പെട്രോളിൻ്റെയും ഡീസലിൻ്റെയും അടിക്കടിയുള്ള വിലവർധനവിന് കാരണമായത്, കോൺഗ്രസ് ബിജെപി സർക്കാറുകൾ നടത്തിയ എണ്ണ ഖനന ,സംസ്കരണ,വിതരണമേഖലകളുടെ സ്വകാര്യവൽക്കരണവും വിലനിർണയനാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടികളുമാണ്.
1990 കളിൽ റാവു സർക്കാറിൻ്റെ കാലത്താരംഭിച്ചതും മോഡി സർക്കാർ ഗതിവേഗം കൂട്ടിയതുമായ ഇന്ധന മേഖലയുടെ സ്വകാര്യവൽക്കരണ നയങ്ങളെ കുറിച്ച് അജ്ഞത സൃഷ്ടിച്ച് കൊണ്ട് സംസ്ഥാന സർക്കാരുകളുടെ എക്സ്സൈസ് നികുതി വരുമാനവിഹിതം ഉപേക്ഷിക്കണമെന്ന വാദമുയർത്തി വിലവർധനവിനെതിരായ ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് ബിജെപിയും കോൺഗ്രസുകാരും ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് പെട്രോൾ, ഡീസൽ ,പാചകവാതക വില അടിക്കടി വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. കമ്പനികളും കേന്ദ്രസർക്കാറും ചേർന്ന് നടത്തുന്ന ഇന്ധന ക്കൊള്ളയെ കുറിച്ച് മൗനം പാലിച്ച് സംസ്ഥാന സർക്കാർ എണ്ണവില കൂടി ജിഎസ്ടിയിലേക്ക് വിടണമെന്നാവശ്യപ്പെടണമെന്നും സംസ്ഥാന സർക്കാർ അവരുടെ നികുതി വിഹിതം ഉപേക്ഷിക്കണമെന്നുമാണ് യു ഡി എഫുകാർ വാദിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ 2020ൽ 2.3 ലക്ഷം കോടി രൂപയാണ് എണ്ണയുടെ എക്സ്സൈസ് ഡ്യൂട്ടി ഇനത്തിൽ മാത്രം ജനങ്ങളെ കൊള്ളയടിച്ചതത്രേ!
എക്സൈസ് ഡ്യൂട്ടിവിഹിതം കേന്ദ്രസർക്കാറിന് 58% വും സംസ്ഥാന സർക്കാറുകൾക്ക് 42%വുമായിട്ടാണ് പങ്ക് വെക്കപ്പെടുന്നത്. സംസ്ഥാനങ്ങൾക്ക് അത് വിതരണം ചെയ്യപ്പെടുന്നത് ജനസംഖ്യാനുപാത അടിസ്ഥാനത്തിലാണ്. ഇന്ത്യൻ ജസംഖ്യയുടെ 2.7% മാത്രമാണ് കേരളത്തിലെ ജനസംഖ്യ.
യു പി പോലുള്ള സംസ്ഥാനങ്ങൾക്കാണ് നല്ലതോതിൽ ജനസംഖ്യാനുപാതികമായ നികുതി വരുമാനവിതരണത്തിൻ്റെ ആനുകൂല്യം ലഭിക്കുക. കേരളത്തിന് ഡീസലിന് 5.60 പൈസയും പെട്രോളിന് 3.45 പൈസയുമാണ് എക്സ് സൈസ് ഡ്യൂട്ടി വിഹിതമായി ലഭിക്കുക. യു പി ക്ക് ഡീസലിന് 55 പൈസയും പെട്രോളിന് 30 പൈസയും ലഭിക്കും.സംസ്ഥാനങ്ങളുടെ നികുതി വരുമാനമാകെ കേന്ദ്ര സർക്കാർ പിടിച്ചുപറിച്ചെടുക്കാനായിട്ടാണ് ജി എസ് ടി കൊണ്ടുവന്നതെന്ന കാര്യം കോൺഗ്രസുകാർ മറന്നുകളയുകയാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും കഴിഞ്ഞ വർഷം നവംബർ 20ന് ശേഷമുള്ള തുടർച്ചയായ വിലവർധനവ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കെത്തിയിരിക്കുകയാണ്.പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമിപ്പോൾ റെക്കോർഡ് വിലയാണ്. രണ്ടാഴ്ചയോളമായി എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുകയാണ് എണ്ണ കമ്പനികൾ. രാജ്യത്താദ്യമായി പെട്രോൾ വില 100 രൂപ കടന്നിരിക്കുന്നു. രാജസ്ഥാൻ സംസ്ഥാനത്താണ് പെട്രോൾ വില 100 രൂപ കടന്നിരിക്കുന്നത്. ഡീസൽ ലിറ്ററിന് 90 രൂപയായി.പാചക വാതകവില 800 രൂപയായി ഉയർത്തിയിരിക്കുന്നു.
കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ കഴിഞ്ഞു. വില ഉയർത്തൽ ഒരു പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മോഡി സർക്കാറും എണ്ണകമ്പനികളും.ജനങ്ങളെ പിഴിഞ്ഞൂറ്റി കോർപ്പറേറ്റുകളെ തടിപ്പിച്ചെടുക്കുന്ന കലാപരിപാടിയാണ് മോഡി സർക്കാറിന് പെട്രോളിയം - പാചക വാതക വില വർധിപ്പിക്കലെന്ന് വന്നിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നട്ടം തിരിയുന്ന ജനങ്ങളെ വില വർധനവിൻ്റെ നിലമില്ലാക്കയങ്ങളിലേക്ക് എടുത്തെറിയുകയാണ് ഹിന്ദുത്വവാദികളുടെ കേന്ദ്ര സർക്കാർ.
ഇന്ധനവില വർധന ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളിലും അധികഭാരം ഏറ്റുവാങ്ങേണ്ടതിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. നിത്യേനയെന്നോണം എണ്ണ വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ പിടിച്ചു നിർത്താനാവാത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുന്നത്. ആവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും ചാർജ്ജും വർധിച്ച് ജനജീവിതം കൂടുതൽ ദുരിത പൂർണ്ണമായി തീരുകയാണ്. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാർക്കുകൊണ്ടു ജീവിതം തന്നെ അസാദ്ധ്യമാകുകയാണ്.
ജനങ്ങളുടെ ജീവിതദുരിതങ്ങൾ അനുദിനം കൂടി വരുന്നതിലൊന്നും മോഡി സർക്കാറിന് ഒരു ഉൽകണ്ഠയുമില്ല. ജനങ്ങളുടെ ജീവിതമല്ല എണ്ണ കമ്പനികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ ലാഭ മോഹങ്ങളാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നത്.കുത്തക മൂലധനശക്തികൾക്ക് രാഷ്ട്ര സമ്പത്തും ജനങ്ങളെയും കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണവർ. യു പി എ സർക്കാറും എൻ ഡി എ സർക്കാറും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില നിർണയനം കമ്പനികളെ ഏല്പിച്ച് യഥേഷ്ടം വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ സൗകര്യമൊരുക്കിയ തോട് കൂടിയാണല്ലോ ഇന്ധന വിലവർദ്ധനവ് ദൈനംദിനം സംഭവിക്കുന്ന കലാപരിപാടിയായി മാറിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുമ്പോഴും അതിന് ആനുപാതികമായ വിലക്കുറവ് ഇന്ത്യയുടെ ആഭ്യന്തര മാർക്കറ്റിൽ സംഭവിക്കുന്നില്ലായെന്നു മാത്രമല്ല അനുദിനം വില കൂടി റെക്കോഡ് നിലവാരത്തിലേക്ക് കുതിക്കുകയാണ്. മോഡിക്ക് 56 ഇഞ്ച് നെഞ്ച് വിരിച്ച് അഭിമാനിക്കാം ലോകത്തിൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം തൻ്റെ ആർഷ പാരമ്പര്യം പേറുന്ന ഇന്ത്യയിലാണെന്ന്! കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ ഇന്ത്യയിൽ 14% ഓളമാണ് ഇന്ധന വില വർധിച്ചത്.ഇന്ത്യയിലെ വിലയേക്കാൾ പകുതി വിലയേ അമേരിക്കയിലും ചൈനയ്ക്കലുമെല്ലാം പെട്രോൾ വില്ക്കുന്നത്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും വില എത്രയോ കുറവാണ്. നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നും പെട്രോൾ വാങ്ങിക്കാനായി ആളുകൾ അതിർത്തി മേഖലകളിൽ തള്ളിക്കയറുന്ന ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നേപ്പാളിന് കുറഞ്ഞ വിലക്ക് ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ നൽകുന്ന പെട്രോളാണ് അവിടെ വില്പനക്കെത്തുന്നതെന്നാണ് കൗതുകകരമായ കാര്യം.
