Sunday, June 13, 2021

കേന്ദ്രം ഊറ്റുന്നു, പഴി സംസ്ഥാനത്തിന്; അടിസ്ഥാനവില 35.63 രൂപ, കേന്ദ്രവിഹിതം ഒരുപൈസ മാത്രം

കോവിഡ് ദുരിതകാലത്തും കേന്ദ്രം ഇന്ധനവില തുടർച്ചയായി കൂട്ടുന്നതിന്റെ പഴി  സംസ്ഥാന സർക്കാരിന്‌. സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് ഇന്ധനവില കൂടുന്നതെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും.

കോവിഡിന്റെ ഒന്നാംതരംഗകാലത്ത് അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 20 ഡോളറിനും താഴേയ്ക്ക് കൂപ്പുകുത്തിയപ്പോൾപ്പോലും കേന്ദ്രം വൻ നികുതി അടിച്ചേൽപ്പിച്ച് ഇന്ധനവില കുത്തനെ കൂട്ടി. അസംസ്കൃത എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ പെട്രോൾ, ഡീസൽ ചില്ലറവിൽപ്പന വിലയും കൂട്ടി. വർധിപ്പിച്ച എക്സൈസ് നികുതി കുറച്ചതുമില്ല. തുടർന്നാണ്‌ ഇന്ധനവില സർവകാല റെക്കോഡിലേക്ക് കുതിച്ചത്. എട്ടുമാസംകൊണ്ട് കേന്ദ്രം ഈ വകയിൽ ജനങ്ങളിൽനിന്ന് ഊറ്റിയെടുത്തത് 1.96 ലക്ഷം കോടി രൂപയാണ്‌.

അടിസ്ഥാനവില 
35.63 രൂപ മാത്രം

ഒരുലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില 35.63 രൂപയാണ്. കേന്ദ്രം അഡീഷണൽ എക്സൈസ് നികുതിയായി 32.90 രൂപ പിഴിഞ്ഞെടുക്കുന്നു. ഏതാണ്ട് 93 ശതമാനം. ഇത് സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടാത്ത തുകയാണ്. എന്നാൽ, ഇതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും അതേറ്റുപിടിക്കുന്നവരും പറയുന്നത്.  

കേന്ദ്രവിഹിതം 
ഒരുപൈസ മാത്രം

സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ട എക്സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നത് 1.40 രൂപമാത്രമാണ്. ഇതിന്റെ 41 ശതമാനമാണ്‌  എല്ലാ സംസ്ഥാനങ്ങൾക്കുംകൂടിയാണ് വീതംവയ്ക്കുന്നത്. കേരളത്തിന് ലഭിക്കുന്നത് കഷ്ടി ഒരു പൈസമാത്രമാണെന്നിരിക്കെ  കേന്ദ്രവും സംസ്ഥാനവും തുല്യനികുതിയാണ് ഈടാക്കുന്നതെന്ന തരത്തിലാണ്‌ പ്രചാരണം.

കേരളം പെട്രോളിന് ഈടാക്കുന്ന വിൽപ്പന നികുതി 30.08 ശതമാനം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന്‌ 30.08 ആക്കി കുറയ്ക്കുകയും അതിലൂടെ സംസ്ഥാനത്ത് കിട്ടേണ്ട 509 കോടി രൂപ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. പിന്നീട്  നികുതി കൂട്ടിയിട്ടുമില്ല.  ഒരുലിറ്റർ പെട്രോളിൽനിന്ന്‌ സംസ്ഥാനത്തിന് കിട്ടുന്നത് 21 രൂപയിൽ താഴെമാത്രമാണ്. കേന്ദ്രം ഈടാക്കുന്ന കൊള്ളനികുതി അടക്കം കൊടുത്ത്‌ ഉയർന്ന വിലയ്‌ക്കാണ്‌ സംസ്ഥാന സർക്കാരും ഇന്ധനം വാങ്ങുന്നത്. അതിനിടെയാണ്‌ സംസ്ഥാനംമാത്രം നികുതി ഇനിയും  കുറയ്ക്കണമെന്ന വാദം.

