Tuesday, June 8, 2021

പിന്മാറാൻ സുന്ദരയ്‌ക്ക്‌ പണം ; സുരേന്ദ്രനും പ്രതിയാകും ; പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻമാറ്റിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും പ്രതിയാകും. സുരേന്ദ്രന്റെ അനുയായിയും കൊടകര കുഴൽപ്പണക്കേസിലെ ധർമരാജന്‌ പണം കൈമാറിയ  യുവമോർച്ച മുൻ സംസ്ഥാന ട്രഷററുമായ  സുനിൽ നായിക്കാണ്‌ പിൻമാറാൻ പണം നൽകിയതെന്ന്‌ സുന്ദര പൊലീസിന്‌ മൊഴിനൽകി.  

മൊഴിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ അഴിമതിക്കു പുറമെ, സുന്ദരയെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിൽ വച്ചതിനും ക്രിമിനൽ കേസെടുക്കും.  സുനിൽ നായിക്കിനു പുറമെ, മഞ്ചേശ്വരത്തെ ബിജെപി നേതാക്കളായ സുരേഷ്‌ നായിക്‌, അശോക ഷെട്ടി എന്നിവരും പ്രതികളാകും. കേസ്‌ അന്വേഷിക്കുന്ന ബദിയടുക്ക പൊലീസിന്‌ ഞായറാഴ്‌ചയാണ്‌ സുന്ദര മൊഴി നൽകിയത്‌. ബന്ധുവീട്ടിൽനിന്നാണ്‌ സുന്ദരയെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുവന്നത്‌.

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കണമെന്ന്‌ പരാതിപ്പെട്ട, മഞ്ചേശ്വരത്തെ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശനിൽനിന്ന്‌ പൊലീസ്‌ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ പൊലീസ്‌ തിങ്കളാഴ്‌ച കേസ്‌ രജിസ്റ്റർ ചെയ്യും. കാസർകോട്‌ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ്‌ ഇൻസ്‌പെക്ടർ കെ സലീമാണ്‌ അന്വേഷിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അഴിമതിക്ക്‌ കേസെടുക്കുന്നതിന്‌ കോടതിയുടെ അനുമതി ആവശ്യമുള്ളതിനാൽ വി വി രമേശൻ കാസർകോട്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ തിങ്കളാഴ്‌ച ഹർജി നൽകും.

സുന്ദരയുടെ അമ്മയെ 
ഭീഷണിപ്പെടുത്തി

കഴിഞ്ഞദിവസം ബിജെപി പ്രാദേശിക നേതാക്കൾ  വീട്ടിൽ എത്തിയെന്നും അമ്മയെ ഭീഷണിപ്പെടുത്തി, പണം നൽകിയിട്ടില്ലെന്ന്‌ പറയിപ്പിച്ചതായും സുന്ദര പറഞ്ഞു. ഭീഷണിയുണ്ടെന്ന്‌ പരാതിപ്പെട്ടതിനാൽ കുടുംബത്തിന്‌ പൊലീസ്‌ സംരക്ഷണം അനുവദിച്ചു.

പണം നൽകിയത്‌ യുവമോർച്ചാ മുൻനേതാവ്‌

മാർച്ച്‌ 21നു രാവിലെ സുനിൽ നായിക്‌, സുരേഷ്‌ നായിക്‌, അശോക്‌ ഷെട്ടി എന്നിവരാണ്‌ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാണിനഗറിലെ വീട്ടിൽ എത്തിയതെന്ന്‌ സുന്ദര മൊഴിനൽകി. പിൻവലിക്കാൻ തനിക്ക്‌ ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ബലമായി കാറിൽ കയറ്റി ബിജെപിയുടെ മഞ്ചേശ്വരം ജോഡ്‌ക്കൽ ഓഫീസിലേക്ക്‌ കൊണ്ടുപോയി വൈകിട്ടുവരെ തടഞ്ഞുവച്ചു. 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌, തന്നെ വീട്ടിൽ എത്തിച്ചു. അമ്മയുടെ കൈയിൽ രണ്ടരലക്ഷം രൂപ നൽകി. സുരേന്ദ്രൻ ജയിച്ചാൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞു. പിന്നീട്‌, മൊബൈൽ ഫോണും നൽകി. 22ന്‌ ബിജെപി നേതാക്കൾക്കൊപ്പം കലക്ടറേറ്റിൽ എത്തി നാമനിർദേശപത്രിക പിൻവലിച്ചു.  പണം നൽകിയശേഷം സുന്ദരയ്‌ക്ക്‌ കാവിഷാൾ അണിയിച്ച ചിത്രം സുനിൽ നായിക്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു.

ഇടനിലക്കാരിയായതിന് പ്രസീതയ്ക്ക് സുരേന്ദ്രന്റെ നന്ദി; വാട്‌സാപ് ചാറ്റ് പുറത്ത്

കണ്ണൂർ > സി കെ ജാനുവുമായി ചർച്ചയ്‌ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വാദവും പൊളിഞ്ഞു. ജാനുവുമായി സംസാരിക്കാൻ അവസരമൊരുക്കിയ പ്രസീതയ്‌ക്ക്‌ സുരേന്ദ്രൻ വാട്‌സ്‌ആപ്പിൽ നന്ദി അറിയിച്ചതിന്റെ സ്‌ക്രീൻ ഷോട്ട്‌ പുറത്ത്‌. 

