വാക്‌സിൻ നയംമാറ്റത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിച്ചതിനു പിന്നിൽ കേരളത്തിന്റെ ശക്തമായ ഇടപെടലും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തയച്ചു. ഇതും നിർണായകമായി. സുപ്രീംകോടതിയുടെ നിർദേശങ്ങൾക്കു പുറമെ തുടക്കംമുതലുള്ള കേരളത്തിന്റെ ഇടപെടൽകൂടിയാണ് ഫലം കാണുന്നത്.
വാക്‌സിൻ സൗജന്യമായി നൽകുമെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചത് കേരളമാണ്. നയപ്രഖ്യാപന പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിലും ഇത് വ്യക്തമാക്കി. പുതുക്കിയ ബജറ്റിലും ഇത് ആവർത്തിച്ചു. 1000 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ച് ജനം ആവേശപൂർവം ഏറ്റെടുത്തു. സൗജന്യവാക്‌സിൻ ആവശ്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ കേരളമെമ്പാടും ഉയർത്തിയ പ്രക്ഷോഭവും ദേശീയതലത്തിൽ ശ്രദ്ധനേടി.
വാക്‌സിൻ സൗജന്യമായി കിട്ടാൻ സമ്മർദം തുടരുകയും, ഒപ്പം അതിനായി കാത്തുനിൽക്കാതെ വാക്‌സിൻ വിലയ്‌ക്ക് വാങ്ങുകയും ചെയ്‌തു. മെയ് 31നാണ് മുഖ്യമന്ത്രി 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചത്. ഇതിൽ വാക്‌സിൻ പൂർണമായും കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവയ്‌ക്കണമെന്ന അഭ്യർഥനയാണ് നടത്തിയത്. ഇതേത്തുടർന്ന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാരും കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.
വാക്സിന്‍ നയം : തിരുത്തൽ ഗത്യന്തരമില്ലാതെ
മോഡി സർക്കാർ ഒടുവിൽ വാക്‌സിൻനയം തിരുത്തിയത് ഗത്യന്തരമില്ലാതെ. സ്വകാര്യകമ്പനികൾക്ക് കൊള്ളലാഭം നൽകാനുള്ള സംഭരണനയവും വിലനിർണയവും സുപ്രീംകോടതി കൈയോടെ പിടികൂടിയതും ബിജെപിയിതര സംസ്ഥാന സർക്കാരുകൾ കേന്ദ്രനയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുമാണ് കേന്ദ്രത്തെ മുട്ടുകുത്തിച്ചത്.
പതിനെട്ടുമുതൽ 44 വയസ്സുവരെയുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ സാഹചര്യത്തിൽ കേന്ദ്രബജറ്റിൽ വകയിരുത്തിയ തുക എന്ത് ചെയ്‌തെന്ന് സുപ്രീംകോടതി ഡിവിഷൻബെഞ്ച് ചോദിച്ചിരുന്നു. ബജറ്റിൽ വാക്‌സിനേഷനുവേണ്ടി 35,000 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനങ്ങൾ വാക്‌സിൻ സംഭരിച്ചാൽ അത് വാക്‌സിൻ കമ്പനികൾ തമ്മിൽ മത്സരത്തിന് കാരണമാകുമെന്നും കൂടുതൽ കമ്പനികൾ വാക്‌സിൻ ഉൽപ്പാദനമേഖലയിലേക്ക് ആകർഷിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചത് ദുരൂഹമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വലിയ ഓർഡറുകൾ നൽകുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാരിന് വാക്‌സിൻ വില കുറച്ച് കിട്ടുന്നതെന്ന അവകാശവാദത്തെയും കോടതി ചോദ്യംചെയ്‌തു. അങ്ങനെയെങ്കിൽ 100 ശതമാനവും കേന്ദ്രം സംഭരിച്ചാൽപോരേയെന്നും കോടതി ആരാഞ്ഞു. ഈ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല.കേന്ദ്രനയത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയിതര കക്ഷികളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. മിക്ക സംസ്ഥാനങ്ങളും ഇതിനോട് യോജിച്ചു. കോവിഡ് കൈകാര്യം ചെയ്‌തതിൽ ബിജെപി സർക്കാരുകൾക്ക് സംഭവിച്ച വീഴ്‌ചകൾ ആർഎസ്‌എസിന്റെ പരസ്യവിമർശത്തിനും ഇടയാക്കി.
No comments:
Post a Comment