സന്തോഷ്‌ ബാബു 

സംയുക്ത ട്രേഡ്‌ യൂണിയൻ പ്രതിഷേധം ; 21ന്‌ വാഹനം 15 മിനിറ്റ്‌ നിർത്തിയിടും

പെട്രോൾ വിലവർധനയ്‌ക്കെതിരെ 21ന് സംസ്ഥാനത്തെ മുഴുവൻ വാഹനവും നിർത്തിയിട്ട്‌ പ്രതിഷേധിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി അഭ്യർഥിച്ചു.

പകൽ 11ന്‌ 15 മിനിറ്റാണ്‌ വാഹനങ്ങൾ നിർത്തിയിടുക. എല്ലാ സ്വകാര്യ വാഹനവും പ്രക്ഷോഭത്തിൽ അണിചേരണമെന്ന് സംയുക്ത യോഗം ആവശ്യപ്പെട്ടു. വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കും. ആംബുലൻസിനെ ഒഴിവാക്കുമെന്നും സമിതി അറിയിച്ചു.

ഓൺലൈൻ യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി. എളമരം കരീം എംപി, കെ പി രാജേന്ദ്രൻ, മനയത്ത് ചന്ദ്രൻ, അഡ്വ. എ റഹ്മത്തുള്ള, കെ രത്നകുമാർ, സോണിയ ജോർജ്ജ്, വി കെ സദാനന്ദൻ, അഡ്വ. ടി ബി മിനി, കളത്തിൽ വിജയൻ, കവടിയാർ ധർമൻ, വി വി രാജേന്ദ്രൻ, വി സുരേന്ദ്രൻപിള്ള, കെ ചന്ദ്രശേഖരൻ, മനോജ് പെരുമ്പള്ളി, റോയി ഉമ്മൻ എന്നിവർ സംസാരിച്ചു.

കുറഞ്ഞ നികുതി കേരളത്തിൽ ; കോൺഗ്രസ്‌ നേതാക്കളുടെ പ്രചാരണം പച്ചക്കള്ളം

ഇന്ധനങ്ങൾക്ക്‌ ഏറ്റവും ഉയർന്ന വിൽപ്പന നികുതി കേരളത്തിലാണെന്ന കോൺഗ്രസ്‌ നേതാക്കളുടെ അടക്കം പ്രചാരണം പച്ചക്കള്ളം.  പെട്രോളിന്റെ സംസ്ഥാനനികുതി രാജസ്ഥാനിൽ 36 ശതമാനമാണ്‌. മഹാരാഷ്ട്രയിൽ 38.11 ശതമാനവും (മുംബൈയിലും താനെയിലും 39.12) പഞ്ചാബിൽ 35.12 ശതമാനവും. കേരളത്തിൽ 30.08 ശതമാനം. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആഴ്‌ചകൾക്കുമുമ്പേ സാധാരണ പെട്രോൾ വില നൂറ് കടന്നു.

രാജസ്ഥാനിൽ 2019ൽ കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 30 ശതമാനവും ഡീസലിന് 22 ശതമാനവുമായിരുന്നു നികുതി. കഴിഞ്ഞവർഷം മാർച്ചിൽ ഇവ യഥാക്രമം 34, 26  വീതം ശതമാനമായി കൂട്ടി. ഏപ്രിലിൽ 36, 27 വീതവും മേയിൽ 38, 28 വീതവുമാക്കി. ഇക്കൊല്ലം ജനുവരിയിൽ രണ്ട്‌ ശതമാനം വീതം കുറച്ചു. അങ്ങനെ പെട്രോളിന്‌ 36 ശതമാനവും ഡീസലിന്‌ 26 ശതമാനവുമായി. കേരളത്തിൽ ഡീസലിന്‌ സംസ്ഥാന നികുതി 22.76 ശതമാനംമാത്രം. കേരളത്തിൽ 2018ൽ പെട്രോളിനും ഡീസലിനും ഒരു ശതമാനം വീതം നികുതി കുറച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നികുതി കേരളത്തിലാണ്‌. ആന്ധ്രപ്രദേശ്‌–-35.77, തെലങ്കാന–-32.16, തമിഴ്‌നാട്‌–-32.16, കർണാടക–-35 വീതം ശതമാനമാണ്‌ പെട്രോളിന്‌ സംസ്ഥാന നികുതി. ഡീസലിന്‌ യഥാക്രമം 28.08, 26.01, 24.08, 24  ശതമാനവും.

