Friday, June 25, 2021

ഇന്ധനവില: മനുഷ്യത്വരഹിതമായ കൊള്ള

കോവിഡ് മഹാമാരി കാരണം ജനങ്ങൾ ദുരിതക്കയത്തിൽ നീന്തുമ്പോൾ മോഡി സർക്കാരിനെപ്പോലെ ഇത്രയും മനുഷ്യത്വരഹിതമായി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ ലോകത്തൊരിടത്തും ഉണ്ടാകില്ല. തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട–- ഇടത്തരം കച്ചവടങ്ങൾ തകർന്നും ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയോ നന്നേ കുറയുകയോ ചെയ്തു. ഈ ഘട്ടത്തിലാണ് ജനങ്ങൾക്ക് സർക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യം. അത്‌ ചെയ്യാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർധിപ്പിച്ച് കോവിഡ് മഹാമാരിയുടെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ഇടുകയാണ് മോഡി സർക്കാർ.

ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനം. ഇപ്പോൾ പെട്രോളിന് വില നൂറുരൂപയായി. ഡീസൽ വില നൂറിനോട് അടുത്തുനിൽക്കുന്നു. ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 2014ൽ പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോൾ കേരളത്തിൽ 816–-823 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയെ ന്യായീകരിച്ച്‌ ഒരു അസംബന്ധവാദം കേന്ദ്ര സർക്കാർ ഉയർത്തുന്നുണ്ട്. പെട്രോളും ഡീസലും ഉപയോഗിക്കുന്നവരിൽ ബഹുഭൂരിഭാഗവും സാമ്പത്തികശേഷിയുള്ളവരാണ്. അതിനാൽ, വിലക്കയറ്റം പാവങ്ങളെ അധികം ബാധിക്കില്ല. കേരളത്തിലെ ബിജെപി നേതാക്കളും ഈ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്. സാർവത്രികമായി നേരിട്ടോ പരോക്ഷമായോ സകല വസ്തുക്കളുടെയും ഉൽപ്പാദനത്തിന് ഇന്ധനമായി എണ്ണ വേണം. ഇതുപോലെ ഉൽപ്പാദനത്തിന് അത്യാവശ്യമുള്ള മറ്റു രണ്ട് വസ്തുക്കളാണ് വൈദ്യുതിയും കൽക്കരിയും. ഇതൊന്നും അറിയാത്തവരല്ല ഈ പ്രചാരണം നടത്തുന്നത്.

ഡീസൽവില ഉയർന്നപ്പോൾ എല്ലാ ചരക്ക് വാഹനങ്ങളുടെയും വാടക ഗണ്യമായി വർധിച്ചു. ഇതിന്റെ ആഘാതം ഏൽക്കാത്ത ഒരു ഉൽപ്പന്നവുമില്ല. അത്യാവശ്യ സാധനങ്ങളുടെയെല്ലാം വില മേലോട്ട്‌ കുതിക്കുകയാണ്. കാർഷികരംഗത്താണെങ്കിൽ ജലസേചനത്തിനും നിലമൊരുക്കാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയും ഡീസൽ അത്യാവശ്യം. ഇന്ധനവില ഉയർന്നപ്പോൾ, പൊതുഗതാഗതത്തിനും സ്വകാര്യ ഗതാഗതത്തിനും ചെലവ് കൂടി. ടാക്സി കാറുകളും ഓട്ടോറിക്ഷയും ഓടിക്കുന്ന പാവങ്ങളുടെ വരുമാനം ഇടിഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന് ഇടയിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയോടെങ്കിലും സംസാരിച്ചിരുന്നെങ്കിൽ ബിജെപിക്കാർ ഇത്തരം പ്രചാരണം നടത്തുമായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ് ഇവിടെ ഇന്ധനവില വർധിപ്പിക്കുന്നതെന്ന വാദത്തിന് സത്യവുമായി ഒരു ബന്ധവുമില്ല. ഈയിടെ കേരളമടക്കം അഞ്ച് സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വില വർധിപ്പിക്കുന്നത്‌ നിർത്തിവച്ചു. 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിലവർധനയുണ്ടായില്ല. മെയ് രണ്ടിന് വോട്ടെണ്ണിയശേഷം വില വീണ്ടും കൂടാൻ തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം 30 തവണയാണ് വില കൂട്ടിയത്. ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുകയും അതോടൊപ്പം നുണ പറഞ്ഞ് വഞ്ചിക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നത്.

