കാസര്‍കോട് > ബിജെപിയില്‍ നിന്ന് പണം കിട്ടിയ വിവരം വെളിപ്പെടുത്തിയ കെ സുന്ദരയെ കാണാനില്ല. ചാനലില്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയതോടെ വാണിനഗറിലെ വീട്ടില്‍നിന്ന് അദ്ദേഹത്തെ കര്‍ണാടകത്തിലേക്ക് ബിജെപി നേതാക്കള്‍ കടത്തി എന്നാണറിയുന്നത്. വാണിനഗറിലെ വീട്ടിലും കര്‍ണാടകത്തില്‍ താമസിപ്പിക്കുന്നുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് പോയെങ്കിലും സുന്ദരയെ കണ്ടെത്താനായില്ല. ഫോണും സ്വിച്ച്ഓഫാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍, ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപിക്കാര്‍ നല്‍കിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത്. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്ന് അമ്മയുടെ കൈയിലാണ് പണം നല്‍കിയത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളായാണ് കിട്ടിയതെന്നും സുന്ദര പറഞ്ഞു.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കിട്ടിയത് രണ്ടര ലക്ഷം രൂപ. സുരേന്ദ്രന്‍ ജയിച്ചാല്‍ വീടും കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും നല്‍കുമെന്നും അറിയിച്ചു. എല്ലാം ശരിയാക്കാമെന്ന് കെ സുരേന്ദ്രനും പിന്നാലെ ഫോണിലൂടെ അറിയിച്ചുവെന്നും സുന്ദര പറഞ്ഞു.
മാര്‍ച്ച് 21ന് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ വാണിനഗറിലെ വീട്ടിലെത്തിയാണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ 467 വോട്ട് നേടിയതാണ് കെ സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. സ്മാര്‍ട്ട്ഫോണും സമ്മാനമായി നല്‍കി. ഇതൊന്നും പുറത്തുപറയരുതെന്നും നിര്‍ദേശിച്ചു. ബിജെപിയുടെ പണമിടപാടില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഒരു ചാനലിനോട് ഓര്‍ക്കാപ്പുറത്ത് പറഞ്ഞുപോയതാണിത്. ഇക്കാര്യം പൊലീസിനോട് പറയാന്‍ തയ്യാറാണെന്നും സുന്ദര പറഞ്ഞു.
പത്രിക സമര്‍പ്പിച്ചശേഷം മാര്‍ച്ച് 21 മുതല്‍ സുന്ദര ബിജെപി കസ്റ്റഡിയിലായിരുന്നു. 22 ന് നേതാക്കള്‍ക്കൊപ്പം കാസര്‍കോട് കലക്ടറേറ്റിലെത്തിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. അന്നും പണം വാങ്ങിയത് സൂചിപ്പിച്ചുവെങ്കിലും പിന്നീട് നിഷേധിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബദിയടുക്ക പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു.
No comments:
Post a Comment