ പ്രധാനമന്ത്രിയെ സ്‌തുതിക്കുന്നു. കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ ജനദ്രോഹനയങ്ങളുടെ പ്രചാരകരായി. സർക്കാർനയങ്ങളെ വിമർശിക്കുന്നവരെ ‘രാജ്യദ്രോഹികളായി’ ചിത്രീകരിച്ച്‌ വേട്ടയാടുന്നു. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുംനേരെ ആക്രമണങ്ങൾ പതിവായി. സാമൂഹ്യപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്നത്‌ വ്യാപകമായി.

നോട്ടുനിരോധനം പോലുള്ള നടപടികൾ വഴി ജനങ്ങളെ ദുരിതങ്ങളുടെ തടവുകാരാക്കി. ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വനിയമഭേദഗതിയും അമിതാധികാരപ്രയോഗത്തിന്റെയും വർഗീയഅജൻഡയുടെയും ഉദാഹരണങ്ങളാണ്‌.

സാജൻ എവുജിൻ

അടിയന്തരാവസ്ഥ: പ്രതിരോധത്തിന്റെ ഓർമ പുതുക്കി പതിയാരക്കര ഗ്രാമം

അടിയന്തരാവസ്ഥക്ക് 46 വർഷം പൂർത്തിയാവുമ്പോൾ ചെറുത്തു നിൽപ്പിന്റെയും  പ്രതിരോധത്തിന്റെയും  ഓർമ പുതുക്കി പതിയാരക്കര ഗ്രാമം.അടിയന്തരാവസ്ഥക്കെതിരെ പതിയാരക്കരയിൽ ശക്തമായ ചെറുത്തു നിൽപ്പായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഫാസിസ്റ്റ് വാഴ്ചക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ശക്തമായ സമരമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ' എന്ന മുദ്രാവാക്യമെഴുതിയ ഒരു പോസ്റ്റർ പതിയാരക്കര നടുവയൽ അങ്ങാടിയിലെ ഒരു ചായപ്പീടിക വരാന്തയിൽ തല തിരിച്ച് പതിച്ചു പോയത് പഴയകാല പാർടി പ്രവർത്തകർ ഇപ്പോഴും ഓർത്തെടുക്കുന്നുണ്ട്. 

പൊലീസിന്റെ   കണ്ണ് വെട്ടിച്ച് ധൃതിയിൽ ഒട്ടിക്കുമ്പോൾ തല തിരിഞ്ഞു പോയതായിരുന്നു. അക്കാലത്ത് പൊലീസിനെ വെല്ലുവിളിച്ച് നടുവയലിൽ നിന്നും തുടങ്ങി വിലങ്ങിൽ താഴ, മോപ്പള്ളി താഴ, കുന്നുമ്മൽ താഴകോട്ട വഴി മാങ്ങിൽ കൈ പുത്തൻ നടവരെ പാതിരാത്രിയിൽ   പ്രകടനം നടത്തിയതും   ജ്വലിക്കുന്ന ഓർമയാണ്. എ കെ  ബാലൻ, വി ടി നാണു, പടിഞ്ഞാറയിൽ പ്രഭാകരൻ, ടി പി നാരായണൻ, കൊയമ്പ്രത്ത് കുഞ്ഞമ്മദ്, വയരോളി നാരായണൻ, തയ്യത്താംകണ്ടി ബാലൻ എന്നിവരായിരുന്നു പ്രകടനത്തിന് നേതൃത്വം നൽകിയിരുന്നത്. 

നടുവയലിൽ പൊലീസ് ക്യാമ്പുണ്ടായിട്ടും പ്രകടനം നടന്നത് പൊലീസിന് അന്ന് വലിയ ക്ഷീണമായി.  പിറ്റേ ദിവസം തന്നെ അന്നത്തെ സിപിഐ എം പതിയാരക്കര ബ്രാഞ്ച് സെക്രട്ടറി കെ ഗോപാലൻ, അംഗങ്ങളായ എം ടി നാരായണൻ, ടി സി കണാരൻ എന്നിവരെ വടകര  പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാവിലെ മുതൽ വൈകിട്ടു വരെ സ്റ്റേഷനിൽ നിർത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.  അടിയന്തരാവസ്ഥക്ക് ശേഷമാണ് നടുവയലിലെ പൊലീസ് ക്യാമ്പ് സർക്കാർ അവസാനിപ്പിച്ചത്.   സർക്കാർ വിലക്ക് ലംഘിച്ച് മെഗഫോൺ പ്രചാരണം, പോസ്റ്റർ പ്രചാരണം, ചെറു പ്രകടനങ്ങൾ എന്നിവയായിരുന്നു ചെറുത്തു നിൽപ്പിന്റെ പ്രധാന മാർഗങ്ങൾ. ഫാസിസ്റ്റ് വാഴ്ചക്കെതിരെയുള്ള പോരാട്ടം പതിയാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടാണ്.

പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം 1975 ജൂൺ 25-ന് രാത്രി 11.25 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അന്ന് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.

Friday, June 25, 2021

‘എണ്ണ’കൊണ്ട്‌ മുറിവേറ്റ ജനത

വിലക്കയറ്റം 6.3 ശതമാനമായി

ഓടുന്ന ദൂരത്തിലല്ല, കേന്ദ്രസർക്കാർ കെട്ടിയേൽപ്പിച്ച ഭാരത്തിലാണ്‌ സാധാരണക്കാരുടെ നടുവൊടിയുന്നത്‌. കോവിഡിന്റെ തീരാദുരിതങ്ങൾക്കിടയിൽ വല്ലപ്പോഴുമാണ്‌ കൂലിപ്പണി കിട്ടുന്നത്‌. അതിൽനിന്നാണ്‌ എണ്ണക്കമ്പനികൾ അവരെ പിഴിയുന്നത്‌. ആറുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന്‌ 12 രൂപയോളം വർധിച്ചു. പണിക്കുപോകാനും തിരികെ വരാനുമുള്ള യാത്രയ്‌ക്ക്‌ രണ്ട്‌ ലിറ്റർ പെട്രോൾ അടിക്കുമ്പോൾത്തന്നെ 200 രൂപ തീർന്നു. ഗതാഗതച്ചെലവ്‌ കൂടിയതോടെ നിത്യോപയോഗ സാധനങ്ങൾക്കും വിലകയറി.  ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് മേയിൽ ഉണ്ടായതെന്ന് കേന്ദ്രത്തിൽനിന്നുള്ള കണക്കുകൾതന്നെ പറയുന്നു. പരമാവധി ആറ് ശതമാനമാകാവുന്ന വിലക്കയറ്റം 6.3 ശതമാനമായി. അരി, പരിപ്പ്, പയർ, പച്ചക്കറി തുടങ്ങി സകലതിനും അയൽസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനത്തിന് ഇത് വൻ പ്രതിസന്ധിയായി. കുടുംബ ബജറ്റ് അപ്പാടെ തകിടം മറിഞ്ഞെന്ന് വീട്ടമ്മമാരുടെ പരാതി.

അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതോടെ  ലക്ഷങ്ങൾ തൊഴിലെടുക്കുന്ന ചെറുകിട വ്യവസായമേഖല ദുരിതത്തിലായി. ഒരു വർഷത്തിനിടയിൽ 60 ശതമാനത്തോളമാണ് വില കൂടിയത്.  സിമന്റ്‌, ഇരുമ്പ്‌, അലുമിനിയം തുടങ്ങി നിർമാണ സാമ​ഗ്രികളുടെ വിലയും കുതിച്ചുയർന്നതോടെ നിർമാണമേഖലയും പ്രതിസന്ധിയിലായി.

ട്രോളല്ല, കുറവ് , കേരളത്തില്‍ത്തന്നെ

സംസ്ഥാന നികുതിയാണ്‌ കേരളത്തിലെ ഇന്ധനവില വർധനയ്‌ക്ക്‌ കാരണമെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ വില കൂടുന്നത് എങ്ങനെ? സോഷ്യൽമീഡിയ തള്ളുകാരായ കോൺഗ്രസിനും ബിജെപിക്കും ഈ ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ലഡാക്കിലും പെട്രോൾവില 100 കടന്നിട്ട് ദിവസങ്ങളായി.

കേരളത്തിൽ പെട്രോളിന് 30.08 ശതമാനമാണ് വിൽപ്പന നികുതി. എന്നാൽ, കോൺ​ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നികുതി 36 ശതമാനമാണ്. പഞ്ചാബിൽ 35.12 ശതമാനവും മഹാരാഷ്ട്രയിൽ 38.11 ശതമാനവും വിൽപ്പന നികുതി ഈടാക്കുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ 34 ശതമാനവും നികുതി ഈടാക്കുന്നു.  കേരളത്തിൽ ഒന്നാം പിണറായി സർക്കാർ നികുതി ഒരു ശതമാനം കുറച്ചു. 

ഊറ്റിക്കൊഴുത്ത് എണ്ണക്കമ്പനികളും കേന്ദ്രവും

ഐഒസി, ബിപിസിഎൽ, എച്ച്പിസി എന്നീ പൊതുമേഖലാ എണ്ണ കമ്പനികൾ 2020–- 21 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് നേടിയത്. റിലയൻസ്‌ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ലാഭവും ഇതുപോലെ തന്നെ. ഇന്ധനനികുതിയിൽ നിന്ന് കേന്ദ്രസർക്കാരിന്റെ വരുമാനം കഴിഞ്ഞ ആറ് വർഷംകൊണ്ട് മൂന്ന്ലക്ഷം  കോടി രൂപയും കൂടി/


ഐഒസി

2020–-21  സാമ്പത്തിക വർഷം അറ്റലാഭം 21,762 കോടി  രൂപ

(മുൻ വർഷം 1,876 കോടി നഷ്ടം).

2020–-21 സാമ്പത്തിക വർഷം അവസാന പാദത്തിൽ  9144 കോടി രൂപ ലാഭം (മുൻ വർഷം 8,565 കോടി നഷ്ടം)

എച്ച്പിസിഎൽ

2020–-21  സാമ്പത്തിക വർഷം അറ്റലാഭം 10,664 കോടി രൂപ(മുൻ വർഷം ലാഭം 2,637 കോടി രൂപ )

ബിപിസിഎൽ

2020–-21   അവസാന പാദം. ലാഭം: 11,940 കോടി (മുൻ വർഷം ഇതേ കാലയളവിൽ നഷ്‌ടം:  2,958. 91 കോടി) സാമ്പത്തിക വർഷം അറ്റലാഭം 19,041.67 കോടി.

കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ

ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില  37.29 രൂപയാണ്‌, കേന്ദ്രനികുതി 32.9 രൂപയും. അതായത് 88.22 ശതമാനം നികുതിയാണ്‌. 39.90 രൂപ അടിസ്ഥാന വിലയുള്ള ഒരു ലിറ്റർ ഡീസലിൽനിന്ന്‌ 31.80 രൂപയും കേന്ദ്രം നികുതിയായി വാങ്ങുന്നു. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ് ഇന്ധന വിലക്കയറ്റത്തിന്റെ കാരണമെന്നാണ്‌ ബിജെപി നേതാക്കളും അണികളും പ്രചരിപ്പിക്കുന്നത്. അതോടൊപ്പം കേന്ദ്രമൂറ്റുന്ന നികുതിയിൽനിന്ന് 41 ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്നൊരു തള്ളുമുണ്ട്. സംസ്ഥാനത്തിന് ലഭിക്കുന്നതാകട്ടെ ഏതാണ്ട്‌ ഒരു പൈസയും.

സംസ്ഥാനം നികുതി കുറച്ചു

കേരളം പെട്രോളിന് ഈടാക്കുന്ന  വിൽപ്പന നികുതി 30.08 ശതമാമാണ്. അതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസ്സുകളായും ലഭിക്കും.  ഒരു ലിറ്റർ പെട്രോളിൽനിന്ന്‌  ഏകദേശം 26രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന്‌ 30.08 ആക്കി കുറച്ച്‌ അതിലൂടെ  509 കോടി രൂപ വേണ്ടെന്ന് വച്ചു. പിന്നീട്  നികുതി കൂട്ടിയിട്ടുമില്ല. ഡീസൽ വിൽപ്പന നികുതി 22.76 ശതമാനമാണ്.

വീതംവയ്പിലെ കളികൾ

കേന്ദ്രനികുതി  32.90 പൈസ സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയും കേന്ദ്ര സെസും  അടിസ്ഥാന എക്സൈസ് തീരുവയും കൂടിയതാണ്.  ഇതിൽ 1.40 രൂപ മാത്രമാണ്‌ അടിസ്ഥാന എക്‌സൈസ്‌ നികുതി.  ഇതിന്റെ 41 ശതമാനമായ  57 പൈസയാണ്‌ എല്ലാ സംസ്ഥാനങ്ങളുമായി വീതംവയ്ക്കുന്നത്‌.  സംസ്ഥാനവിഹിതം ജനസംഖ്യാനുപാതത്തിലാണ് വീതം വയ്ക്കുന്നത്. കേരളത്തിന് ലഭിക്കുക ഏതാണ്ട് ഒരു പൈസ. 

തുടക്കമിട്ടത്‌ കോൺഗ്രസ്‌ സർക്കാർ


പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനംപ്രതി കുതിച്ചുകയറുന്ന അവസ്ഥയിലേക്ക്‌ രാജ്യത്തെ എത്തിച്ചത്‌ രണ്ടാം യുപിഎ സർക്കാർ തുടക്കമിട്ട പരിഷ്‌കാരം. ബിജെപി സർക്കാർ എത്തിയതോടെ തുറന്നിടൽ ഊർജിതമായി. പെട്രോൾ വിലയിൽ സർക്കാർ നിയന്ത്രണം ഉപേക്ഷിച്ചത്‌ 2010 ജൂണിലും ഡീസലിന്റെ ചില്ലറ വിൽപന വില പ്രതിമാസം 50 പൈസ വീതം കൂട്ടാൻ തുടങ്ങിയത്‌ 2013 ജനുവരിയിലുമാണ്‌.

എണ്ണക്കമ്പനികൾക്ക്‌ വരുമാനനഷ്ടം ഉണ്ടാകുന്നുവെന്നും കേന്ദ്രത്തിന്റെ സബ്‌സിഡി ചെലവ്‌ വർധിക്കുന്നുവെന്നുമായിരുന്നു വാദം.   2010 ജൂൺ 30ന്‌  നയംമാറ്റം പ്രഖ്യാപിച്ച അന്നുതന്നെ പെട്രോൾ ലിറ്ററിന്‌ 3.50 രൂപയും ഡീസലിന്‌ രണ്ട്‌ രൂപയും കൂട്ടി. അന്നു തുടങ്ങിയ വർധിപ്പിക്കലാണ്‌ ഇപ്പോൾ   ആചാരമായത്‌.

രാജ്യാന്തരവിപണിയിൽ കുറയുന്നതിന്റെ അംശം കിട്ടുമെന്നതും തട്ടിപ്പ്‌

രാജ്യാന്തരവിപണിയിൽ എണ്ണവില താഴുമ്പോൾ അതിന്റെ പ്രയോജനം ഉപയോക്താക്കൾക്ക്‌ ലഭിക്കുമെന്നാണ്‌ സർക്കാർ അവകാശപ്പെട്ടത്‌. വിലനിയന്ത്രണഅധികാരം കമ്പനികൾക്ക്‌ വിട്ടുകൊടുക്കുന്നതിന്റെ അപകടം ഇടതുപക്ഷം മാത്രമാണ്‌ ചൂണ്ടിക്കാട്ടിയത്‌.   ബിജെപി ഇന്ധനവില കൂടുമ്പോൾ  പ്രതിഷേധപ്രഹസനം നടത്തിയതല്ലാതെ ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും എതിർത്തില്ല. ബിജെപിക്ക്‌ അധികാരം കിട്ടിയപ്പോൾ ഡീസൽവിലയും പൂർണമായി സർക്കാർ നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കി.  എണ്ണവില നിയന്ത്രണം വിപണിക്ക്‌ ലഭിച്ചതിന്റെ പ്രധാന ഗുണഭോക്താക്കളായ സ്വകാര്യ എണ്ണക്കമ്പനികൾ വളർന്നുവന്നു. റിലയൻസ്‌, എസ്സാർ, കെയിൻ, ടാറ്റാ പെട്രോഡൈൻ എന്നീ സ്വകാര്യഎണ്ണക്കമ്പനികൾ തടിച്ചുകൊഴുത്തു.

ഗ്യാസായി എൽപിജി സബ്‌സിഡിയും

എൽപിജി സബ്‌സിഡി ഇല്ലാതാക്കിയതിന്‌ പിന്നിലും  കോൺഗ്രസ്‌ തുടക്കമിട്ട പരിഷ്‌കാരമാണ്‌. ഉപയോക്താക്കൾ സിലിണ്ടർ വിപണിവിലയിൽ വാങ്ങണമെന്നും സബ്‌സിഡി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ഇതുവഴി അനാവശ്യസബ്‌സിഡി ചെലവ്‌ ഒഴിവാക്കാമെന്നും വിശദീകരിച്ച്‌ 2013 ജൂണിലാണ്‌ പരിഷ്‌കാരം നടപ്പാക്കിയത്‌. രണ്ടാം യുപിഎ സർക്കാർ മുന്നൂറോളം ജില്ലയിൽ നടപ്പാക്കിയ പരിഷ്കാരം മോഡിസർക്കാർ രാജ്യവ്യാപകമാക്കി. സബ്‌സിഡിക്കായി ബാങ്ക്‌ അക്കൗണ്ട്‌ എടുപ്പിച്ചെങ്കിലും പിന്നീട്‌ ബിജെപി സർക്കാർ സബ്‌സിഡിയെ ഇല്ലാതാക്കി.

ഇന്ധനവില: മനുഷ്യത്വരഹിതമായ കൊള്ള

കോവിഡ് മഹാമാരി കാരണം ജനങ്ങൾ ദുരിതക്കയത്തിൽ നീന്തുമ്പോൾ മോഡി സർക്കാരിനെപ്പോലെ ഇത്രയും മനുഷ്യത്വരഹിതമായി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ ലോകത്തൊരിടത്തും ഉണ്ടാകില്ല. തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട–- ഇടത്തരം കച്ചവടങ്ങൾ തകർന്നും ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയോ നന്നേ കുറയുകയോ ചെയ്തു. ഈ ഘട്ടത്തിലാണ് ജനങ്ങൾക്ക് സർക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യം. അത്‌ ചെയ്യാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർധിപ്പിച്ച് കോവിഡ് മഹാമാരിയുടെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ഇടുകയാണ് മോഡി സർക്കാർ.

ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനം. ഇപ്പോൾ പെട്രോളിന് വില നൂറുരൂപയായി. ഡീസൽ വില നൂറിനോട് അടുത്തുനിൽക്കുന്നു. ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 2014ൽ പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോൾ കേരളത്തിൽ 816–-823 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയെ ന്യായീകരിച്ച്‌ ഒരു അസംബന്ധവാദം കേന്ദ്ര സർക്കാർ ഉയർത്തുന്നുണ്ട്. പെട്രോളും ഡീസലും ഉപയോഗിക്കുന്നവരിൽ ബഹുഭൂരിഭാഗവും സാമ്പത്തികശേഷിയുള്ളവരാണ്. അതിനാൽ, വിലക്കയറ്റം പാവങ്ങളെ അധികം ബാധിക്കില്ല. കേരളത്തിലെ ബിജെപി നേതാക്കളും ഈ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്. സാർവത്രികമായി നേരിട്ടോ പരോക്ഷമായോ സകല വസ്തുക്കളുടെയും ഉൽപ്പാദനത്തിന് ഇന്ധനമായി എണ്ണ വേണം. ഇതുപോലെ ഉൽപ്പാദനത്തിന് അത്യാവശ്യമുള്ള മറ്റു രണ്ട് വസ്തുക്കളാണ് വൈദ്യുതിയും കൽക്കരിയും. ഇതൊന്നും അറിയാത്തവരല്ല ഈ പ്രചാരണം നടത്തുന്നത്.

ഡീസൽവില ഉയർന്നപ്പോൾ എല്ലാ ചരക്ക് വാഹനങ്ങളുടെയും വാടക ഗണ്യമായി വർധിച്ചു. ഇതിന്റെ ആഘാതം ഏൽക്കാത്ത ഒരു ഉൽപ്പന്നവുമില്ല. അത്യാവശ്യ സാധനങ്ങളുടെയെല്ലാം വില മേലോട്ട്‌ കുതിക്കുകയാണ്. കാർഷികരംഗത്താണെങ്കിൽ ജലസേചനത്തിനും നിലമൊരുക്കാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയും ഡീസൽ അത്യാവശ്യം. ഇന്ധനവില ഉയർന്നപ്പോൾ, പൊതുഗതാഗതത്തിനും സ്വകാര്യ ഗതാഗതത്തിനും ചെലവ് കൂടി. ടാക്സി കാറുകളും ഓട്ടോറിക്ഷയും ഓടിക്കുന്ന പാവങ്ങളുടെ വരുമാനം ഇടിഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന് ഇടയിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയോടെങ്കിലും സംസാരിച്ചിരുന്നെങ്കിൽ ബിജെപിക്കാർ ഇത്തരം പ്രചാരണം നടത്തുമായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ് ഇവിടെ ഇന്ധനവില വർധിപ്പിക്കുന്നതെന്ന വാദത്തിന് സത്യവുമായി ഒരു ബന്ധവുമില്ല. ഈയിടെ കേരളമടക്കം അഞ്ച് സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വില വർധിപ്പിക്കുന്നത്‌ നിർത്തിവച്ചു. 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിലവർധനയുണ്ടായില്ല. മെയ് രണ്ടിന് വോട്ടെണ്ണിയശേഷം വില വീണ്ടും കൂടാൻ തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം 30 തവണയാണ് വില കൂട്ടിയത്. ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുകയും അതോടൊപ്പം നുണ പറഞ്ഞ് വഞ്ചിക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നത്.

തുടർച്ചയായ ഇന്ധനവിലക്കയറ്റം ജനങ്ങളുടെ വരുമാനം പിന്നെയും ചോർത്തുകയാണ്. ഇതിനിടയിലാണ് അവശ്യവസ്തുക്കളുടെയടക്കം വില നിത്യേന ഉയരുന്നത്. ഏപ്രിലിൽ ഭക്ഷ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം വില കൂടി. മറ്റു പ്രാഥമിക ഉൽപ്പന്നങ്ങൾക്ക് 10.16 ശതമാനവും നിർമാണവസ്തുക്കൾക്ക് 9.01 ശതമാനവും വില കൂടി. ഡീസൽ വിലക്കയറ്റം കാർഷികമേഖലയുടെ പ്രതിസന്ധി വർധിപ്പിച്ചിരിക്കയാണ്.

ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. 2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ൽ നരേന്ദ്ര മോഡി വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. കാലക്രമത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സർക്കാരുകൾ നൽകിയ വാഗ്‌ദാനം. ഇപ്പോൾ എന്താണ് സ്ഥിതി? 2020ലെ കണക്കനുസരിച്ച് പെട്രോളിന്റെ അടിസ്ഥാനവിലയിൽ 260 ശതമാനമാണ് നികുതി. ഡീസലിന്റെ നികുതി 256 ശതമാനവും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിലിന് വില കുറയുമ്പോൾ ഇവിടെ ഇന്ധനവില കുറയ്ക്കും എന്ന വാഗ്ദാനവും വെറും കബളിപ്പിക്കലാണെന്ന് തെളിഞ്ഞു. ഇന്ത്യ വാങ്ങുന്ന ക്രൂഡ്‌ ഓയിലിന് ഇപ്പോൾ ബാരലിന് 70 ഡോളറാണെങ്കിൽ 2020 ഏപ്രിലിൽ 20 ഡോളറും 2020 മെയിൽ 28 ഡോളറുമായിരുന്നു. എന്നാൽ, ഇതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടിയില്ല. വില കുറയാതിരിക്കാൻ നികുതി ഗണ്യമായി വർധിപ്പിച്ചു.

അന്താരാഷ്ട്രവിപണിയിലെ വിലയും ഇവിടെ സർക്കാർ നടത്തുന്ന കൊള്ളയും തമ്മിൽ ബന്ധമില്ലെന്ന് കാണിക്കാൻ ഒരു കണക്കുകൂടി പറയാം. 2014–-15നും 2020–-21നും ഇടയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ്‌ ഓയിലിന് വില 17.6 ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം, ഇവിടെ പെട്രോളിന്റെ ചില്ലറ വില 55.3 ശതമാനവും ഡീസലിന്റേത് 72.5 ശതമാനവും വർധിച്ചു. പെട്രോളും ഡീസലും തമ്മിലെ വില അന്തരം ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. 2019–- 20 സാമ്പത്തികവർഷം എക്സൈസ് തീരുവയായി കേന്ദ്രം സമാഹരിച്ചത് 2.39 ലക്ഷം കോടി രൂപയാണ്. 2020–- 21ൽ അത്‌ 3.89 ലക്ഷം കോടി രൂപയായി വർധിച്ചു. വരുമാനത്തിൽ 62 ശതമാനത്തിന്റെ വളർച്ച. കോവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സർക്കാരിന്റെ വരുമാനത്തിൽ വലിയ വളർച്ചയുണ്ടായി. 2020–-21 കേന്ദ്ര ബജറ്റിലെ കണക്ക്‌ പ്രകാരം മൊത്തം നികുതിവരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 17.8 ശതമാനം കുറവായിരുന്നു. എന്നാൽ, എക്സ്സൈസ് തീരുവയിൽ ലക്ഷ്യമിട്ടതിനേക്കാൾ 35 ശതമാനം വർധന. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ 7.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് വരുമാന നഷ്ടം നികത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

എക്സൈസ് തീരുവ കേന്ദ്ര സർക്കാരാണ് പിരിക്കുന്നതെങ്കിലും അത്‌ സംസ്ഥാനങ്ങളുമായി പങ്കിടണം. സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം നിഷേധിക്കാൻ ഇപ്പോൾ സെസ് ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൃഷി അടിസ്ഥാന സൗകര്യ വികസന സെസ് ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. എക്സ്സൈസ് തീരുവയിൽ കേന്ദ്രത്തിന് 60 ശതമാനവും സംസ്ഥാനങ്ങൾക്ക് 40 ശതമാനവുമാണ് ലഭിച്ചിരുന്നത്. 2021 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാന വിഹിതം 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെട്രോൾ ഡീസൽ വിലവർധനയ്‌ക്ക് പരിഹാരമായി സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് ഇവിടെ ചിലർ വാദിക്കുന്നുണ്ട്. നരേന്ദ്ര മോഡി സർക്കാർ ഈ മഹാമാരിക്കാലത്ത് നടത്തുന്ന കൊള്ളയെ ന്യായീകരിക്കാനാണ് ഈ വാദം. പാചകവാതകമടക്കം ഇന്ധനവില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്. എണ്ണവിപണന കമ്പനികളാണ് വില നിർണയിക്കുന്നതെന്ന് പറയുന്നത് വെറും സാങ്കേതികം. തെരഞ്ഞെടുപ്പ് വരുമ്പോൾ വില കൂടാതിരിക്കുന്നതിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്.

സർക്കാരിന് വരുമാന നഷ്ടമുണ്ടെങ്കിൽ അത്‌ നികത്താൻ കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിപ്പിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ധനകമ്മി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം അതാണ്. കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിച്ചാൽ, അത്‌ വിലക്കയറ്റത്തിന് ഇടയാക്കുകയോ വിപണിയിൽ ഡിമാൻഡ്‌ കുറയ്ക്കുകയോ ചെയ്യില്ല. എന്നാൽ, കോർപറേറ്റുകൾക്ക് നൽകുന്ന സഹായത്തിന്റെ ഭാരം പാവപ്പെട്ട ജനങ്ങളുടെ തലയിലിടുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഒന്നാം മോഡി സർക്കാർ (2014–- 2019) കോർപറേറ്റ് നികുതിയിൽ 4.32 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് നൽകിയത്. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിൽ ഏറ്റവും വലിയ വെട്ടിക്കുറവാണ് കോർപറേറ്റ് നികുതിയിലുണ്ടായത്. നികുതി 35 ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തി. ഇവിടെയും നിൽക്കുന്നില്ല കോർപറേറ്റുകൾക്കുള്ള വഴിവിട്ട ആനുകൂല്യങ്ങൾ. കോർപറേറ്റുകൾ ബാങ്കുകളിൽനിന്ന് എടുത്ത വായ്പയിൽ എട്ടുലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ എഴുതിത്തള്ളിയത്. കൃത്യമായി പറഞ്ഞാൽ 7,77,800 കോടി രൂപ. പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ‘ക്രെഡിറ്റ് സ്വിസെ'യുടെ റിപ്പോർട്ടിൽ ഈ കണക്ക്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മോഡി സർക്കാർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

കോർപറേറ്റ് നികുതി ഓരോ രാജ്യവും ഇഷ്ടംപോലെ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ വികസിത രാജ്യങ്ങളിൽ ചില നീക്കം നടക്കുന്നുണ്ട്. അമേരിക്കയിൽ കോർപറേറ്റ് നികുതി 35 ശതമാനത്തിൽനിന്ന് 21 ശതമാനമായി ഡോണൾഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു. അത്‌ 28 ശതമാനമായി ഉയർത്താനാണ് ജോബൈഡൻ ഭരണത്തിന്റെ നീക്കം. ഈയിടെ നടന്ന ജി7 ഉച്ചകോടിയിൽ ആഗോളമായി കോർപറേറ്റ് നികുതിയിൽ മിനിമം നിരക്ക് നിശ്ചയിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇതിനോടെല്ലാം നരേന്ദ്ര മോഡി സർക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.

ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന സാമ്പത്തികനയങ്ങൾക്കും ഇന്ധന വിലവർധനയ്‌ക്കും എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനങ്ങളെ അണിനിരത്തിമാത്രമേ ഈ കൊള്ള തടയാനാകൂ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 30ന് കേരളത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. അതിൽ അണിചേരണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർഥിക്കുന്നു. കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധ പരിപാടി.

എ വിജയരാഘവൻ

Saturday, June 19, 2021

പ്രഫുൽ പട്ടേൽ ഒരു ടൂൾ മാത്രം; നടപ്പാകുന്നത് സംഘപരിവാര്‍ അജണ്ട ..ആയിഷ സുല്‍ത്താന പ്രതികരിക്കുന്നു.

ലക്ഷദ്വീപ് സമൂഹത്തിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളിലെ ആപത്‌സൂചനകളെപ്പറ്റി ആദ്യം പ്രതികരിച്ചവരിൽ പ്രധാനിയാണ് അവർ. ഈ പ്രതികരണങ്ങളുടെ പേരില്‍ അവരെ ദേശദ്രോഹ കുറ്റം ചുമത്തി ജയിലിലാക്കാന്‍ നീക്കം നടക്കുന്നു.

ദ്വീപിൽ  ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ആയിഷ വ്യക്തമാക്കുന്നു.

(ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച അഭിമുഖം.)

? ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന എന്നറിയാം. താങ്കളുടെ പ്രവർത്തനങ്ങൾ സ്വയം പരിചയപ്പെടുത്താമോ.

= ഞാൻ ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലാത്ത് ദ്വീപ് സ്വദേശിയാണ്. സ്‌കൂൾ പഠനാനന്തരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ മലയാളം കരസ്ഥമാക്കി. ലാൽജോസിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ഫിലിം ഫീൽഡിൽ തുടക്കം. ഇപ്പോൾ സ്വന്തമായി ഒരു ഫിലിം ചെയ്തു. ‘ഫ്ലഷ് ’ എന്നാണ് പേര്. ഷൂട്ടിങ്‌ ഒക്കെ കഴിഞ്ഞു. എഡിറ്റിങ്ങിലാണ്. സിനിമയെക്കുറിച്ച് അധികം പറയാൻ ഉദ്ദേശിക്കുന്നില്ല. ദ്വീപ് വിഷയത്തിലുള്ള എന്റെ എളിയ ഇടപെടലുകൾ പുതിയ സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് തൽപ്പര കക്ഷികൾ പ്രചരിപ്പിക്കുവാൻ സാധ്യതയുണ്ട്.

2009 മുതൽ ജോലി ആവശ്യാർഥവും മറ്റും ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. ചെത്തിലാത്തിൽ ഇടയ്‌ക്ക്‌ പോകാറുണ്ട്.

-? ചെത്‌ലാത്ത് ദ്വീപിലെ കുട്ടിക്കാലവും സാമൂഹിക സാം സ്‌ക്കാരിക കാലാവസ്ഥയും വിശദീകരിക്കാമോ.

= ഞാൻ ജനിച്ചത് ചെത്‌ലാത്ത് ദ്വീപിലാണെങ്കിലും പിതാവിന്റെ ജോലി മിനിക്കോയ് ദ്വീപിലായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ അങ്ങോട്ട് പോയി. എട്ടാം ക്ലാസ്സുവരെ പഠിച്ചത് മിനിക്കോയ് ദ്വീപിലാണ്. തുടർന്ന് പത്താംതരം വരെ ചെത്‌ലാത്ത് ദ്വീപിലും. ചെത്ലാത്ത് ഒരു ചെറിയ ദ്വീപാണ്. 2011 ൽ അവിടത്തെ ജനസംഖ്യ 2400 ആണ്. 84.4 ശതമാനമാണ് സാക്ഷരതാ നിരക്ക്. പൊതുവെ സമാധാനപ്രിയരും ശാന്തസ്വഭാവികളുമാണ് എന്റെ ദ്വീപുകാർ. എല്ലാവർക്കും എല്ലാവരേയും അറിയാം. പരുസ്‌പരം സഹായിച്ചും ഉള്ളത് പങ്കുവെച്ചും ജീവിക്കുന്നവരാണ്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും ചതിയും വഞ്ചനയുമൊക്കെ ദ്വീപുവാസികൾക്ക് കേട്ടുകേൾവികൾ മാത്രമാണ്.

നൂറ്റാണ്ടുകൾക്കു മുമ്പേ കേരളവുമായി പലതരത്തിൽ ബന്ധമുള്ളവരാണ് ഞങ്ങൾ. എല്ലാ ദ്വീപുകളുടേയും അവസ്ഥ ഇതു തന്നെയാണ്. കേരളീയ സംസ്‌കാരവുമായും ജനങ്ങളുമായും പല തരത്തിൽ ബന്ധവും വംശീയ സാദൃശ്യവുമുള്ളവരാണ് ലക്ഷദ്വീപ് ജനത. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ.

ഞാൻ എട്ടാം ക്ലാസ് വരെ പഠിച്ച മിനിക്കോയി ദ്വീപിന്‌ മാത്രം സമീപരാജ്യമായ മാലിദ്വീപുമായിട്ടാണ് പല കാര്യങ്ങളിലും ബന്ധവും സാമ്യവും.  മാലിദ്വീപ്‌ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നത്. 2011 ലെ കണക്കെടുപ്പുപ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.

? ലക്ഷദ്വീപിന്റെ ലഭ്യമായ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചുരുക്കി വിവരിക്കാമോ.

= ഈ വിഷയത്തിൽ ഞാനൊരു പണ്ഡിതയല്ല. എന്നാലും ചിലത് സൂചിപ്പിക്കാം.

ലക്ഷദ്വീപ്‌ സമൂഹത്തിലെ ദ്വീപുകൾ രൂപപ്പെട്ടിട്ട് പതിനായിരം വർഷത്തിലേറെയായെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. കടൽ കടന്ന് ഇന്ത്യയിലേക്ക് വന്ന പല സഞ്ചാരികളുടേയും കുറിപ്പുകളിൽ ദ്വീപിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. എ ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസികൾ ലക്ഷദ്വീപിൽ  ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ ഇസ്ലാം മതം ലക്ഷദ്വീപിൽ എത്തിയതായി വിശ്വസിക്കപ്പെടുന്നു. വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

പോർച്ചുഗീസുകാരുടെ ക്രൂരതകൾക്ക് വിധേയമായവരാണ് ലക്ഷദ്വീപ് ജനത. സ്ത്രീകളെ ഉപദ്രവിച്ചും കൊള്ളയടിച്ചും ദ്വീപ്‌ ജനതയെ പൊറുതിമുട്ടിച്ച പോർച്ചുഗീസുകാരെ ഒറ്റക്കെട്ടായി നിന്ന് പൊരുതി കെട്ടുകെട്ടിച്ചവരാണ് ദ്വീപ്‌ ജനത. ദീർഘകാലം അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു ലക്ഷദ്വീപ്. മാലിദ്വീപ് സമൂഹത്തിൽപെട്ട കുറെ ദ്വീപുകളും അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു.

1787ൽ അമിനി, കടമത്ത്‌, കിൽതാൻ, ചെത്ത്‌ലാത്, ബിത്ര തുടങ്ങിയ ദ്വീപുകൾ ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ‐-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ച ശേഷം ഇംഗ്ലീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു ലക്ഷദ്വീപ്.

