സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്കെതിരെ പോരാടണമെന്ന് ജി ‐ ഏഴ് രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്‌തത് കഴിഞ്ഞ ദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന് കണക്കാക്കുന്ന ഇന്ത്യയിൽ, നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ, ഈ ആഹ്വാനത്തിലെ കാപട്യം ബോധ്യമാകും. സ്വന്തം രാജ്യത്ത് വിയോജിപ്പുകളെയും എതിരഭിപ്രായങ്ങളെയും കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഭരണാധികാരി, അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ നല്ലപിള്ള ചമയാനും മറ്റൊരു ചിത്രം അവതരിപ്പിക്കാനുമാണ് ശ്രമിച്ചത്.
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക ജനാധിപത്യ അവകാശങ്ങളാണ്. അവ നിഷേധിക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ് എന്നതാണ് യാഥാർഥ്യം. ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും അവരുടെ സാംസ്‌കാരിക സ്വത്വവും ഇല്ലാതാക്കാൻ ബിജെപിക്കാരനായ അഡ്‌മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് മോഡി സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യവാദികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ പ്രതിഷേധങ്ങളെയും കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ലക്ഷദ്വീപ് നിവാസിയും സിനിമാ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. മോഡി സർക്കാരിന്റെ നടപടികളെയും ആർഎസ്‌എസിന്റെ വർഗീയ വിഭാഗീയ അജൻഡയെയും എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. രാഷ്‌ട്രീയ പാർടി പ്രവർത്തകർ മാത്രമല്ല ഇതിന്റെ ഇരകൾ. വിദ്യാർഥികൾ, ബുദ്ധിജീവികൾ, കലാകാരന്മാർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരൊക്കെ ഇതിൽപ്പെടും. ആയിഷ സുൽത്താനയ്‌ക്കെതിരായ കേസും പ്രശസ്‌ത പത്രപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ കേസിൽ അടുത്ത ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ വകുപ്പിന്റെ സാധുതയെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഒരു ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് ഹിമാചൽപ്രദേശ് സർക്കാർ വിനോദ് ദുവയ്‌ക്കെതിരെ 124 എ പ്രകാരം കേസെടുത്തത്. ഈ കേസ് റദ്ദാക്കിക്കൊണ്ട് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. ‘‘ഭരണകൂടത്തിന്റെ ചെയ്‌തികളെ എത്ര ശക്തമായ ഭാഷയിൽ വിമർശിച്ചാലും അതൊരിക്കലും രാജ്യദ്രോഹക്കുറ്റമാകില്ല’’ ‐ കോടതി സർക്കാരിനെ ഓർമിപ്പിച്ചു. എങ്കിലും 124 എ വകുപ്പിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല.
പൗരത്വഭേദഗതി നിയമത്തിനെതിരെ സമരംചെയ്‌ത നിരവധി വിദ്യാർഥികൾക്ക് എതിരെയും ബിജെപി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ജെഎൻയുവിലെയും ജാമിയ മിലിയയിലെയും മൂന്ന് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും ശ്രദ്ധേയമാണ്. ‘‘ഭരണഘടന ഉറപ്പ് നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിലെ വേർതിരിവ് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതു മുന്നോട്ടുപോയാൽ ജനാധിപത്യംതന്നെ അപകടത്തിലാകും’’ ‐ കോടതി പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ 1870ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് ഈ നിയമം. ഇങ്ങനെയൊരു വകുപ്പ് നിയമപുസ്‌തകത്തിൽ നിലനിർത്തുന്നതുപോലും ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. സ്വാതന്ത്ര്യസമരകാലത്ത് ഈ കേസിന് ഇരയായ നേതാക്കൾ ആരൊക്കെയെന്ന് പരിശോധിച്ചാൽ ഈ നിയമത്തിന്റെ ലക്ഷ്യം മനസ്സിലാകും. മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, അബുൾകലാം ആസാദ്, അലി സഹോദരന്മാർ തുടങ്ങി എത്രയോ ദേശീയ നേതാക്കൾ ഈ കുറ്റത്തിന് വിചാരണ നേരിടേണ്ടിവന്നു. എന്നാൽ, ഇവരാരും ബ്രിട്ടീഷ് ഗവൺമെന്റിന് മുമ്പിൽ മുട്ടുമടക്കുകയോ കോടതിയിൽ മാപ്പ് പറയുകയോ ചെയ്‌തിട്ടില്ലെന്ന് സംഘപരിവാർ നേതാക്കളെ ഓർമിപ്പിക്കട്ടെ.
