Friday, June 25, 2021

കേന്ദ്രത്തിന്റേത് നികുതിക്കൊള്ള ; പെട്രോളിന്‌ അടിസ്ഥാന വില 37.29 രൂപ ; കേരളത്തിന്‌ കിട്ടുന്ന കേന്ദ്ര വിഹിതം ഒരു പൈസ

ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില  37.29 രൂപയാണ്‌, കേന്ദ്രനികുതി 32.9 രൂപയും. അതായത് 88.22 ശതമാനം നികുതിയാണ്‌. 39.90 രൂപ അടിസ്ഥാന വിലയുള്ള ഒരു ലിറ്റർ ഡീസലിൽനിന്ന്‌ 31.80 രൂപയും കേന്ദ്രം നികുതിയായി വാങ്ങുന്നു. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ് ഇന്ധന വിലക്കയറ്റത്തിന്റെ കാരണമെന്നാണ്‌ ബിജെപി നേതാക്കളും അണികളും പ്രചരിപ്പിക്കുന്നത്. അതോടൊപ്പം കേന്ദ്രമൂറ്റുന്ന നികുതിയിൽനിന്ന് 41 ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്നൊരു തള്ളുമുണ്ട്. സംസ്ഥാനത്തിന് ലഭിക്കുന്നതാകട്ടെ ഏതാണ്ട്‌ ഒരു പൈസയും.

സംസ്ഥാനം നികുതി കുറച്ചു

കേരളം പെട്രോളിന് ഈടാക്കുന്ന  വിൽപ്പന നികുതി 30.08 ശതമാമാണ്. അതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസ്സുകളായും ലഭിക്കും.  ഒരു ലിറ്റർ പെട്രോളിൽനിന്ന്‌  ഏകദേശം 26രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന്‌ 30.08 ആക്കി കുറച്ച്‌ അതിലൂടെ  509 കോടി രൂപ വേണ്ടെന്ന് വച്ചു. പിന്നീട്  നികുതി കൂട്ടിയിട്ടുമില്ല. ഡീസൽ വിൽപ്പന നികുതി 22.76 ശതമാനമാണ്.

വീതംവയ്പിലെ കളികൾ

കേന്ദ്രനികുതി  32.90 പൈസ സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയും കേന്ദ്ര സെസും  അടിസ്ഥാന എക്സൈസ് തീരുവയും കൂടിയതാണ്.  ഇതിൽ 1.40 രൂപ മാത്രമാണ്‌ അടിസ്ഥാന എക്‌സൈസ്‌ നികുതി.  ഇതിന്റെ 41 ശതമാനമായ  57 പൈസയാണ്‌ എല്ലാ സംസ്ഥാനങ്ങളുമായി വീതംവയ്ക്കുന്നത്‌.  സംസ്ഥാനവിഹിതം ജനസംഖ്യാനുപാതത്തിലാണ് വീതം വയ്ക്കുന്നത്. കേരളത്തിന് ലഭിക്കുക ഏതാണ്ട് ഒരു പൈസ. 

തുടക്കമിട്ടത്‌ കോൺഗ്രസ്‌ സർക്കാർ


പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനംപ്രതി കുതിച്ചുകയറുന്ന അവസ്ഥയിലേക്ക്‌ രാജ്യത്തെ എത്തിച്ചത്‌ രണ്ടാം യുപിഎ സർക്കാർ തുടക്കമിട്ട പരിഷ്‌കാരം. ബിജെപി സർക്കാർ എത്തിയതോടെ തുറന്നിടൽ ഊർജിതമായി. പെട്രോൾ വിലയിൽ സർക്കാർ നിയന്ത്രണം ഉപേക്ഷിച്ചത്‌ 2010 ജൂണിലും ഡീസലിന്റെ ചില്ലറ വിൽപന വില പ്രതിമാസം 50 പൈസ വീതം കൂട്ടാൻ തുടങ്ങിയത്‌ 2013 ജനുവരിയിലുമാണ്‌.