- ? ലക്ഷദ്വീപിന്റെ കലാപാരമ്പര്യം എന്തെന്ന് വിശദമാക്കാമോ.              

 = സമ്പന്നമായ കലാപാരമ്പര്യമുള്ളവരാണ് ലക്ഷദ്വീപുകാർ. ദ്വീപിന്റെ തനതായ ഒട്ടേറെ കലാരൂപങ്ങളുണ്ട്. ഡോലിപ്പാട്ട്, ഉലക്കമുട്ട് പാട്ട്, കാറ്റു വിളിപ്പാട്ട്, കൈ കൊട്ടിപ്പാട്ട്, ലാവാ നൃത്തം തുടങ്ങി ഒട്ടേറെ തനത് കലാരൂപങ്ങളും വൈവിധ്യമാർന്ന പാട്ടുപാരമ്പര്യവും ലക്ഷദ്വീപിലുണ്ട്. ആധുനിക കലാരൂപങ്ങളിലും ലക്ഷദ്വീപ് ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ തന്നെ പ്രശസ്തനായ ചിത്രകാരൻ എൻ കെ പി മുത്തു കോയ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് നിവാസിയാണ്. മദ്രാസ് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സിൽ കെ സി എസിന്റെ ശിഷ്യനായി പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ സർറിയലിസ്റ്റിക് ചിത്രങ്ങൾ പ്രശസ്തമാണ്.

- ? സ്വാതന്ത്യാനന്തരമുള്ള ലക്ഷദ്വീപിന്റെ അവസ്ഥയെന്താണ്.

= സ്വാതന്ത്ര്യാനന്തരം ലക്ഷദ്വീപിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചു. അന്നുമുതൽ കേന്ദ്ര സർക്കാർ അയക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ്  കേന്ദ്ര ഭരണപ്രദേശങ്ങളിലേക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ലക്ഷദ്വീപിൽ ഭരണാധികാരിയായി എത്തിയ പ്രഫുൽ ഘോടാ പട്ടേൽ അടക്കം 37 അഡ്മിനിസ്ട്രേറ്റർമാർ ലക്ഷദ്വീപ് ഭരിച്ചിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേൽക്കുന്നതിന്‌ മുമ്പ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരായി വന്നവരെല്ലാം ഐ എ എസ് റാങ്കിൽ ഉള്ളവരായിരുന്നു. രാഷ്ട്രീയനിയമനം തുടങ്ങിയത് ബിജെപിയാണ്. മലയാളിയായ മൂർക്കോത്ത് രാമുണ്ണി അടക്കം നിരവധി മികച്ച അഡ്മിനിസ്‌ട്രേറ്റർമാർ മുന്പുണ്ടായിരുന്നു. ദ്വീപു ജനതയുടെ സ്‌നേഹം പിടിച്ചുപറ്റിയവരാണവർ. പുതിയ അഡ്മിനിസ്ട്രേറ്റർമാർ വരുമ്പോൾ ആഘോഷപൂർവമാണ് ദ്വീപ് ജനത അവരെ സ്വീകരിക്കാറുള്ളത്.

1960 കളിലേയും അതിനു മുമ്പത്തേയും ദ്വീപ് അവസ്ഥയെപ്പറ്റി അറിയാൻ മൂർക്കോത്ത് രാമുണ്ണി രചിച്ച ‘ആ അർധരാത്രിക്കു മുമ്പും പിമ്പും’ എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി. ഒരർഥത്തിൽ, പണ്ട് വൈസ്രോയിമാർ വന്ന് ഇന്ത്യ ഭരിച്ചതു പോലെയാണ് ദ്വീപുകാരുടെ അവസ്ഥ. ഞങ്ങൾ തെരഞ്ഞെടുത്തവരല്ല ഞങ്ങളെ ഭരിക്കുന്നത്. മുമ്പത്തെ അഡ്മിനിസ്‌ട്രേറ്റർമാർ ഞങ്ങളെ മനസ്സിലാക്കുവാൻ ശ്രമിച്ചിരുന്നു. ദ്വീപിൽ വികസനവും ക്ഷേമവും ഉണ്ടാകണമെന്ന് അവരാഗ്രഹിച്ചിരുന്നു. പൊളിറ്റിക്കൽ നിയമന ത്തിലൂടെ വന്നവർ അക്കാര്യത്തിൽ അമ്പേ പരാജയമാണ്. അവരുടെ ഗൂഢ അജണ്ടകൾ ദ്വീപ് വാസികൾക്കു മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? വികസനമാണല്ലോ സംഘപരിവാർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണ് ദ്വീപിന്റെ വികസനാവസ്ഥ.

= ഇത് കുറച്ച് വിശദീകരിച്ചു പറയേണ്ടതാണ്. പല ദ്വീപുകളും വികസന കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. നല്ല ആശുപത്രികളോ ഉന്നതപഠനത്തിനുള്ള സൗകര്യങ്ങളോ ഇല്ല. തീർച്ചയായും അതൊക്കെയും ഉണ്ടാവേണ്ടതുണ്ട്. ചുരുക്കത്തിൽ, സാധാരണ ജനങ്ങളുടെ പുരോഗതിയിൽ ഊന്നുന്ന അടിസ്ഥാന വികസനമാണ് ദ്വീപിലുണ്ടാകേണ്ടത്. പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ തദ്ദേശീയ ജനതയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതാകണം. എന്നാൽ ഇപ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊന്നുമല്ല. സംഘപരിവാറിന്റെ കോർപ്പറേറ്റ് അജണ്ടയാണ്.

? വികസനത്തിന്റെ പേരിൽ യഥാർത്ഥത്തിൽ സംഘപരിവാർ ലക്ഷദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്താണ്.

= പ്രഫുൽ പട്ടേൽ സംഘപരിവാറിന്റെ ഒരു ടൂൾ മാത്രമാണ്. അദ്ദേഹം വഴി ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സംഘപരിവാർ അജണ്ടയാണ്. നിലവിൽ, ലക്ഷദ്വീപിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളുംസംരക്ഷിക്കുന്നതിനു വേണ്ടി നിരവധി നിയമങ്ങൾ ലക്ഷദ്വീപിലുണ്ട്. ഉദാഹരണമായി ലക്ഷദ്വീപ് ലാന്റ് ടെനൻ സി റെഗുലേഷൻ, ലക്ഷദ്വീപ് എൻട്രി പ്രൊഹിബിഷൻ റെഗുലേഷൻ തുടങ്ങിയവ. ഇവയൊക്കെ അട്ടിമറിച്ചുകൊണ്ടുള്ള നിയമങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഉദാഹരണമായി, ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതുപ്രകാരം യാതൊരു നിബന്ധനയും നടപടിക്രമങ്ങളുമില്ലാതെ ലക്ഷദ്വീപുകാരുടെ കൈവശമുള്ള ഭൂമി ഏകപക്ഷീയമായി ഭരണാധികാരികൾക്ക് പിടിച്ചെടുക്കാൻ കഴിയും. രണ്ടാമതായി ലക്ഷദ്വീപ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതനുസരിച്ച് ഏതൊരു വ്യക്തിയെയും 12 മാസം വരെ കരുതൽ തടങ്കലിൽ വെക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഈ റെഗുലേഷൻ പ്രകാരം അഡ്വൈസറി ബോർഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനം പോലും നിഷേധിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ള പ്രദേശത്താണ് ഇത്ര മാരകമായ നിയമം കൊണ്ടുവരുന്നതെന്നോർക്കണം. ഈ നിയമം അത്രമേൽ നിഷ്‌കളങ്കമല്ല. എതിർക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള താണ് ഈ നിയമം. ഈ റെഗുലേഷൻ അനുസരിച്ച് ഇതേ വരെ അറസ്റ്റു ചെയ്യപ്പെട്ടവർ ചെയ്ത ‘കുറ്റകൃത്യങ്ങൾ’ എന്തെന്ന് പരിശോധിച്ചാൽ കാര്യം വ്യക്തമാവും. എൻആർസിക്കും സിഎഎക്കുമെതിരെ മാസങ്ങൾക്കു മുമ്പ് ബാനർ പതിച്ചവർക്കെതിരെയാണ് ആദ്യം ഈ ഗുണ്ടാ ആക്ട് പ്രയോഗിച്ചിരിക്കുന്നത്!

-? ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ പെരുകാതിരിക്കാനാണ് ഈ ഗുണ്ടാ ആക്ട് എന്നാണല്ലോ പറയപ്പെടുന്നത്. ദ്വീപിലെ കുറ്റകൃത്യങ്ങളുടെ അവസ്ഥയെന്താണ്.

= ഞാൻ പറഞ്ഞില്ലേ ഇന്ത്യയിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. നാളിതുവരെയുള്ള ദ്വീപിന്റെ ചരിത്രത്തിൽ  മൂന്ന് കൊലപാതകങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ രണ്ടു കേസുകളിലെ പ്രതികൾ മാനസിക രോഗികളാണ്. ദ്വീപുകളിലെ ജയിലുകൾ പൊതുവെ ശൂന്യമാണ്. മദ്യവും മയക്കുമരുന്നുമൊന്നും ദ്വീപിൽ ലഭ്യമല്ല. അതിനാൽ അതിന്റെ പേരിലുള്ള കലഹങ്ങൾ ഇവിടെ കേട്ടുകേൾവി ഇല്ലാത്തതാണ്. മോഷണവും പിടിച്ചുപറിയുമൊന്നും ദ്വീപിൽ പൊതുവെ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും വ്യാജകഥകൾ സംഘികൾ ദ്വീപിനെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? ദ്വീപിന്റെ സമീപത്തുനിന്ന്‌ വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തതായി പറയപ്പെടുന്നുണ്ടല്ലോ.

= ആയുധങ്ങളും ഡ്രഗ്സും ലക്ഷദ്വീപിൽ നിന്ന് പിടിച്ചെടുത്തു എന്നത് വ്യാജ പ്രചാരണമാണ്.ഇന്ത്യൻ നേവി ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധം പിടിച്ചെടുത്തതിനു ലക്ഷദ്വീപുകാർ എന്ത്‌ പിഴച്ചു? ആ സംഭവം നടന്നത് ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപിനും 90 നോട്ടിക്കല്‍ മൈല്‍ തെക്കാണ്. അതായത് മാലിദ്വീപിന് വളരെ അടുത്ത്. അത് അന്താരാഷ്ട്ര കപ്പല്‍ റൂട്ട് ആണ്. അവിടെവെച്ച് ഏതെങ്കിലും കപ്പൽ പിടിച്ചാല്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ ഭൂപ്രദേശം ലക്ഷദ്വീപ് ആയതുകൊണ്ട് അത് ‘ലക്ഷദ്വീപിനരികെ' എന്നാണ് സ്ഥലം മനസ്സിലാകാനുള്ള എളുപ്പത്തിന്‌ വേണ്ടി സാധാരണ ഇന്ത്യന്‍ മാധ്യമങ്ങള്‍ എഴുതാറുള്ളത്. അതും ലക്ഷദ്വീപും തമ്മില്‍ ഒരു ബന്ധവുമില്ല. ലക്ഷദ്വീപിന്റെ ടെറിട്ടോറിയല്‍ വാട്ടർ, ദ്വീപിനുചുറ്റും വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്.

65,000 ജനങ്ങൾ താമസിക്കുന്ന ലക്ഷദ്വീപിൽ നിന്ന് 3000 കോടിയുടെ മയക്കുമരുന്നു പിടിച്ചു എന്നൊക്കെയാണ് തൽപ്പരകക്ഷികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അതിന്റെ പേരിൽ ഏതെങ്കിലും ലക്ഷദ്വീപുകാരനെ അറസ്റ്റു ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കണം. പല ചാനൽ ചർച്ചകളിലും ബിജെപി പ്രതിനിധികളെ ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിച്ചിട്ടുണ്ട്.  ഒരാൾക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. നുണപ്രചാരണമെന്നത് ഒരു ഫാസിസ്‌റ്റ്‌ തന്ത്രമാണല്ലോ.

? ലക്ഷദ്വീപിലെ ജനങ്ങളാൽ 90 ശതമാനവും മുസ്ലിങ്ങളാണല്ലോ. അതും ഷെഡ്യൂൾഡ് ട്രൈബ് മുസ്ലിങ്ങൾ. ഭരണഘടനാപരമായിത്തന്നെ  പ്രത്യേക പരിരക്ഷ അർഹിക്കുന്നവർ. ലക്ഷദ്വീപിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കരണങ്ങൾ ദ്വീപ് വാസികളായ ഷെഡ്യൂൾഡ് ട്രൈബിന്റെ സാംസ്‌ക്കാരിക തനിമയ്‌ക്കെതിരെയുള്ള കയ്യേറ്റം കൂടിയല്ലേ.

= തീർച്ചയായും. ഒരിക്കലും തന്നെ ദ്വിപിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു ഹിന്ദു‐മുസ്ലിം പ്രശ്നമല്ല; ഇന്ത്യൻ ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ സാംസ്‌കാരിക -സാമൂഹിക തനിമയ്‌ക്ക്‌ മേലുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ ഭക്ഷണ സംസ്‌കാരത്തിനുമേൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റെഗുലേഷൻ അതിന്റെ മികച്ച ഉദാഹരണമാണ്. ഈ റെഗുലേഷൻ പ്രകാരം 15 വയസ്സ് പൂർത്തിയാകാത്ത മൃഗത്തെ അറക്കുന്നതും ഭക്ഷിക്കുന്നതുമൊക്കെ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. ഏറ്റവും ഭീകരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നതാണ്. ഇനി മുതൽ ദ്വീപ് വാസികൾ ആടിന്റേയും കാളയുടേയും പോത്തിന്റേയുമൊക്കെ ഡേറ്റ് ഓഫ് ബെർത്ത് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട അവസ്ഥയാണ് ഈ നിയമം അനുശാസിക്കുന്നത്.

? ദ്വീപിൽ നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾക്കു പിന്നിൽ കൃത്യമായ കോർപ്പറേറ്റ് അജണ്ടയുണ്ടെന്ന വസ്തുതയെ എങ്ങനെ കാണുന്നു.

= ദ്വീപ് നിവാസികളെ ദ്രോഹിച്ചും ഒറ്റപ്പെടുത്തിയും കുടിയൊഴിപ്പിച്ചും സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ക്ഷീര സമ്പദ്‌മേഖലയെ തകർത്ത് പുതിയ അഡ്മിനിസ്‌ട്രേറ്റർക്ക് പങ്കാളിത്തമുള്ള അമുൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റായി ദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ ഓരോ ദിവസവും പുതിയ പുതിയ ഉത്തരവുകളിലൂടെ സാമാന്യ ജനത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് പുതിയ ഭരണാധികാരി. അകാരണമായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പകരം സംഘികളെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയാണ്.

പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന തെറ്റായ നയങ്ങൾക്കെതിരാണ് ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർടികളും. തീർച്ചയായും കർക്കശമായ ലോക്ഡൗൺ പിൻവലിച്ചാൽ ഇതിനെതിരെയുള്ള ജനരോഷം ആളിപ്പടരുക തന്നെ ചെയ്യും.

? ഭാഷാപരമായും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ലക്ഷദ്വീപിന് ഏറ്റവും ബന്ധവും അടുപ്പവും കേരളവുമായിട്ടാണല്ലോ. എന്തുകൊണ്ട് ലക്ഷദ്വീപിനെ കേരള സംസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റിക്കൂടാ. അല്ലെങ്കിൽ ലക്ഷദ്വീപിലെ പതിനൊന്ന്  ജനവാസ കേന്ദ്രങ്ങളും ചേർന്ന ഒരു സ്വതന്ത്ര സംസ്ഥാനം.  ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം വന്നാൽ ഏതു സ്വീകരിക്കും.

= രണ്ടും സ്വീകാര്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നുള്ള വിടുതലാണ് ദ്വീപ് ജനതയ്‌ക്ക്‌ ഇന്ന് അടിയന്തരാവശ്യം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയെങ്കിലും ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഇന്നുമതിന്റെ ഗുണഫലങ്ങൾ ആവോളം ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ തെരഞ്ഞെടുത്ത എംപിയും പഞ്ചായത്ത് ഭരണാധികാരികളുമൊക്കെയുണ്ടെങ്കിലും അവരെയെല്ലാം നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് സ്വേച്ഛാഭരണമാണ്. ഹിതപരിശോധന നടത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനുള്ള അധികാരം ദ്വീപ് ജനതയ്‌ക്ക്‌ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പ്രഫുൽ പട്ടേലിനെ ദ്വീപ് ജനത എത്രമേൽ വെറുക്കുന്നുവെന്ന കാര്യം. ദ്വീപിലെ ബിജെപി പ്രവർത്തകർ പോലും അദ്ദേഹത്തിന്റെ അജണ്ടകളെ അംഗീകരിക്കുന്നില്ല .

ഡോ അസീസ്‌ തരുവണ 

സുധാകരൻ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രം; വിദ്യാർഥികൾ കോളേജ്‌ ചുറ്റിച്ചത്‌ മറന്ന്‌ കാണില്ല: മുഖ്യമന്ത്രി

സ്‌കൂൾ വിദ്യാർഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ  കെ സുധാകരൻ പദ്ധതിയിട്ടതായി കോൺഗ്രസ്‌ നേതാവ്‌ സ്വകാര്യമായി വെളിപ്പെടുത്തിയിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുധാകരന്റെ അടുപ്പക്കാരനും അദ്ദേഹത്തിന്റെ പണമിടപാടുകാരനുമായ കോൺഗ്രസ്‌ നേതാവ്‌  വീട്ടിലെത്തിയാണ്‌ ഇക്കാര്യം പറഞ്ഞത്‌. എന്നാൽ, വരുന്നിടത്തുവച്ച്‌ കാണാമെന്നു പറഞ്ഞ്‌ ഞാൻ അദ്ദേഹത്തെ മടക്കി.

