1994ൽ തന്നെ സ്വകാര്യവൽക്കരിക്കപ്പെട്ട ബ്രിട്ടീഷ് റെയിൽവേ "ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേ" എന്ന പേരിൽ സമ്പൂർണ ഗവണ്മെന്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലും പുനസ്സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. 1994 വരെ പൊതു ഉടമസ്ഥതയിൽ ആയിരുന്ന ബ്രിട്ടീഷ് റെയിൽവേ, 25 ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ, റെയിൽട്രാക്ക്, സിഗ്നലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവക്കായി പ്രത്യേകം കമ്പനികൾ എന്നിങ്ങനെ വിഭജിച്ച് സ്വകാര്യവല്ക്കരിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്കകം തന്നെ ട്രെയിനുകളുടെ സമയക്രമം അവതാളത്തിലാകുകയും അപകടങ്ങൾ നിത്യസംഭവങ്ങളാകുകയും ചെയ്തു. തുടർന്ന് റെയിൽവേ ട്രാക്ക്, സിഗ്‌നലുകൾ, റെയിൽവേസ്റ്റേഷനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ ഉടമസ്ഥതയും പരിപാലനവും നടത്തിപ്പും എല്ലാംഗവണ്മെന്റ് രൂപീകരിച്ച നെറ്റ് വർക്ക്‍ റെയിലിന് കൈമാറേണ്ടിവന്നു. സ്വകാര്യ ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളാകട്ടെ വരുമാനം കൂടുതൽ ഉള്ള സമയക്രമത്തിലും റൂട്ടുകളിലും മാത്രമായി സർവീസുകൾ പരിമിതപ്പെടുത്തി. മറ്റു സർവീസുകൾ റദ്ദാക്കപ്പെട്ടു. പല സുപ്രധാന റെയിൽവേലൈനുകളും അടച്ചുപൂട്ടപ്പെട്ടു. തിരക്കേറിയ ട്രെയിനുകളും റദ്ദാക്കപ്പെട്ട സർവീസുകളും ഉയർന്ന ചാർജും എന്നതായി ബ്രിട്ടീഷ് റെയിൽവേ. റെയിൽ യാത്ര ജനങ്ങൾക്ക് ഏറെ ദുഷ്കരമായി.
ലാഭം മാത്രം ലാക്കാക്കുന്ന ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ കോവിഡ് മഹാമാരിക്കാലത്ത് സർവിസുകൾ നിർത്തിവച്ചു. റെയിൽവേയുടെ ഉപയോഗം 100ൽനിന്നും 4.6% ആയി കുറഞ്ഞു. തുടർന്ൻ ഗവണ്മെന്റ് കമ്പനികൾ ഏറ്റെടുക്കുകയും 12ബല്ല്യന് പൌണ്ട്സ് സബ്സിഡി നൽകി സർവിസുകളൾ നിലനിർത്തുകയും ചെയ്തു. അതോടൊപ്പം റെയിൽവേ പുനസ്സംഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ '''വില്ല്സ്ഷെയിം'' കമ്മിറ്റിയെ നിയോഗിക്കുകയുമുണ്ടായി. പ്രസ്തുത കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേ ഗവർന്മെന്റ് രൂപീകരിച്ചത്. മാത്രമല്ല, സ്വകാര്യവൽക്കരണം മൂലം അടച്ചുപൂട്ടപ്പെട്ട ലൈനുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പുതിയ ലൈനുകൾക്കും ആധുനീകരണത്തിനുമായി വൻനിക്ഷേപം നടത്താനും ഗവണ്മെന്റ് തീരുമാനിച്ചു.