എണ്ണക്കമ്പനികൾക്ക്‌ വരുമാനനഷ്ടം ഉണ്ടാകുന്നുവെന്നും കേന്ദ്രത്തിന്റെ സബ്‌സിഡി ചെലവ്‌ വർധിക്കുന്നുവെന്നുമായിരുന്നു വാദം.   2010 ജൂൺ 30ന്‌  നയംമാറ്റം പ്രഖ്യാപിച്ച അന്നുതന്നെ പെട്രോൾ ലിറ്ററിന്‌ 3.50 രൂപയും ഡീസലിന്‌ രണ്ട്‌ രൂപയും കൂട്ടി. അന്നു തുടങ്ങിയ വർധിപ്പിക്കലാണ്‌ ഇപ്പോൾ   ആചാരമായത്‌.

രാജ്യാന്തരവിപണിയിൽ കുറയുന്നതിന്റെ അംശം കിട്ടുമെന്നതും തട്ടിപ്പ്‌

രാജ്യാന്തരവിപണിയിൽ എണ്ണവില താഴുമ്പോൾ അതിന്റെ പ്രയോജനം ഉപയോക്താക്കൾക്ക്‌ ലഭിക്കുമെന്നാണ്‌ സർക്കാർ അവകാശപ്പെട്ടത്‌. വിലനിയന്ത്രണഅധികാരം കമ്പനികൾക്ക്‌ വിട്ടുകൊടുക്കുന്നതിന്റെ അപകടം ഇടതുപക്ഷം മാത്രമാണ്‌ ചൂണ്ടിക്കാട്ടിയത്‌.   ബിജെപി ഇന്ധനവില കൂടുമ്പോൾ  പ്രതിഷേധപ്രഹസനം നടത്തിയതല്ലാതെ ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും എതിർത്തില്ല. ബിജെപിക്ക്‌ അധികാരം കിട്ടിയപ്പോൾ ഡീസൽവിലയും പൂർണമായി സർക്കാർ നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കി.  എണ്ണവില നിയന്ത്രണം വിപണിക്ക്‌ ലഭിച്ചതിന്റെ പ്രധാന ഗുണഭോക്താക്കളായ സ്വകാര്യ എണ്ണക്കമ്പനികൾ വളർന്നുവന്നു. റിലയൻസ്‌, എസ്സാർ, കെയിൻ, ടാറ്റാ പെട്രോഡൈൻ എന്നീ സ്വകാര്യഎണ്ണക്കമ്പനികൾ തടിച്ചുകൊഴുത്തു.

ഗ്യാസായി എൽപിജി സബ്‌സിഡിയും

എൽപിജി സബ്‌സിഡി ഇല്ലാതാക്കിയതിന്‌ പിന്നിലും  കോൺഗ്രസ്‌ തുടക്കമിട്ട പരിഷ്‌കാരമാണ്‌. ഉപയോക്താക്കൾ സിലിണ്ടർ വിപണിവിലയിൽ വാങ്ങണമെന്നും സബ്‌സിഡി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ഇതുവഴി അനാവശ്യസബ്‌സിഡി ചെലവ്‌ ഒഴിവാക്കാമെന്നും വിശദീകരിച്ച്‌ 2013 ജൂണിലാണ്‌ പരിഷ്‌കാരം നടപ്പാക്കിയത്‌. രണ്ടാം യുപിഎ സർക്കാർ മുന്നൂറോളം ജില്ലയിൽ നടപ്പാക്കിയ പരിഷ്കാരം മോഡിസർക്കാർ രാജ്യവ്യാപകമാക്കി. സബ്‌സിഡിക്കായി ബാങ്ക്‌ അക്കൗണ്ട്‌ എടുപ്പിച്ചെങ്കിലും പിന്നീട്‌ ബിജെപി സർക്കാർ സബ്‌സിഡിയെ ഇല്ലാതാക്കി.

No comments:

Post a Comment