ഇത്‌ ഭാര്യയോടുപോലും പറഞ്ഞില്ല. കുട്ടികളെ ഭാര്യ കൈപിടിച്ച്‌ സ്‌കൂളിൽ കൊണ്ടുപോകുന്ന കാലമാണത്‌. ഇതെല്ലാം കടന്നാണ്‌ താൻ വന്നത്‌. സുധാകരന്‌ പല മോഹങ്ങളുമുണ്ടാകാം. എന്നാൽ, വിചാരിക്കുന്നപോലെ വിജയനെ വീഴ്‌ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനെ ബ്രണ്ണൻകോളേജിൽവച്ച്‌ ചവിട്ടിവീഴ്‌ത്തിയെന്ന്‌ സുധാകരൻ അഭിമുഖത്തിൽ പറഞ്ഞതുസംബന്ധിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ സുധാകരന്‌ എന്നോട്‌ വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും  ചവിട്ടി വീഴ്‌ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും. യഥാർഥത്തിൽ സംഭവിച്ചത്‌ മറിച്ചാണ്‌.  പരീക്ഷയെഴുതാനാണ്‌ അവിടെ പോയത്‌. കോളേജിൽ ഇല്ലാത്തതിനാൽ സംഘർഷത്തിൽ ഇടപെടാതെ ഒഴിവാകണമെന്നായിരുന്നു മനസ്സിൽ. സംഘർഷം മുറുകിയപ്പോൾ പ്രത്യേക രീതിയിൽ  രണ്ടു കൈയും കൂട്ടിയിടിച്ച്‌ ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും. അതോടെ കെഎസ്‌യു നേതാവ്‌ ബാലൻ വന്ന്‌  സുധാകരനെ പിടിച്ചുകൊണ്ടുപോയി.  ഫ്രാൻസിസ്‌ എന്നൊരാൾ കത്തിയുമായെത്തി തന്നെ  അടിച്ചുവീഴ്‌ത്തിയെന്നതും  സുധാകരന്റെ മോഹംമാത്രം. തന്റെ ശരീരത്തിന്റെ അടുത്തേക്ക്‌ വരാൻ ആഗ്രഹിച്ച പലരും ഉണ്ടാകാം. എന്നാൽ, ആരും  അടുത്തേക്ക്‌ വന്നിട്ടില്ല. പൊലീസുകാർ ചെയ്‌തത്‌  മാത്രമാണുള്ളത്‌. 

സി എച്ച് മുഹമ്മദ് കോയ  മന്ത്രിയായിരിക്കെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്‌ഘാടനത്തിന്  ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സുധാകരന്റെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടുകയും ചെരിപ്പെറിയുകയും ചെയ്‌തു. സി എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് എ കെ ബാലനടക്കമുള്ള അന്നത്തെ കെഎസ്‌എഫ്‌ പ്രവർത്തകരുടെ ബലത്തിലാണ്. ഇപ്പോൾ വീരവാദം മുഴക്കുന്ന സുധാകരനെ അവർ അർധനഗ്നനായി ആ കോളേജ് ചുറ്റിപ്പിച്ചു.  വലിയ പൊങ്ങച്ചം പറയുന്ന സുധാകരൻ ഇതെല്ലാം ഓർക്കണം.രാഷ്ര്‌ട്രീയ നിലപാടും ഇതുപോലെ തന്നെയാണ്‌.  ബിജെപിയാണ്‌ ശരിയെന്ന്‌ എനിക്ക്‌ തോന്നിയാൽ അതിൽ ചേരാൻ മടിക്കില്ലെന്നായിരുന്നു മുൻപ്‌ പറഞ്ഞത്‌. ബിജെപിയല്ല മുഖ്യശത്രുവെന്നാണ്  ഇപ്പോഴും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

‘പലരെയും കൊന്ന്‌ പണമുണ്ടാക്കി’

പണമുണ്ടാക്കാനാണ്‌ കെ സുധാകരൻ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയതെന്നും പലരെയും കൊന്ന്‌ പണമുണ്ടാക്കിയതായി കോൺഗ്രസ്‌ നേതാവായിരുന്ന പി രാമകൃഷ്‌ണൻ  വെളിപ്പെടുത്തിയ കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുധാകരൻ അലഞ്ഞുനടന്ന റാസ്‌കലാണെന്നും  ഭീരുവുമാണെന്നും  കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്‌. ഇതൊന്നും  ഞാൻ പറയാൻ വിചാരിച്ചതല്ല. എന്നാൽ, വല്ലാതെ പൊങ്ങച്ചം കേൾക്കുമ്പോൾ പറയുന്നെന്നുമാത്രം.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രശാന്ത്‌ബാബുവും എങ്ങനെ സുധാകരന് എതിരായെന്ന് രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിനെ ആക്രമിച്ച് കാല് തകർത്തതിനെക്കുറിച്ച് പറയുന്നുണ്ട്. സുധാകരന്റെ ചെയ്തികൾ പറഞ്ഞതിന് രാമകൃഷ്ണനെ ഡിസിസി ഓഫീസിൽ കയറാൻ സമ്മതിച്ചില്ല. ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ  പൊതുവേദിയിൽ ലഭ്യമാണ്.

സുധാകരനോടൊപ്പം അതേ കളരിയിൽ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ലെന്നും  തലശേരി  ഇന്ദിരഗാന്ധി ആശുപത്രിയിൽ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ  എവിടെയെന്നും  ചോദിക്കുന്നുണ്ട്. ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരൻ ഗൾഫിൽ നിന്നുൾപ്പെടെ 30 കോടി പിരിച്ചു. എന്നാൽ, സ്‌കൂൾ വാങ്ങിയില്ലെന്നും മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയനെ ചവിട്ടിയെന്ന്‌ പറഞ്ഞിട്ടില്ല; അഭിമുഖത്തെ തള്ളി കെ സുധാകരൻ

കൊച്ചി> തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌  മുഖ്യമന്ത്രി പിണറായി വിജയനെ  ചവുട്ടിയെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ കെ പിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.  അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും കെ സുധാകരനായില്ല. ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപം ചോരിഞാനു സുധാകരന്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്.

ചവുട്ടിവീഴ്‌ത്തിയെന്ന കാര്യം   താൻ ആരോടും പറഞ്ഞിട്ടില്ലെന്നും  ഒരു  പത്രക്കാരൻ തന്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നുമാണ്‌ ഇന്ന്‌ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞത്‌. 'പിണറായിയെ ചവുട്ടിയെന്ന്‌ പറഞ്ഞിട്ടില്ല.  എന്നാൽ സംഘർഷമുണ്ടായത്‌ ശരിയാണ്. അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യമാണ് മനോരമ ആഴ്ചപ്പതിപ്പില്‍ വന്നത്. അത് ചതിയാണ്. മോശം മാധ്യമ പ്രവര്‍ത്തനമാണ്.'

അന്ന്‌ കോളേജിൽ നടന്നുവെന്ന്‌ പറഞ്ഞ കാര്യം ഉള്ളതാണോയെന്ന  മാധ്യമപ്രവർത്തകരുടെ  ചോദ്യത്തോടും സുധാകരൻ കൃത്യമായി പ്രതികരിച്ചില്ല. അതെല്ലാം അറിയണമെങ്കിൽ മാധ്യമപ്രവർത്തകർ തന്നെ സ്വയം  അന്വേഷിച്ച്‌ കണ്ടുപിടിക്കണം എന്നായിരുന്നു  മറുപടി.

സുധാകരന്റെ  അഭിമുഖത്തിലെ    പരാമർശത്തിന്‌ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.‘ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ സുധാകരന്‌ എന്നോട്‌ വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും  ചവിട്ടി വീഴ്‌ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും.യഥാർഥത്തിൽ സംഭവിച്ചത്‌ മറിച്ചാണ്‌.'-പിണറായി വ്യക്തമാക്കിയിരുന്നു.  കൂടാതെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായും  കോളേജിൽ സി എച്ച്‌ മുഹമ്മദ്‌ കോയ പങ്കെടുത്ത പരിപാടി ചെരുപ്പെറിഞ്ഞ്‌ അലങ്കോലമാക്കിയത്‌  സുധാകരന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി  വെളിപെടുത്തിയിരുന്നു.

ഇതിനോടൊന്നും കൃത്യമായി പ്രതികരിക്കാതെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തനിക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.

വേണ്ടിവന്നാല്‍ ബിജെപിയില്‍  പോകേം എന്ന് പറഞ്ഞതിനെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'എകെജി സെന്ററില്‍ നിന്ന് അയക്കുന്ന ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിയ്ക്കുന്നത്. അതിനൊക്കെ ഉത്തരം നല്‍കാനാകില്ല.എഴുതിയാല്‍ പോരാ. ചോദ്യം ചോദിയ്ക്കാന്‍ പഠിയ്ക്കണം.'-എന്നായിരുന്നു മറുപടി.

സുധാകരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അറിയില്ല: മമ്പറം ദിവാകരൻ

കണ്ണൂർ> ബ്രണ്ണൻ കോളേജിൽ നടന്നതായി കെ സുധാകരൻ പറയുന്ന കാര്യങ്ങളെ പറ്റി  തനിക്കറിവില്ലെന്ന്‌ മമ്പറം ദിവാകരൻ. കോളേജിൽ പിണറായി വിജയനെ ചവുട്ടി വീഴ്‌ത്തിയെന്ന   സുധാകരന്റെ പരാമർശത്തെ  കുറിച്ച്‌  പ്രതികരിക്കുകയായിരുന്നു മമ്പറം ദിവാകരൻ.

‘1971ൽ ഞാനും സുധാകരനും ഒന്നിച്ച്​ ​ബ്രണ്ണനിൽ പഠിച്ചയാളാണ്​. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന്‌ കോൺഗ്രസിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സുധാകരൻ സംഘടനാ കോൺഗ്രസിലും’. ദിവാകരൻ പറഞ്ഞു.

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല. പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവകാരൻ  പറഞ്ഞു.

സുധാകരന്‌ സി എച്ചിനെ ചെരുപ്പെറിഞ്ഞ പാരമ്പര്യം: എ കെ ബാലൻ

വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേതെന്ന്‌ പൂർവവിദ്യാർഥിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. അന്ന്‌ സി എച്ചിന്‌‌ പിന്തുണയുമായി‌ ചടങ്ങ് നടത്താൻ മുന്നിൽനിന്നവരാണ്‌ ഞങ്ങൾ.    

എ കെ ബാലൻ പറയുന്നു: ബ്രണ്ണൻ കോളേജിൽ ഞാൻ കെഎസ്‌എഫിന്റെയും സുധാകരൻ കെഎസ്‌യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്‌. കെഎസ്‌എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു‌. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു.     പിന്നീട്‌, സുധാകരൻ സംഘടനാ കോൺഗ്രസ്‌ വിദ്യാർഥി സംഘടനയായ എൻഎസ്‌ഒ നേതാവായി. മമ്പറം ദിവാകരൻ കെഎസ്‌യുവിന്റെയും ഞാൻ എസ്‌എഫ്‌ഐയുടെയും സുധാകരൻ എൻഎസ്‌ഒയുടെയും ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചു. ഞാനാണ്‌ വിജയിച്ചത്‌. ജനതാ പാർടിവഴി പിന്നീട്‌ കോൺഗ്രസിലേക്ക്‌ തിരിച്ചുവന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം പച്ചനുണയാണ്‌.

Friday, June 18, 2021

ആരാണ്‌ രാജ്യദ്രോഹികൾ - എ വിജയരാഘവൻ എഴുതുന്നു

സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്കെതിരെ പോരാടണമെന്ന്‌ ജി ‐ ഏഴ്‌ രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന്‌ കണക്കാക്കുന്ന ഇന്ത്യയിൽ, നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ, ഈ ആഹ്വാനത്തിലെ കാപട്യം ബോധ്യമാകും. സ്വന്തം രാജ്യത്ത്‌ വിയോജിപ്പുകളെയും എതിരഭിപ്രായങ്ങളെയും കരിനിയമങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്തുന്ന ഭരണാധികാരി, അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുന്നിൽ നല്ലപിള്ള ചമയാനും മറ്റൊരു ചിത്രം അവതരിപ്പിക്കാനുമാണ്‌ ശ്രമിച്ചത്‌.

സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക ജനാധിപത്യ അവകാശങ്ങളാണ്‌. അവ നിഷേധിക്കാനുള്ള നീക്കങ്ങൾ രാജ്യത്ത്‌ വർധിച്ചുവരികയാണ്‌ എന്നതാണ്‌ യാഥാർഥ്യം. ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും അവരുടെ സാംസ്‌കാരിക സ്വത്വവും ഇല്ലാതാക്കാൻ ബിജെപിക്കാരനായ അഡ്‌മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച്‌ മോഡി സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യവാദികളുടെ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുകയാണ്‌. ഈ പ്രതിഷേധങ്ങളെയും കരിനിയമങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്താനാണ്‌ ഭരണാധികാരികൾ ശ്രമിക്കുന്നത്‌. ലക്ഷദ്വീപ്‌ നിവാസിയും സിനിമാ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ്‌ കേസെടുത്തിരിക്കുകയാണ്‌. മോഡി സർക്കാരിന്റെ നടപടികളെയും ആർഎസ്‌എസിന്റെ വർഗീയ വിഭാഗീയ അജൻഡയെയും എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു. രാഷ്‌ട്രീയ പാർടി പ്രവർത്തകർ മാത്രമല്ല ഇതിന്റെ ഇരകൾ. വിദ്യാർഥികൾ, ബുദ്ധിജീവികൾ, കലാകാരന്മാർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരൊക്കെ ഇതിൽപ്പെടും. ആയിഷ സുൽത്താനയ്‌ക്കെതിരായ കേസും പ്രശസ്‌ത പത്രപ്രവർത്തകൻ വിനോദ്‌ ദുവയ്‌ക്കെതിരായ കേസിൽ അടുത്ത ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ വകുപ്പിന്റെ സാധുതയെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർത്തിയിരിക്കുകയാണ്‌. ഒരു ബിജെപി നേതാവ്‌ നൽകിയ പരാതി അടിസ്ഥാനമാക്കിയാണ്‌ ഹിമാചൽപ്രദേശ്‌ സർക്കാർ വിനോദ്‌ ദുവയ്‌ക്കെതിരെ 124 എ പ്രകാരം കേസെടുത്തത്‌. ഈ കേസ്‌ റദ്ദാക്കിക്കൊണ്ട്‌ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്‌ പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്‌. ‘‘ഭരണകൂടത്തിന്റെ ചെയ്‌തികളെ എത്ര ശക്തമായ ഭാഷയിൽ വിമർശിച്ചാലും അതൊരിക്കലും രാജ്യദ്രോഹക്കുറ്റമാകില്ല’’ ‐ കോടതി സർക്കാരിനെ ഓർമിപ്പിച്ചു. എങ്കിലും 124 എ വകുപ്പിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല.

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരംചെയ്‌ത നിരവധി വിദ്യാർഥികൾക്ക്‌ എതിരെയും ബിജെപി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്‌. ജെഎൻയുവിലെയും ജാമിയ മിലിയയിലെയും മൂന്ന്‌ വിദ്യാർഥികൾക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും ശ്രദ്ധേയമാണ്‌. ‘‘ഭരണഘടന ഉറപ്പ്‌ നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിലെ വേർതിരിവ്‌ ഇല്ലാതാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇതു മുന്നോട്ടുപോയാൽ ജനാധിപത്യംതന്നെ അപകടത്തിലാകും’’ ‐ കോടതി പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ 1870ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ്‌ ഈ നിയമം. ഇങ്ങനെയൊരു വകുപ്പ്‌ നിയമപുസ്‌തകത്തിൽ നിലനിർത്തുന്നതുപോലും ജനാധിപത്യ സമൂഹത്തിന്‌ ചേർന്നതല്ല. സ്വാതന്ത്ര്യസമരകാലത്ത്‌ ഈ കേസിന്‌ ഇരയായ നേതാക്കൾ ആരൊക്കെയെന്ന്‌ പരിശോധിച്ചാൽ ഈ നിയമത്തിന്റെ ലക്ഷ്യം മനസ്സിലാകും. മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്‌, അബുൾകലാം ആസാദ്‌, അലി സഹോദരന്മാർ തുടങ്ങി എത്രയോ ദേശീയ നേതാക്കൾ ഈ കുറ്റത്തിന്‌ വിചാരണ നേരിടേണ്ടിവന്നു. എന്നാൽ, ഇവരാരും ബ്രിട്ടീഷ്‌ ഗവൺമെന്റിന്‌ മുമ്പിൽ മുട്ടുമടക്കുകയോ കോടതിയിൽ മാപ്പ്‌ പറയുകയോ ചെയ്‌തിട്ടില്ലെന്ന്‌ സംഘപരിവാർ നേതാക്കളെ ഓർമിപ്പിക്കട്ടെ.

രാജ്യം സ്വതന്ത്രമായപ്പോൾത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനുള്ള വകുപ്പ്‌ നിയമത്തിൽനിന്ന്‌ നീക്കുന്നതിനെക്കുറിച്ച്‌ ചർച്ച നടന്നിരുന്നു. 1951 മെയ്‌ 29ന്‌ പാർലമെന്റിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഇങ്ങനെ പ്രസ്‌താവിച്ചു. ‘‘ഐപിസിയിലെ 124 എ ഏറ്റവും ആക്ഷേപാർഹവും നിന്ദ്യവുമാണ്‌. ചരിത്രപരവും പ്രായോഗികവുമായ കാരണങ്ങളാൽ ഈ വകുപ്പ്‌ നിലനിർത്താൻ പാടില്ല. എത്ര വേഗം അതു ചെയ്യുന്നോ അത്രയും നല്ലത്‌’’ നെഹ്‌റു ഇതു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സർക്കാരോ തുടർന്നുവന്ന കോൺഗ്രസ്‌ സർക്കാരുകളോ ഈ വകുപ്പ്‌ റദ്ദാക്കിയില്ലെന്ന്‌ മാത്രമല്ല, രാഷ്‌ട്രീയ എതിരാളികൾക്കെതിരെ അതു ഉപയോഗിക്കാനും മടിച്ചില്ല. 124 എ വകുപ്പുമായി ബന്ധപ്പെട്ട കേദാർനാഥ്‌ സിങ്‌ കേസ്‌ (1962) ഇതിന്‌ തെളിവാണ്‌.

സ്വതന്ത്രമായ രാഷ്‌ട്രീയ നിലപാട്‌ എടുത്തതിന്‌ ‘‘രാജ്യദ്രോഹികൾ’’ എന്ന ആക്ഷേപം വേണ്ടത്ര കേട്ടവരാണ്‌ ഇന്ത്യയിലെ കമ്യൂണിസ്‌റ്റുകാർ. 1959ൽ ഇ എം എസ്‌ സർക്കാരിനെ പിരിച്ചുവിട്ട്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടിക്കെതിരെ കോൺഗ്രസും ജനസംഘവും ഉയർത്തിയ പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യ‐ചൈന അതിർത്തി തർക്കത്തിൽ പാർടി എടുത്ത നിലപാട്‌. ഇന്ത്യയും ചൈനയുംപോലെ സാമ്രാജ്യവിരുദ്ധ ലോക രാഷ്‌ട്രീയത്തിൽ സജീവ പങ്കുവഹിക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത്‌ കൂടിയാലോചനകളിലൂടെ വേണമെന്നായിരുന്നു പാർടിയുടെ നിലപാട്‌. ഇതിന്റെ പേരിൽ കമ്യൂണിസ്‌റ്റുകാരെ രാജ്യദ്രോഹികളായും ചൈനാ ചാരന്മാരായും മുദ്രകുത്തി. എന്നാൽ, ഇന്ദിര ഗാന്ധിയുടെ രണ്ടു സർക്കാരും അതിനിടയിൽ വന്ന ജനതാ സർക്കാരും (വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി) ചർച്ചകളിലൂടെ അതിർത്തിത്തർക്കം പരിഹരിക്കാനാണ്‌ ശ്രമിച്ചത്‌.

