മഹാമാരിയുടെ കെടുതികൾക്കിടയിലും നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത് ഒന്നാംസ്ഥാനം നിലനിർത്തി കേരളം. മുൻവർഷത്തെ സ്‌കോറിൽനിന്ന് അഞ്ച് പോയിന്റുകൂടി കൂട്ടി 100ൽ 75 പോയിന്റോടെയാണ് 2020–-21ൽ കേരളം വീണ്ടും ഒന്നാമതായത്.
ഹിമാചൽപ്രദേശും തമിഴ്‌നാടും 74 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ബിഹാര്‍ ഏറ്റവും പിന്നിൽ; 52 പോയിന്റ്. ജാർഖണ്ഡ് (56), അസം (57), ഉത്തർപ്രദേശ് (60) എന്നിവയും പിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഡ് മുന്നില്‍.
ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരവും രാജ്യത്തെ പ്രത്യേക സാഹചര്യത്തിലും പ്രഖ്യാപിച്ച, രണ്ടായിരത്തി മുപ്പതോടെ കൈവരിക്കേണ്ട 17 ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് സൂചിക. ദാരിദ്ര്യ നിർമാർജനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം നേരിടൽ, ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തൽ എന്നീ മേഖലകളിലെ മുന്നേറ്റമാണ് കേരളത്തിന് മുതൽക്കൂട്ടായത്. ആരോഗ്യവും ക്ഷേമവും, ക്രമസമാധാനവും നീതിനിർവഹണവും, അസമത്വം കുറയ്‌ക്കൽ, നഗരവികസനം, വന്യജീവി സംരക്ഷണം എന്നീ മേഖലകളിലും കേരളത്തിന്റെ പ്രകടനം മികച്ചതായി.
2018 മുതലാണ് നിതി ആയോഗ് ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്. ആദ്യവർഷം കേരളവും ഹിമാചൽപ്രദേശും ഒന്നാംസ്ഥാനം പങ്കിട്ടു.ലക്ഷ്യങ്ങൾക്കൊപ്പം 115 സൂചകങ്ങളും ഉൾപ്പെടുത്തിയ ഇക്കൊല്ലത്തെ സൂചിക മുൻവർഷങ്ങളിലേതിനെ അപേക്ഷിച്ച് ഏറെ സമ്പുഷ്ടമാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ. രാജീവ്‌കുമാർ പറഞ്ഞു. ‘യുഎൻ ഇന്ത്യ’യുടെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യമേഖലയുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
സാജൻ എവുജിൻ
No comments:
Post a Comment