ഡൽഹിയുടെ അതിർത്തികളിൽ ആറു മാസം പിന്നിട്ട കർഷകസമരം ഇതിനകം രാജ്യ ചരിത്രത്തിൽ ഉജ്വലമായ അധ്യായം എഴുതിച്ചേർത്തു. ഏകദേശം 470 കർഷക സംഘടനകളെ ഒരുമിപ്പിച്ച് അഖിലേന്ത്യാതലത്തിൽ ഈ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിൽ അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ അഗ്രികൾച്ചർ വർക്കേഴ്‌സ് യൂണിയൻ, സിഐടിയു എന്നീ സംഘടനകൾ നേതൃപരമായ പങ്കാണ് വഹിച്ചത്. സമരത്തിന്റെ ഭാവി നിർണയിക്കുന്നതിലും മേൽസംഘടനകളുടെ മുൻകൈ പ്രവർത്തനം പ്രാധാന്യമുള്ളതാണ്.
കർഷക പ്രക്ഷോഭത്തെ ബഹുജന സമരമായി വികസിപ്പിക്കുന്നതിലും ഡൽഹി ചലോ സമരം സംഘടിപ്പിക്കുന്നതിലും പഞ്ചാബിലെ കർഷകരുടെ മുൻകൈ പ്രവർത്തനം നിർണായകമാണ്. അതിൽ പ്രധാനം ഓരോ വിളയിലും മിനിമം താങ്ങുവില നിയമപരമായ അവകാശമാകണമെന്ന ആവശ്യം ഉന്നയിക്കാനും ഈ സമരത്തെ കോർപറേറ്റുവിരുദ്ധ ബഹുജന പോരാട്ടമായി വളർത്തിയെടുക്കുന്നതിലും വിജയിച്ചതാണ്. പഞ്ചാബിലെ കാർഷികബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് കർഷക നിയമത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കാനും പ്രശ്നാധിഷ്ഠിതമായി കർഷകർക്കിടയിൽ വിപുലമായ ഐക്യം രൂപപ്പെടുത്താനും തൊഴിലാളി–--കർഷക ഐക്യമെന്ന ആശയത്തെ അവതരിപ്പിക്കാനും അവർ വിജയിച്ചു.
തൊഴിലാളി- കർഷക ഐക്യം-
കർഷകപ്രക്ഷോഭം കേവലം പഞ്ചാബിലെ കർഷകരുടെ സമരമാണെന്ന വ്യാഖ്യാനത്തെ തുറന്നുകാട്ടി രാജ്യത്താകെ കർഷകരെ സമരത്തിൽ അണിനിരത്താൻ, കഴിഞ്ഞ ആറുമാസത്തെ നിരന്തരവും വ്യത്യസ്‌തവുമായ സമരരൂപങ്ങളിലൂടെ സംയുക്ത കിസാൻ മോർച്ചയ്‌ക്ക് സാധിച്ചു. അതോടൊപ്പം തൊഴിലാളി-–-കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ കർഷകപ്രക്ഷോഭത്തെ രാജ്യത്താകെ ഏറ്റെടുക്കാനും നാല് തൊഴിൽ കോഡും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണനയവും പിൻവലിക്കുക എന്നീ പ്രധാന മുദ്രാവാക്യത്തിനൊപ്പം മൂന്ന് കർഷകനിയമം പിൻവലിക്കുകയെന്ന ആവശ്യമുന്നയിക്കാനും ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിക്ക് സാധിച്ചു.
കോർപറേറ്റുവിരുദ്ധ ആഗോളസമരം- സ്വാതന്ത്ര്യത്തിനുശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. കോർപറേറ്റ് ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും വിപുലമായ തൊഴിലാളി –-കർഷക ഐക്യം വികസിപ്പിക്കാൻ സാധിച്ചെന്നത് അഭിമാനകരമാണ്. 1930കളിലെ മഹാമാന്ദ്യത്തിനു സമാനമായി ലോക മുതലാളിത്തവ്യവസ്ഥ നേരിടുന്ന വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം മുഖ്യവൈരുധ്യമായി തുടരുകയാണ്. അതോടൊപ്പം സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കുകയാണ്.
