Saturday, June 5, 2021

കളിക്കളങ്ങൾ കൈവിട്ട്‌ റെയിൽവേ ; സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും 
സ്റ്റേഡിയങ്ങളും 
വാണിജ്യകേന്ദ്രങ്ങളാക്കും

ഇന്ത്യൻ കായിക ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള റെയിൽവേ സ്വന്തം ഉടമസ്ഥതയിലുള്ള കളിക്കളങ്ങൾ ഉപേക്ഷിക്കുന്നു. റെയിൽവേയുടെ കീഴിലുള്ള 15 സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ലക്ഷ്യമിട്ടാണിത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലെ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബംഗളൂരു യെലഹങ്കയിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം, റാഞ്ചിയിലെ ഹോക്കി സ്‌റ്റേഡിയം  എന്നിവ ഇതിൽപെടും. കളിക്കളങ്ങൾ വാണിജ്യവൽക്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെ(ആർഎൽഡിഎ) ഏൽപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. മെയ്‌ 18നാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്‌. എല്ലാ സോണൽ മേധാവികളും ഇതുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ അതോറിറ്റിക്ക്‌ കൈമാറണമെന്നും നിർദേശിച്ചു.

ബ്രിട്ടീഷ്‌ കാലത്ത്‌ നിർമിച്ച പ്രധാന കളിക്കളങ്ങളാണ്‌ ഇനി ഓർമയാവുക. പ്രധാന റെയിൽവേ കേന്ദ്രങ്ങളിൽ സജീവമായിരുന്ന സ്‌പോർട്‌സ്‌ കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും  ഒട്ടേറെ ഒളിമ്പ്യന്മാരെ  സംഭാവന ചെയ്‌തു. റെയിൽവേയുടെ ഫുട്‌ബോൾ, ഹോക്കി, ക്രിക്കറ്റ്‌ താരങ്ങളെല്ലാം പരിശീലിച്ച സ്‌റ്റേഡിയങ്ങളാണ്‌ ഇനി വാണിജ്യകേന്ദ്രങ്ങളാവുന്നത്‌.   സ്‌പോർട്സ് കോംപ്ലക്‌സുകൾ അടക്കം സ്വകാര്യവൽക്കരിക്കുന്നത്‌ കായിക രംഗത്തുള്ള റെയിൽവേയുടെ പങ്ക്‌ ഇല്ലാതാക്കും.  

സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ്‌ റെയിൽവേയുടെ കളിക്കളങ്ങൾക്കും പൂട്ട്‌ വീഴുന്നത്‌. റെയിൽവേ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ റെയിൽവേ തൊഴിലാളികളും കായികപ്രേമികളും ശബ്ദമുയർത്തണമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ(ഡിആർഇയു) കേന്ദ്ര കമ്മിറ്റി അഭ്യർഥിച്ചു.

വാണിജ്യവൽക്കരിക്കുന്ന 
സ്‌റ്റേഡിയങ്ങളും കോംപ്ലക്‌സുകളും

 സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബിഎൽഡബ്ല്യു, വാരണാസി

ഇൻഡോർ സ്‌റ്റേഡിയം ആൻഡ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ട്‌, പറേൽ, മുംബൈ

സ്‌റ്റേഡിയം, ഭുവനേശ്വർ

ഇൻഡോർ സ്‌റ്റേഡിയം, പട്‌ന

സ്‌റ്റേഡിയം, ബെഹല, കൊൽക്കത്ത

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ചെന്നൈ

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, റായ്‌ബറേലി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, മലിഗവോൺ, ഗുവാഹത്തി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, കപുർത്തല

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, യെലഹങ്ക, ബംഗളൂരു

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, സെക്കന്തരാബാദ്‌

സ്‌റ്റേഡിയം, മഹാലക്ഷ്‌മി, മുംബൈ

ഹോക്കി സ്‌റ്റേഡിയം, റാഞ്ചി

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, ലക്‌നോ

ഗോരഖ്‌പുർ സ്‌റ്റേഡിയം, ഗോരഖ്‌പുർ

പി വിജയൻ 

No comments:

Post a Comment