ആമുഖംമുതൽ എല്ലാ ഇടങ്ങളിലും സർവതലസ്‌പർശിയായി പൊതുജനാരോഗ്യം പരിഗണിക്കപ്പെട്ടെന്നതാണ് ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ബജറ്റ് ജനങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം അതിന്റെ ആമുഖത്തിൽത്തന്നെ വ്യക്തമാണ്. ‘തന്ത്രത്തിൽ ചില പ്രധാന മാറ്റങ്ങൾ ആവശ്യപ്പെടുന്നു. മഹാമാരിയെ ചെറുത്തുതോൽപ്പിക്കുക എന്നത് വികസനത്തിന്റെ മുന്നുപാധിയായി മാറിയിരിക്കുന്നു. എല്ലാത്തിനുംമുമ്പേ ആരോഗ്യം അഥവാ ഒന്നാമത് ആരോഗ്യം എന്ന ഉറച്ചനിലപാട് സ്വകീരിക്കാൻ നിർബന്ധിതരായിരിക്കുന്നു. ആരോഗ്യരക്ഷയ്‌ക്കുള്ള തന്ത്രംതന്നെയാണ് ബജറ്റിൽ വികസനതന്ത്രമായി മാറുന്നതും’–- ഈ വാചകങ്ങളിൽ കോവിഡ് രണ്ടാംതരംഗ പ്രതിസന്ധിഘട്ടത്തിൽ ജനക്ഷേമത്തിന്റെ ദീർഘവീക്ഷണ കാഴ്‌ചപ്പാടിന്റെ സത്ത മുഴുവൻ ഉൾക്കൊള്ളുന്നുണ്ട്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ സംരക്ഷണ പദ്ധതികൾക്കു പുറമെ ആരോഗ്യരക്ഷയ്‌ക്കുള്ള ആറിന കർമപദ്ധതി സർക്കാരിന്റെ ദീർഘവീക്ഷണത്തിന് നേർസാക്ഷ്യമാണ്. മഹാമാരിക്കാലത്ത് സിഎച്ച്‌സികൾമുതൽ പകർച്ചവ്യാധി ഐസൊലേഷൻ വാർഡുകൾ, ആശുപത്രികളിൽ കേന്ദ്രീകൃത അണുവിമുക്ത പദ്ധതി, പകർച്ചവ്യാധികൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക്, പീഡിയാട്രിക് ഐസിയു വാർഡുകൾ എന്നിവയെല്ലാം ആരോഗ്യ സംരക്ഷണത്തിനുള്ള അതിസൂക്ഷ്‌മ പദ്ധതികളാണ്.
സാംക്രമിക രോഗനിവാരണത്തിന് വ്യക്തമായ വീക്ഷണത്തോടെ ബജറ്റിൽ പദ്ധതികൾ ഇടംനേടി എന്നതാണ് മറ്റൊരു സവിശേഷത. കോവിഡിനുശേഷം ഏത് മഹാമാരി വന്നാലും അനുഭവപാഠങ്ങളിൽനിന്ന് അവയെ നേരിടാൻ കേരളത്തിന് കരുത്തുനൽകുന്ന പദ്ധതികളാണ് പുതുക്കിയ ബജറ്റിലുള്ളത്. കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാൻ 500 കോടി രൂപ കൂടി അധികമായി നൽകി 1500 കോടി രൂപയാക്കി ഉയർത്തി. അതിദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും ഭക്ഷണം, തൊഴിലില്ലായ്‌മ തുടച്ചുനീക്കൽ തുടങ്ങി പുതുക്കിയ ബജറ്റിലെ മുഴുവൻ വികസന പദ്ധതികളും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.
ഡോ. ടി എസ് അനീഷ്
(അസോസിയറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്)
കടലിന്റെ മക്കളുടെ കണ്ണീരൊപ്പുന്ന ബജറ്റ് : കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ
കടലിന്റെ മക്കളുടെ കണ്ണീരൊപ്പുന്ന ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു). തീരദേശത്തെ ദുരിതാവസ്ഥ പൂർണമായും മാറ്റാൻ ദീർഘകാല പരിഹാര പദ്ധതിക്കായി 5300 കോടി രൂപയാണ് വകയിരുത്തിയത്. കടലേറ്റവും കടലാക്രമണവും തടയുന്നതിനായി ശാസ്ത്രീയ പഠനം നടത്തി പദ്ധതികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.
