Thursday, June 3, 2021

സ്വർണക്കടത്ത്‌: പ്രധാനികളെ 
ഒളിച്ചുകടത്തിയത്‌ കേന്ദ്രസഹമന്ത്രി‌

സ്വർണക്കടത്ത്‌ കേസിൽ ഇ
പ്പോൾ കസ്‌റ്റംസ്‌ പ്രതിചേർത്ത യുഎഇ കോൺസുലേറ്റിലെ കൊൺസൽ ജനറലിനും അറ്റാഷെക്കും രാജ്യം വിടാൻ അവസരമൊരുക്കിയത്‌ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഇടപെടലുകൾ. സ്വർണക്കടത്തിൽ കോൺസുലേറ്റ്‌ അധികൃതർക്ക്‌ പ്രധാന പങ്കുള്ളതായി തുടക്കംമുതൽ അന്വേഷണ ഏജൻസികൾ ആവർത്തിച്ചിരുന്നെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കേന്ദ്ര സഹമന്ത്രി സ്വീകരിച്ചത്‌. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്ന്‌ മുരളീധരൻ ആവർത്തിച്ചത്‌ കേസന്വേഷണം ആവഴിക്ക്‌ നീങ്ങുന്നതിന്‌ തടസ്സമായി. കേന്ദ്ര അന്വേഷണ  ഏജൻസികളുടെ നിലപാട്‌ കോടതിയിൽ വ്യക്തമാക്കിയിട്ടും മുരളീധരൻ  തിരുത്തിയിട്ടില്ല. സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു മുരളീധരന്റെ നീക്കമെന്ന് തുടർന്നുണ്ടായ സംഭവങ്ങൾ തെളിയിച്ചു. ഇതിനിടെ, കള്ളക്കടത്തിന്‌ ചുക്കാൻപിടിച്ച കോൺസൽ ജനറലും അറ്റാഷെയും അനായാസം അവസരം മുതലാക്കി രാജ്യംവിട്ടു. കേസ്‌ വിവാദമായി നിൽക്കെ തിരുവനന്തപുരത്തുനിന്ന്‌ ഡൽഹിയിലെത്തിയാണ്‌ അറ്റാഷെ യുഎഇക്ക്‌ വിമാനം കയറിയത്‌.

യുഎഇയുടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കോൺസൽ ജനറലും അറ്റാഷെയുമാണ്‌ പ്രധാനപ്രതികളെന്ന്‌ അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതിനവർ പറയുന്ന കാരണങ്ങൾ ഇവയാണ്‌: രേഖകൾപ്രകാരം അതൊരു നയതന്ത്ര ബാഗേജ്‌ ആണെന്നതുതന്നെ ഒന്നാമത്തെ കാരണം.  സാധാരണ സ്വർണക്കള്ളക്കടത്ത്‌ കേസുകളിൽ സ്വർണത്തോടൊപ്പം സ്വർണക്കടത്തുകാരനും പിടിയിലാകാറുണ്ട്‌. ഇവിടെ യുഎഇയിൽനിന്ന് തിരുവനന്തപുരത്തെ‌ കസ്‌റ്റംസ്‌ കാർഗോ ഹൗസിലാണ്‌ സ്വർണമെത്തിയത്‌. വിലാസപ്രകാരം ബാഗേജ്‌ കൈപ്പറ്റേണ്ടത്‌ യുഎഇ കോൺസൽ‌ ജനറലോ അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നയാളോ ആണ്‌. പിടിയിലാകേണ്ടതും അവർ തന്നെ. എന്നാൽ അറസ്‌റ്റിലായത്‌ ബാഗേജ്‌ കൈപ്പറ്റാനെത്തിയ കോൺസുലേറ്റ്‌ ജീവനക്കാരനാണ്‌. പിന്നാലെ കള്ളക്കടത്തിനുപിന്നിൽ പ്രവർത്തിച്ച 24 പ്രതികൾ പിടിയിലായി. എന്നിട്ടും കോൺസുലേറ്റിലേക്ക്‌ അന്വേഷണമെത്തിയില്ല. കേന്ദ്രസഹമന്ത്രി വി മുരളീധരൻ കോൺസുലേറ്റിനെ സംരക്ഷിച്ച്‌ പലപ്പേഴായി നടത്തിയ പ്രസ്‌താവനതന്നെയാണ്‌ അതിന്‌ കാരണം.

കോൺസൽ ജനറലിനെയും അറ്റാഷെയെയും കേസിൽ പ്രതിചേർക്കാൻ കസ്‌റ്റംസ്‌ ആറുമാസംമുമ്പാണ്‌ വിദേശമന്ത്രാലയത്തിന്‌ അപേക്ഷ നൽകിയത്‌. മുരളീധരൻ സഹമന്ത്രിയായ വകുപ്പിൽനിന്നുള്ള അനുമതി ഇതുവരെ വൈകിച്ചതിലും അദ്ദേഹത്തിന്റെ പങ്ക്‌ വ്യക്തം. കേരളത്തിലെ രണ്ട്‌ തെരഞ്ഞെടുപ്പുകൾക്കിടയിൽ സ്വർണക്കടത്തുകേസ്‌ ചൂടോടെ നിലനിർത്താനാണ്‌ ബിജെപി ശ്രമിച്ചത്‌. എന്നാൽ സ്വർണക്കടത്തുകേസ്‌‌ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിട്ട്‌ നേട്ടം കൊയ്യാനുള്ള നീക്കങ്ങളെല്ലാം പാളിയെന്ന്‌ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നതോടെ വ്യക്തമായി. ഇനി കേസ്‌ അവസാനിപ്പിക്കലാണ്‌ ഏകവഴി. സാധാരണ സ്വർണക്കള്ളക്കടത്ത്‌ കേസായി ഇതും അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ്‌ കസ്‌റ്റംസിനുള്ള കേന്ദ്രാനുമതി എന്നും സൂചനയുണ്ട്‌. 

ദേശാഭിമാനി

No comments:

Post a Comment