സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ-, സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ രാജ്യത്ത് നിലനിൽക്കുന്ന കോർപറേറ്റ് അനുകൂല സാമ്പത്തികവ്യവസ്ഥ സമ്പന്നവർഗത്തെ സമ്പത്ത് കുന്നുകൂട്ടാൻ പ്രാപ്തരാക്കുന്നു. അതേസമയം, കോടിക്കണക്കിന് ജനങ്ങൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 10 ധനികരിൽ ഒരാൾ ഇന്ത്യക്കാരനാണ്. എന്നാൽ, ഏറ്റവും ദരിദ്രരായ ആളുകളിൽ നാലിലൊന്ന് ഇന്ത്യയിലാണ്. കോവിഡ് –-19 ഈ വിരോധാഭാസത്തെ കൂടുതൽ വ്യാപ്തിയുള്ളതാക്കുന്നു. ഇന്ത്യയിൽ സാമൂഹ്യമായും സാമ്പത്തികമായും നിലനിൽക്കുന്ന അസമത്വങ്ങളെ മഹാമാരി എങ്ങനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ് ഇത്. കോവിഡ് -രണ്ടാം തരംഗം ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ വിടവ് വെളിപ്പെടുത്തി. ഇന്ത്യയിൽ സാമ്പത്തിക ആഘാതം വളരെ വിനാശകരമാകുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം ആശുപത്രി കിടക്ക, മരുന്ന്, ഓക്സിജൻ തുടങ്ങിയ അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ ലഭിക്കാതെ മരിക്കുമ്പോൾ സമ്പന്നവിഭാഗം കൂടുതൽ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ആദ്യ തരംഗം സാമ്പത്തിക അസമത്വത്തിന്റെ വിടവ് വർധിപ്പിക്കുകയും രണ്ടാമത്തെ തരംഗം അത് വെളിപ്പെടുത്തുകയും ചെയ്‌തു.
കോവിഡിന്റെ ഒന്നാം തരംഗവും തുടർന്നുണ്ടായ അടച്ചുപൂട്ടലും ഇന്ത്യയിലെ 40 ദശലക്ഷം കുടിയേറ്റത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കി. ഇതിൽ 23 ദശലക്ഷത്തിലധികംപേരെ തെരുവിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. രണ്ടാം തരംഗവും തുടർന്നുള്ള പ്രതിസന്ധികളും കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ അതിസങ്കീർണമാക്കിയിരിക്കുകയാണ്. നിരവധി കമ്പനിയിൽ വൻതോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രമുഖ കമ്പനികൾ പ്രതിഫലം ഗണ്യമായി കുറച്ചു. കഴിഞ്ഞമാസം മാത്രം ഏഴു ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് മാർച്ചിലെ 6.5 ശതമാനത്തിൽനിന്ന് ഏപ്രിലിൽ എട്ടു ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
വരുമാന അസമത്വം
കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയെന്ന രീതിയിൽ വരുമാന അസമത്വം ആഴത്തിൽ വർധിച്ചുവരികയാണ്. അതിസമ്പന്നരായ ഇന്ത്യക്കാർ, വർധിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധിയിൽനിന്ന് സ്വയം അകന്നുനിൽക്കുമ്പോൾ ഭൂരിപക്ഷം ജനങ്ങളും ഇടത്തരം - ഉയർന്ന മധ്യവർഗ വരുമാനമുള്ള കുടുംബങ്ങൾ പോലും പരിമിതമായ വിഭവങ്ങളുമായി കോവിഡ് –-19 പ്രതിസന്ധിയെ നേരിടാൻ നിർബന്ധിതരായി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 10 ശതമാനം ഇന്ത്യക്കാർക്ക് 2020ൽ വരുമാനത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈവർഷം മഹാമാരി വീണ്ടും ആഞ്ഞടിക്കുമ്പോൾ ദിവസവേതന തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗത്തിന് നഷ്ടങ്ങളുടെ കണക്കെടുക്കാൻ അവർ ബാക്കിയുണ്ടാകുമോ എന്ന ചോദ്യമാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.