മത്സ്യത്തൊഴിലാളി ജനതയുടെയും തീരദേശമേഖലയുടെയും സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചതെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയും പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റ് സ്വാഗതാർഹം: പ്രവാസി സംഘം
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക ഊന്നൽ നൽകാനുള്ള സംസ്ഥാന ബജറ്റ് നിർദേശം സ്വാഗതാർഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 170കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിനേക്കാൾ തുക വർധിപ്പിച്ചതും ശ്ലാഘനീയമാണ്. 14 ലക്ഷത്തിലേറെപ്പേർ കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയെന്നാണ് ബജറ്റ് രേഖയിൽ വ്യക്തമാക്കുന്നത്. പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കാൻ കഴിയേണ്ടതുണ്ട്.
നമ്മുടെ ബാങ്കുകൾ ഇപ്പോഴും പുനരധിവാസ പദ്ധതികളിൽ വെെമുഖ്യം പുലർത്തുന്നു. സമയബന്ധിതമായി പ്രോജക്ടുകൾ നടപ്പാക്കാൻ പ്രവാസികളെ സഹായിക്കുന്ന നയം ബാങ്കുകൾ കൂടി പുലർത്തിയാലേ സ്വയം തൊഴിൽ നയം വിജയകരമാവൂ. പ്രവാസി ക്ഷേമ നിധിയിൽനിന്നുള്ള പെൻഷൻ വർധിപ്പിക്കാൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായതാണ്. ഇക്കാര്യത്തിലുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. ഗൾഫ് രാജ്യങ്ങളിലെ നിയമ സഹായത്തിന് സർക്കാർ ഏർപ്പെടുത്തിയ സെല്ലുകളുടെ പ്രവർത്തനം എത്രമാത്രം വിജയകരമായി എന്ന് അവലോകനം നടത്തണമെന്നും അബ്ദുൾഖാദർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
കാർഷികമേഖലയ്‌ക്ക് പ്രതീക്ഷയേകുന്ന ബജറ്റ്
കോവിഡ് മഹാമാരിക്കാലത്ത് പുതിയ നികുതികൾ പ്രഖ്യാപിക്കാതെയുള്ള ബജറ്റ് കാർഷികമേഖലയ്‌ക്ക് പ്രതീക്ഷയേകുമെന്ന് കേരള കർഷകസംഘം. കാർഷികമേഖലയ്ക്ക് 2000 കോടി രൂപ നാലു ശതമാനം പലിശയ്ക്ക് നല്കുമെന്ന പ്രഖ്യാപനം കാർഷികരംഗത്ത് പുത്തനുണർവേകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ അഭിപ്രയപ്പെട്ടു.
കാർഷിക സേവന ശൃംഖല എന്ന ആശയവും കൃഷിഭവനുകൾ സ്മാർട്ടാക്കാൻ പത്തുകോടി നീക്കിവച്ചതും മികച്ച തീരുമാനങ്ങളാണ്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്ന പ്രഖ്യാപനം കാർഷികരംഗത്ത് സ്ത്രീകളുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയാണ്. കാർഷികമേഖലയ്ക്ക് മുൻഗണന നൽകുന്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ കേരള കർഷകസംഘത്തിനുവേണ്ടി അഭിവാദ്യംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ബജറ്റ് വൈവിധ്യപ്രവർത്തനങ്ങളുടെ തുടർച്ച: കെഎസ്‌ടിഎ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ തുടർച്ച ലക്ഷ്യംവയ്‌ക്കുന്ന പുതിയ ബജറ്റ് നിർദേശങ്ങളെ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
കോവിഡാനന്തര ലോകത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കി പുതിയ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനുള്ള ബജറ്റ് നിർദേശങ്ങൾ അഭിനന്ദനാർഹമാണ്. ഡിജിറ്റൽ പഠനവുമായി വീടുകളിൽ കഴിയുന്ന കുട്ടികളുടെ പ്രയാസങ്ങൾ പഠിക്കാൻ വിദ്യാഭ്യാസ- –-ആരോഗ്യ–- -സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ബജറ്റിൽ പറയുന്നു. ഭാവിയെപ്പറ്റിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും അതത് വിദ്യാലയത്തിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമൊരുക്കുമെന്നത് അടക്കമുള്ള മറ്റ് ബജറ്റ് പ്രഖ്യാപനങ്ങളും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകുമെന്ന് ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രസ്താവനയിൽ അറിയിച്ചു.
No comments:
Post a Comment