Wednesday, June 2, 2021

സ്വർണക്കടത്തുകേസ്‌ : വി മുരളീധരൻ ഇനിയെന്ത്‌ പറയും

സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്ന്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ച്‌ പറഞ്ഞ കേസിലാണ്‌ യുഎഇ കോൺസുലേറ്റ്‌ അധികൃതരെ പ്രതിചേർക്കാൻ ഇപ്പോൾ വിദേശമന്ത്രാലയം അനുമതി നൽകിയത്‌. യുഎഇ കോൺസൽ ജനറലിന്റെപേരിൽ എത്തിയ നയതന്ത്ര ബാഗേജിൽനിന്നാണ്‌ സ്വർണം പിടിച്ചെടുത്തത്‌ എന്നതുകൊണ്ടുതന്നെയാണ്‌ അവരെ പ്രതിചേർക്കാൻ വിദേശമന്ത്രാലയം അനുമതി നൽകിയത്‌.

സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്നാണ്‌ കേസിന്റെ തുടക്കംമുതൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാദം. അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും ബിജെപി നേതൃത്വത്തിലേക്കും നീണ്ടതോടെ വാർത്താസമ്മേളനം വിളിച്ചുപോലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. അതിനുപിന്നാലെയാണ്‌ അറ്റാഷെ കേരളം വിട്ടത്‌. തിരുവനന്തപുരത്തുനിന്ന്‌ ഡൽഹിയിൽ എത്തിയാണ്‌ അദ്ദേഹം യുഎഇയിലേക്ക്‌ വിമാനം കയറിയത്‌. ഇപ്പോൾ കോൺസൽ ജനറലിനെയും അറ്റാഷെയെയും കേസിൽ പ്രതിചേർക്കാൻ വിദേശമന്ത്രാലയം കസ്‌റ്റംസിന്‌ അനുമതി നൽകിയതോടെ വി മുരളീധരന്റെ വാദങ്ങൾ എന്തിനുവേണ്ടിയായിരുന്നെന്ന ചോദ്യമുയരുന്നു.

ബാഗേജ്‌ പിടികൂടിയതിനുപിന്നാലെ കൊൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്‌റ്റംസ്‌ വിദേശമന്ത്രാലയത്തിന്‌ സമർപ്പിച്ചിരുന്നു. എന്നാൽ അതിൽ തീരുമാനമുണ്ടായില്ല. ആദ്യം അറസ്‌റ്റിലായ പ്രധാന പ്രതികളിൽനിന്നു ലഭിച്ച വിവരവും ബാഗേജ്‌ എത്തിയതിനുപിന്നാലെ കൊൺസുലേറ്റിൽനിന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചായിരുന്നു കസ്‌റ്റംസിന്റെ ആവശ്യം. കേസ്‌ ആദ്യം അന്വേഷിച്ച കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ കെ രാജന്റെ അഭ്യർഥനപ്രകാരം കസ്‌റ്റംസ്‌ കമീഷണർ (പ്രിവന്റീവ്‌) ആണ്‌ മന്ത്രാലയത്തിന്‌ അപേക്ഷ നൽകിയത്‌. എന്നാൽ കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിൽ ജോയിന്റ്‌ കമീഷണറെ അടിയന്തരമായി സ്ഥലം മാറ്റി.

സ്വർണക്കടത്തുകേസ്‌ പ്രതികൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടില്ലെന്ന്‌ മാധ്യമപ്രവർത്തകരുടെ ചൊദ്യത്തിന്‌ മറുപടി പറഞ്ഞതിന്റെപേരിലായിരുന്നു അത്‌. കോൺസൽ ജനറലിന്റെപേരിൽ വന്ന ബാഗേജായതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കാതെ കേസിന്‌ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്‌. ബാഗേജ്‌ തന്റെതുതന്നെയാണെന്ന്‌  കോൺസൽ ജനറൽ കസ്‌റ്റംസ്‌ കാർഗോ ഹൗസിലെത്തി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുവരിൽനിന്നും വിശദീകരണം തേടിയശേഷം പ്രതിചേർത്താലും അറസ്‌റ്റിന്‌ യുഎഇ അനുമതി നൽകിയേക്കില്ല. അങ്ങനെവന്നാൽ കസ്‌റ്റംസ്‌ എന്തു നടപടി സ്വീകരിക്കുമെന്ന്‌ വ്യക്തമല്ല. കേസിലെ മറ്റുപ്രതികൾക്കെതിരെ കൊഫേപോസ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്‌. സ്വർണം കണ്ടുകെട്ടി കള്ളക്കടത്ത്‌ സ്വർണത്തിന്റെ മൂല്യമനുസരിച്ച്‌ പ്രതികളിൽനിന്ന്‌ പിഴയൊടുക്കി കേസ്‌ അവസാനിപ്പിക്കലാണ്‌ സാധാരണ കസ്‌റ്റംസ്‌ രീതി.