തുടർച്ചയായ ഇന്ധനവിലക്കയറ്റം ജനങ്ങളുടെ വരുമാനം പിന്നെയും ചോർത്തുകയാണ്. ഇതിനിടയിലാണ് അവശ്യവസ്തുക്കളുടെയടക്കം വില നിത്യേന ഉയരുന്നത്. ഏപ്രിലിൽ ഭക്ഷ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം വില കൂടി. മറ്റു പ്രാഥമിക ഉൽപ്പന്നങ്ങൾക്ക് 10.16 ശതമാനവും നിർമാണവസ്തുക്കൾക്ക് 9.01 ശതമാനവും വില കൂടി. ഡീസൽ വിലക്കയറ്റം കാർഷികമേഖലയുടെ പ്രതിസന്ധി വർധിപ്പിച്ചിരിക്കയാണ്.

ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. 2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ൽ നരേന്ദ്ര മോഡി വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. കാലക്രമത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സർക്കാരുകൾ നൽകിയ വാഗ്‌ദാനം. ഇപ്പോൾ എന്താണ് സ്ഥിതി? 2020ലെ കണക്കനുസരിച്ച് പെട്രോളിന്റെ അടിസ്ഥാനവിലയിൽ 260 ശതമാനമാണ് നികുതി. ഡീസലിന്റെ നികുതി 256 ശതമാനവും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിലിന് വില കുറയുമ്പോൾ ഇവിടെ ഇന്ധനവില കുറയ്ക്കും എന്ന വാഗ്ദാനവും വെറും കബളിപ്പിക്കലാണെന്ന് തെളിഞ്ഞു. ഇന്ത്യ വാങ്ങുന്ന ക്രൂഡ്‌ ഓയിലിന് ഇപ്പോൾ ബാരലിന് 70 ഡോളറാണെങ്കിൽ 2020 ഏപ്രിലിൽ 20 ഡോളറും 2020 മെയിൽ 28 ഡോളറുമായിരുന്നു. എന്നാൽ, ഇതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടിയില്ല. വില കുറയാതിരിക്കാൻ നികുതി ഗണ്യമായി വർധിപ്പിച്ചു.

അന്താരാഷ്ട്രവിപണിയിലെ വിലയും ഇവിടെ സർക്കാർ നടത്തുന്ന കൊള്ളയും തമ്മിൽ ബന്ധമില്ലെന്ന് കാണിക്കാൻ ഒരു കണക്കുകൂടി പറയാം. 2014–-15നും 2020–-21നും ഇടയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ്‌ ഓയിലിന് വില 17.6 ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം, ഇവിടെ പെട്രോളിന്റെ ചില്ലറ വില 55.3 ശതമാനവും ഡീസലിന്റേത് 72.5 ശതമാനവും വർധിച്ചു. പെട്രോളും ഡീസലും തമ്മിലെ വില അന്തരം ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. 2019–- 20 സാമ്പത്തികവർഷം എക്സൈസ് തീരുവയായി കേന്ദ്രം സമാഹരിച്ചത് 2.39 ലക്ഷം കോടി രൂപയാണ്. 2020–- 21ൽ അത്‌ 3.89 ലക്ഷം കോടി രൂപയായി വർധിച്ചു. വരുമാനത്തിൽ 62 ശതമാനത്തിന്റെ വളർച്ച. കോവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സർക്കാരിന്റെ വരുമാനത്തിൽ വലിയ വളർച്ചയുണ്ടായി. 2020–-21 കേന്ദ്ര ബജറ്റിലെ കണക്ക്‌ പ്രകാരം മൊത്തം നികുതിവരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 17.8 ശതമാനം കുറവായിരുന്നു. എന്നാൽ, എക്സ്സൈസ് തീരുവയിൽ ലക്ഷ്യമിട്ടതിനേക്കാൾ 35 ശതമാനം വർധന. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ 7.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് വരുമാന നഷ്ടം നികത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