ജനാധിപത്യ രാഷ്‌ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഇത്‌ പുറത്തുവിട്ടത്‌. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ജാനുവിനെ എൻഡിഎയിലെത്തിക്കാൻ സുരേന്ദ്രൻ പത്ത്‌ ലക്ഷം രൂപ നൽകിയെന്ന്‌ പ്രസീത വെളിപ്പെടുത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ നിഷേധിച്ചുള്ള പ്രസ്‌താവന.  ജാനുവിനെ എൻഡിഎയിലെത്തിച്ചതിനും സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനും ഇടനിലക്കാരിയായി പ്രവർത്തിച്ചത്‌ പ്രസീതയാണ്‌. പോസ്‌റ്റിന്റെ ചുരുക്കം: യുഡിഎഫിൽ സീറ്റ് തരപ്പെടുത്താൻ ജാനു ശ്രമം നടത്തുന്നതിനിടയിലാണ്‌  കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കൾ അവരെ നേരിട്ടുവിളിക്കാൻ ശ്രമിച്ചത്‌.

ബിജെപിക്കാരുടെ ഫോൺകോൾ എടുക്കാൻ  ജാനു തയ്യാറായില്ല. ബത്തേരിയിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം പ്രസീത ജാനുവിനെ അറിയിച്ചു. യുഡിഎഫ് സീറ്റ് മോഹിച്ചിരുന്ന ജാനു, തീരുമാനമെടുക്കാൻ  സമയംവേണമെന്നാണ് പ്രതികരിച്ചത്‌. ബിജെപി നേതാക്കളുടെ കോളെടുക്കണമെന്ന്‌ പ്രസീത ആവശ്യപ്പെട്ടത്‌ ജാനു സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ  വിളിച്ചു. പ്രതികരണം ആശാവഹമല്ലാത്തതിനാൽ വീണ്ടും കെ സുരേന്ദ്രൻ പ്രസീതയെ വിളിച്ചു.‘‘അവർ മുന്നണിയിലേക്ക് വരേണ്ട, മത്സരിക്കുകയുംവേണ്ട,  ഞാൻ ഇത്രയും വിളിച്ചിട്ടും ഫോൺ അറ്റൻഡുചെയ്യാത്തത് വിഷമമുണ്ടാക്കുന്നു’’ എന്ന്‌ പറഞ്ഞു. അതിനുള്ള സൗകര്യമുണ്ടാക്കാം എന്നുറപ്പ്‌ നൽകി.    സാമുദായിക സംഘടനയോട് അനുഭാവം  പ്രകടിപ്പിച്ചിരുന്നയാളെ ജാനുവിന്റെ കാട്ടിക്കുളത്തെ വീട്ടിലേക്കയച്ചു.

അയാളുടെ  മൊബൈൽ നമ്പർ സുരേന്ദ്രന്  കൈമാറുകയും ആ ഫോണിലേക്കുവിളിച്ച്‌  സുരേന്ദ്രൻ ജാനുവുമായി സംസാരിക്കുകയുംചെയ്‌തു. ജാനുവുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയതിന്‌ നന്ദി പറഞ്ഞ്‌ ഫെബ്രുവരി 24നാണ്‌ സുരേന്ദ്രൻ വാട്സ്ആപ്‌ സന്ദേശം അയച്ചത്‌.

കുഴൽപ്പണം തട്ടൽ: ധർമരാജൻ 
ആദ്യം വിളിച്ചത്‌ ബിജെപി ഉന്നതരെ ; കവർച്ച നടന്ന പുലർച്ചെ നാലരക്കുശേഷം 
ഏഴ്‌ പ്രധാന നേതാക്കളെ വിളിച്ചു

കൊടകരയിൽ  കുഴൽപ്പണം കവർച്ച നടന്ന ദിവസം ധർമരാജൻ ആദ്യം വിളിച്ചത്‌ ബിജെപി ഉന്നതനേതാക്കളെ.  കുഴൽപ്പണം കവർന്ന ഏപ്രിൽ മൂന്നിന്‌ പുലർച്ചെ  നാലരക്കുശേഷം ഏഴ്‌ പ്രധാന നേതാക്കളെ വിളിച്ചതായി  അന്വേഷകസംഘം‌ സ്ഥിരീകരിച്ചു.  രണ്ടുദിവസമായി ഫോൺവിളികളുൾപ്പെടെ  ഡിജിറ്റൽ രേഖകളും  പ്രതികളുടെയും ബിജെപി നേതാക്കളുടെയും മൊഴികളും പരിശോധിച്ചു വരികയാണ്‌.

കവർച്ച നടന്ന ദിവസം  പുലർച്ചെ  ധർമരാജൻ നേതാക്കളെ വിളിച്ചത്‌ സംഭവത്തിൽ ബിജെപിയുടെ ബന്ധത്തിന്റെ തെളിവാണ്‌.   ധർമരാജന്‌  കുഴൽപ്പണ ഇടപാടാണെന്ന്‌ പൊലീസ്‌ കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌. ഇയാൾ സ്‌പിരിറ്റ്‌ കേസിൽ ഉൾപ്പെടെ ജയിലിൽ കിടന്നതിന്റെ വിവരങ്ങളും ശേഖരിച്ചു.

ധർമരാജന്റെ  കോൾ ലിസ്‌റ്റ്‌   പ്രകാരമാണ്‌ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ,  സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌,   മധ്യമേഖലാ സംഘടനാ  സെക്രട്ടറി കാശിനാഥൻ, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ്‌ തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്‌തത്‌.  ഇവർ നൽകിയ മൊഴികൾ പൊലീസിന്‌ ലഭിച്ച ഡിജിറ്റൽ രേഖകളുമായി വൈരുധ്യമുണ്ടെന്ന്‌ കണ്ടെത്തി.

deshabhimani 

No comments:

Post a Comment