വിലനിയന്ത്രണം 
ഉപേക്ഷിച്ചത്‌ രണ്ടാം യുപിഎ

സബ്‌സിഡി ചെലവ്‌ വർധിക്കുന്നുവെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്രം  ഉപേക്ഷിക്കാനുള്ള നയം അംഗീകരിച്ചത്‌ 2010ൽ രണ്ടാം യുപിഎ സർക്കാര്‍. കേരളത്തിൽനിന്ന്‌ അര ഡസനിലേറെ കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഇതിനെ എതിർത്ത ഇടതുപക്ഷത്തെ അന്ന്‌ കോൺഗ്രസ്‌ പരിഹസിച്ചു. 2014ൽ മോഡിസർക്കാർ ഡീസല്‍ വില നിർണയവും കമ്പനികൾക്ക്‌ വിട്ടു.

സാജൻ എവുജിൻ 

ഡീസലിനും ‘സെഞ്ച്വറി’ ; പെട്രോളും ഡീസലും ആദ്യം നൂറിലെത്തിയത്‌ 
രാജസ്ഥാനിൽ


രാജ്യത്ത്‌ പെട്രോളിനു പിന്നാലെ ഡീസലും ‘സെഞ്ച്വറിയടിച്ചു’. രാജസ്ഥാനിൽ ഡീസലിന്‌ ലിറ്ററിന്‌ വില 100.05 രൂപ. പ്രീമിയം ഡീസലിന്‌ 103.72 രൂപ. ശനിയാഴ്‌ച പെട്രോളിന്‌ 27 പൈസയും ഡീസലിന്‌ 23 പൈസയും വർധിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തെ ഇടവേള കഴിഞ്ഞ്‌, മെയ്‌ നാലിനുശേഷമുള്ള 23–-ാമത്‌ വർധനയാണിത്‌. ഫെബ്രുവരി പകുതിയിൽ പെട്രോൾ ആദ്യം നൂറുരൂപയിലെത്തിയതും രാജസ്ഥാനിലാണ്‌. ശ്രീഗംഗാനഗറിൽ ശനിയാഴ്‌ച വില 107.22 രൂപ. പ്രീമിയം പെട്രോളിന്‌ 110.50 രൂപയായി. രാജസ്ഥാനാണ്‌ ഏറ്റവും കൂടുതൽ മൂല്യ വർധിത നികുതി (വാറ്റ്‌) ഈടാക്കുന്ന സംസ്ഥാനം.


പെട്രോൾ വില 98 കടന്നു

തിരുവനന്തപുരം ന​ഗരത്തിൽ പെട്രോളിന് 98.10 രൂപയും ഡീസലിന് 93.43 രൂപയുമായി. കൊച്ചിയിൽ യഥാക്രമം 96.22 രൂപയും 91.66 രൂപയും കോഴിക്കോട്ട്‌ 96.53, 91.98 രൂപയുമാണ് വില. ആറുദിവസംമുമ്പ് സെഞ്ചുറി കടന്ന പ്രീമിയം പെട്രോൾവിലയും കൂട്ടി. തിരുവനന്തപുരത്ത് 101.48 രൂപയും കാസർകോട്ട്‌ 100.72 രൂപയുമായി.

No comments:

Post a Comment