Friday, June 25, 2021

‘എണ്ണ’കൊണ്ട്‌ മുറിവേറ്റ ജനത

വിലക്കയറ്റം 6.3 ശതമാനമായി

ഓടുന്ന ദൂരത്തിലല്ല, കേന്ദ്രസർക്കാർ കെട്ടിയേൽപ്പിച്ച ഭാരത്തിലാണ്‌ സാധാരണക്കാരുടെ നടുവൊടിയുന്നത്‌. കോവിഡിന്റെ തീരാദുരിതങ്ങൾക്കിടയിൽ വല്ലപ്പോഴുമാണ്‌ കൂലിപ്പണി കിട്ടുന്നത്‌. അതിൽനിന്നാണ്‌ എണ്ണക്കമ്പനികൾ അവരെ പിഴിയുന്നത്‌. ആറുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന്‌ 12 രൂപയോളം വർധിച്ചു. പണിക്കുപോകാനും തിരികെ വരാനുമുള്ള യാത്രയ്‌ക്ക്‌ രണ്ട്‌ ലിറ്റർ പെട്രോൾ അടിക്കുമ്പോൾത്തന്നെ 200 രൂപ തീർന്നു. ഗതാഗതച്ചെലവ്‌ കൂടിയതോടെ നിത്യോപയോഗ സാധനങ്ങൾക്കും വിലകയറി.  ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് മേയിൽ ഉണ്ടായതെന്ന് കേന്ദ്രത്തിൽനിന്നുള്ള കണക്കുകൾതന്നെ പറയുന്നു. പരമാവധി ആറ് ശതമാനമാകാവുന്ന വിലക്കയറ്റം 6.3 ശതമാനമായി. അരി, പരിപ്പ്, പയർ, പച്ചക്കറി തുടങ്ങി സകലതിനും അയൽസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനത്തിന് ഇത് വൻ പ്രതിസന്ധിയായി. കുടുംബ ബജറ്റ് അപ്പാടെ തകിടം മറിഞ്ഞെന്ന് വീട്ടമ്മമാരുടെ പരാതി.

അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതോടെ  ലക്ഷങ്ങൾ തൊഴിലെടുക്കുന്ന ചെറുകിട വ്യവസായമേഖല ദുരിതത്തിലായി. ഒരു വർഷത്തിനിടയിൽ 60 ശതമാനത്തോളമാണ് വില കൂടിയത്.  സിമന്റ്‌, ഇരുമ്പ്‌, അലുമിനിയം തുടങ്ങി നിർമാണ സാമ​ഗ്രികളുടെ വിലയും കുതിച്ചുയർന്നതോടെ നിർമാണമേഖലയും പ്രതിസന്ധിയിലായി.

ട്രോളല്ല, കുറവ് , കേരളത്തില്‍ത്തന്നെ

സംസ്ഥാന നികുതിയാണ്‌ കേരളത്തിലെ ഇന്ധനവില വർധനയ്‌ക്ക്‌ കാരണമെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ വില കൂടുന്നത് എങ്ങനെ? സോഷ്യൽമീഡിയ തള്ളുകാരായ കോൺഗ്രസിനും ബിജെപിക്കും ഈ ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ലഡാക്കിലും പെട്രോൾവില 100 കടന്നിട്ട് ദിവസങ്ങളായി.

കേരളത്തിൽ പെട്രോളിന് 30.08 ശതമാനമാണ് വിൽപ്പന നികുതി. എന്നാൽ, കോൺ​ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നികുതി 36 ശതമാനമാണ്. പഞ്ചാബിൽ 35.12 ശതമാനവും മഹാരാഷ്ട്രയിൽ 38.11 ശതമാനവും വിൽപ്പന നികുതി ഈടാക്കുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ 34 ശതമാനവും നികുതി ഈടാക്കുന്നു.  കേരളത്തിൽ ഒന്നാം പിണറായി സർക്കാർ നികുതി ഒരു ശതമാനം കുറച്ചു. 

ഊറ്റിക്കൊഴുത്ത് എണ്ണക്കമ്പനികളും കേന്ദ്രവും

ഐഒസി, ബിപിസിഎൽ, എച്ച്പിസി എന്നീ പൊതുമേഖലാ എണ്ണ കമ്പനികൾ 2020–- 21 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് നേടിയത്. റിലയൻസ്‌ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ലാഭവും ഇതുപോലെ തന്നെ. ഇന്ധനനികുതിയിൽ നിന്ന് കേന്ദ്രസർക്കാരിന്റെ വരുമാനം കഴിഞ്ഞ ആറ് വർഷംകൊണ്ട് മൂന്ന്ലക്ഷം  കോടി രൂപയും കൂടി/


ഐഒസി

2020–-21  സാമ്പത്തിക വർഷം അറ്റലാഭം 21,762 കോടി  രൂപ

(മുൻ വർഷം 1,876 കോടി നഷ്ടം).

2020–-21 സാമ്പത്തിക വർഷം അവസാന പാദത്തിൽ  9144 കോടി രൂപ ലാഭം (മുൻ വർഷം 8,565 കോടി നഷ്ടം)

എച്ച്പിസിഎൽ

2020–-21  സാമ്പത്തിക വർഷം അറ്റലാഭം 10,664 കോടി രൂപ(മുൻ വർഷം ലാഭം 2,637 കോടി രൂപ )

ബിപിസിഎൽ

2020–-21   അവസാന പാദം. ലാഭം: 11,940 കോടി (മുൻ വർഷം ഇതേ കാലയളവിൽ നഷ്‌ടം:  2,958. 91 കോടി) സാമ്പത്തിക വർഷം അറ്റലാഭം 19,041.67 കോടി.

No comments:

Post a Comment