ഇവിടെ എണ്ണ കമ്പനികളും കേന്ദ്ര സർക്കാറും ചേർന്ന് നിരന്തരമായി വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. എണ്ണ വിലക്ക് കാരണം പറയുന്നത് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിൻ്റെ വിലക്കയറ്റമായിരുന്നല്ലോ. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളനുസരിച്ച് ഇവിടെ വില കൂട്ടുകയാണ് പതിവ്. എന്നാൽ കോവിഡും ലോക്ക്ഡൗണും തുടർന്നുള്ള സാഹചര്യത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ തുടർച്ചയായി ക്രൂഡ് വില കുറഞ്ഞു. അതിനനുസരിച്ചുള്ള വിലക്കുറവ് ഇന്ത്യൻ വിപണിയിൽ ഉണ്ടായില്ലായെന്ന് മാത്രമല്ല ഭീകര വിലക്കയറ്റമാണ് ഓരോ ദിവസവും പെട്രോളിനും ഡീസലിനുമുണ്ടായത്.തുടർച്ചയായി ഒരാചാരം പോലെ നിത്യേന വില കൂടി കൊണ്ടെയിരിക്കുന്നു.
വില നിശ്ചയിക്കുന്നതിൽ പ്രധാനമായിരിക്കുന്നത്, അതായത് വില നിർണയനത്തിൻ്റെ 40% ഓളം സ്വാധീനിക്കുന്നത് ക്രൂഡ് വില തന്നെയാണ്. ബ്രെൻ്റ് ക്രൂഡു ഓയിലിൻ്റെ വിലയെന്നത് അതിൻ്റെ ഇറക്കുമതിച്ചെലവുമായി ചേർന്നതാണ്. ഡോളർ, രൂപ വിനിമയമൂല്യവുമായി ബന്ധപ്പെട്ടതാണ് ഇറക്കുതിചെലവ് എന്നത് .വിവിധ നികുതികൾ, ശുദ്ധീകരണ ചെലവ്, ചരക്ക് നീക്കം, കമ്മീഷനുകൾ തുടങ്ങിയവയെല്ലാം ഇന്ധനവില നിർണയത്തിൻ സ്വാധീനഷ്ടകങ്ങളായുണ്ടു.പ്രധാന ഘടകമായിരിക്കുന്നത് ക്രൂഡ് വില തന്നെയാണ്. എന്നിട്ടും എന്താണ് അന്താരാഷ്ട്ര ക്രൂഡ് വിലക്കനുസൃതമായി ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ കുറവുണ്ടാകാത്തത്? കുറയുന്നതിന് പകരം ഓരോ ദിനവും വില കൂടി കൊണ്ടിരിക്കുന്നത്?
മോഡി അധികാരത്തിൽ വന്നകഴിഞ്ഞ 2014 മുതലുള്ള കണക്കുകൾ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം.അത് ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാറും കോർപ്പറേറ്റുകളും നടത്തുന്ന പകൽക്കൊള്ള എത്ര ഭീകരമാണെന്ന് നമുക്ക് മനസിലാക്കി തരും.
2014ൽ അസംസ്കൃത എണ്ണ വില അന്താരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 109 ഡോളറായിരുന്നപ്പോൾ പെട്രോൾ വില കേരളത്തിൽ ലിറ്ററിന് 77 രൂപയായിരുന്നു. 2020 ജനുവരിയിൽ അസംസ്കൃത എണ്ണയുടെ ശരാശരിവില ബാരലിന് 64 ഡോളർ.പെട്രോളിന് 77 രുപ .
