Saturday, June 5, 2021

ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; സൗജന്യ വാക്‌സിന് ആയിരം കോടി

കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.


♦ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.

   8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.

♦ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി

♦ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ.

♦ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ.

♦ സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉടന്‍ ലഭ്യമാക്കും.

♦ കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.

♦ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍. സിഎച്ച്സി, പിഎച്ച്സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍.

♦ വാക്സിന്‍ വിതരണ കേന്ദ്രത്തിന് പത്ത്കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സില്‍ ഉല്‍പാദന യൂണിറ്റുകള്‍, വാക്സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും.

♦ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ.

♦ തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും.

♦ തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ.

♦ കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ് . കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ.

♦ തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി.

♦ കൃഷിഭവനുകള്‍ സ്‌മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി.

♦ കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.

തീര സംരക്ഷണവും ഹൈടെക്‌ ; അടിസ്ഥാന സൗകര്യ പാക്കേജ്‌: 5300 കോടി

തീരപ്രദേശത്തെ ഏറ്റവും ദുർബലമായ പ്രദേശം ടെട്രപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷിക്കും. തീര സംരക്ഷണത്തിന്‌ അനുയോജ്യമായ സാങ്കേതിക മാർഗം കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനം നടത്തുമെന്നും ബജറ്റ്‌ പ്രഖ്യാപനം.   പദ്ധതിയുടെ ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്‌ബി നൽകും. ജൂലൈയിൽ പ്രവൃത്തി ടെൻഡർ ചെയ്യും. അടുത്ത കാലവർഷത്തിനുമുമ്പ്‌ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.‌ നാലുവർഷത്തിൽ പദ്ധതി പൂർത്തിയാക്കും. തീരദേശ സംരക്ഷണവും അടിസ്ഥാന സൗകര്യ വികസനവും അഞ്ചുവർഷത്തിൽ പൂർത്തിയാക്കും. ലോകബാങ്ക്, നബാർഡ്, കിഫ്‌ബി എന്നിവയുടെ ധനസഹായം ഉറപ്പാക്കും.


കേരള എൻജിനിയറിങ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി, ചെന്നൈ ഐഐടി, പാലക്കാട് ഐഐടി, എൻജിനിയറിങ്‌ കോളേജ്‌, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വൈദഗ്‌ധ്യം തീരദേശ സംരക്ഷണത്തിന്‌ ഉപയോഗിക്കും. ആന്റി സ്‌കവർ ലെയറുള്ള ഇരട്ട ലേയേർഡ് ടെട്രപോഡ്‌, കണ്ടൽക്കാട്‌(ടെട്രപോഡുകളിൽ), ആന്റിസ്‌കവർ ലെയറുള്ള ഡയഫ്രം മതിൽ, റോളിങ്‌ ബാരിയർ സിസ്റ്റം, ജിയോകണ്ടെയ്‌നറുകൾ, ജിയോട്യൂബുകൾ എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ തീര സംരക്ഷണ ഡിസൈൻ ഉറപ്പാക്കും. ഇത്‌ അന്തിമമാകുംമുമ്പ് പ്രാദേശിക പങ്കാളിത്തത്തോടെ വിപുലമായ ചർച്ച സംഘടിപ്പിക്കും. 

തീരദേശത്തെ സാമൂഹ്യ സംഘടനകളുടെ അഭിപ്രായങ്ങളും ആരായും.  മത്സ്യ സംസ്‌കരണത്തിനും‌ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിന്‌ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും അഞ്ചു കോടി രൂപയും അനുവദിക്കും.

പ്രളയത്തെ പേടിക്കേണ്ട ; 500 കോടിയുടെ സമഗ്ര പാക്കേജ്‌

വെള്ളപ്പൊക്ക നിയന്ത്രണത്തിന്‌ സമഗ്ര പാക്കേജ്‌. ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നാണ്‌ 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുക. പ്രാഥമിക ഘട്ടത്തിന്‌ 50 കോടി രൂപ അനുവദിച്ചു. ജലാശയങ്ങളുടെയും നദീതടങ്ങളുടെയും ജലം വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്തിയും വർധിപ്പിച്ചുമാണ്‌ വെള്ളപ്പൊക്കനിയന്ത്രണം സാധ്യമാക്കുക. 

ഇതിനായി കനാലുകളുടെ വശങ്ങൾ സംരക്ഷിക്കും.   ഡീസിൽറ്റിങ്‌ വഴി ആഴംകൂട്ടും, അണക്കെട്ടുകൾ, ജലസംഭരണികൾ, നദികൾ എന്നിവയിൽ അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കംചെയ്യും.  വെള്ളപ്പൊക്ക സ്ഥലങ്ങൾ അല്ലെങ്കിൽ  നദിക്കരയിലുള്ള പരന്ന പ്രദേശങ്ങൾ താഴ്‌ത്തി ജല ഒഴുക്ക്‌ ഉറപ്പാക്കും.  തടാകങ്ങൾ, ജലസേചന കനാലുകൾ, കായലുകൾ എന്നിവ ബന്ധിപ്പിച്ച്‌ ജലസംഭരണ പ്രദേശങ്ങൾ സൃഷ്ടിച്ച്‌ വെള്ളം താൽക്കാലികമായി സംഭരിക്കാനുള്ള സംവിധാനം സൃഷ്ടിക്കും.  ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കും.

No comments:

Post a Comment