എതിർക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഘട്ടത്തിൽപ്പോലും ദേശസ്‌നേഹപരമായ നിലപാട്‌ എടുത്തിട്ടില്ല എന്നത്‌ അവിതർക്കിതമാണ്‌. ഹിന്ദുമഹാസഭയുടെയും അതിന്റെ തുടർച്ചയായ ആർഎസ്‌എസിന്റെയും ആദ്യകാല നേതാക്കളിൽ പ്രമുഖനായ സവർക്കറെ വലിയ ദേശാഭിമാനിയായി സംഘപരിവാർ ചിത്രീകരിക്കുന്നുണ്ട്‌. വാജ്‌പേയി പ്രധാനമന്ത്രിയായ ഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ തൂക്കിയത്‌. ദേശീയ പ്രസ്ഥാനത്തെ ഇതിലധികം നിന്ദിക്കാനില്ല. ബ്രിട്ടീഷുകാർക്ക് എതിരായ സമരത്തിൽ പങ്കെടുത്ത്‌ ആൻഡമാൻ ജയിലിലായവരിൽ സവർക്കറുമുണ്ടായിരുന്നു. ജയിൽ മോചിതനാകാൻ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ പല ഘട്ടങ്ങളിലായി അഞ്ച്‌ ദയാഹർജിയാണ്‌ അദ്ദേഹം നൽകിയത്‌. 1913 നവംബർ 14ന്‌ സവർക്കർ എഴുതിയ മാപ്പപേക്ഷ ഇക്കൂട്ടരുടെ പൊയ്‌മുഖം വലിച്ചുകീറുന്നതാണ്‌. തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ വിശ്വസ്‌ത വിനീത ദാസനായി പ്രവർത്തിക്കാമെന്ന്‌ സവർക്കർ എഴുതിക്കൊടുത്തു. അതിനുള്ള അവസരത്തിനായി കേണപേക്ഷിച്ചു. അങ്ങനെയാണ്‌ പുറത്തെത്തിയത്‌. ബ്രിട്ടീഷുകാരുടെ നിഗമനം ശരിയായിരുന്നു. പിന്നീട്‌ ഒരു സമരത്തിനും സവർക്കർ പോയില്ല. മഹാത്മജിയെ വധിച്ച കേസിൽ സവർക്കറും പ്രതിയായിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ സവർക്കറെ കോടതി വിട്ടയച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ പോയതുമില്ല. ഗാന്ധിജിയെ വെടിവച്ച ഗോഡ്‌സെ സവർക്കറുടെ വലംകൈയായിരുന്നു എന്ന്‌ ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഗാന്ധിവധത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ ജീവൻലാൽ കപുർ കമീഷൻ ഗൂഢാലോചനയിൽ സവർക്കറുടെ ഗ്രൂപ്പിനുള്ള പങ്ക്‌ സൂചിപ്പിക്കുന്നുണ്ട്‌.

വാജ്‌പേയി ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്നു എന്നൊരു കഥ സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. മാനിനി ചാറ്റർജിയും വി കെ രാമചന്ദ്രനും ‘ഫ്രണ്ട്‌ ലൈൻ’ മാസികയ്‌ക്കുവേണ്ടി നടത്തിയ അന്വേഷണത്തിൽ അത്‌ കെട്ടുകഥയാണെന്ന്‌ തെളിഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ആർഎസ്‌എസോ ഹിന്ദു മഹാസഭയോ പങ്കെടുത്തിട്ടില്ലെന്ന്‌ മാത്രമല്ല, ബ്രിട്ടീഷുകാരെ സഹായിക്കുന്ന ജോലിയാണ്‌ അവർ ഭംഗിയായി ചെയ്‌തത്‌. ഹിന്ദു‐മുസ്ലിം സംഘർഷം സൃഷ്‌ടിക്കാനും അതിലൂടെ മുതലെടുപ്പ്‌ നടത്താനുമുള്ള ഒരവസരവും ഈ ശക്തികൾ പാഴാക്കിയില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നത്‌ ആപൽക്കരവും പിന്തിരിപ്പനുമാണെന്ന നിലപാടാണ്‌ സംഘപരിവാർ പരസ്യമായി എടുത്തത്‌. സവർക്കറെപ്പോലെതന്നെ ആർഎസ്‌എസ്‌ സ്ഥാപക നേതാവായ ഹെഡ്‌ഗെവാറും സ്വാതന്ത്ര്യസമരത്തിൽ നിന്നെല്ലാം ബോധപൂർവം മാറിനിൽക്കുകയാണ്‌ ഉണ്ടായത്‌. വാജ്‌പേയി ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്നു എന്നൊരു കഥ സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. മാനിനി ചാറ്റർജിയും വി കെ രാമചന്ദ്രനും ‘ഫ്രണ്ട്‌ ലൈൻ’ മാസികയ്‌ക്കുവേണ്ടി നടത്തിയ അന്വേഷണത്തിൽ അത്‌ കെട്ടുകഥയാണെന്ന്‌ തെളിഞ്ഞു.

വാസ്‌തവത്തിൽ, ജനാധിപത്യത്തിൽത്തന്നെ സംഘപരിവാർ വിശ്വസിക്കുന്നില്ല. ജനാധിപത്യം ഒരു പാശ്‌ചാത്യ ഉൽപ്പന്നവും ഇടപെടലുമാണെന്ന്‌‌ അവർ കണക്കാക്കുന്നു. ഹിന്ദുത്വമാണ്‌ അവരുടെ രാഷ്‌ട്രീയം, ഹിന്ദു രാഷ്‌ട്രമെന്നത്‌ ലക്ഷ്യവും.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്‌ഠിതമായതും എല്ലാ ജാതി‐മത വിഭാഗത്തെയും സംസ്‌കാരധാരകളെയുംപോലെതന്നെ ഉൾക്കൊള്ളുന്ന ഇന്ത്യൻ ദേശീയതയെത്തന്നെ ഇക്കൂട്ടർ അംഗീകരിക്കുന്നില്ല. മതദേശീയത അല്ലെങ്കിൽ ഹിന്ദു ദേശീയതയാണ്‌ അവർ ഉയർത്തിപ്പിടിക്കുന്നത്‌. ഇന്ത്യൻ ദേശീയതയുടെ മൂല്യങ്ങൾ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലൂടെ ഉരുത്തിരിഞ്ഞ്‌ വന്നതാണ്‌. ജനങ്ങളുടെ ഐക്യമാണ്‌ ഇതിൽ പ്രധാനം. ഇതിന്‌ കടകവിരുദ്ധമായ തത്വസംഹിതയാണ്‌ ആർഎസ്‌എസിനുള്ളത്‌. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഭരണഘടന ആർഎസ്‌എസ്‌ അംഗീകരിക്കാത്തതിന്‌ മറ്റ്‌ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.

മതത്തിനും ജാതിക്കും പ്രദേശത്തിനും ഭാഷയ്‌ക്കും വംശത്തിനുമെല്ലാം ഉപരിയായി ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതാണ്‌ ദേശീയത. ഏതെങ്കിലും ഒരു വിഭാഗത്ത്‌ പ്രത്യേക പരിഗണന നൽകുന്നത്‌ ദേശീയതയല്ല. നമ്മുടെ ദേശീയതയുടെ സവിശേഷത അത്‌ മതനിരപേക്ഷവും സാമ്രാജ്യത്വ വിരുദ്ധവുമാണെന്നതാണ്‌. അതായിരുന്നു നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തി. മതനിരപേക്ഷമായ നമ്മുടെ ദേശീയതയും ജനങ്ങളുടെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവാദികളെയും യോജിപ്പിച്ച്‌ അണിനിരത്തേണ്ടതുണ്ട്‌.

എ വിജയരാഘവൻ

Thursday, June 17, 2021

വീണ്ടും കോടതിയുടെ താക്കീത്

ഇന്ത്യൻ ഭരണഘടന എന്നൊന്ന് ഉണ്ടെന്നും അതിൽ പറയുന്ന അവകാശങ്ങൾ പൗരന്മാർക്ക് അർഹതപ്പെട്ടതാണെന്നും ആവർത്തിച്ചു പറയേണ്ടിവരികയാണ്, കോടതികൾക്ക്. ആ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു തന്നെ ഭീഷണിയായി തീരുകയാണെന്ന് ഉറപ്പിക്കുന്നതാണ് ഈ കോടതി വിധികൾ ഓരോന്നും. ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിയും ഇത്തരത്തിലൊന്നാണ്. 

മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുകയെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്താകെ പ്രക്ഷോഭം നടന്നു. ഡൽഹി ആ സമരത്തിന്റെ കേന്ദ്രമായി. വിദ്യാർഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. സമരത്തെ അടിച്ചമർത്താൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ പാളി. അപ്പോൾ ഉപയോഗിച്ച ആയുധമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഇങ്ങനെ തടവിലാക്കിയ നടാഷാ നർവാൾ, ദേവാംഗനാകലിത, ആസിഫ്‌ ഇഖ്‌ബാൽ തൻഹാ എന്നിവർക്ക് ജാമ്യം അനുവദിച്ച വിധിയിലാണ് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാർ നടപടിയുടെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടുന്നത്.

സർക്കാരിനെതിരെ പ്രതിഷേധം നയിക്കുന്നവരെ ഭീകരരും രാജ്യദ്രോഹികളുമായി മുദ്രകുത്തി നേരിടുകയെന്ന തന്ത്രം കേന്ദ്ര സർക്കാർ  ഉപയോഗിച്ചുകൊണ്ടേ ഇരിക്കുന്നു. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ പോലും യുഎപിഎ ചുമത്തുന്നു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ പ്രതിരോധിക്കാൻ പാർലമെന്റ്‌ കൊണ്ടുവന്ന യുഎപിഎ നിയമത്തിന്റെ ഉദ്ദേശ്യത്തെ അട്ടിമറിക്കുകയാണ് ഈ ചെയ്യുന്നതെന്ന് കോടതിക്ക് പറയേണ്ടിവന്നു. പോരാളികൾ (Warriors) എന്നും മറ്റും പേരായ വാട്‌സാപ്‌ ഗ്രൂപ്പുകളിൽ അംഗങ്ങളായി എന്നും ആക്രമിക്കാൻ വന്നാൽ മുളകുപൊടി എറിയണമെന്ന് പ്രസംഗിച്ചെന്നും മറ്റുമുള്ള ബാലിശമായ ആരോപണങ്ങൾ നിരത്തിയാണ് ഈ വിദ്യാർഥികൾക്കെതിരായ കുറ്റപത്രം. സാധാരണ കുറ്റകൃത്യങ്ങളെ ഭീകരപ്രവർത്തനമായി കാണരുതെന്ന് കോടതി ഓർമിപ്പിക്കുന്നു. ‘എതിരഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള ആവേശത്തിൽ  പ്രതിഷേധിക്കാനുള്ള ഭരണഘടനാദത്തമായ അവകാശങ്ങളും ഭീകരപ്രവർത്തനവും തമ്മിൽ വേർതിരിക്കുന്ന രേഖ സർക്കാരിന്റെ മനസ്സിൽനിന്ന് മാഞ്ഞുപോയതായി തോന്നുന്നു’ എന്ന് കോടതി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഭീകരവാദം ആരോപിക്കാനുള്ള ഒരു ഘടകവും ഈ വിദ്യാർഥികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഇല്ലെന്നും കോടതി കണ്ടു. സർക്കാർ നിലപാടിലെ തെറ്റ് ചൂണ്ടിക്കാട്ടാൻ, എന്താണ് ഭീകരവാദമെന്ന്‌ നിർവചിച്ച  സുപ്രീംകോടതി വിധികൾ പലതും ഡൽഹി ഹൈക്കോടതി ഉദ്ധരിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുക എന്നത് സ്വാതന്ത്ര്യസമരത്തെ നേരിടാൻ ബ്രിട്ടീഷ് ഭരണാധികാരികൾ സ്വീകരിച്ച രീതിയാണ്. കോടതി കുറ്റക്കാരനാണോ എന്ന് നിശ്ചയിക്കുംമുമ്പ് ഒരാളെ സർക്കാർ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ആയിരങ്ങളാണ് ഇങ്ങനെ ഇന്ത്യൻ തടവറകളിൽ വിചാരണത്തടവുകാരായി ഉള്ളത്. ഡൽഹി കേസിന് സമാനമായ രീതിയിൽ യുഎപിഎ പോലെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഒട്ടേറെ പൗരാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകരും അഭിഭാഷകരും ഇങ്ങനെ കോവിഡ് പടരുന്ന ജയിലുകളിൽ കഴിയുന്നു. ചികിത്സ കിട്ടാൻ പോലും ഇവർക്ക് നീണ്ട നിയമയുദ്ധം വേണ്ടിവരുന്നു. യുഎപിഎ സാധ്യമാകാത്തിടങ്ങളിൽ  ഐപിസി 124 എ, 153 വകുപ്പുകൾ പ്രകാരവും രാജ്യദ്രോഹം ആരോപിച്ചു കേസെടുക്കുന്നു. സർക്കാരിനെ വിമർശിച്ചതിന് വിഖ്യാത മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ ഇത്തരത്തിൽ ദേശദ്രോഹക്കേസ് ചുമത്തിയത് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

എന്നാൽ, തങ്ങൾക്ക് കോടതികളും നീതിന്യായവ്യവസ്ഥയും ഒന്നും ബാധകമല്ലെന്ന ഹുങ്കിൽ കേന്ദ്ര സർക്കാർ നീങ്ങുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം നമ്മുടെ അരികെ ലക്ഷദ്വീപിൽ കണ്ടു. വിനോദ് ദുവ കേസിലെ വിധിപ്പകർപ്പ് രാജ്യം ചർച്ച ചെയ്യുന്നതിനിടയിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തകയായ ആയിഷ സുൽത്താനയ്ക്കെതിരെ  ഇതേ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. ഒരു ചാനൽ ചർച്ചയിൽ ഉപയോഗിച്ച വാക്കിലാണ് ‘ദേശദ്രോഹം' കണ്ടെത്തിയത്.

യഥാർഥത്തിൽ രാജ്യത്തെ നീതിന്യായ സംവിധാനത്തോട് തെല്ലെങ്കിലും ബഹുമാനം പുലർത്തുന്നുവെങ്കിൽ ഇത്തരം കേസുകൾ പിൻവലിക്കാനും അങ്ങനെ തടവിലാക്കപ്പെട്ടവരെയെല്ലാം എത്രയുംവേഗം വിട്ടയക്കാനുമാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പക്ഷേ, ഈ സർക്കാരിൽനിന്നോ അതിനെ നയിക്കുന്നവരിൽനിന്നോ അങ്ങനെയൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അവർ ‘രാജ്യദ്രോഹം' എന്ന വാളുമായി തലങ്ങുംവിലങ്ങും പായുകയാണ്. കേന്ദ്ര സർക്കാരോ ലക്ഷദ്വീപിലെ പ്രഫുൽ ഖോഡ പട്ടേലിനെപ്പോലെയുള്ള അവതാരങ്ങളോ മാത്രമല്ല കേരളത്തിലെ ബിജെപി മണ്ഡലം പ്രസിഡന്റുമാർ പോലും രാഷ്ട്രീയ എതിരാളികളെ ഈ ആയുധം വീശി ഭയപ്പെടുത്താൻ നോക്കുന്നു. എതിർപ്പ് ഉയർത്തുന്ന ആരെയും രാജ്യദ്രോഹിയാക്കി ജയിലിൽ അടയ്ക്കുമെന്നു ഭീഷണി മുഴക്കുന്നു. ഇക്കൂട്ടരെ ചങ്ങലയ്ക്കിടാൻ കോടതികൾക്കു മാത്രം കഴിയില്ല. സംഘടിത ജനശക്തി തന്നെ ഉയരേണ്ടിവരും.

deshabhimani editorial 17062021

Tuesday, June 15, 2021

ജാഗ്രതയ്ക്ക് ഇളവില്ല: മൂന്നാം തരംഗം വരാതിരിക്കാന്‍ ഇപ്പോഴെ കരുതല്‍ വേണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്തരല്ല. കേരളത്തിന്റെ പല ജില്ലകളിലും ഡെല്‍റ്റാ വൈറസിന്റ വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാല്‍ നമ്മള്‍ പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകള്‍ കൂടി തുടരേണ്ടതുണ്ട്.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും നമ്മള്‍ സ്വയം നിയന്ത്രിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവര്‍ നേരിട്ടോ ഇ സഞ്ജീനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല ഇവര്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിള്‍ മാസ്‌ക്, അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവര്‍ അത് കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പരമാവധി യാത്രകള്‍ ഒഴിവാക്കുക. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. കൈ ശുചിയാക്കാതെ കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. പൊതുയിടങ്ങളില്‍ കഴിവതും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. വീട്ടിലെത്തിയ ഉടന്‍ കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വസ്ത്രം സോപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചശേഷം കഴുകണം. സോപ്പുപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.

അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കേണ്ടതാണ്. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എല്ലാവരും കൂടി മാസ്‌ക് അഴിച്ച് വച്ചാല്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം> സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെന്നുകണ്ടാല്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും അവബോധം നല്‍കുന്നതാണ്. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകള്‍ നടത്തുകയും ചെയ്യും.

ശ്വാസകോശ ലക്ഷണങ്ങളുള്ള കോവിഡ് മുക്തരായ രോഗികളെ ടെലി കണ്‍സള്‍ട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കില്‍ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എന്‍ടിഇപി അംഗങ്ങള്‍ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.  

