Wednesday, June 2, 2021

ബിജെപി ഫണ്ട്‌ വെട്ടിപ്പ്‌ : പ്രത്യേക അന്വേഷണവുമായി ആർഎസ്‌എസ്‌

ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിപ്പിലും  കൊടകര കുഴൽപ്പണ കവർച്ചാക്കേസിലും സമാന്തര അന്വേഷണവുമായി ആർഎസ്‌എസ്‌. ബിജെപിയിലെയും ആർഎസ്‌എസിലെയും  ഒരുവിഭാഗം നേതാക്കൾ തട്ടിപ്പിലും കുഴൽപ്പണ കവർച്ചാ നാടകത്തിലും പങ്കാളികളാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണിത്‌.  സംഘപരിവാറിന്‌ അപമാനമായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനെന്ന പേരിലാണ്‌ ആഭ്യന്തര അന്വേഷണം. ആർഎസ്‌എസ്‌ സഹപ്രാന്ത പ്രചാരക്‌  വിനോദിനാണ്‌ അന്വേഷണ ചുമതല.

കള്ളപ്പണബന്ധമുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ടിനെച്ചൊല്ലി ആർഎസ്‌എസ്‌ –-ബിജെപി നേതൃത്വങ്ങൾ തമ്മിൽ മൂർച്ഛിക്കുന്ന ഭിന്നതയുടെ ഭാഗമാണ്‌ സമാന്തര അന്വേഷണം.   കേസിൽ രക്ഷപ്പെടാൻ ബോധപൂർവം ആർഎസ്‌എസിന്റെ പേര്‌ വലിച്ചിഴച്ചുവെന്നാണ്‌ പ്രമുഖ നേതാക്കളുടെ അഭിപ്രായം.  പരാതി നൽകിയ കോഴിക്കോട്ടെ കരാറുകാരനായ ധർമരാജനെയടക്കം ആർഎസ്‌എസ്‌ തള്ളി. ആർഎസ്‌എസ്‌ നോമിനിയായ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ പൊലീസ്‌ ചോദ്യംചെയ്‌തിരുന്നു. ഇതോടെയാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിന്‌ പൊള്ളിയത്‌. പ്രാന്തപ്രചാരകരിൽ ചിലരെക്കൂടി പൊലീസ്‌ ചോദ്യംചെയ്യുമോ എന്ന ഭയവുമുണ്ട്‌.  

കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പിന്റെ പ്രവർത്തന ശൈലിയിൽ ആർഎസ്‌എസ്‌ നേതാക്കൾക്ക്‌ നേരത്തെ മതിപ്പില്ല.  സുരേന്ദ്രനടക്കം പ്രതിക്കൂട്ടിലായ  സാഹചര്യത്തിൽ ആർഎസ്‌എസ്‌ നടത്തുന്ന രഹസ്യാന്വേഷണത്തിന്‌ വലിയ പ്രാധാന്യവും കൽപ്പിക്കുന്നു. അതേസമയം മുഖംരക്ഷിക്കാനുള്ള ആർഎസ്‌എസ്‌ നീക്കമായാണ്‌ ബിജെപിയിലെ പ്രമുഖർ അന്വേഷണത്തെ കാണുന്നത്‌.

സഹപ്രവർത്തകന്‌ വധഭീഷണി: 
ബിജെപി നേതാവിനെതിരെ കേസ്‌

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലെ വിമർശനത്തിന്റെ പേരിൽ  സഹപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്‌.  ഒബിസി മോർച്ച  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിഷി പൽപ്പു നൽകിയ പരാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിക്കെതിരെയാണ്‌ തൃശൂർ വെസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തത്‌. ഫോണിലൂടെ കൊല്ലുമെന്ന്‌  ഭീഷണി മുഴക്കിയതിനും അസഭ്യംവിളിച്ചതിനടക്കമുള്ള വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിനെ തുടർന്ന്‌ റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന്‌  തിങ്കളാഴ്‌ച പുറത്താക്കി.  ഇതേത്തുടർന്ന്‌ ബിജെപിയിൽ ചേരിപ്പോരും രൂക്ഷമായി.

കുഴൽപ്പണക്കേസിലും കത്തിക്കുത്ത്‌ കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നനു റിഷിയുടെ പോസ്‌റ്റ്‌. കേസിൽ റിഷി പൽപ്പുവിനെയും  കെ ആർ ഹരിയെയും  വെസ്‌റ്റ്‌ പൊലീസ്‌ ചൊവ്വാഴ്‌ച സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചപ്പൊഴും റിഷി പൽപ്പു പരാതിയിൽ ഉറച്ചുനിന്നു.

കുഴൽപ്പണക്കടത്തിനെ വിമർശിച്ച വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ കഴിഞ്ഞ ദിവസം എതിർവിഭാഗം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേസിൽ നാലു ബിജെപിക്കാർ അറസ്‌റ്റിലായി. 

നേതാക്കൾ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച്‌ പാർടിയെ നാണം കെടുത്തിയതായാണ്‌  റിഷി പൽപ്പു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്‌. ‘കുഴൽപ്പണക്കേസിൽ പ്രതികരിച്ച സഹപ്രവർത്തകനെ കുത്തി കുടൽ മാല പുറത്തെടുത്തിരിക്കുകയാണ്. കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനുമുണ്ട്‌ ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർടി പൂജ്യമായതിൽ അയൽപക്കത്തേക്ക്‌ നോക്കേണ്ട കാര്യമില്ല. സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർടിയിലേക്കും നോക്കണം’ എന്നായിരുന്നു വിമർശം.  റിഷി പൽപ്പുവിനെ പുകച്ചു പുറത്തുചാടിച്ചതിനു‌ പിന്നിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറാണെന്ന്‌   എതിർവിഭാഗം പറഞ്ഞു.  റിഷി പൽപ്പുവിനെതിരെ സംസ്ഥാന പ്രസിഡന്റിന്‌ പരാതി നൽകിയത്‌ അനീഷാണ്‌.  റിഷി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ആരോപിച്ചായിരുന്നു പരാതി.

deshabhimani

No comments:

Post a Comment