Tuesday, June 8, 2021

കെ സുധാകരന്‍: കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവും

കണ്ണൂര്‍> കട്ടപിടിച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായാണ് കെ സുധാകരന്‍ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള പടവുകള്‍ ഓരോന്നും ചവിട്ടിക്കയറിയത്. തന്റെ മാര്‍ഗം സുഗമമാക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത നേതാവ്. ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ പരികല്‍പ്പനകള്‍ക്കു പകരം പ്രായോഗിക രാഷ്ട്രീയത്തിന്റെ ആപ്തവാക്യങ്ങളാണ് സുധാകരനെ എന്നും സ്വാധീനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കെഎസ്യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവേശം. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ഇന്ദിരാഗന്ധിയെ കൈവിട്ട് സംഘടനാ കോണ്‍ഗ്രസിലേക്കു ചാഞ്ഞു.

കെഎസ്യു(ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത്കോണ്‍ഗ്രസ്(ഒ) സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1978ല്‍ ജനതാപാര്‍ടിയില്‍. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ക്രമേണ ജനതാപാര്‍ടി(ജി)യില്‍. ഗോപാലന്‍ ജനത കമലം ജനതയായപ്പോള്‍ അതിന്റെ പ്രധാന വക്താവ്. 1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ, ഐ വിഭാഗങ്ങളെ പേശീബലത്തില്‍ പരാജയപ്പെടുത്തി മൂന്നാം ഗ്രൂപ്പുകാരനായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റായതോടെയാണ് സുധാകരന്റെ യഥാര്‍ഥ മുഖം കോണ്‍ഗ്രസുകാര്‍ പോലും തിരിച്ചറിഞ്ഞത്.

ഒരുപറ്റം ഗുണ്ടകളെ മറയില്ലാതെ പോറ്റി വളര്‍ത്തിയ പ്രസിഡന്റ് രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, പാര്‍ടിയിലെ എതിര്‍ ഗ്രൂപ്പുകാരെയും നേരിട്ടത് വടിവാളുകളുടെയും നാടന്‍ ബോംബുകളുടെയും ബലത്തില്‍. വിവിധതരം  ബോംബുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഡിസിസി ഓഫീസിനെ മാറ്റിയത് ദേശീയമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഒടുങ്ങാത്ത രാഷ്ട്രീയ സംഘര്‍ഷത്തിന്റെ വിളനിലമായി കണ്ണൂര്‍ മാറുകയായിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായമന്ത്രിയുമായ ഇ പി ജയരാജനെ ട്രെയിനില്‍ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചതിന്റെ മുഖ്യസൂത്രധാരന്‍.

സിപിഐ എം പ്രവര്‍ത്തകനായ മട്ടന്നൂരിലെ നാല്‍പ്പാടി വാസുവിന്റെയും കണ്ണൂര്‍ സേവറി ഹോട്ടല്‍ ജീവനക്കാരനും സിപിഐ എം പ്രവര്‍ത്തകനുമായ കെ നാണുവിന്റെയും ജീവരക്തമെടുത്തതിനു പിന്നിലും മറ്റാരുമായിരുന്നില്ല.  ജീവച്ഛവങ്ങളായി കാലംകഴിക്കേണ്ടിവന്നവരുടെ നിര ഡിസിസി  സെക്രട്ടറിയായിരുന്ന പുഷ്പരാജ് വരെ നീളുന്നു.കണ്ണൂരില്‍ നിന്ന് മൂന്നു തവണ എംഎല്‍എ. 2009ലും 2019ലും ലോക്സഭാംഗം. ഇടയ്ക്ക് കുറച്ചുകാലം സംസ്ഥാന വനംമന്ത്രി.  2018 മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം അഴിമതിയാരോപണങ്ങളും വിടാതെ പിന്തുടര്‍ന്നു. കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനായി പിരിച്ച കോടികള്‍ എവിടെയെന്ന ചോദ്യവുമായി വീണ്ടും രംഗത്തുവന്നിരിക്കയാണ് കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പുകാര്‍.

ആര്‍എസ്എസുമായുള്ള ആത്മബന്ധവും പരസ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപിയിലേക്ക് ചേക്കേറാന്‍ നടത്തിയ നീക്കവും ഏറെ ചര്‍ച്ചയായതാണ്.'ബിജെപിയില്‍ പോകാന്‍ തനിക്ക് ആരുടെയും സമ്മതം വാങ്ങേണ്ട ആവശ്യമില്ലെ'ന്നായിരുന്നു സംഭവം വിവാദമായതോടെ സുധാകരന്റെ മറുപടി

കെ സുധാകരൻ കെപിസിസി പ്രസിഡന്റ്‌

ന്യൂഡൽഹി> കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു.  ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്‌. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ സുധാകരൻ എത്തുന്നത്.

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് തേടിയിരുന്നു. 

No comments:

Post a Comment