തൊഴിലിന്‌ മുഖ്യപരിഗണന - മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

കേരളം പുതുവഴിയിലൂടെ സഞ്ചരിക്കുകയാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ നാടിനെ മുന്നോട്ടു നയിക്കാൻ പര്യാപ്‌തമായ ദിശാബോധമുള്ള വികസന പദ്ധതികൾ ഒരുങ്ങുന്നു. തുടക്കം കുറിച്ചവ പൂർത്തീകരണത്തിലേക്ക്‌. മഹാമാരിയുടെ കാലത്തും കരുതലും വികസനവും ഒരേ പോലെ സമന്വയിപ്പിച്ച്‌ കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്‌ ജനകീയ സർക്കാർ നീങ്ങുന്നു. വരും കാല വെല്ലുവിളികളെ നേരിടാൻ സാമൂഹ്യക്ഷേമവും ജനകീയ ഐക്യവും കരുതലോടെ സംയോജിപ്പിച്ച്‌ മുന്നോട്ട്‌. സർക്കാർ ലക്ഷ്യംവയ്ക്കുന്ന സുപ്രധാനമായ 
മേഖലകളെക്കുറിച്ച്‌ തദ്ദേശഭരണ എക്‌സൈസ്‌ മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു. 


കോവിഡ്‌ പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വലുതാണ്‌. പ്രാദേശിക ഭരണകൂടം എന്ന നിലയ്‌ക്ക്‌ പരമ്പരാഗതരീതിയിൽ വലിയ മാറ്റമല്ലേ വരുന്നത്‌?

പ്രതിസന്ധി ഘട്ടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വിളിപ്പുറത്തുണ്ടെന്ന ആത്മധൈര്യം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. കോവിഡ്‌ പ്രതിരോധത്തിൽ താഴെ ത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുകയാണല്ലോ. ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പരിരക്ഷ. പൊലീസുമായി ചേർന്നുള്ള ക്വാറന്റൈൻ നിരീക്ഷണം. ആരും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതൽ. അങ്ങനെ എല്ലാ മേഖലയിലും തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിലുണ്ട്‌. ഇക്കാര്യത്തിൽ കക്ഷിരാഷ്‌ട്രീയമില്ല. ജനപ്രതിനിധികൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ സേവനസന്നദ്ധരായി. ഇത്‌ പുതിയൊരു സംസ്‌കാരമാണ്‌ രൂപപ്പെടുത്തിയത്‌.

കോവിഡ്‌ രണ്ടാം തരംഗം ശക്തമായ ഉടനെയാണല്ലോ പുതിയ സർക്കാർ ചുമതലയേറ്റത്‌. തുടർന്ന്‌, എന്തെല്ലാം ഇടപെടലാണ്‌ സർക്കാർ നടത്തിയത്‌

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ ഇടപെട്ടത്‌ വാർഡ്‌തല സമിതികളാണ്‌. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെ വാർഡ്‌തല സമിതികൾക്ക്‌ ചെറിയൊരു ആലസ്യം വന്നു. അവ കണ്ടെത്തി പരിഹരിക്കുകയും സമിതികളെ സജീവമാക്കുകയുമാണ്‌ പുതിയ സർക്കാർ ആദ്യം ചെയ്‌തത്‌. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ അധ്യക്ഷൻമാരുടെ യോഗം വിളിച്ചു. തദ്ദേശഭരണ, ആരോഗ്യ വകുപ്പ്‌ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്തു. അതിന്റെ ഗുണവും കണ്ടു. സിഎഫ്‌എൽടിസി, എസ്‌എഫ്‌എൽടിസികൾ, ഡിസിസികൾ തുടങ്ങിയവ വീണ്ടും സജ്ജമായി. ഓക്‌സിജൻ ലഭ്യത, ആംബുലൻസ്‌ ലഭ്യത തുടങ്ങിയവ ഉറപ്പ്‌ വരുത്താൻ കൺടോൾ റൂമുകളും കോർഗ്രൂപ്പുകളും രൂപീകരിച്ചു. അതിന്റെ ഫലമായി മരണനിരക്ക്‌ നിയന്ത്രിച്ച്‌ നിർത്താനായി. ജനകീയഹോട്ടലുകളും സാമൂഹ്യ അടുക്കളകളും സജീവമായി. രാജ്യത്ത്‌ മറ്റൊരിടത്തും ഇത്തരം ഇടപെടലില്ല. നമ്മുടെ ജനാധിപത്യ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും ഇതാണ്‌.

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട്‌ തികച്ചു. ജനകീയാസൂത്രണത്തിന്റെ കരുത്തിലല്ലേ മഹാമാരികളെപ്പോലും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ പാകപ്പെട്ടത്‌?


ജനകീയാസൂത്രണം തുടർച്ചയായി മുന്നോട്ടുപോയതിന്റെ ഏറ്റവും മികച്ച നേട്ടമാണ്‌ ഈ മഹാമാരിക്കാലത്ത്‌ നമ്മൾ അനുഭവിക്കുന്നത്‌. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജനകീയാസൂത്രണം വലിയ മാറ്റമാണ്‌ കേരളത്തിലുണ്ടാക്കിയത്‌. അധികാര വികേന്ദ്രീകരണമെന്ന ഭരണഘടനാ തത്വം കേരളത്തിൽ ഏറ്റവും നല്ല നിലയിൽ നടത്താനായതും ജനകീയാസൂത്രണത്തിന്റെ നേട്ടമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ട നാട്‌ നമ്മുടേതാണ്‌. ഇതുതന്നെയാണ്‌ ഏത്‌ പ്രതിസന്ധിയെയും നേരിടാൻ നമുക്ക്‌ കരുത്ത്‌ പകരുന്നത്‌.

എൽഡിഎഫ്‌ പ്രകടനപത്രികയിലും പുതിയബജറ്റിലും തൊഴിലിനാണല്ലോ വലിയ പ്രാധാന്യം. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്‌?

ശരിയാണ്‌. തൊഴിൽമേഖലയ്‌ക്കാണ്‌ തദ്ദേശഭരണ വകുപ്പ്‌ മുന്തിയ പരിഗണന നൽകുക. ഒരു വാർഡിൽ നേരിട്ട്‌ തൊഴിൽ നൽകുന്ന ഒരു സംരംഭമെങ്കിലും ആരംഭിക്കും. ഇങ്ങനെ ആദ്യഘട്ടം 20,000 തൊഴിൽ സംരംഭം ആരംഭിക്കാനാണ്‌ പദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടും കുടുംബശ്രീ വഴിയുമാകും ഇത്‌. ഇതിനായി പ്രവാസികളുടെ സഹായവും തേടും. സ്‌ത്രീതൊഴിലന്വേഷകർക്ക്‌ കുടുംബശ്രീ പ്രത്യേകപദ്ധതി തയ്യാറാക്കും. കിലയെ തൊഴിൽ ലഭ്യമാക്കാനുള്ള സ്ഥാപനംകൂടിയായി വളർത്തും. കിഫ്‌ബിയുടെ സ്‌കൂൾ നവീകരണ പദ്ധതി ഇപ്പോൾ കില ഏറ്റെടുത്തിട്ടുണ്ട്‌. ഇത്തരം വിവിധ പദ്ധതികളിലൂടെയാകും തൊഴിൽ സൃഷ്‌ടിക്കുക.

സർക്കാരിന്റെ സുപ്രധാനമായ പ്രഖ്യാപനമാണല്ലോ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷനും സ്‌മാർട്ട്‌കിച്ചണും

സ്‌ത്രീകൾക്ക്‌ വലിയ ആത്മവിശ്വാസമാണ്‌ എൽഡിഎഫ്‌ നൽകുന്നത്‌. തുടർഭരണത്തിന്‌ പ്രധാനകാരണം സ്‌ത്രീ വോട്ടർമാരുടെ ഈ പിന്തുണയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവരെ ചേർത്തുപിടിച്ചു. ഈ സർക്കാരും അതു തുടരും. അതിന്റെ ഭാഗമായാണ്‌ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്‌. ഇത്‌ കേവലം പണത്തിന്റെ പ്രശ്‌നമല്ല. സ്‌ത്രീയുടെ അധ്വാനത്തെ മാനിക്കലാണ്‌. ഫ്യൂഡൽ ചിന്താഗതിയിൽനിന്നുയർന്ന ആൺകോയ്‌മയുടെ വീട്ടകങ്ങളെ അവ പൊളിച്ചെഴുതും. ഞാൻ എന്നതിൽനിന്ന്‌ ഞാനും നീയും ഒന്നിച്ച്‌ എന്ന വിചാരത്തിലേക്ക്‌ സമൂഹം എത്തും. അതിനാലാണ്‌ വീട്ടമ്മമാരുടെ പെൻഷൻ വിപ്ലവകരമായ നടപടിയാകുന്നത്‌. മുമ്പ്‌ കർഷകത്തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ വികാരമായിരുന്നു. മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു വലിയ ജനവിഭാഗത്തെയാണ്‌ അന്ന്‌ ആദരിച്ചത്‌.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏതെങ്കിലും രീതിയിൽ പൊളിച്ചെഴുതേണ്ടതുണ്ടോ?

വേണമെന്നാണ്‌ സർക്കാർ നയം. ആസ്‌തി വികസന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കാൻ തൊഴിലുറപ്പ്‌ പദ്ധതിക്കാകണം. അതുവഴി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും. തൊഴിൽദിനങ്ങളും കൂട്ടണം. 100 എന്നത്‌ 200 ആക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേന്ദ്രസർക്കാരാണ്‌ അതിൽ തീരുമാനമെടുക്കേണ്ടത്‌. ശുചീകരണപ്രവർത്തനം ഇപ്പോൾ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഏൽപ്പിച്ചിട്ടുണ്ട്‌.

തദ്ദേശഭരണ ഏകീകരണം എന്നത്‌ എൽഡിഎഫിന്റെ സുപ്രധാന കാൽവയ്‌പല്ലേ. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവ നടപ്പാക്കിയെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനില്ലേ

അതെ. വിവിധ വിഭാഗങ്ങളായി നിൽക്കുന്ന തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണം ഭരണപരമായും ജനോപകാരപ്രദമായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. എൽഡിഎഫ്‌ പ്രകടനപത്രികയിലും അവ എടുത്തു പറഞ്ഞിട്ടുണ്ട്‌. അതിനാൽ ഈ സർക്കാരിന്റെ പ്രഥമപരിഗണനയിൽ ഒന്നാമത്‌ ഏകീകരണം ഫലപ്രദമാക്കലാണ്‌. ജീവനക്കാരുടെ പുനർവിന്യാസവും കുറച്ചുകൂടി ശക്തമാക്കണം. നിലവിലെ സംവിധാനത്തിൽനിന്ന്‌ മാറി കൂടുതൽ മേഖലകളിലേക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്‌. അതിനാൽ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരികയാണ്‌.

നിലവിലെ മദ്യനയത്തിൽ എന്തെങ്കിലും മാറ്റം ആലോചനയിലുണ്ടോ?

മദ്യനയത്തിൽ ഒരു മാറ്റവും ഇപ്പോൾ ആലോചനയിലില്ല. വളരെ ആലോചിച്ചാണ്‌ മദ്യവർജനത്തിൽ ഊന്നിയുള്ള മദ്യനയം സർക്കാർ സ്വീകരിച്ചത്‌. മദ്യനിരോധനം പരാജയമാണെന്ന്‌ ലോകമാകെ തെളിയിച്ചതാണ്‌. മദ്യവർജനമാണ്‌ ശരിയായ നിലപാട്‌. ഇവ ശക്തിപ്പെടുത്തും. എന്നാൽ, മദ്യം അത്യാവശ്യമായി വേണ്ടവരുണ്ടാകും. അത്തരക്കാർക്ക്‌ അവ കിട്ടാതെ വന്നാലുള്ള ആരോഗ്യ–-സാമൂഹ്യ പ്രശ്‌നങ്ങൾ നമ്മൾ ഏറെ കണ്ടതാണ്‌. വ്യാജ മദ്യമടക്കം ഒഴുകും. മയക്കുമരുന്ന്‌ ഉപയോഗം വർധിക്കും. അതിനാൽ മദ്യലഭ്യതയും ആവശ്യമാണ്‌. വിമുക്തി പദ്ധതി ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കുട്ടികൾക്കിടയിലെ മയക്കുമരുന്ന്‌ ഉപയോഗം തടയാൻ വാർഡ്‌ സമിതികൾ രൂപീകരിക്കും.

വിവിധതരം പഴങ്ങളിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി

വലിയ സാധ്യതയാണ്‌ ഈ പദ്ധതിക്ക്‌. വീര്യം കുറഞ്ഞതും ആരോഗ്യത്തിന്‌ ഹാനികരവുമല്ലാത്ത മദ്യമാണ്‌ ഇതുവഴി ലഭിക്കുക . അതിനായി കൃഷി, വ്യവസായം, തദ്ദേശഭരണം, എക്‌സൈസ്‌ വകുപ്പുകൾ യോജിച്ച്‌ ഇതിനുള്ള പദ്ധതി തയ്യാറാക്കേണ്ടതാണ്‌. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ നല്ല വില ഉറപ്പ്‌ വരുത്താനും ഈ പദ്ധതി വഴി സാധിക്കും.

തയ്യാറാക്കിയത്‌: റഷീദ്‌ ആനപ്പുറം

ജയിലല്ല, അതിനപ്പുറമുള്ള ഭീഷണികള്‍ രാധാകൃഷ്ണന്റെ ആളുകള്‍ നടത്തിയിട്ടുണ്ട്; അന്നും താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം> ജയിലിനേക്കാള്‍ വലിയ ഭീഷണികള്‍ എ എന്‍ രാധാകൃഷ്ണന്റെ ആളുകള്‍ തനിക്കെതിരെ ഉയര്‍ത്തിയതാണെന്നും അന്നൊക്കെ താന്‍ വീട്ടില്‍ കിടന്നുറങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍  ഒരു  പ്രയാസവുമുണ്ടായിട്ടില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണെന്നും ബിജെപി നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളൊണെന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എന്ത് വേണമെന്ന്  തീരുമാനിച്ച് അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍, അതൊന്നും നടപ്പാക്കില്ലെന്ന് നമ്മുടെ നാട് തെളിയിച്ചില്ലെ. എന്തൊക്കെയായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ- മുഖ്യമന്ത്രി ചോദിച്ചു.

  മക്കളെ ജയിലില്‍ പോയി  കാണണം എന്നതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നത്. ആ സന്ദേശമാണ് ഗൗരവമായി നാം കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ ഒരു അമിത താല്‍പര്യത്തോടെയോ  തെറ്റായോ സര്‍ക്കാര്‍ ഇടപെട്ടു എന്ന് ഇതുവരെ  ആക്ഷേപം ഉയര്‍ന്നുവന്നിട്ടില്ല.  മുഖ്യമന്ത്രി എന്ന് നിലയ്‌ക്കോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി  എന്ന് നിലയ്‌ക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപമായി ഉയര്‍ന്നിട്ടില്ല.

അപ്പോള്‍, എന്താണ് ഉദ്ദേശം.  ഈ കേസ് നിങ്ങള്‍ അന്വേഷിക്കുകയാണല്ലെ; നിങ്ങള്‍ അന്വേഷിക്കുകയാണങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നവരെ ഞങ്ങള്‍ കുടുക്കും. ഇതാണ് പറയുന്നത്‌. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.

ഭീഷണി തന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നത്  മറ്റൊരു കാര്യം. പക്ഷെ  ഭീഷണി  പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയായാണ്‌ അത് വരുന്നത്. നിങ്ങള്‍ക്ക്  വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, നിങ്ങളുടെ കുട്ടികളെ ജയിലില്‍ പോയി കണേണ്ടി വരും. ഉദ്ദേശം വ്യക്തമല്ലെ. തെറ്റായ രീതിയില്‍ താന്‍ ഇടപെട്ട് ഈ അന്വേഷണ രീതികള്‍ ആകെ അവസാനിപ്പിക്കണം എന്നാണതിനര്‍ഥം. 

നിലവിലെ അന്വേഷണത്തില്‍ തെറ്റായി സംഭവിച്ചു എന്നല്ല, ക്രമത്തില്‍ നടക്കുന്ന അന്വേഷണം  സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചോളണം, അല്ലെങ്കില്‍ വരാന്‍ പോകുന്നതിതാണ്..ഇതാണ് ഭീഷണി. ഇത് പൊതുസമൂഹം കാണേണ്ടതാണ്- അദ്ദേഹം വിശദീകരിച്ചു

 ഇത്തരത്തിലുള്ള ഭീഷണികള്‍ താന്‍ എങ്ങനെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ പലവിധ സംരക്ഷണത്തില്‍ ഇരിക്കുന്ന ആളാണല്ലോ .ഈ സംരക്ഷണം ഒന്നുമില്ലാത്ത കാലം കടന്നുവന്നതല്ലെ.ആ കടന്നുവന്നതിന്റെ അനുഭവം ഓര്‍ത്താ മതി എങ്ങിനെയായിരുന്നു എന്ന്. ഉന്നയിച്ച ആളോട് ഇതേ പറയാനുള്ളു.

എന്നാല്‍ പ്രധാനമായും കാണേണ്ടത് മറ്റ് വശമാണ്. താന്‍  ഭീഷണിക്ക് വിധേയമാകുമോ ഇല്ലയോ എന്നതല്ല കാര്യം. ഈ രാജ്യത്തിന്റെ ഭരണം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവ്, ആ പാര്‍ട്ടിയുടെ ആളുകള്‍ അന്വേഷണ  വിധേയരാകുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍, അന്വേഷണം തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല എന്ന് പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍  വരുന്നു. അത് നാം ഗൗരവമായി കാണേണ്ടതുണ്ട്‌- മുഖ്യമന്ത്രി വ്യക്തമാക്കി

Monday, June 14, 2021

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയത്; എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരുക: ഐഷ സുല്‍ത്താന

കൊച്ചി > ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ താന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്ന് ഐഷ പറഞ്ഞു. 'തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്.'-ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

F.I.R ഇട്ടിട്ടുണ്ട്...

രാജ്യദ്രോഹ കുറ്റം

പക്ഷെ

സത്യമേ ജയിക്കൂ...

കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും

നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കും.

ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്...

ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം...

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്

എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...

രാജ്യദ്രോഹക്കേസ്‌: ഐഷ സുൽത്താന മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി> രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താന  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് ഐഷാ സുൽത്താനയുടെ പ്രധാന വാദം.

തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ആണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ആണ് ആവശ്യം. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം ഉപയോഗിക്കുന്നുവെന്ന പരാമർശങ്ങളുടെ പേരിൽ ആണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹ കേസ് പിന്‍വലിക്കണം: ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം> ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ഐഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഐഷ സുല്‍ത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോരാട്ടത്തില്‍ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും മന്ത്രി ഐഷയ്ക്ക് വാഗ്ദാനം ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും  വി ശിവന്‍കുട്ടി വ്യക്തമാക്കി

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി: വി ശിവദാസന്‍ എംപി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡോ.വി ശിവദാസന്‍ എംപി. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണെന്നും ശിവദാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വി ശിവദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂവടെ

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി.

ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?

മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ?

തെറ്റായ നയങ്ങളിലൂടെ ദ്വീപില്‍ മഹാമാരി പടര്‍ത്താന്‍ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?

ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?

സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത് രാജ്യദ്രോഹമാണോ?

ആവര്‍ത്തിക്കുന്നു,

ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്.  

എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല

എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല

എന്റെ രാജ്യം സ്‌നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല

എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല

ഐഷ സുല്‍ത്താനയ്ക്കും

പൊരുതുന്ന ലക്ഷദ്വീപിനും

ഐക്യദാര്‍ഢ്യം..

ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഐ എം

തിരുവനന്തപുരം>  ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്.

വര്‍ഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നല്‍കുന്നത്. എല്ലാക്കാലത്തും ബിജെപിയോട് സൗഹാര്‍ദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വര്‍ഗ്ഗീയ ശക്തികളുമായി കൈകോര്‍ത്തു. ഇത് കേരളത്തിലെ ജനങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

 തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാന്‍ കഴിയു. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴല്‍പ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയുടെ കുഴല്‍പ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മോഡി കാണുമോ ബ്രിട്ടന്റെ നയംമാറ്റം - ആർ ജി പിള്ള എഴുതുന്നു

1994ൽ തന്നെ സ്വകാര്യവൽക്കരിക്കപ്പെട്ട ബ്രിട്ടീഷ്‌ റെയിൽവേ "ഗ്രേറ്റ്‌ ബ്രിട്ടീഷ്‌ റെയിൽവേ" എന്ന പേരിൽ സമ്പൂർണ ഗവണ്മെന്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലും പുനസ്സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. 1994 വരെ പൊതു ഉടമസ്ഥതയിൽ ആയിരുന്ന ബ്രിട്ടീഷ്‌ റെയിൽവേ, 25 ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ, റെയിൽട്രാക്ക്, സിഗ്നലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവക്കായി പ്രത്യേകം കമ്പനികൾ എന്നിങ്ങനെ വിഭജിച്ച്‌ സ്വകാര്യവല്ക്കരിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്കകം തന്നെ ട്രെയിനുകളുടെ സമയക്രമം അവതാളത്തിലാകുകയും  അപകടങ്ങൾ നിത്യസംഭവങ്ങളാകുകയും ചെയ്തു. തുടർന്ന് റെയിൽവേ ട്രാക്ക്, സിഗ്‌നലുകൾ, റെയിൽവേസ്റ്റേഷനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ ഉടമസ്ഥതയും പരിപാലനവും നടത്തിപ്പും എല്ലാംഗവണ്മെന്റ് രൂപീകരിച്ച നെറ്റ് വർക്ക്‍ റെയിലിന് കൈമാറേണ്ടിവന്നു. സ്വകാര്യ ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളാകട്ടെ വരുമാനം കൂടുതൽ ‍ഉള്ള സമയക്രമത്തിലും റൂട്ടുകളിലും മാത്രമായി സർവീസുകൾ ‍പരിമിതപ്പെടുത്തി. മറ്റു സർവീസുകൾ ‍റദ്ദാക്കപ്പെട്ടു. പല സുപ്രധാന റെയിൽവേലൈനുകളും അടച്ചുപൂട്ടപ്പെട്ടു. തിരക്കേറിയ ട്രെയിനുകളും റദ്ദാക്കപ്പെട്ട സർവീസുകളും ഉയർന്ന ചാർജും എന്നതായി ബ്രിട്ടീഷ്‌ റെയിൽവേ. റെയിൽ യാത്ര ജനങ്ങൾക്ക് ഏറെ ദുഷ്കരമായി.

ലാഭം മാത്രം ലാക്കാക്കുന്ന ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ കോവിഡ് മഹാമാരിക്കാലത്ത് സർവിസുകൾ ‍നിർത്തിവച്ചു. റെയിൽവേയുടെ ഉപയോഗം 100ൽനിന്നും 4.6% ആയി കുറഞ്ഞു. തുടർന്ൻ ഗവണ്മെന്റ് കമ്പനികൾ ഏറ്റെടുക്കുകയും 12ബല്ല്യന് ‍പൌണ്ട്സ് സബ്സിഡി നൽകി സർവിസുകളൾ ‍നിലനിർത്തുകയും ചെയ്തു. അതോടൊപ്പം റെയിൽവേ പുനസ്സംഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട്‌ നല്കാൻ ‍'''വില്ല്സ്ഷെയിം'' കമ്മിറ്റിയെ നിയോഗിക്കുകയുമുണ്ടായി. പ്രസ്തുത കമ്മിറ്റിയുടെ ശുപാർശകൾ ‍അംഗീകരിച്ചുകൊണ്ടാണ് ഗ്രേറ്റ്‌ ബ്രിട്ടീഷ്‌ റെയിൽവേ ഗവർന്മെന്റ് രൂപീകരിച്ചത്. മാത്രമല്ല, സ്വകാര്യവൽക്കരണം മൂലം അടച്ചുപൂട്ടപ്പെട്ട   ലൈനുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പുതിയ ലൈനുകൾക്കും ആധുനീകരണത്തിനുമായി വൻനിക്ഷേപം നടത്താനും ഗവണ്മെന്റ് തീരുമാനിച്ചു.

നേരത്തെ തന്നെ സ്കോട്ട്‌ ലൻഡ്‌, വെൽഷ് പ്രവിശ്യകൾ തങ്ങളുടെ പരിധിക്കുള്ളിലുള്ള ട്രെയിനുകൾ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ്‌ റെയിൽവേക്ക് സമാനമായി നേരത്തേ സ്വകാര്യവൽക്കരണം നടപ്പാക്കിയ അർജൻന്റീനിയൻ റെയിൽവേയും വൻ തകർച്ചയെ തുടർന്ന് ഗവണ്മെന്റ് ഏറ്റെടുക്കുകയും  വീണ്ടും ഗതാഗതയോഗ്യമാക്കുന്നതിനു വൻനിക്ഷേപം നടത്തുകയുമാണ്. 2020ലെ നെൽസൺ ‍മണ്ടേല അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌  പറഞ്ഞത് പ്രത്യേകം പ്രസക്തമാണ്‌. "കോവിഡ് മഹാമാരിക്കാലം ഒരു എക്സ്റെയിൽ എന്ന പോലെ നമ്മുടെ ദുർബലമായ സാമൂഹ്യഘടനയിലെ പൊട്ടലുകൾ വ്യക്തമാക്കിത്തരുന്നു. എല്ലാവർക്കും ആരോഗ്യരക്ഷ. പൊതുഗതാഗതം. അടിസ്ഥാന വരുമാനം തുടങ്ങിയ ഒരു പുതുതലമുറ സാമൂഹ്യ സംരക്ഷണ നടപടികൾ ഇന്ന് അനിവാര്യമായിരിക്കുന്നു. വളർന്നു വരുന്ന അസമത്വം അങ്ങേയറ്റം സ്ഫോടനാത്‌മകമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ 26 അതിസമ്പന്നരുടെ സ്വത്ത് ജനസംഖ്യയിൽ ‍50ശതമാനത്തിന്റേതിനു തുല്യമായിരിക്കുന്നു". ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്ജോൺസൻ ആകട്ടെ കോവിഡ് മുക്തൻ ‍ആയ ശേഷമുള്ള  ആദ്യത്തെ പത്രസമ്മേളനത്തില് ‍പറഞ്ഞതും വ്യത്യസ്തമല്ല. "താൻ ഒരു ഇടതുപക്ഷക്കാരൻ അല്ല" എന്ന് മുൻ‌ കൂർജാമ്യം എടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞു "ആരോഗ്യ_ഗതാഗതമേഖലകൾ ‍അടക്കമുള്ള സേവനത്തുറകൾ പൊതുമേഖലയിൽ ആയിരിക്കണമെന്ന് കോവിഡ് കാലം എന്നെ പഠിപ്പിച്ചു" ഇത് പെട്ടെന്ന് ഉണ്ടായ വെളിപാട്‌ അല്ല എന്ന് ബ്രിട്ടനിലെ സംഭവ വികാസങ്ങള് ‍നിരീക്ഷിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യമാകും.

ബ്രിട്ടീഷ്‌ റെയിൽവേ പുനർദേശസാൽക്കരിക്കണം എന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിൽ ‍ഒന്നായിരുന്നു. പൊതുസമൂഹത്തിൽ ‍വ്യാപകമായ പിന്തുണയും അതിനു ലഭിച്ചിരുന്നു. മാത്രമല്ല 1989ൽ തന്നെ നടപ്പാക്കിയ ജലവിതരണ രംഗത്തിന്റെ സ്വകാര്യവൽക്കരണം, പ്രൊബേഷൻ ‍സർവീസ്, ശിശുപരിപാലനകേന്ദ്രങ്ങൾ, നഴ്‌സറികൾ, ലണ്ടൻ അണ്ടർ ഗ്രൌണ്ട് റെയിൽവേ, ബ്രിട്ടീഷ്‌ എയറൊസ്പേസ്(1981) എന്നിവകളുടെ സ്വകാര്യവൽക്കരണം എന്നിവ ഗവർന്മേന്റിനു വൻസാമ്പത്തിക നഷ്ടത്തിനും സേവനങ്ങളുടെയാകെ തകർച്ചക്കും സാമൂഹ്യമായി കടുത്ത പ്രത്യാഘാതങ്ങൾക്കുമാണിടയാക്കിയത്. ഇതു സംബന്ധമായ അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് സർക്കാരിന്റെ  സജീവ പരിഗണനയിലുമാണ്.

നവലിബറൽ നയങ്ങളുടെ സത്ത പൊതുസേവനങ്ങളുടെയും സ്വത്തുക്കളുടെയും സ്വകാര്യവൽക്കരണം ആണല്ലോ. ആ വക നയങ്ങളുടെ മുഖ്യശില്പി മാർഗരറ്റ്‌ താച്ചർ അവകാശപ്പെട്ടതുപോലെ ഷെയർ ഉടമാ ജനാധിപത്യം ആയിരുന്നില്ല. പൊതുസ്വത്ത് അതിസമ്പന്നർക്കും അധികാരകേന്ദ്രങ്ങളോടുള്ള അടുപ്പക്കാർക്കുമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പൊതുമേഖലാ വിൽപ്പനയുടെ ആദ്യഘട്ടത്തിൽ ‍ഷെയർ ‍ഉടമസ്ഥരായ തൊഴിലാളികൾ പെട്ടെന്നുതന്നെ അവ വിറ്റ്‌ കൈയൊഴിഞ്ഞു. ഗവർന്മെന്റ് എല്ലാ മേഖലകളിൽ ‍നിന്നും വിട്ടു നില്ക്കുകയും സമ്പന്നരുടെ മേലുള്ള നികുതി വേണ്ടെന്നു വച്ചു സർവതന്ത്ര സ്വതന്ത്രമായി കമ്പോള ശക്തികളെ കയറൂരി വിടുകയും ആണ് വേണ്ടെതെന്നാണ് നിയോ ലിബറൽ വക്താക്കൾ ഘോഷിച്ചിരുന്നത്. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ്‌   ജോർജ് ബൈഡൻ ആകട്ടെ കോർപറേറ്റുകൾക്ക് കൂടുതൽ നികുതി ചുമത്താനും (3.6 ട്രില്ല്യൻ‍ ഡോളർ) 6 ട്രില്ല്യൻ ‍ഡോളർ ആയി ഗവണ്മെന്റ് ചെലവ്‌ വർധിപ്പിക്കാനും തീരുമാനിച്ചു. വരുമാനത്തിന്റെ പുനർവിതരണം വഴി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്‌ഷ്യം. തൊഴിലില്ലാത്തവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്നു. സൗജന്യ വിദ്യാഭ്യാസം, ശിശുപരിപാലനം, തൊഴിലാളികൾക്ക് ശമ്പളത്തോടെ അവധി, രക്ഷിതാക്കൾക്ക് പ്രതിമാസ സാമ്പത്തിക സഹായം, മിനിമം വേതനം മണിക്കൂറിനു 15 ഡോളർ ആയി വർധിപ്പിക്കൽ, എന്നിവ ഉൾക്കൊള്ളുന്നതാണ് കർമപരിപാടി. വരുമാനം മുകളിൽനിന്നും താഴേതട്ടിലേക്ക് കിനിഞ്ഞിറങ്ങും എന്ന നിയോ ലിബറൽ സിദ്ധാന്തം പാടേ പരാജയപ്പെട്ടു.

താഴേ തട്ടിൽപണം എത്തിച്ചു മാത്രമേ സമ്പൽവ്യവസ്ഥയുടെ ഉത്തേജനം സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. ഇത് ഉൾക്കൊണ്ട് ഇന്ന് ജി 7 രാജ്യങ്ങളും കുറഞ്ഞ കോർപറേറ്റു നികുതി 15% ആകണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഈ സംഭവ വികാസങ്ങൾ ‍ഒന്നും മോഡി സർക്കാർ കണക്കിലെടുക്കുന്നില്ല എന്നതു വിചിത്രം തന്നെ. കോവിഡ് കാലത്തെ ഒരുസുവർണ അവസരമായി കണ്ടു "ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലും ഇല്ല" എന്ന് ഉരുവിട്ട് രാഷ്ട്രസമ്പത്ത് മുഴുവൻ ‍ഒരുപിടി കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് തിടുക്കം കാട്ടുന്നത്. കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ ‍നഷ്ടപ്പെട്ടവർക്ക് ഒരു സാമ്പത്തിക സഹായവും നൽകുന്നില്ല. എന്നാൽ നവരത്ന കമ്പനികളായ ബി പി സി ൽ ,സ്റ്റീൽ ‍അതോറിറ്റി, ബി ഇ എം എൽ , ലൈഫ് ഇൻ‍ഷുറൻസ്, ബാങ്കുകൾ, എല്ലാം വിൽക്കുന്ന തിരക്കിലാണ് മോഡി സർക്കാർ. ഇന്ത്യൻ ജനതയുടെ പൈതൃക സ്വത്തായ റെയിൽവേ കഷണം കഷണം ആക്കി വില്പനയ്ക്കു വച്ചിരിക്കുന്നു. ട്രെയിനുകൾ, കോച്ചു ഫാക്ടറികൾ, എഞ്ചിൻ നിർമാണശാലകള്,‍ വർക്ക് ഷോപ്പുകൾ , റെയിൽവേ സ്റ്റേഷനുകൾ , ഭൂമി, കോളനികൾ, സ്പോർട്സ് സ്റ്റേഡിയം വരെ വില്പനയ്ക്കു വച്ചിരിക്കുകയാണ്.

ഏകോപിത പ്രവർത്തനം റെയിൽവേയുടെ കാര്യക്ഷമതക്കു അനിവാര്യമാണെന്ന് ബ്രിട്ടീഷ്, അർജന്റീനിയൻ ‍അനുഭവങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ ‍ആണ് നാം ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കോവിഡ് മഹാമാരി പകർന്നു നൽകിയ അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പ്രത്യയ ശാസ്ത്ര മുൻവിധികൾ മാറ്റിവച്ച് ലോകമെങ്ങും ഇടതു- വലതു ഭേദമെന്യേ ഭരണാധികാരികൾ സക്രിയമായി ഇടപെടുമ്പോൾ മോഡി ഗവർന്മേന്റിനു തങ്ങളുടെ അനങ്ങാപ്പാറ നയവുമായി എങ്ങനെ, എത്രനാൾ‍ മുന്നോട്ടു പോകാനാകും? ഇനിയെങ്കിലും ഒരു പുനർവിചിന്തനത്തിനു മോഡി സർക്കാർ തയ്യാറാകുമെങ്കിൽ നല്ലത്. അല്ലാത്തപക്ഷം ട്രേഡ് യൂണിയൻ–-തൊഴിലാളി-–-കർഷക സംഘടനകളുടെ ദേശീയ ഐക്യവേദി നടത്തിവരുന്ന പ്രക്ഷോഭ സമര പരിപാടികൾ ഇനിയും സജീവമാകും. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവക്കരണ നടപടികൾക്കെതിരെ ലേബർ ‍കോഡുകൾക്കും കാർഷികനിയമങ്ങൾക്കുമെതിരെ , സാമ്പത്തികസഹായവും സൗജന്യറേഷനും ആവശ്യപ്പെട്ട്‌ സമരം ശക്തിപ്പെടുത്തണം. മറ്റു മാർഗങ്ങളില്ല. രാഷ്ട്രീയ–-സംഘടനാ ഭേദമെന്യേ തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുമ്പോൾ വിജയം സുനിശ്ചിതം.

ആർ ജി പിള്ള

(ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ ജോയിൻറ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

Sunday, June 13, 2021

പെട്രോൾ, ഡീസൽ വിലവർധനവിന് ആരാണ് ഉത്തരവാദികൾ?

പെട്രോളിൻ്റെയും ഡീസലിൻ്റെയും അടിക്കടിയുള്ള വിലവർധനവിന് കാരണമായത്, കോൺഗ്രസ്‌ ബിജെപി സർക്കാറുകൾ നടത്തിയ എണ്ണ ഖനന ,സംസ്കരണ,വിതരണമേഖലകളുടെ സ്വകാര്യവൽക്കരണവും വിലനിർണയനാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടികളുമാണ്.

1990 കളിൽ റാവു സർക്കാറിൻ്റെ കാലത്താരംഭിച്ചതും മോഡി സർക്കാർ ഗതിവേഗം കൂട്ടിയതുമായ ഇന്ധന മേഖലയുടെ സ്വകാര്യവൽക്കരണ നയങ്ങളെ കുറിച്ച് അജ്ഞത സൃഷ്ടിച്ച് കൊണ്ട് സംസ്ഥാന സർക്കാരുകളുടെ എക്സ്സൈസ് നികുതി വരുമാനവിഹിതം ഉപേക്ഷിക്കണമെന്ന വാദമുയർത്തി വിലവർധനവിനെതിരായ ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് ബിജെപിയും കോൺഗ്രസുകാരും ശ്രമിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് പെട്രോൾ, ഡീസൽ ,പാചകവാതക  വില അടിക്കടി വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. കമ്പനികളും കേന്ദ്രസർക്കാറും ചേർന്ന് നടത്തുന്ന ഇന്ധന ക്കൊള്ളയെ കുറിച്ച് മൗനം പാലിച്ച് സംസ്ഥാന സർക്കാർ എണ്ണവില കൂടി ജിഎസ്ടിയിലേക്ക് വിടണമെന്നാവശ്യപ്പെടണമെന്നും സംസ്ഥാന സർക്കാർ അവരുടെ നികുതി വിഹിതം ഉപേക്ഷിക്കണമെന്നുമാണ് യു ഡി എഫുകാർ വാദിച്ചു കൊണ്ടിരിക്കുന്നത്.