2020 മാർച്ച് മുതൽ നേരിട്ട അടച്ചുപൂട്ടലും തുടർന്നുള്ള അസ്ഥിരതയും ഇപ്പോഴത്തെ രണ്ടാം തരംഗത്തെ തുടർന്ന് -പല സംസ്ഥാനവും ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളോ അടച്ചുപൂട്ടലോ സ്ഥിതി കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗം തുടങ്ങിയതിനുശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ അതിദരിദ്ര കുടുംബങ്ങളുടെ പ്രതിവാര വരുമാനം 75 ശതമാനം കുറഞ്ഞ് 769 രൂപയിൽനിന്ന് 180 രൂപയായതായി ബംഗളൂരു ആസ്ഥാനമായ നഡ്ജ് ഫൗണ്ടേഷന്റെ സർവേ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയെ അതിരൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന വരുമാന അസമത്വംമൂലം, ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ ദരിദ്ര ജനവിഭാഗങ്ങൾക്ക് ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാനോ പട്ടിണിയിൽനിന്ന് കരകയറാനോ സാധിക്കുകയില്ല. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. മഹാമാരി
ആരംഭിക്കുന്നതിനുമുമ്പ് ഇന്ത്യയിൽ 189 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. മധ്യവർഗത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കോവിഡ് മഹാമാരി കഴിഞ്ഞവർഷം ഏകദേശം 3.2 കോടി ഇന്ത്യക്കാരെ മധ്യവർഗത്തിൽനിന്ന് പുറന്തള്ളി. മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 9.9 കോടിയിൽനിന്ന് മധ്യവർഗം 6.6 കോടിയിലേക്ക് ചുരുങ്ങി. സമ്പദ് ഘടനയുടെ ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പല നയവൈകല്യങ്ങളും വളർച്ചയെ - തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യവർഗം കൂടുതൽ ഇല്ലായ്മകളിലേക്ക് പോകും. ഇത് നമ്മുടെ വളർച്ച നിരക്കിനെ വൻതോതിൽ പിന്നോട്ടുനയിക്കുകയും കൂടുതൽ വലിയ അസമത്വം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിൽ ദിവസ വരുമാനം 150 രൂപയോ അതിൽ കുറവോ ഉള്ള ദരിദ്രരുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആറു കോടിയിൽനിന്ന് 13.4 കോടിയായി വർധിച്ചു.
1970കൾക്കുശേഷം ദാരിദ്രനിർമാർജനത്തിൽ ഇന്ത്യയുടെ ക്രമേണയുള്ള പുരോഗതി സ്തംഭിച്ചു. 2020ലെ സ്ഥിതി പരിശോധിക്കുമ്പോൾ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരുടെ വർധന ഇന്ത്യയിലാണ് നടന്നത്. ആകെയുള്ള അസമത്വത്തിന്റെ ഭൂരിഭാഗവും ഗ്രാമീണമേഖലകളിലും നഗര ബ്ലോക്കുകളിലും പ്രാദേശികതലത്തിലുമുള്ളതാണ്. പ്രാദേശിക തലത്തിലുള്ള അസമത്വവും അതിന്റെ മാറ്റത്തിന്റെ ദിശയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിൽ വ്യത്യസ്തമാണ്. 1990കളുടെ തുടക്കത്തിലും 2000ത്തിലും ഇന്ത്യയിലും ചൈനയിലും വരുമാന അസമത്വം ഗണ്യമായി ഉയരാൻ തുടങ്ങിയപ്പോൾ, ചൈന സ്ഥിരത കൈവരിക്കുകയും ഇന്ത്യ തൽസ്ഥിതി തുടരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇനിയും ഉയർന്നുവരാനുള്ള -വിഭവശേഷി ഇന്ത്യക്ക് കൈമുതലായി ഉണ്ടെങ്കിലും ഇപ്പോഴത്തെ നയപാളിച്ചകളും ആസൂത്രണമില്ലായ്മയും കാരണം ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നായി നാം മാറും. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ദയനീയ സ്ഥിതിയുടെ നേർകാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിവരുന്ന കോവിഡ് രോഗികളുടെ ശവശരീരങ്ങൾ.
കേരള മാതൃക
മഹാമാരിയുടെ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി കേരളം കൈക്കൊണ്ട ധനസഹായ നടപടികളും മറ്റ് ആശ്വാസപദ്ധതികളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും രാജ്യത്തിനും ലോകത്തിനും മാതൃകയായി. സ്വകാര്യ ആശുപത്രികളിൽ നിരക്ക് സർക്കാർ ഏകീകരിച്ചുനിശ്ചയിച്ചു. ആവശ്യമായ മെഡിക്കൽ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണനിയമം–-1986 പ്രകാരം വിൽക്കാവുന്നതിന് പരമാവധി വില നിശ്ചയിച്ച് ഉത്തരവിറക്കി. പരിശോധന നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകാൻ കേരള സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതി അസമത്വത്തിന്റെ ആഴം കുറയ്‌ക്കുന്നവയായിരുന്നു. ക്ഷേമ പെൻഷനുകൾ, കമ്യൂണിറ്റി കിച്ചൻ, സൗജന്യ അവശ്യസാധനക്കിറ്റുകൾ തുടങ്ങിയവ അതിന്റെ തുടർച്ചയായി കരുതണം. അതിദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് സുപ്രധാനമായ ഒരു തീരുമാനം പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടത് ഈ ഘട്ടത്തിൽ ഏറെ പ്രത്യാശ നൽകുന്ന കേരള മാതൃകയാണ്.
ഡോ. ഗ്രേഷ്യസ് ജയിംസ്
(ആറ്റിങ്ങൽ ഗവ. കോളേജ് കൊമേഴ്‌സ് വിഭാഗം അസോ. പ്രൊഫസറാണ് ലേഖകൻ )
No comments:
Post a Comment