ഈ സാഹചര്യത്തിൽ സാമ്രാജ്യത്വത്തെയും അന്താരാഷ്ട്ര ധനമൂലധനത്തെയും പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് കമ്പനികൾക്കെതിരായ മൂന്നാംലോക രാജ്യങ്ങളിലെ കർഷകരും തൊഴിലാളികളും നടത്തുന്ന ചെറുത്തുനിൽപ്പുസമരമെന്ന നിലയിൽ ഈ കർഷകസമരത്തെ വിലയിരുത്തണം. ലോകത്താകെ തൊഴിലാളി-–-കർഷക ഐക്യം വികസിപ്പിക്കാനും സാമ്രാജ്യത്വത്തിനെതിരെ സമരത്തിന്റെ കുന്തമുന ഉയർത്താനും സാധിക്കണം.
പഞ്ചാബ് വിജയകരമായി സംഘടിപ്പിച്ച അംബാനി-–-അദാനി കുത്തക ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, ടോൾ പ്ലാസകൾ തുറക്കുക എന്നീ ക്യാമ്പയിൻ ഏറ്റെടുക്കുന്നതിലൂടെ സാമാന്യ ജനങ്ങൾക്ക് സമരത്തിൽ പങ്കാളികളാകാനാകും. സമരം രാജ്യത്താകെ വ്യാപിപ്പിക്കാൻ സാധിക്കും. കുത്തകകൾക്കെതിരായ സമരസന്ദേശം ഓരോ വീട്ടിലും എത്തിക്കാനാകും.
പ്രാദേശിക കാർഷിക പ്രശ്നങ്ങളുടെ പ്രാധാന്യം- കർഷകപ്രക്ഷോഭത്തെ രാജ്യവ്യാപകമായ പ്രക്ഷോഭമായി വികസിപ്പിക്കാൻ കാഴ്ചപ്പാടിൽ മൗലികമായ മാറ്റം ആവശ്യമാണ്. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭത്തിനു പിന്തുണയായി ഐക്യദാർഢ്യസമരം എന്ന നിലവിലെ സംസ്ഥാനതല സമരങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരണം. പഞ്ചാബിന്റെ മാതൃകയിൽ, മൂന്ന് കാർഷികനിയമം പിൻവലിക്കുക,- മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിക്കുക എന്ന അഖിലേന്ത്യാ മുദ്രാവാക്യങ്ങൾക്കൊപ്പം ഓരോ സംസ്ഥാനത്തിലും നിലനിൽക്കുന്ന കാർഷികബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കാർഷികപ്രശ്നങ്ങളെ മൂർത്തമായി വിലയിരുത്തി പ്രാദേശികമായ മുദ്രാവാക്യങ്ങൾ ഉന്നയിക്കണം. അതിനു പിന്നിൽ അതതു സംസ്ഥാനത്തിലും അതതു ജില്ലയിലും കർഷകരെയാകെ അണിനിരത്താനും വിജയിക്കണം. ഈ വെല്ലുവിളി രാഷ്ട്രീയമായി ഏറ്റെടുക്കാനാകണം.
രാജ്യത്താകെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കോർപറേറ്റുവിരുദ്ധ സമരസന്ദേശം എത്തിച്ച് പ്രക്ഷോഭത്തെ ജനകീയ സമരമായി വികസിപ്പിക്കാൻ കിസാൻസഭയടക്കം മൂന്ന് വർഗസംഘടനകളുടെയും സംസ്ഥാന യൂണിറ്റുകൾ മുന്നോട്ടുവരണം. അടുത്ത ഒരു മാസത്തിനകം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും തൊഴിലാളി-–-കർഷക യോഗങ്ങൾ പതിവായി ചേർന്ന് സമരത്തിലെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കണം. സോഷ്യൽ മീഡിയ വഴി തൊഴിലാളി-–-കർഷക പങ്കാളിത്തത്തോടെ പൊതുയോഗങ്ങൾ സംഘടിപ്പിച്ച് സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചരിപ്പിക്കാനാകണം.