എക്സൈസ് തീരുവ കേന്ദ്ര സർക്കാരാണ് പിരിക്കുന്നതെങ്കിലും അത്‌ സംസ്ഥാനങ്ങളുമായി പങ്കിടണം. സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം നിഷേധിക്കാൻ ഇപ്പോൾ സെസ് ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കൃഷി അടിസ്ഥാന സൗകര്യ വികസന സെസ് ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. എക്സ്സൈസ് തീരുവയിൽ കേന്ദ്രത്തിന് 60 ശതമാനവും സംസ്ഥാനങ്ങൾക്ക് 40 ശതമാനവുമാണ് ലഭിച്ചിരുന്നത്. 2021 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാന വിഹിതം 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പെട്രോൾ ഡീസൽ വിലവർധനയ്‌ക്ക് പരിഹാരമായി സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് ഇവിടെ ചിലർ വാദിക്കുന്നുണ്ട്. നരേന്ദ്ര മോഡി സർക്കാർ ഈ മഹാമാരിക്കാലത്ത് നടത്തുന്ന കൊള്ളയെ ന്യായീകരിക്കാനാണ് ഈ വാദം. പാചകവാതകമടക്കം ഇന്ധനവില നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്. എണ്ണവിപണന കമ്പനികളാണ് വില നിർണയിക്കുന്നതെന്ന് പറയുന്നത് വെറും സാങ്കേതികം. തെരഞ്ഞെടുപ്പ് വരുമ്പോൾ വില കൂടാതിരിക്കുന്നതിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്.

സർക്കാരിന് വരുമാന നഷ്ടമുണ്ടെങ്കിൽ അത്‌ നികത്താൻ കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിപ്പിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ധനകമ്മി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം അതാണ്. കോർപറേറ്റ് നികുതിയും സ്വത്ത്‌ നികുതിയും വർധിച്ചാൽ, അത്‌ വിലക്കയറ്റത്തിന് ഇടയാക്കുകയോ വിപണിയിൽ ഡിമാൻഡ്‌ കുറയ്ക്കുകയോ ചെയ്യില്ല. എന്നാൽ, കോർപറേറ്റുകൾക്ക് നൽകുന്ന സഹായത്തിന്റെ ഭാരം പാവപ്പെട്ട ജനങ്ങളുടെ തലയിലിടുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഒന്നാം മോഡി സർക്കാർ (2014–- 2019) കോർപറേറ്റ് നികുതിയിൽ 4.32 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് നൽകിയത്. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിൽ ഏറ്റവും വലിയ വെട്ടിക്കുറവാണ് കോർപറേറ്റ് നികുതിയിലുണ്ടായത്. നികുതി 35 ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തി. ഇവിടെയും നിൽക്കുന്നില്ല കോർപറേറ്റുകൾക്കുള്ള വഴിവിട്ട ആനുകൂല്യങ്ങൾ. കോർപറേറ്റുകൾ ബാങ്കുകളിൽനിന്ന് എടുത്ത വായ്പയിൽ എട്ടുലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ എഴുതിത്തള്ളിയത്. കൃത്യമായി പറഞ്ഞാൽ 7,77,800 കോടി രൂപ. പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ‘ക്രെഡിറ്റ് സ്വിസെ'യുടെ റിപ്പോർട്ടിൽ ഈ കണക്ക്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മോഡി സർക്കാർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

കോർപറേറ്റ് നികുതി ഓരോ രാജ്യവും ഇഷ്ടംപോലെ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ വികസിത രാജ്യങ്ങളിൽ ചില നീക്കം നടക്കുന്നുണ്ട്. അമേരിക്കയിൽ കോർപറേറ്റ് നികുതി 35 ശതമാനത്തിൽനിന്ന് 21 ശതമാനമായി ഡോണൾഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു. അത്‌ 28 ശതമാനമായി ഉയർത്താനാണ് ജോബൈഡൻ ഭരണത്തിന്റെ നീക്കം. ഈയിടെ നടന്ന ജി7 ഉച്ചകോടിയിൽ ആഗോളമായി കോർപറേറ്റ് നികുതിയിൽ മിനിമം നിരക്ക് നിശ്ചയിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇതിനോടെല്ലാം നരേന്ദ്ര മോഡി സർക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.

ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന സാമ്പത്തികനയങ്ങൾക്കും ഇന്ധന വിലവർധനയ്‌ക്കും എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനങ്ങളെ അണിനിരത്തിമാത്രമേ ഈ കൊള്ള തടയാനാകൂ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 30ന് കേരളത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. അതിൽ അണിചേരണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർഥിക്കുന്നു. കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധ പരിപാടി.

എ വിജയരാഘവൻ

No comments:

Post a Comment