നേരത്തെ തന്നെ സ്കോട്ട് ലൻഡ്, വെൽഷ് പ്രവിശ്യകൾ തങ്ങളുടെ പരിധിക്കുള്ളിലുള്ള ട്രെയിനുകൾ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് റെയിൽവേക്ക് സമാനമായി നേരത്തേ സ്വകാര്യവൽക്കരണം നടപ്പാക്കിയ അർജൻന്റീനിയൻ റെയിൽവേയും വൻ തകർച്ചയെ തുടർന്ന് ഗവണ്മെന്റ് ഏറ്റെടുക്കുകയും വീണ്ടും ഗതാഗതയോഗ്യമാക്കുന്നതിനു വൻനിക്ഷേപം നടത്തുകയുമാണ്. 2020ലെ നെൽസൺ മണ്ടേല അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞത് പ്രത്യേകം പ്രസക്തമാണ്. "കോവിഡ് മഹാമാരിക്കാലം ഒരു എക്സ്റെയിൽ എന്ന പോലെ നമ്മുടെ ദുർബലമായ സാമൂഹ്യഘടനയിലെ പൊട്ടലുകൾ വ്യക്തമാക്കിത്തരുന്നു. എല്ലാവർക്കും ആരോഗ്യരക്ഷ. പൊതുഗതാഗതം. അടിസ്ഥാന വരുമാനം തുടങ്ങിയ ഒരു പുതുതലമുറ സാമൂഹ്യ സംരക്ഷണ നടപടികൾ ഇന്ന് അനിവാര്യമായിരിക്കുന്നു. വളർന്നു വരുന്ന അസമത്വം അങ്ങേയറ്റം സ്ഫോടനാത്‌മകമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ 26 അതിസമ്പന്നരുടെ സ്വത്ത് ജനസംഖ്യയിൽ 50ശതമാനത്തിന്റേതിനു തുല്യമായിരിക്കുന്നു". ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്ജോൺസൻ ആകട്ടെ കോവിഡ് മുക്തൻ ആയ ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തില് പറഞ്ഞതും വ്യത്യസ്തമല്ല. "താൻ ഒരു ഇടതുപക്ഷക്കാരൻ അല്ല" എന്ന് മുൻ കൂർജാമ്യം എടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞു "ആരോഗ്യ_ഗതാഗതമേഖലകൾ അടക്കമുള്ള സേവനത്തുറകൾ പൊതുമേഖലയിൽ ആയിരിക്കണമെന്ന് കോവിഡ് കാലം എന്നെ പഠിപ്പിച്ചു" ഇത് പെട്ടെന്ന് ഉണ്ടായ വെളിപാട് അല്ല എന്ന് ബ്രിട്ടനിലെ സംഭവ വികാസങ്ങള് നിരീക്ഷിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യമാകും.
ബ്രിട്ടീഷ് റെയിൽവേ പുനർദേശസാൽക്കരിക്കണം എന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. പൊതുസമൂഹത്തിൽ വ്യാപകമായ പിന്തുണയും അതിനു ലഭിച്ചിരുന്നു. മാത്രമല്ല 1989ൽ തന്നെ നടപ്പാക്കിയ ജലവിതരണ രംഗത്തിന്റെ സ്വകാര്യവൽക്കരണം, പ്രൊബേഷൻ സർവീസ്, ശിശുപരിപാലനകേന്ദ്രങ്ങൾ, നഴ്‌സറികൾ, ലണ്ടൻ അണ്ടർ ഗ്രൌണ്ട് റെയിൽവേ, ബ്രിട്ടീഷ് എയറൊസ്പേസ്(1981) എന്നിവകളുടെ സ്വകാര്യവൽക്കരണം എന്നിവ ഗവർന്മേന്റിനു വൻസാമ്പത്തിക നഷ്ടത്തിനും സേവനങ്ങളുടെയാകെ തകർച്ചക്കും സാമൂഹ്യമായി കടുത്ത പ്രത്യാഘാതങ്ങൾക്കുമാണിടയാക്കിയത്. ഇതു സംബന്ധമായ അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് സർക്കാരിന്റെ സജീവ പരിഗണനയിലുമാണ്.
നവലിബറൽ നയങ്ങളുടെ സത്ത പൊതുസേവനങ്ങളുടെയും സ്വത്തുക്കളുടെയും സ്വകാര്യവൽക്കരണം ആണല്ലോ. ആ വക നയങ്ങളുടെ മുഖ്യശില്പി മാർഗരറ്റ് താച്ചർ അവകാശപ്പെട്ടതുപോലെ ഷെയർ ഉടമാ ജനാധിപത്യം ആയിരുന്നില്ല. പൊതുസ്വത്ത് അതിസമ്പന്നർക്കും അധികാരകേന്ദ്രങ്ങളോടുള്ള അടുപ്പക്കാർക്കുമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പൊതുമേഖലാ വിൽപ്പനയുടെ ആദ്യഘട്ടത്തിൽ ഷെയർ ഉടമസ്ഥരായ തൊഴിലാളികൾ പെട്ടെന്നുതന്നെ അവ വിറ്റ് കൈയൊഴിഞ്ഞു. ഗവർന്മെന്റ് എല്ലാ മേഖലകളിൽ നിന്നും വിട്ടു നില്ക്കുകയും സമ്പന്നരുടെ മേലുള്ള നികുതി വേണ്ടെന്നു വച്ചു സർവതന്ത്ര സ്വതന്ത്രമായി കമ്പോള ശക്തികളെ കയറൂരി വിടുകയും ആണ് വേണ്ടെതെന്നാണ് നിയോ ലിബറൽ വക്താക്കൾ ഘോഷിച്ചിരുന്നത്. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോർജ് ബൈഡൻ ആകട്ടെ കോർപറേറ്റുകൾക്ക് കൂടുതൽ നികുതി ചുമത്താനും (3.6 ട്രില്ല്യൻ ഡോളർ) 6 ട്രില്ല്യൻ ഡോളർ ആയി ഗവണ്മെന്റ് ചെലവ് വർധിപ്പിക്കാനും തീരുമാനിച്ചു. വരുമാനത്തിന്റെ പുനർവിതരണം വഴി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്‌ഷ്യം. തൊഴിലില്ലാത്തവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്നു. സൗജന്യ വിദ്യാഭ്യാസം, ശിശുപരിപാലനം, തൊഴിലാളികൾക്ക് ശമ്പളത്തോടെ അവധി, രക്ഷിതാക്കൾക്ക് പ്രതിമാസ സാമ്പത്തിക സഹായം, മിനിമം വേതനം മണിക്കൂറിനു 15 ഡോളർ ആയി വർധിപ്പിക്കൽ, എന്നിവ ഉൾക്കൊള്ളുന്നതാണ് കർമപരിപാടി. വരുമാനം മുകളിൽനിന്നും താഴേതട്ടിലേക്ക് കിനിഞ്ഞിറങ്ങും എന്ന നിയോ ലിബറൽ സിദ്ധാന്തം പാടേ പരാജയപ്പെട്ടു.