രാജ്യം സ്വതന്ത്രമായപ്പോൾത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനുള്ള വകുപ്പ് നിയമത്തിൽനിന്ന് നീക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു. 1951 മെയ് 29ന് പാർലമെന്റിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഇങ്ങനെ പ്രസ്‌താവിച്ചു. ‘‘ഐപിസിയിലെ 124 എ ഏറ്റവും ആക്ഷേപാർഹവും നിന്ദ്യവുമാണ്. ചരിത്രപരവും പ്രായോഗികവുമായ കാരണങ്ങളാൽ ഈ വകുപ്പ് നിലനിർത്താൻ പാടില്ല. എത്ര വേഗം അതു ചെയ്യുന്നോ അത്രയും നല്ലത്’’ നെഹ്‌റു ഇതു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സർക്കാരോ തുടർന്നുവന്ന കോൺഗ്രസ് സർക്കാരുകളോ ഈ വകുപ്പ് റദ്ദാക്കിയില്ലെന്ന് മാത്രമല്ല, രാഷ്‌ട്രീയ എതിരാളികൾക്കെതിരെ അതു ഉപയോഗിക്കാനും മടിച്ചില്ല. 124 എ വകുപ്പുമായി ബന്ധപ്പെട്ട കേദാർനാഥ് സിങ് കേസ് (1962) ഇതിന് തെളിവാണ്.
സ്വതന്ത്രമായ രാഷ്‌ട്രീയ നിലപാട് എടുത്തതിന് ‘‘രാജ്യദ്രോഹികൾ’’ എന്ന ആക്ഷേപം വേണ്ടത്ര കേട്ടവരാണ് ഇന്ത്യയിലെ കമ്യൂണിസ്‌റ്റുകാർ. 1959ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ കമ്യൂണിസ്‌റ്റ് പാർടിക്കെതിരെ കോൺഗ്രസും ജനസംഘവും ഉയർത്തിയ പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യ‐ചൈന അതിർത്തി തർക്കത്തിൽ പാർടി എടുത്ത നിലപാട്. ഇന്ത്യയും ചൈനയുംപോലെ സാമ്രാജ്യവിരുദ്ധ ലോക രാഷ്‌ട്രീയത്തിൽ സജീവ പങ്കുവഹിക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് കൂടിയാലോചനകളിലൂടെ വേണമെന്നായിരുന്നു പാർടിയുടെ നിലപാട്. ഇതിന്റെ പേരിൽ കമ്യൂണിസ്‌റ്റുകാരെ രാജ്യദ്രോഹികളായും ചൈനാ ചാരന്മാരായും മുദ്രകുത്തി. എന്നാൽ, ഇന്ദിര ഗാന്ധിയുടെ രണ്ടു സർക്കാരും അതിനിടയിൽ വന്ന ജനതാ സർക്കാരും (വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി) ചർച്ചകളിലൂടെ അതിർത്തിത്തർക്കം പരിഹരിക്കാനാണ് ശ്രമിച്ചത്.
എതിർക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഘട്ടത്തിൽപ്പോലും ദേശസ്‌നേഹപരമായ നിലപാട് എടുത്തിട്ടില്ല എന്നത് അവിതർക്കിതമാണ്. ഹിന്ദുമഹാസഭയുടെയും അതിന്റെ തുടർച്ചയായ ആർഎസ്‌എസിന്റെയും ആദ്യകാല നേതാക്കളിൽ പ്രമുഖനായ സവർക്കറെ വലിയ ദേശാഭിമാനിയായി സംഘപരിവാർ ചിത്രീകരിക്കുന്നുണ്ട്. വാജ്‌പേയി പ്രധാനമന്ത്രിയായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ തൂക്കിയത്. ദേശീയ പ്രസ്ഥാനത്തെ ഇതിലധികം നിന്ദിക്കാനില്ല. ബ്രിട്ടീഷുകാർക്ക് എതിരായ സമരത്തിൽ പങ്കെടുത്ത് ആൻഡമാൻ ജയിലിലായവരിൽ സവർക്കറുമുണ്ടായിരുന്നു. ജയിൽ മോചിതനാകാൻ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പല ഘട്ടങ്ങളിലായി അഞ്ച് ദയാഹർജിയാണ് അദ്ദേഹം നൽകിയത്. 1913 നവംബർ 14ന് സവർക്കർ എഴുതിയ മാപ്പപേക്ഷ ഇക്കൂട്ടരുടെ പൊയ്‌മുഖം വലിച്ചുകീറുന്നതാണ്. തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വിശ്വസ്‌ത വിനീത ദാസനായി പ്രവർത്തിക്കാമെന്ന് സവർക്കർ എഴുതിക്കൊടുത്തു. അതിനുള്ള അവസരത്തിനായി കേണപേക്ഷിച്ചു. അങ്ങനെയാണ് പുറത്തെത്തിയത്. ബ്രിട്ടീഷുകാരുടെ നിഗമനം ശരിയായിരുന്നു. പിന്നീട് ഒരു സമരത്തിനും സവർക്കർ പോയില്ല. മഹാത്മജിയെ വധിച്ച കേസിൽ സവർക്കറും പ്രതിയായിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ സവർക്കറെ കോടതി വിട്ടയച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ പോയതുമില്ല. ഗാന്ധിജിയെ വെടിവച്ച ഗോഡ്‌സെ സവർക്കറുടെ വലംകൈയായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഗാന്ധിവധത്തെക്കുറിച്ച് അന്വേഷിച്ച ജസ്‌റ്റിസ് ജീവൻലാൽ കപുർ കമീഷൻ ഗൂഢാലോചനയിൽ സവർക്കറുടെ ഗ്രൂപ്പിനുള്ള പങ്ക് സൂചിപ്പിക്കുന്നുണ്ട്.