സ്വർണക്കടത്തുകേസ്‌ ആവിയാകുന്നു ; കേന്ദ്രം ഒത്തുതീർപ്പുണ്ടാക്കിയെന്ന്‌ സൂചന

ഒരുവർഷത്തോളം വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്തുകേസ്‌ ഒടുവിൽ ആവിയാകുന്നു. കേസിൽ യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർക്കാൻ കസ്‌റ്റംസിന്‌ വിദേശമന്ത്രാലയം അനുമതി നൽകിയെങ്കിലും കേസിന്‌ പുരോഗതി ഉണ്ടാകില്ലെന്ന്‌ നിയമ വിദഗ്ധർ വിലയിരുത്തുന്നു. ആറുമാസംമുമ്പ്‌ കസ്‌റ്റംസ്‌ സമർപ്പിച്ച അപേക്ഷയിലാണ്‌ ഇപ്പോൾ അനുമതി‌. പിടിച്ചെടുത്ത സ്വർണത്തിന്‌ പിഴയീടാക്കി കസ്‌റ്റംസ്‌ കേസ്‌ അവസാനിപ്പിക്കാനാണ്‌ നീക്കമെന്നും സൂചനയുണ്ട്‌.

കള്ളക്കടത്തുകേസ്‌ വരുന്നതിന്‌ ഏതാനും മാസംമുമ്പാണ്‌ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി രാജ്യം വിട്ടത്‌. സ്വർണമടങ്ങിയ ബാഗേജ്‌ കസ്‌റ്റംസ്‌ പിടികൂടിയശേഷം കഴിഞ്ഞ ജൂലൈയിൽ‌ അറ്റാഷെ റാഷിദ്‌ ഖാമിസ്‌ അൽ ഷെമില്ല കേരളം വിട്ടു‌. ഇരുവരും സ്വർണക്കടത്തിന്‌ പ്രതിഫലം വാങ്ങിയിരുന്നുവെന്ന്‌ പ്രതികൾ മൊഴി നൽകിയിരുന്നു. ഇരുവർക്കും കള്ളക്കടത്തിൽ പങ്കുള്ള കാര്യം എൻഐഎ ഉൾപ്പെടെ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു. ബാഗേജ്‌ തുറക്കാതിരിക്കാൻ അറ്റാഷെ സമ്മർദം ചെലുത്തിയിരുന്നു. സ്വർണം പിടികൂടിയപ്പോൾ ബാഗേജ്‌ യുഎഇയിലേക്ക്‌ തിരിച്ചയക്കാൻ അറ്റാഷെ ആവശ്യപ്പെട്ടതും കള്ളക്കടത്തിൽ പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു. എന്നിട്ടും അറ്റാഷെ രാജ്യം വിടുന്നത്‌ തടയാൻ ശ്രമിച്ചില്ല. ഇരുവരെയും ചോദ്യംചെയ്യാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകിയില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോൺസൽ ജനറലിന്റെ ബാഗേജ്‌ തിരുവനന്തപുരം കസ്‌റ്റംസ്‌ കാർഗോ ഹൗസിൽ പിടികൂടിയിരുന്നു. കോൺസുലേറ്റിൽനിന്ന്‌ യുഎഇയിലേക്ക്‌ അയച്ച ബാഗേജിൽനിന്ന്‌ 11 മൊബൈലും രണ്ട്‌ പെൻഡ്രൈവും കസ്‌റ്റംസ്‌ പിടിച്ചു. പിന്നാലെ സ്വർണക്കടത്തുകേസിൽ വിശദീകരണം തേടി കസ്‌റ്റംസ്‌ കോൺസൽ ജനറലിനും അറ്റാഷെയ്‌ക്കും നോട്ടീസ്‌ നൽകിയെങ്കിലും മറുപടിയുണ്ടായില്ല. സ്വർണം കണ്ടുകെട്ടാതിരിക്കാനും അതിനുള്ള പിഴയൊടുക്കാതിരിക്കാനുമുള്ള കാരണം അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്‌.

കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർത്താലും ഇരുവരെയും കാണാനോ ചോദ്യംചെയ്യാനോ യുഎഇയുടെ അനുമതിയില്ലാതെ കസ്‌റ്റംസിനാകില്ല. യുഎഇയിലുള്ള പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെതിരെ രാജ്യാന്തര തെരച്ചിൽ നോട്ടീസ്‌ പുറപ്പെടുവിച്ചെങ്ങിലും ഇതുവരെ പിടികൂടാനായിട്ടില്ല.  കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കി കേസ്‌ കള്ളക്കടത്തുകേസ്‌ മാത്രമാക്കി അവസാനിപ്പിക്കാനാകും കസ്‌റ്റംസ്‌ നീക്കം. സ്വർണം കണ്ടുകെട്ടി പിഴയൊടുക്കുന്നതോടെ കേസ്‌ ഇല്ലാതാകും. കേന്ദ്രസർക്കാർ ഇടപെട്ട്‌ അത്തരം ധാരണ ഉണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. കസ്‌റ്റംസ്‌ കേസ്‌ അവസാനിക്കുന്നതോടെ എൻഐഎ കേസും ഇല്ലാതാകും.

കോൺസൽ ജനറലിനും
അറ്റാഷെയ്ക്കും നോട്ടീസ്

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിനുപിന്നാലെ ഗൾഫിലേക്ക് കടന്ന യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും കസ്‌റ്റംസ്‌ കേസിൽ പ്രതികളാക്കാൻ ഒടുവിൽ വിദേശമന്ത്രാലയത്തിന്റെ അനുമതി.ആറുമാസംമുമ്പ്‌ നൽകിയ അപേക്ഷയിലാണ്‌ തീരുമാനം. തുടർന്ന്‌ യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്‌ക്കും കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.

കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി കോവിഡ്‌ വ്യാപനത്തിന്‌ തൊട്ടുമുമ്പും തുടർന്ന്‌ കോൺസൽ ജനറലിന്റെ ചുമതലവഹിച്ച അറ്റാഷെ റാഷിദ് ഖമീസ് അൽ ഷെമില സ്വർണം പിടിച്ചതിനുപിന്നാലെയും ഗൾഫിലേക്ക് കടന്നു.  നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നതിന്നതിന്‌ ഇരുവരും പ്രതിഫലവും വാങ്ങിയിരുന്നതായി മറ്റു പ്രതികൾ  മൊഴി നൽകിയിട്ടുണ്ട്‌. ഇവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന്‌ അന്വേഷണ ഏജൻസികൾ കോടതിയെയും അറിയിച്ചിരുന്നു.

സ്വർണക്കടത്തിന്‌ പ്രതിഫലം നൽകി

യുഎഇയിൽനിന്ന്‌ 2020 നവംബർമുതൽ 21 തവണയാണ്‌ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത്‌. ഓരോ തവണ കടത്തിയപ്പോഴും കോൺസുലേറ്റ്‌ അധികൃതർക്ക്‌ 1‌500 ഡോളർ പ്രതിഫലം നൽകിയെന്നാണ്‌ പ്രതി സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തിയത്‌. ജൂൺ 30ന്‌ തിരുവനന്തപുരത്തെത്തിയ ബാഗേജിൽനിന്നാണ്‌ പതിനാലരക്കോടി രൂപയുടെ 30 കിലോയോളം സ്വർണം കസ്‌റ്റംസ്‌ പിടിച്ചത്‌. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷും പി എസ്‌ സരിത്തും സന്ദീപ്‌ നായരും കെ ടി റമീസും ഉൾപ്പെടെ ഏതാണ്ട്‌ 24 പ്രതികളാണുള്ളത്‌.

No comments:

Post a Comment