താഴേ തട്ടിൽപണം എത്തിച്ചു മാത്രമേ സമ്പൽവ്യവസ്ഥയുടെ ഉത്തേജനം സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. ഇത് ഉൾക്കൊണ്ട് ഇന്ന് ജി 7 രാജ്യങ്ങളും കുറഞ്ഞ കോർപറേറ്റു നികുതി 15% ആകണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഈ സംഭവ വികാസങ്ങൾ ഒന്നും മോഡി സർക്കാർ കണക്കിലെടുക്കുന്നില്ല എന്നതു വിചിത്രം തന്നെ. കോവിഡ് കാലത്തെ ഒരുസുവർണ അവസരമായി കണ്ടു "ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലും ഇല്ല" എന്ന് ഉരുവിട്ട് രാഷ്ട്രസമ്പത്ത് മുഴുവൻ ഒരുപിടി കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് തിടുക്കം കാട്ടുന്നത്. കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സാമ്പത്തിക സഹായവും നൽകുന്നില്ല. എന്നാൽ നവരത്ന കമ്പനികളായ ബി പി സി ൽ ,സ്റ്റീൽ അതോറിറ്റി, ബി ഇ എം എൽ , ലൈഫ് ഇൻഷുറൻസ്, ബാങ്കുകൾ, എല്ലാം വിൽക്കുന്ന തിരക്കിലാണ് മോഡി സർക്കാർ. ഇന്ത്യൻ ജനതയുടെ പൈതൃക സ്വത്തായ റെയിൽവേ കഷണം കഷണം ആക്കി വില്പനയ്ക്കു വച്ചിരിക്കുന്നു. ട്രെയിനുകൾ, കോച്ചു ഫാക്ടറികൾ, എഞ്ചിൻ നിർമാണശാലകള്, വർക്ക് ഷോപ്പുകൾ , റെയിൽവേ സ്റ്റേഷനുകൾ , ഭൂമി, കോളനികൾ, സ്പോർട്സ് സ്റ്റേഡിയം വരെ വില്പനയ്ക്കു വച്ചിരിക്കുകയാണ്.
ഏകോപിത പ്രവർത്തനം റെയിൽവേയുടെ കാര്യക്ഷമതക്കു അനിവാര്യമാണെന്ന് ബ്രിട്ടീഷ്, അർജന്റീനിയൻ അനുഭവങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ ആണ് നാം ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കോവിഡ് മഹാമാരി പകർന്നു നൽകിയ അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പ്രത്യയ ശാസ്ത്ര മുൻവിധികൾ മാറ്റിവച്ച് ലോകമെങ്ങും ഇടതു- വലതു ഭേദമെന്യേ ഭരണാധികാരികൾ സക്രിയമായി ഇടപെടുമ്പോൾ മോഡി ഗവർന്മേന്റിനു തങ്ങളുടെ അനങ്ങാപ്പാറ നയവുമായി എങ്ങനെ, എത്രനാൾ മുന്നോട്ടു പോകാനാകും? ഇനിയെങ്കിലും ഒരു പുനർവിചിന്തനത്തിനു മോഡി സർക്കാർ തയ്യാറാകുമെങ്കിൽ നല്ലത്. അല്ലാത്തപക്ഷം ട്രേഡ് യൂണിയൻ–-തൊഴിലാളി-–-കർഷക സംഘടനകളുടെ ദേശീയ ഐക്യവേദി നടത്തിവരുന്ന പ്രക്ഷോഭ സമര പരിപാടികൾ ഇനിയും സജീവമാകും. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവക്കരണ നടപടികൾക്കെതിരെ ലേബർ കോഡുകൾക്കും കാർഷികനിയമങ്ങൾക്കുമെതിരെ , സാമ്പത്തികസഹായവും സൗജന്യറേഷനും ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തണം. മറ്റു മാർഗങ്ങളില്ല. രാഷ്ട്രീയ–-സംഘടനാ ഭേദമെന്യേ തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുമ്പോൾ വിജയം സുനിശ്ചിതം.
ആർ ജി പിള്ള
(ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ ജോയിൻറ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
No comments:
Post a Comment