ഫിബ്രവരിയിൽ ക്രൂഡ് വില 55 ഡോളർ പെട്രോൾ വില 74 രൂപ.
മാർച്ച് പകുതിയിൽ ക്രൂഡ് വില 35 ഡോളർ പെട്രോൾ വില 71.51 രൂപ
ഏപ്രിലിലെ ശരാശരി വില 19.9 ഡോളർ പെട്രോൾ വില 71.51 രൂപ
മെയ് മാസത്തിലെ ശരാശരി വില 29.63 ഡോളർ പെട്രോൾ വില 72.51 രൂപ
ജൂൺ മാസം ക്രൂഡ് 40 ഡോളർ പെട്രോൾ വില 73.26 രൂപ
ആഗസ്ത് മാസം ക്രൂഡ് വില 47.5 ഡോളർ പെട്രോൾ വില 81.26 രൂപ
നവംബർ മാസം ക്രൂഡ് വില 46.84 ഡോളർ പെട്രോൾ വില 82.60 രൂപ
ഡിസംബർമാസം ക്രൂഡ് വില 49.25 ഡോളർ പെട്രോൾവില 83.66 രൂപ
2021 ജനുവരി മുതൽ ക്രൂഡ് വില 50 ഡോളറിനുംതാഴോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്രോൾവില 100 രുപയോട് അടുക്കുന്നതും ഡീസൽ വില 90 കടന്നിരിക്കുന്നതും.
ഈ കണക്കുകൾ തന്നെ കേന്ദ്ര സർക്കാരും റിലയൻസുൾപ്പെടെയുള്ള കോർപ്പറേറ്റുകളും ഇന്ധനവില വർധനവിലൂടെ നടത്തി കൊണ്ടിരിക്കുന്ന നിരന്തരമായ കൊള്ളയെയാണ് കാണിക്കുന്നത്. ഈ കോവിഡു കാലത്ത് നടത്തുന്ന ഇന്ധന വില വർധനവെന്ന തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സർക്കാർ തന്ന വിശദീകരണം വിചിത്രം തന്നെയാണ്! ലോക്ഡൗണിനെ തുടർന്നുണ്ടായ നികുതി നഷ്ടം മൂലമാണ് എക്സ്സൈസ് നികുതി നിരന്തരം വർധിപ്പിക്കേണ്ടി വരുന്നത്. കഴിഞ്ഞവർഷം മാത്രം തീരുവ വർധനവിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്നും തട്ടിയെടുത്തത് 2.25 ലക്ഷം കോടി രൂപയാണ്. ലോക്ക് ഡൗൺ സർക്കാറിനുണ്ടായ നഷ്ടം പരിഹരിക്കാൻ ഇന്ധന തീരുവ കൂട്ടിയ മോഡി സർക്കാർ 9 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകുടുംബങ്ങളുടെ പൊതുമേഖലാ ബാങ്കുകളിലെ കടം എഴുതി തള്ളികൊടുത്തത്.
ലക്ഷക്കണക്കിന് കോടികളാണ് കുത്തകകൾക്ക് ബജറ്റ് വഴി നികുതിയിളവുകളായി നൽകിയത്. കോർപ്പറേറ്റുകൾക്ക് വലിയ ലാഭക്കച്ചവടമായി ഇന്ധന വില മാറിയിരിക്കുന്നു. കേന്ദ്ര സർക്കാറാവട്ടെ തങ്ങളുടെ വലിയ വരുമാനമാർഗമാക്കി പെട്രോൾ, ഡീസൽ വ്യാപാരത്തെ മാറ്റിക്കഴിഞ്ഞു. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും നികുതി കുട്ടിയും സബ്സിഡി സഹായങ്ങൾ ഇല്ലാതാക്കിയും ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകൾക്ക് സൗജന്യങ്ങളും സഹായങ്ങളും തടസ്സമേതുമില്ലാതെ വാരിക്കോരി കൊടുക്കുന്നതിലാണ് മോഡി സർക്കാർ വ്യാപൃതരായിരിക്കുന്നത്. സംസ്കൃത എണ്ണ സംസ്കരിച്ച് വില്ക്കുന്ന ലാഭത്തെക്കാൾ വൻതോതിൽ നികുതിയും സെപ്പം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് മോഡി സർക്കാർ തല്പരരായിരിക്കുന്നത്.പെട്രോളിൻ്റെ എക്സസൈസ് ഡ്യൂട്ടി 38 രൂപയിലധികം വരും. ഡീസലിന് 40 രൂപയും.
