Saturday, June 5, 2021

ആരോഗ്യം നമ്പർ 1 : ധനമന്ത്രി

ജനുവരിയിൽ അവതരിപ്പിച്ച മുൻ സർക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കുമെന്ന്‌ ധന മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ചില കൂട്ടിച്ചേർക്കലാണ്‌ പുതുക്കിയ ബജറ്റിലുള്ളത്‌. ആരോഗ്യമേഖലയ്‌ക്കുള്ള ഊന്നൽ കൂടുതൽ ശക്തമാക്കുകയാണെന്നും ബജറ്റ്‌ അവതരണത്തിനുശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണ്‌. വരവും ചെലവുമായി ഒരുതരത്തിലും ക്രമീകരിക്കാനാകുന്നില്ല. എന്നാലും ചെലവുകൾ ചുരുക്കില്ല. കോവിഡിന്റെ ഭാഗമായി ചെലവ്‌ ഉയർത്തുകയാണ്‌. ഇതിന്‌ കടമെടുപ്പ്‌ മാത്രമാണ്‌ ഇപ്പോൾ സർക്കാരിനു മുന്നിലുള്ള വഴി. നികുതിവർധന അനിവാര്യമാണ്‌. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതിനിർദേശം പ്രഖ്യാപിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോൾ നികുതി നിർദേശങ്ങളെക്കുറിച്ച്‌ ആലോചിക്കേണ്ടിവരും. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്തായാലും വികസനപ്രവർത്തനങ്ങൾ നടപ്പാക്കും.

സൗജന്യ വാക്‌സിൻ ഉറപ്പ്‌

എല്ലാവർക്കും സൗജന്യ വാക്‌സിൻ  ഉറപ്പാക്കാൻ എത്ര പണമാണെങ്കിലും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. കോവിഡ്‌ മൂന്നാം വരവിനെ പ്രതിരോധിക്കാനും പണം തടസ്സമാകില്ല‌.

കൃഷിയെ 
ഉത്തേജിപ്പിക്കും

കാർഷികമേഖലയുടെ ഉത്തേജന പാക്കേജ്‌ ബജറ്റിന്റെ സമീപനം വ്യക്തമാക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുമ്പോൾ കർഷകരുടെ വരുമാനം ഉയരും. വാക്‌സിൻ പരമാവധി പേർക്ക്‌ ലഭ്യമാക്കിയാൽ ടൂറിസം അടക്കമുള്ള മേഖലയുടെ തിരിച്ചുവരവിന്‌ കളമൊരുക്കും. വിപണി സജീവമാകും. മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ കേരളത്തിന്‌ എത്താനാകും. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിന്‌ പണമില്ലെന്ന ന്യായം നിലനിൽക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഭക്ഷ്യക്കിറ്റ്‌ തുടരും

ഭക്ഷ്യക്കിറ്റിന്‌ 400 കോടി രൂപ പ്രതിമാസം നീക്കിവയ്‌ക്കുന്നു‌. എത്രനാൾകൂടി കിറ്റ്‌ നൽകണമെന്നത്‌ ഇപ്പോൾ‌ ആലോചിക്കുന്നില്ല.  തൊഴിലുറപ്പുദിനങ്ങൾ 12 കോടിയായി ഉയർത്തുന്നതിലൂടെ വരുമാനം ഉയർത്താം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്‌ കുറഞ്ഞ പലിശയിൽ കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിലൂടെ ഉപജീവനം ഉറപ്പാക്കാനാകും.

അയൽക്കൂട്ടങ്ങൾക്ക് 
1000 കോടി വായ്‌പ

കുടുംബശ്രീക്ക് നിലവിലുള്ള പ്രത്യേക പാക്കേജിന്റെ വിഹിതം 100 കോടി രൂപയാക്കി. കഴിഞ്ഞവർഷം ഇത് 60 കോടി രൂപയായിരുന്നു. കാർഷിക മൂല്യവർധിത ഉൽപ്പന്ന യൂണിറ്റ്‌ ആരംഭിക്കാൻ 10 കോടി രൂപയും വകയിരുത്തി. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയിലുൾപ്പെടുത്തി  അയൽക്കൂട്ടങ്ങൾക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് നാലു ശതമാനം പലിശയിളവ് ലഭ്യമാക്കും.  ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ടം രൂപീകരിക്കും. വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയിൽ പരിശീലനം നൽകി ഓരോ പഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.

തൊഴിലിനും കുടുംബശ്രീ

അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്ന ‘നോളജ് ഇക്കണോമി മിഷൻ’ കുടുംബശ്രീയുടെ ഉപദൗത്യമാകുന്നു. ഇതിനുള്ള നടപടി ആരംഭിച്ചു. 1048 കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ, പരിശീലനത്തിന്‌ 152 ബ്ലോക്ക്‌ കോ–-ഓർഡിനേറ്റർമാർ, കുടുംബശ്രീയുടെയും കുടുംബശ്രീ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനുള്ള 14 ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവുകൾ എന്നിവരും പദ്ധതിയുടെ ഭാഗമാകും.

No comments:

Post a Comment