Monday, June 14, 2021

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയത്; എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരുക: ഐഷ സുല്‍ത്താന

കൊച്ചി > ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ താന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്ന് ഐഷ പറഞ്ഞു. 'തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്.'-ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

F.I.R ഇട്ടിട്ടുണ്ട്...

രാജ്യദ്രോഹ കുറ്റം

പക്ഷെ

സത്യമേ ജയിക്കൂ...

കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും

നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കും.

ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്...

ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം...

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്

എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...

രാജ്യദ്രോഹക്കേസ്‌: ഐഷ സുൽത്താന മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി> രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താന  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് ഐഷാ സുൽത്താനയുടെ പ്രധാന വാദം.

തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ആണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ആണ് ആവശ്യം. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം ഉപയോഗിക്കുന്നുവെന്ന പരാമർശങ്ങളുടെ പേരിൽ ആണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹ കേസ് പിന്‍വലിക്കണം: ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം> ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ഐഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഐഷ സുല്‍ത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോരാട്ടത്തില്‍ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും മന്ത്രി ഐഷയ്ക്ക് വാഗ്ദാനം ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും  വി ശിവന്‍കുട്ടി വ്യക്തമാക്കി

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി: വി ശിവദാസന്‍ എംപി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡോ.വി ശിവദാസന്‍ എംപി. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണെന്നും ശിവദാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വി ശിവദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂവടെ

ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി.

ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?

മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ?

തെറ്റായ നയങ്ങളിലൂടെ ദ്വീപില്‍ മഹാമാരി പടര്‍ത്താന്‍ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?

ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?

സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത് രാജ്യദ്രോഹമാണോ?

ആവര്‍ത്തിക്കുന്നു,

ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്.  

എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല

എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല

എന്റെ രാജ്യം സ്‌നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല

എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല

ഐഷ സുല്‍ത്താനയ്ക്കും

പൊരുതുന്ന ലക്ഷദ്വീപിനും

ഐക്യദാര്‍ഢ്യം..

No comments:

Post a Comment