മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയ സുപ്രീംകോടതി വിധിയിലെ കണ്ടെത്തല്‍ ഒട്ടേറെ കേസിൽ ബിജെപി സർക്കാരുകൾക്ക് തിരിച്ചടി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിച്ചതിനും സർക്കാരിനെ വിമർശിച്ചതിനും ബിജെപി സര്‍ക്കാരുകള്‍ ഡസൻകണക്കിനു മാധ്യമപ്രവർത്തകരുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിൽനിന്ന് മാധ്യമപ്രവർത്തകർക്ക് സംരക്ഷണമുണ്ടെന്ന 1962ലെ കേദാർനാഥ് സിങ് കേസ് വിധി ഉദ്ധരിച്ച് സുപ്രീംകോടതി രണ്ടംഗബെഞ്ച് വ്യക്തമാക്കിയതോടെ ഇവയില്‍പലതും അപ്രസക്തമാകും.
ജനുവരിയിൽ ഡൽഹിയിൽ കർഷകസമരത്തിനുനേരെ ഉണ്ടായ പൊലീസ് നടപടിയെ വിമർശിച്ചതില്‍ അടക്കം പ്രമുഖ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസെടുത്തു.
രാജ്‌ദീപ് സർദേശായ് (ഇന്ത്യ ടുഡെ), മൃണാൽ പാണ്ഡെ (നാഷണൽ ഹെറാൾഡ്), സഫർ അഗ്‌ഫ (ക്വാമി ആവാസ്), പരേഷ് നാഥ്, വിനോദ് കെ ജോസ് (ദി കാരവൻ) എന്നിവർ പ്രതികളായി.
ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിദ്ധാർഥ് വരദരാജന്റെ (ദി വയർ) പേരിൽ യുപി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ദവൽ പട്ടേൽ (ഗുജറാത്ത്), കിഷോർ ചന്ദ്ര വാങ്‌കെ (മണിപ്പുർ) എന്നിവരും ഇതേ കുറ്റം ചുമത്തപ്പെട്ടവരാണ്. ഉത്തർപ്രദേശിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുണ്ട്.
കേദാർനാഥ് സിങ് കേസ്
രാജ്യദ്രോഹക്കുറ്റം ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോയെന്ന വിഷയമാണ് 1962ൽ കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതി പരിശോധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124എ വകുപ്പിന്റെ നിയമസാധുത രാജ്യസുരക്ഷ മുൻനിർത്തി ശരിവച്ചെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആ വകുപ്പ് ഉപയോഗിക്കരുതെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ച് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക് എതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത്. ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള എഴുത്തോ പ്രസംഗമോ രാജ്യദ്രോഹപരമാണ്. എന്നാൽ, സർക്കാരിനോ ഭരണാധികാരികൾക്കോ എതിരെ ശക്തമായ ഭാഷയിലുള്ള വിമർശം രാജ്യദ്രോഹമല്ല. തെറ്റെന്ന് തനിക്ക് ബോധ്യമുള്ള നടപടി തിരുത്തിക്കാൻ സമാധാനപരമായ രീതിയിൽ ഉന്നയിക്കുന്ന വിമർശങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.
ബിഹാറിലെ ബെഗുസെരായിയിലെ ബരോനി ഫ്ലാഗ് ഗ്രാമത്തിലെ ഫോർവേഡ് കമ്യൂണിസ്റ്റ് പാർടി നേതാവായ കേദാർനാഥ് സിങ് 1953ൽ സർക്കാരിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കേസെടുത്തു. ‘ബ്രിട്ടീഷുകാരെപ്പോലെ പ്രവർത്തിക്കുന്ന കോൺഗ്രസ് ഗുണ്ടകൾ ലാത്തിയും വെടിയുണ്ടയും കൊണ്ടുള്ള ഭരണമാണ് നടത്തുന്നത്’–- എന്നായിരുന്നു പരാമർശം.
No comments:
Post a Comment