കേന്ദ്രസർക്കാർ  2020ൽ 2.3 ലക്ഷം കോടി രൂപയാണ് എണ്ണയുടെ എക്സ്സൈസ് ഡ്യൂട്ടി ഇനത്തിൽ മാത്രം ജനങ്ങളെ കൊള്ളയടിച്ചതത്രേ!

എക്സൈസ് ഡ്യൂട്ടിവിഹിതം  കേന്ദ്രസർക്കാറിന് 58% വും സംസ്ഥാന സർക്കാറുകൾക്ക് 42%വുമായിട്ടാണ് പങ്ക് വെക്കപ്പെടുന്നത്. സംസ്ഥാനങ്ങൾക്ക് അത് വിതരണം ചെയ്യപ്പെടുന്നത് ജനസംഖ്യാനുപാത അടിസ്ഥാനത്തിലാണ്. ഇന്ത്യൻ ജസംഖ്യയുടെ 2.7% മാത്രമാണ് കേരളത്തിലെ ജനസംഖ്യ.

യു പി പോലുള്ള സംസ്ഥാനങ്ങൾക്കാണ് നല്ലതോതിൽ ജനസംഖ്യാനുപാതികമായ നികുതി  വരുമാനവിതരണത്തിൻ്റെ ആനുകൂല്യം ലഭിക്കുക. കേരളത്തിന് ഡീസലിന് 5.60 പൈസയും പെട്രോളിന് 3.45 പൈസയുമാണ് എക്സ് സൈസ് ഡ്യൂട്ടി വിഹിതമായി ലഭിക്കുക. യു പി ക്ക് ഡീസലിന് 55 പൈസയും പെട്രോളിന് 30 പൈസയും ലഭിക്കും.സംസ്ഥാനങ്ങളുടെ നികുതി വരുമാനമാകെ കേന്ദ്ര സർക്കാർ പിടിച്ചുപറിച്ചെടുക്കാനായിട്ടാണ് ജി എസ് ടി കൊണ്ടുവന്നതെന്ന കാര്യം കോൺഗ്രസുകാർ മറന്നുകളയുകയാണ്.

പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും കഴിഞ്ഞ വർഷം നവംബർ 20ന് ശേഷമുള്ള തുടർച്ചയായ വിലവർധനവ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കെത്തിയിരിക്കുകയാണ്.പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമിപ്പോൾ റെക്കോർഡ് വിലയാണ്. രണ്ടാഴ്ചയോളമായി എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുകയാണ് എണ്ണ കമ്പനികൾ. രാജ്യത്താദ്യമായി പെട്രോൾ വില 100 രൂപ കടന്നിരിക്കുന്നു. രാജസ്ഥാൻ സംസ്ഥാനത്താണ് പെട്രോൾ വില 100 രൂപ കടന്നിരിക്കുന്നത്. ഡീസൽ ലിറ്ററിന് 90 രൂപയായി.പാചക വാതകവില 800 രൂപയായി ഉയർത്തിയിരിക്കുന്നു.

കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ കഴിഞ്ഞു. വില ഉയർത്തൽ ഒരു പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മോഡി സർക്കാറും എണ്ണകമ്പനികളും.ജനങ്ങളെ പിഴിഞ്ഞൂറ്റി കോർപ്പറേറ്റുകളെ തടിപ്പിച്ചെടുക്കുന്ന കലാപരിപാടിയാണ് മോഡി സർക്കാറിന് പെട്രോളിയം - പാചക വാതക വില വർധിപ്പിക്കലെന്ന് വന്നിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നട്ടം തിരിയുന്ന ജനങ്ങളെ വില വർധനവിൻ്റെ നിലമില്ലാക്കയങ്ങളിലേക്ക് എടുത്തെറിയുകയാണ് ഹിന്ദുത്വവാദികളുടെ കേന്ദ്ര സർക്കാർ.

ഇന്ധനവില വർധന ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും അധികഭാരം ഏറ്റുവാങ്ങേണ്ടതിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. നിത്യേനയെന്നോണം എണ്ണ വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ പിടിച്ചു നിർത്താനാവാത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുന്നത്. ആവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും ചാർജ്ജും വർധിച്ച് ജനജീവിതം കൂടുതൽ ദുരിത പൂർണ്ണമായി തീരുകയാണ്. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാർക്കുകൊണ്ടു ജീവിതം തന്നെ അസാദ്ധ്യമാകുകയാണ്.

ജനങ്ങളുടെ ജീവിതദുരിതങ്ങൾ അനുദിനം കൂടി വരുന്നതിലൊന്നും മോഡി സർക്കാറിന് ഒരു ഉൽകണ്ഠയുമില്ല. ജനങ്ങളുടെ ജീവിതമല്ല എണ്ണ കമ്പനികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ ലാഭ മോഹങ്ങളാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നത്.കുത്തക മൂലധനശക്തികൾക്ക് രാഷ്ട്ര സമ്പത്തും ജനങ്ങളെയും കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണവർ. യു പി എ സർക്കാറും എൻ ഡി എ സർക്കാറും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില നിർണയനം കമ്പനികളെ ഏല്പിച്ച്  യഥേഷ്ടം വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ സൗകര്യമൊരുക്കിയ തോട് കൂടിയാണല്ലോ ഇന്ധന വിലവർദ്ധനവ് ദൈനംദിനം സംഭവിക്കുന്ന കലാപരിപാടിയായി മാറിയത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുമ്പോഴും അതിന് ആനുപാതികമായ വിലക്കുറവ് ഇന്ത്യയുടെ ആഭ്യന്തര മാർക്കറ്റിൽ സംഭവിക്കുന്നില്ലായെന്നു മാത്രമല്ല അനുദിനം വില കൂടി റെക്കോഡ് നിലവാരത്തിലേക്ക് കുതിക്കുകയാണ്. മോഡിക്ക് 56 ഇഞ്ച് നെഞ്ച് വിരിച്ച് അഭിമാനിക്കാം ലോകത്തിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം തൻ്റെ ആർഷ പാരമ്പര്യം പേറുന്ന ഇന്ത്യയിലാണെന്ന്! കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ ഇന്ത്യയിൽ 14% ഓളമാണ് ഇന്ധന വില വർധിച്ചത്.ഇന്ത്യയിലെ വിലയേക്കാൾ പകുതി വിലയേ അമേരിക്കയിലും ചൈനയ്ക്കലുമെല്ലാം പെട്രോൾ വില്ക്കുന്നത്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും വില എത്രയോ കുറവാണ്. നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നും പെട്രോൾ വാങ്ങിക്കാനായി ആളുകൾ അതിർത്തി മേഖലകളിൽ തള്ളിക്കയറുന്ന ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നേപ്പാളിന് കുറഞ്ഞ വിലക്ക് ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ നൽകുന്ന പെട്രോളാണ് അവിടെ വില്പനക്കെത്തുന്നതെന്നാണ് കൗതുകകരമായ കാര്യം.

ഇവിടെ എണ്ണ കമ്പനികളും കേന്ദ്ര സർക്കാറും ചേർന്ന് നിരന്തരമായി വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. എണ്ണ വിലക്ക് കാരണം പറയുന്നത്‌ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റമായിരുന്നല്ലോ. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളനുസരിച്ച് ഇവിടെ വില കൂട്ടുകയാണ് പതിവ്. എന്നാൽ കോവിഡും ലോക്ക്ഡൗണും തുടർന്നുള്ള സാഹചര്യത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ തുടർച്ചയായി ക്രൂഡ് വില കുറഞ്ഞു. അതിനനുസരിച്ചുള്ള വിലക്കുറവ് ഇന്ത്യൻ വിപണിയിൽ ഉണ്ടായില്ലായെന്ന് മാത്രമല്ല ഭീകര വിലക്കയറ്റമാണ് ഓരോ ദിവസവും പെട്രോളിനും ഡീസലിനുമുണ്ടായത്.തുടർച്ചയായി ഒരാചാരം പോലെ നിത്യേന വില കൂടി കൊണ്ടെയിരിക്കുന്നു.

വില നിശ്ചയിക്കുന്നതിൽ പ്രധാനമായിരിക്കുന്നത്, അതായത് വില നിർണയനത്തിൻ്റെ 40% ഓളം സ്വാധീനിക്കുന്നത് ക്രൂഡ് വില തന്നെയാണ്. ബ്രെൻ്റ് ക്രൂഡു ഓയിലിൻ്റെ വിലയെന്നത് അതിൻ്റെ ഇറക്കുമതിച്ചെലവുമായി ചേർന്നതാണ്. ഡോളർ, രൂപ വിനിമയമൂല്യവുമായി ബന്ധപ്പെട്ടതാണ് ഇറക്കുതിചെലവ് എന്നത് .വിവിധ നികുതികൾ, ശുദ്ധീകരണ ചെലവ്, ചരക്ക് നീക്കം, കമ്മീഷനുകൾ തുടങ്ങിയവയെല്ലാം ഇന്ധനവില നിർണയത്തിൻ സ്വാധീനഷ്ടകങ്ങളായുണ്ടു.പ്രധാന ഘടകമായിരിക്കുന്നത് ക്രൂഡ് വില തന്നെയാണ്. എന്നിട്ടും എന്താണ് അന്താരാഷ്ട്ര ക്രൂഡ് വിലക്കനുസൃതമായി ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ കുറവുണ്ടാകാത്തത്? കുറയുന്നതിന് പകരം ഓരോ ദിനവും വില കൂടി കൊണ്ടിരിക്കുന്നത്?

മോഡി അധികാരത്തിൽ വന്നകഴിഞ്ഞ 2014 മുതലുള്ള കണക്കുകൾ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം.അത് ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാറും കോർപ്പറേറ്റുകളും നടത്തുന്ന പകൽക്കൊള്ള എത്ര ഭീകരമാണെന്ന് നമുക്ക് മനസിലാക്കി തരും.

2014ൽ അസംസ്കൃത എണ്ണ വില അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില കേരളത്തിൽ ലിറ്ററിന് 77 രൂപയായിരുന്നു. 2020 ജനുവരിയിൽ അസംസ്കൃത എണ്ണയുടെ ശരാശരിവില ബാരലിന് 64 ഡോളർ.പെട്രോളിന് 77 രുപ .

ഫിബ്രവരിയിൽ ക്രൂഡ് വില 55 ഡോളർ പെട്രോൾ വില 74 രൂപ.

മാർച്ച് പകുതിയിൽ ക്രൂഡ് വില 35 ഡോളർ പെട്രോൾ വില 71.51 രൂപ

ഏപ്രിലിലെ ശരാശരി വില 19.9 ഡോളർ പെട്രോൾ വില 71.51 രൂപ

മെയ് മാസത്തിലെ ശരാശരി വില 29.63 ഡോളർ പെട്രോൾ വില 72.51 രൂപ

ജൂൺ മാസം ക്രൂഡ് 40 ഡോളർ പെട്രോൾ വില 73.26 രൂപ

ആഗസ്ത് മാസം ക്രൂഡ് വില 47.5 ഡോളർ പെട്രോൾ വില 81.26 രൂപ

നവംബർ മാസം ക്രൂഡ് വില 46.84 ഡോളർ പെട്രോൾ വില 82.60 രൂപ

ഡിസംബർമാസം ക്രൂഡ് വില 49.25 ഡോളർ പെട്രോൾവില 83.66 രൂപ

2021 ജനുവരി മുതൽ ക്രൂഡ് വില 50 ഡോളറിനുംതാഴോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്രോൾവില 100 രുപയോട് അടുക്കുന്നതും ഡീസൽ വില 90 കടന്നിരിക്കുന്നതും.

ഈ കണക്കുകൾ തന്നെ കേന്ദ്ര സർക്കാരും റിലയൻസുൾപ്പെടെയുള്ള കോർപ്പറേറ്റുകളും ഇന്ധനവില വർധനവിലൂടെ നടത്തി കൊണ്ടിരിക്കുന്ന നിരന്തരമായ കൊള്ളയെയാണ് കാണിക്കുന്നത്. ഈ കോവിഡു കാലത്ത് നടത്തുന്ന ഇന്ധന വില വർധനവെന്ന തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സർക്കാർ തന്ന വിശദീകരണം വിചിത്രം തന്നെയാണ്! ലോക്ഡൗണിനെ തുടർന്നുണ്ടായ നികുതി നഷ്ടം മൂലമാണ് എക്സ്സൈസ് നികുതി നിരന്തരം വർധിപ്പിക്കേണ്ടി വരുന്നത്. കഴിഞ്ഞവർഷം മാത്രം തീരുവ വർധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്നും തട്ടിയെടുത്തത് 2.25 ലക്ഷം കോടി രൂപയാണ്. ലോക്ക് ഡൗൺ സർക്കാറിനുണ്ടായ നഷ്ടം പരിഹരിക്കാൻ ഇന്ധന തീരുവ കൂട്ടിയ മോഡി സർക്കാർ 9 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകുടുംബങ്ങളുടെ പൊതുമേഖലാ ബാങ്കുകളിലെ കടം എഴുതി തള്ളികൊടുത്തത്.

ലക്ഷക്കണക്കിന് കോടികളാണ് കുത്തകകൾക്ക് ബജറ്റ് വഴി നികുതിയിളവുകളായി നൽകിയത്. കോർപ്പറേറ്റുകൾക്ക് വലിയ ലാഭക്കച്ചവടമായി ഇന്ധന വില മാറിയിരിക്കുന്നു. കേന്ദ്ര സർക്കാറാവട്ടെ തങ്ങളുടെ വലിയ വരുമാനമാർഗമാക്കി പെട്രോൾ, ഡീസൽ വ്യാപാരത്തെ മാറ്റിക്കഴിഞ്ഞു. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും നികുതി കുട്ടിയും സബ്സിഡി സഹായങ്ങൾ ഇല്ലാതാക്കിയും ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകൾക്ക് സൗജന്യങ്ങളും സഹായങ്ങളും തടസ്സമേതുമില്ലാതെ വാരിക്കോരി കൊടുക്കുന്നതിലാണ് മോഡി സർക്കാർ വ്യാപൃതരായിരിക്കുന്നത്. സംസ്കൃത എണ്ണ സംസ്കരിച്ച് വില്ക്കുന്ന ലാഭത്തെക്കാൾ വൻതോതിൽ നികുതിയും സെപ്പം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് മോഡി സർക്കാർ തല്പരരായിരിക്കുന്നത്.പെട്രോളിൻ്റെ എക്സസൈസ് ഡ്യൂട്ടി 38 രൂപയിലധികം വരും. ഡീസലിന് 40 രൂപയും.

വില നിർണയനാധികാരം കമ്പനികൾക്ക് ഏല്പിച്ചതോടെയാണ് അനിയന്ത്രിതമായ വിലക്കയറ്റം ഇന്ധനവില്പനയിൽ പതിവായത്. എണ്ണ കമ്പനികളുടെ കൊള്ളയും തീരുവ കൂട്ടി ജനങ്ങളെ പിഴിഞ്ഞുറ്റുകയെന്ന സർക്കാറിൻ്റെ നയവുമാണ് തുടർച്ചയായ വിലവർ വർധനവിന് കാരണം.ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നു. പചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.ബാങ്കു അക്കൗണ്ടുകളിൽ സബ്സിഡികൾ ഒഴുകിയെത്തുന്നതിനെ കുറിച്ച് വാചകമടിച്ചവർ പാചകവാതകത്തിന് സബ്സിഡിയെ ഇല്ലാത്ത സ്ഥിതിയിൽ കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു.

1991 ഓടെ ആരംഭിച്ച ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായിട്ടാണ് എണ്ണ പര്യവേഷണ രംഗത്തും ഖനന രംഗത്തും സംസ്കരണരംഗത്തും വിതരണ രംഗത്തും സ്വകാര്യ കുത്തകകൾ കടന്നു വന്നത്. ഒ എൻജിസിയുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുണ്ടായിരുന്ന 100 കണക്കിന് എണ്ണ പ്രകൃതി വാതക പര്യവേഷണപദ്ധതികളും ഖനികളും സംസ്കരണ ശാലകളും റിലയൻസുൾപ്പെടെയുള്ള കോർപ്പറേറ്റ്കൾക്ക് കൈമാറ്റപ്പെടുകയായിരുന്നു. ബ്രഹ്മപുത്ര തടത്തിലും മുംബൈ ഹൈ യിലുമെല്ലാമായി എത്ര പദ്ധതികളാണ് റാവുവും വാജ്പേയും മൻമോഹൻ സിംഗും സ്വകാര്യ മേഖലക്ക് കൈമാറിയത്.

മുക്ത - പന്ന അടക്കം ഒ എൻജിസി എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന രീതിയിൽ വികസിപ്പിച്ച എത്രയെത്ര എണ്ണ ഖനികളാണ് എൻറോൺ മോഡൽ വിദേശ സ്വദേശകുത്തകകൾക്ക് കൈമാറിയത്. എണ്ണ സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കുക എന്ന ലക്ഷ്യം കൈവിട്ട് കോർപ്പറേറ്റ് ബിസിനസ്സാക്കി എണ്ണയുല്പാദന, വിതരണ രംഗത്തെത്ത അധ:പതിപ്പിച്ച നിയോലിബറൽ നയങ്ങളുടെ അനിവാര്യ ഫലമാണ് ഇപ്പോഴത്തെ ഇന്ധനവില വർധനവ്.ജനങ്ങളെയും രാജ്യതാല്പര്യങ്ങളെയും ശത്രുസ്ഥാനത്ത് നിർത്തി കോർപ്പറേറ്റുകളുടെ ദുരമൂത്ത ലാഭ താല്പര്യങ്ങൾക്ക് കീഴടങ്ങിയ നിയോലിബറൽ നയങ്ങളുടെ നടത്തിപ്പപ്പണിയെടുക്കുന്ന കോൺഗ്രസ്- ബി ജെ പി സർക്കാറുകളാണ് ഈ ദുരവസ്ഥക്കുത്തരവാദികൾ

കെ ടി കുഞ്ഞിക്കണ്ണൻ