വില നിർണയനാധികാരം കമ്പനികൾക്ക് ഏല്പിച്ചതോടെയാണ് അനിയന്ത്രിതമായ വിലക്കയറ്റം ഇന്ധനവില്പനയിൽ പതിവായത്. എണ്ണ കമ്പനികളുടെ കൊള്ളയും തീരുവ കൂട്ടി ജനങ്ങളെ പിഴിഞ്ഞുറ്റുകയെന്ന സർക്കാറിൻ്റെ നയവുമാണ് തുടർച്ചയായ വിലവർ വർധനവിന് കാരണം.ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നു. പചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.ബാങ്കു അക്കൗണ്ടുകളിൽ സബ്സിഡികൾ ഒഴുകിയെത്തുന്നതിനെ കുറിച്ച് വാചകമടിച്ചവർ പാചകവാതകത്തിന് സബ്സിഡിയെ ഇല്ലാത്ത സ്ഥിതിയിൽ കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു.
1991 ഓടെ ആരംഭിച്ച ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായിട്ടാണ് എണ്ണ പര്യവേഷണ രംഗത്തും ഖനന രംഗത്തും സംസ്കരണരംഗത്തും വിതരണ രംഗത്തും സ്വകാര്യ കുത്തകകൾ കടന്നു വന്നത്. ഒ എൻജിസിയുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുണ്ടായിരുന്ന 100 കണക്കിന് എണ്ണ പ്രകൃതി വാതക പര്യവേഷണപദ്ധതികളും ഖനികളും സംസ്കരണ ശാലകളും റിലയൻസുൾപ്പെടെയുള്ള കോർപ്പറേറ്റ്കൾക്ക് കൈമാറ്റപ്പെടുകയായിരുന്നു. ബ്രഹ്മപുത്ര തടത്തിലും മുംബൈ ഹൈ യിലുമെല്ലാമായി എത്ര പദ്ധതികളാണ് റാവുവും വാജ്പേയും മൻമോഹൻ സിംഗും സ്വകാര്യ മേഖലക്ക് കൈമാറിയത്.
മുക്ത - പന്ന അടക്കം ഒ എൻജിസി എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന രീതിയിൽ വികസിപ്പിച്ച എത്രയെത്ര എണ്ണ ഖനികളാണ് എൻറോൺ മോഡൽ വിദേശ സ്വദേശകുത്തകകൾക്ക് കൈമാറിയത്. എണ്ണ സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കുക എന്ന ലക്ഷ്യം കൈവിട്ട് കോർപ്പറേറ്റ് ബിസിനസ്സാക്കി എണ്ണയുല്പാദന, വിതരണ രംഗത്തെത്ത അധ:പതിപ്പിച്ച നിയോലിബറൽ നയങ്ങളുടെ അനിവാര്യ ഫലമാണ് ഇപ്പോഴത്തെ ഇന്ധനവില വർധനവ്.ജനങ്ങളെയും രാജ്യതാല്പര്യങ്ങളെയും ശത്രുസ്ഥാനത്ത് നിർത്തി കോർപ്പറേറ്റുകളുടെ ദുരമൂത്ത ലാഭ താല്പര്യങ്ങൾക്ക് കീഴടങ്ങിയ നിയോലിബറൽ നയങ്ങളുടെ നടത്തിപ്പപ്പണിയെടുക്കുന്ന കോൺഗ്രസ്- ബി ജെ പി സർക്കാറുകളാണ് ഈ ദുരവസ്ഥക്കുത്തരവാദികൾ
കെ ടി കുഞ്ഞിക്കണ്ണൻ
No comments:
Post a Comment