വാജ്‌പേയി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്നു എന്നൊരു കഥ സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. മാനിനി ചാറ്റർജിയും വി കെ രാമചന്ദ്രനും ‘ഫ്രണ്ട് ലൈൻ’ മാസികയ്‌ക്കുവേണ്ടി നടത്തിയ അന്വേഷണത്തിൽ അത് കെട്ടുകഥയാണെന്ന് തെളിഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ആർഎസ്‌എസോ ഹിന്ദു മഹാസഭയോ പങ്കെടുത്തിട്ടില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരെ സഹായിക്കുന്ന ജോലിയാണ് അവർ ഭംഗിയായി ചെയ്‌തത്. ഹിന്ദു‐മുസ്ലിം സംഘർഷം സൃഷ്‌ടിക്കാനും അതിലൂടെ മുതലെടുപ്പ് നടത്താനുമുള്ള ഒരവസരവും ഈ ശക്തികൾ പാഴാക്കിയില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നത് ആപൽക്കരവും പിന്തിരിപ്പനുമാണെന്ന നിലപാടാണ് സംഘപരിവാർ പരസ്യമായി എടുത്തത്. സവർക്കറെപ്പോലെതന്നെ ആർഎസ്‌എസ് സ്ഥാപക നേതാവായ ഹെഡ്‌ഗെവാറും സ്വാതന്ത്ര്യസമരത്തിൽ നിന്നെല്ലാം ബോധപൂർവം മാറിനിൽക്കുകയാണ് ഉണ്ടായത്. വാജ്‌പേയി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്നു എന്നൊരു കഥ സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. മാനിനി ചാറ്റർജിയും വി കെ രാമചന്ദ്രനും ‘ഫ്രണ്ട് ലൈൻ’ മാസികയ്‌ക്കുവേണ്ടി നടത്തിയ അന്വേഷണത്തിൽ അത് കെട്ടുകഥയാണെന്ന് തെളിഞ്ഞു.
വാസ്‌തവത്തിൽ, ജനാധിപത്യത്തിൽത്തന്നെ സംഘപരിവാർ വിശ്വസിക്കുന്നില്ല. ജനാധിപത്യം ഒരു പാശ്‌ചാത്യ ഉൽപ്പന്നവും ഇടപെടലുമാണെന്ന് അവർ കണക്കാക്കുന്നു. ഹിന്ദുത്വമാണ് അവരുടെ രാഷ്‌ട്രീയം, ഹിന്ദു രാഷ്‌ട്രമെന്നത് ലക്ഷ്യവും.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്‌ഠിതമായതും എല്ലാ ജാതി‐മത വിഭാഗത്തെയും സംസ്‌കാരധാരകളെയുംപോലെതന്നെ ഉൾക്കൊള്ളുന്ന ഇന്ത്യൻ ദേശീയതയെത്തന്നെ ഇക്കൂട്ടർ അംഗീകരിക്കുന്നില്ല. മതദേശീയത അല്ലെങ്കിൽ ഹിന്ദു ദേശീയതയാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ ദേശീയതയുടെ മൂല്യങ്ങൾ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ്. ജനങ്ങളുടെ ഐക്യമാണ് ഇതിൽ പ്രധാനം. ഇതിന് കടകവിരുദ്ധമായ തത്വസംഹിതയാണ് ആർഎസ്‌എസിനുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഭരണഘടന ആർഎസ്‌എസ് അംഗീകരിക്കാത്തതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.
മതത്തിനും ജാതിക്കും പ്രദേശത്തിനും ഭാഷയ്‌ക്കും വംശത്തിനുമെല്ലാം ഉപരിയായി ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതാണ് ദേശീയത. ഏതെങ്കിലും ഒരു വിഭാഗത്ത് പ്രത്യേക പരിഗണന നൽകുന്നത് ദേശീയതയല്ല. നമ്മുടെ ദേശീയതയുടെ സവിശേഷത അത് മതനിരപേക്ഷവും സാമ്രാജ്യത്വ വിരുദ്ധവുമാണെന്നതാണ്. അതായിരുന്നു നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തി. മതനിരപേക്ഷമായ നമ്മുടെ ദേശീയതയും ജനങ്ങളുടെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവാദികളെയും യോജിപ്പിച്ച് അണിനിരത്തേണ്ടതുണ്ട്.
എ വിജയരാഘവൻ
No comments:
Post a Comment