നാനാ കോണിൽനിന്നുയർന്ന ശക്തമായ വിമർശം, കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ കടുത്ത സമ്മർദം, ഇടപെടലുകൾ, സുപ്രീംകോടതിയുടെ കർശന സ്വരത്തിലുള്ള താക്കീത്... ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ വാക്സിൻനയം കേന്ദ്രം തിരുത്തി. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകില്ലെന്ന ഏപ്രിൽ 19ലെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച പിൻവലിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 21 മുതൽ പുതിയ നയം നിലവിൽ വരും. സർക്കാർ സ്വമേധയാ എടുത്ത തീരുമാനമായി ഇതിനെ ഒട്ടുമേ കാണേണ്ടതില്ല. ഇങ്ങനെ തീരുമാനിക്കാൻ സർക്കാർ നിർബന്ധിതമായി. ജനകീയ പ്രതിഷേധങ്ങൾ ഫലം കണ്ടു. രാജ്യത്തിന് ആശ്വാസകരമായ തീരുമാനം വന്നിരിക്കുന്നു. എന്നാൽ, വാക്സിൻനയം പൂർണമായും മാറിയിട്ടില്ലെന്നതും കാണണം.
രാജ്യത്ത് ഏത് മഹാമാരിയും നിയന്ത്രണ വിധേയമാക്കേണ്ടത് കേന്ദ്ര ഗവൺമെന്റിന്റെ പരമ പ്രധാനമായ ഉത്തരവാദിത്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കണമെങ്കിൽ വാക്സിനേഷൻ ഒന്നു മാത്രമാണ് പോംവഴി. രോഗവ്യാപനവും മരണവും തടയാൻ എവിടെയും വാക്സിൻ എത്തണം. എല്ലാവരും സുരക്ഷിതരാകാതെ ആരും ഒറ്റയ്‌ക്ക് സുരക്ഷിതരാകില്ല. എന്നാൽ, രാജ്യത്തെ വാക്സിനേഷന്റെ സ്ഥിതിയെന്താണ്? ജൂൺ ഏഴുവരെ ഇന്ത്യയിൽ രണ്ട് ഡോസും ലഭിച്ചവർ ജനസംഖ്യയുടെ 3.3 ശതമാനംമാത്രം. പിന്നെ ഒരു ഡോസ് മാത്രം ലഭിച്ച കുറച്ചുപേർ. ഒരു ഡോസുപോലും ലഭിക്കാത്ത ജനകോടികൾ. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു, സൗജന്യവും സാർവത്രികവുമായ സമ്പൂർണ വാക്സിനേഷന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടിയത്.
സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നടപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ലോകത്തെ മിക്കവാറും എല്ലാ രാജ്യവും സൗജന്യമായാണ് ജനങ്ങൾക്ക് വാക്സിൻ നൽകുന്നത്. എന്നാൽ, ഇവിടെ വാക്സിൻ കമ്പനികൾക്ക് വലിയ തോതിൽ ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് മോഡി സർക്കാർ ചെയ്തത്. ഔഷധ കമ്പനികളുടെ സമ്മർദത്തിനും താൽപ്പര്യത്തിനും സർക്കാർ വഴങ്ങി. പാവങ്ങളായ ജനകോടികൾക്ക് വാക്സിൻ നിഷേധിക്കാൻ സർക്കാർതന്നെ വഴിയൊരുക്കി. മാത്രമല്ല, വാക്സിൻ കമ്പോളത്തിൽ കടുത്ത മത്സരത്തിനും ഇടയായി. കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾ തമ്മിൽപ്പോലും മത്സരിക്കേണ്ട സ്ഥിതി. രാജ്യത്ത് വാക്സിൻക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും പ്രത്യേകം കാണണം. മഹാമാരിക്കെതിരെ പൊരുതി മടുത്ത്, സാമ്പത്തികമായി ക്ഷീണിച്ചുനിൽക്കുന്ന സംസ്ഥാന സർക്കാരുകളെ പ്രയാസത്തിലാക്കുന്നതുമായിരുന്നു ഏപ്രിലിലെ പ്രഖ്യാപനം.
ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നു. സംസ്ഥാന സർക്കാരുകൾ രംഗത്തു വന്നു. കോടതി ശക്തിയായി ഇടപെട്ടു. കോവിഡ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, അതിശക്തമായ ഭാഷയിലാണ് കഴിഞ്ഞ ജൂൺ രണ്ടിന് കേന്ദ്ര സർക്കാരിന് താക്കീത് നൽകിയത്. സർക്കാർ നയങ്ങൾ പൗരന്മാരുടെ അവകാശത്തിൽ കടന്നുകയറിയാൽ മിണ്ടാതിരിക്കാൻ ഭരണഘടന കോടതികളെ അനുവദിക്കുന്നില്ലെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങളുടെ അവകാശത്തിൽ ഇടപെട്ടാൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും, വാക്സിൻനയത്തെ ശക്തിയായി എതിർത്ത് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. സർക്കാർനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് കോടതി അന്നു പറഞ്ഞിരുന്നു. മാത്രമല്ല, വാക്സിനേഷനായി ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എന്തു ചെയ്തുവെന്നും ചോദിക്കുകയുണ്ടായി. ബജറ്റ് തുക എങ്ങനെ ചെലവാക്കി, വാക്സിൻ സംഭരണം, വില നിർണയം എന്നീ കാര്യങ്ങൾ വ്യക്തമാക്കി ജൂൺ 15ന് സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിനു മുന്നേയാണ് ഇപ്പോൾ നയംമാറ്റമുണ്ടായത്.
വാക്സിൻ നയംമാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ കണ്ണു തുറപ്പിച്ചതിൽ കേരളത്തിന്റെ ശക്തമായ ഇടപെടലുകളും നടപടികളും എടുത്തു പറയേണ്ടതുണ്ട്. 18നു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് പലവട്ടം കത്തെഴുതി. ഇക്കാര്യത്തിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തെഴുതി. പല മുഖ്യമന്ത്രിമാരും ഇതിന് പിന്നാലെ രംഗത്തു വന്നു. കേന്ദ്രം സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെടാൻ തുടങ്ങി.
ഇതിനൊക്കെ മുമ്പുതന്നെ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സൗജന്യ വാക്സിൻ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. സർക്കാരിന്റെ നയപ്രഖ്യാപനത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സൗജന്യ വാക്സിനേഷനായി, ബജറ്റിൽ 1000 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതോടൊപ്പംതന്നെ, രാജ്യത്തെ കമ്പനികളിൽനിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ വാങ്ങി 18നു മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി. ഇതിനിടെ, വിദേശ കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാനും കേരള സർക്കാർ നടപടി തുടങ്ങി. സർക്കാരിനൊപ്പം ജനങ്ങളും അണിനിരന്നു. വാക്സിൻ ചലഞ്ച് ഏറ്റെടുത്ത ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചുകൊണ്ടേയിരിക്കുകയാണ്. സൗജന്യ വാക്സിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിനൊപ്പം കേരളത്തിന്റെ മാതൃകാപരമായ ഈ നടപടികളെല്ലാം കേന്ദ്രത്തിന്റെ മനസ്സുമാറ്റാൻ ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പരാതിയെ തുടർന്നാണ് നയംമാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞതും ചേർത്തു വായിക്കാം.
കേന്ദ്രം നയം മാറ്റി. ഇനി രാജ്യവ്യാപകമായി വാക്സിനേഷൻ ശക്തമായി നടപ്പാക്കുകയാണ് പ്രധാനം. അതിന് സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ അതിവേഗം ലഭ്യമാക്കണം. കേന്ദ്രം വാക്സിൻ സംഭരിച്ച് നൽകുന്നതു സംബന്ധിച്ച് വ്യക്തതയും സുതാര്യതയും ഉറപ്പാക്കണം. വിതരണത്തിലെ താളപ്പിഴകളും കാലതാമസവും ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണം. വാക്സിൻ ഉൽപ്പാദനത്തെ മുൻനിർത്തി പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെ സമയബന്ധിതമായി നടപ്പാക്കണം. ഇപ്പോൾ , പ്രഖ്യാപിച്ച നയത്തിൽ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കുമ്പോൾ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. സൗജന്യ വാക്സിനേഷൻ ഉറപ്പാക്കിയാൽ ഇതിന്റെ ആവശ്യമുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ തീരുമാനം പിൻവലിച്ച് സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani editorial 090621
No comments:
Post a Comment