കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ക്ക് ടെൻഡർ നൽകിയതിലും ക്രമക്കേടെന്ന് കണ്ടെത്തൽ. പദ്ധതിക്ക് അനുവദിച്ചതിന്റെ പകുതിയോളം വെട്ടിച്ചതായാണ് വിജിലൻസിന്റെ നിഗമനം. ഓരോ ഘട്ടത്തിലും ഇടപെടലുകൾ നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അഴിമതിയിൽ പങ്കില്ലെന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്‌ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയിൽ 3.58 കോടി രൂപ ചെലവിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയത്. ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്. അബ്ദുള്ളക്കുട്ടിയാണ് പദ്ധതി തയ്യാറാക്കിയതും നടപ്പാക്കാൻ ഇടപെട്ടതും. ടൂറിസം വകുപ്പ് ആദ്യം എതിർത്തെങ്കിലും എംഎൽഎയുടെ സമ്മർദത്തെ തുടർന്ന് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് എല്ലാ കൂടിയാലോചനകളിലും അബ്ദുള്ളക്കുട്ടി പങ്കെടുത്തിരുന്നു. ആവശ്യമില്ലാത്ത യോഗങ്ങളിലും പങ്കെടുത്തതായും രേഖകളുണ്ട്. അഴിമതിയിൽ ടൂറിസം മന്ത്രി അനിൽകുമാറിന് മാത്രമാണ് പങ്കെന്ന അബ്‌ദുള്ളക്കുട്ടിയുടെ വാദം പൊളിക്കുന്ന തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. .
കിറ്റ്‌കോയ്‌ക്ക് ആയിരുന്നു നിർമാണ ചുമതല. കുറഞ്ഞ തുക കാണിച്ച കമ്പനിയെ അവഗണിച്ച് കൂടിയ തുക ആവശ്യപ്പെട്ട കമ്പനിക്കാണ് കിറ്റ്‌കോ ഉപകരാർ നൽകിയത്. ഇതിനായി ഇടപെട്ടവരെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചു. ഗുണമേന്മയില്ലാത്ത ഉപകരണങ്ങളായിരുന്നു ഉപയോഗിച്ചത്. പദ്ധതി നടത്തിപ്പിൽ ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബ്ദുള്ളക്കുട്ടിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്. പദ്ധതിയെക്കുറിച്ച് നിർമാണഘട്ടത്തിൽതന്നെ പരാതി ഉയർന്നിരുന്നു. എസ്‌റ്റിമേറ്റിൽ ഉപകരണങ്ങൾക്ക് രണ്ടുവർഷത്തിനുശേഷമുള്ള വിലയാണ് നിശ്‌ചയിച്ചിരുന്നതെന്നും വിജിലൻസ് കണ്ടെത്തി. പരിപാടി നിലച്ചശേഷം ഉപകരണങ്ങൾ പലതും കമ്പനി എടുത്തുകൊണ്ടുപോയി. അന്വേഷണമുണ്ടാകുമെന്ന ഘട്ടത്തിലാണ് ഉപകരണങ്ങൾ കടത്തിയതെന്നാണ് സൂചന.
അഴിമതി നടന്നതായി ബോധ്യമുണ്ടായിരുന്നുവെന്നും തനിക്കു പങ്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം വിജിലൻസിന് അബ്ദുള്ളക്കുട്ടി മൊഴി നൽകിയത്. ബോധ്യമായിരുന്നുവെങ്കിൽ അത് സർക്കാരിനെയും വിജിലൻസിനെയും അറിയിക്കാതെ മറച്ചുവച്ചതും കുറ്റമാണ്.
No comments:
Post a Comment