രാഷ്ട്രീയ പ്രക്ഷോഭ ഘട്ടത്തിലേക്ക്-
കോർപറേറ്റുനയങ്ങൾ ജനജീവിതത്തെ അതീവ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വ്യക്തമാക്കുന്നതാണ് മോഡി സർക്കാർ നടപ്പാക്കിയ വാക്സിൻ നയം. വാക്സിൻ സൗജന്യമായി നൽകാൻ 35,000 കോടി രൂപ ബജറ്റിൽ ലഭ്യമായിട്ടും പണം ഈടാക്കി വാക്സിൻ വിറ്റ് കൊള്ളലാഭം ഉണ്ടാക്കാൻ കുത്തകകൾക്ക് കൂട്ടുനിന്ന മോഡി സർക്കാരിനെ സുപ്രീംകോടതിയടക്കം വിമർശിച്ചു. അരിയും ഗോതമ്പും മുതൽ ഉരുളക്കിഴങ്ങുവരെയുള്ള അവശ്യഭക്ഷ്യവസ്തുക്കളിൽ ഇതേ നയം നടപ്പാക്കുന്നതിനെതിരെയാണ് കർഷകർ സമരം നടത്തുന്നത്. ജനവിരുദ്ധ നയം തിരുത്താൻ തയ്യാറാകാത്ത സർക്കാരിനെ തിരുത്താൻ ബിജെപിയെ തോൽപ്പിക്കുക. ബിജെപിയെ ശിക്ഷിക്കുകയെന്ന മുദ്രാവാക്യം സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവച്ചു. ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം രാജ്യത്താകെ ബിജെപി പരാജയം നേരിടുന്ന സ്ഥിതി സംജാതമാക്കാൻ തൊഴിലാളി-–-കർഷക പ്രക്ഷോഭങ്ങൾ നിമിത്തമായി. സമരം നീണ്ടുപോകുന്ന സാഹചര്യം കൂടുതൽ കൂടുതൽ ജനങ്ങളെ കുത്തകവിരുദ്ധ പോരാട്ടത്തിലേക്ക് ആകർഷിക്കുകയാണ് ചെയ്യുക.
ലോക്‌ഡൗൺ സാഹചര്യവും അതിനുശേഷവും- കോവിഡ്–--19 മഹാമാരിയുംമൂലം വൻതോതിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി കർഷക പ്രക്ഷോഭത്തെ വ്യാപകമാക്കാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. ഈ സാഹചര്യം തൊഴിലാളി-–-കർഷകഐക്യം ഗ്രാമീണതലത്തിലേക്ക് വ്യാപിപ്പിക്കുക, അവർക്കൊപ്പം വിദ്യാർഥി–യുവജന,- മഹിളാ പ്രസ്ഥാനങ്ങളും ചെറുകിട ഉൽപ്പാദകർ, വ്യാപാരികൾ ഉൾപ്പെടെ സാമ്പത്തികത്തകർച്ചയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന കുത്തക മുതലാളിത്തത്തിനെതിരെ സ്വാഭാവികമായും അണിനിരക്കുന്ന വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സാധ്യത ഉപയോഗിച്ച് കുത്തകവിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുക എന്നീ ചുമതലകൾക്കായി ഉപയോഗിക്കാനാകും. അതോടൊപ്പം സാഹചര്യം മെച്ചപ്പെടുന്ന മുറയ്‌ക്ക് അനുയോജ്യമായ ഘട്ടത്തിൽ എല്ലാ ജില്ലയിലും പദയാത്രകൾ, വൻ റാലികൾ, രാജ്യത്താകെയുള്ള കർഷകരെ അണിനിരത്തി മഹാലോകസഭ,- മഹാ നിയമസഭാ മാർച്ചുകൾ എന്നീ നിർദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പരിഗണിക്കുന്നുണ്ട്.
ലോകത്താകെ മുതലാളിത്തവ്യവസ്ഥ നേരിടുന്ന വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ശക്തിപ്പെടുന്ന തൊഴിലാളി-–-കർഷക സമരങ്ങളും അതിലെ സമാധാനപരവും അത് ഉറപ്പുവരുത്തുന്ന വൻ ജനപങ്കാളിത്തവും സമാനമായ പ്രക്ഷോഭങ്ങളിലേക്ക് ലോകരാജ്യങ്ങളിലാകെ തൊഴിലാളി–-കർഷക ജനവിഭാഗങ്ങൾക്ക് പ്രചോദനമാകുകയാണ്. സാമ്രാജ്യത്വ ആഗോളവൽക്കരണനയത്തെ തൂത്തെറിയാനും നഷ്ടപ്പെടാൻ ചങ്ങല മാത്രം നേടാനുള്ളത് പുതിയൊരു ലോകമെന്ന മുദ്രാവാക്യത്തെ യാഥാർഥ്യമാക്കാനും കഴിയുന്ന സാഹചര്യത്തിലേക്കാണ് ലോകത്താകെയുള്ള രാഷ്ട്രീയ സാഹചര്യം വികസിക്കുന്നത്. ഇക്കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.
പി കൃഷ്ണപ്രസാദ്
No comments:
Post a Comment