കോവിഡിന്റെ മൂന്നാം തരംഗം മാസങ്ങൾക്കകം എത്തുമെന്ന് പറയപ്പെടുന്നു. രോഗത്തിനെതിരെ പൊരുതാൻ മനുഷ്യരാശിക്ക് പ്രതിരോധ കുത്തിവയ്പ് എന്ന ഒരേയൊരു ആയുധമേ ഫലപ്രദമായുള്ളൂ. ഒന്നാം തരംഗത്തിൽനിന്ന് ലോകം പഠിച്ചതാണ് ഈ പാഠം. മിക്കരാജ്യങ്ങളും മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്. അമേരിക്ക പോലെ ചില രാജ്യങ്ങൾ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. എന്നാൽ, ഇന്ത്യ ഇന്നും ഈ വിഷയത്തിൽ കിതച്ചുനിൽക്കുന്നു. ലോകത്തിന്റെ വാക്സിൻ ഹബ് എന്നൊക്കെ മേനി നടിച്ച രാജ്യത്ത് ഇപ്പോഴും ജനസംഖ്യയിൽ 3.2 ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസും കിട്ടിയത്. ഒരു ഡോസ് എങ്കിലും കിട്ടിയത് 12.2 ശതമാനത്തിനുമാത്രം. തുടരെ പ്രഖ്യാപനങ്ങൾ വന്നു. ആദ്യം 45നും 60നും ഇടയിലുള്ളവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് യുവജനങ്ങൾക്കും നൽകുമെന്നായി. എന്നാൽ, വാക്‌സിൻ ഇല്ലെന്ന് ഇപ്പോൾ പറയുന്നു. ഇല്ലെങ്കിൽ, പിന്നെ എന്തിന് പ്രഖ്യാപനം നടത്തി എന്ന് ഡൽഹി ഹൈക്കോടതിക്ക് ചോദിക്കേണ്ടിവന്നു.
കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്‌ച കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചത് ഈ സാഹചര്യത്തിലാണ്. സാർവത്രികവും സൗജന്യവുമായി പ്രതിരോധ കുത്തിവയ്‌പ് എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശമാണ്. ഇത്രകാലം വിവിധ കുത്തിവയ്‌പുകൾ നൽകിവന്നതും അങ്ങനെയാണ്. അതൊക്കെ എന്നെങ്കിലും വരാനിടയുള്ള രോഗങ്ങളിൽനിന്ന് ജനതയെ പ്രതിരോധിക്കാനായിരുന്നു. കോവിഡിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മരണകാരണമാകാൻ ഇടയുള്ളതും ഇപ്പോൾ അതിവേഗം പടരുന്നതുമായ ഒരു മഹാമാരിയെ നേരിടാനുള്ള വാക്സിനേഷനാണ് ജനങ്ങൾക്ക് നൽകേണ്ടത്. മറ്റെല്ലാ പരിഗണനകളും മാറ്റിവച്ച് ഭരണസംവിധാനം ഏറ്റവും മുൻഗണന നൽകി ഏറ്റെടുക്കേണ്ട ദൗത്യമാണിത്. പല രാജ്യങ്ങളിലെ സർക്കാരുകളും ഇതാണ് ചെയ്തത്. ഇവിടെ അക്കാര്യത്തിൽ തെല്ലും ആസൂത്രണം ഉണ്ടായില്ല. ഈ രംഗത്തെ സ്വകാര്യ കമ്പനികൾക്ക് എങ്ങനെ ലാഭം ഉണ്ടാക്കി കൊടുക്കാം എന്നതിലായിരുന്നു സർക്കാരിന്റെ ഊന്നൽ. പരസ്പരം മത്സരിച്ചും വിലയിൽ തർക്കിച്ചും സംസ്ഥാന സർക്കാരുകൾക്ക് കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാം എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെത്.
സർക്കാരുകൾക്കൊപ്പം സ്വകാര്യ ആശുപത്രികളും മത്സരത്തിനുണ്ട്. അവരും സ്വന്തമായി വാങ്ങുന്നു. വൻ ഹോട്ടലുകൾവരെ വാക്സിനേഷൻ അടക്കമുള്ള പാക്കേജുകൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നു. സമൂഹത്തിലെ മുകൾത്തട്ടിലുള്ളവർക്ക് അത് ലഭ്യമാക്കുന്നു. ഈ സമീപനം മാറ്റി രാജ്യത്തിനാകെ ആവശ്യമായ വാക്‌സിൻ ആഗോള ടെൻഡറിലൂടെ വാങ്ങണം എന്നാണ് നിയമസഭയിൽ മന്ത്രി വീണ ജോർജ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വാക്സിൻ സൗജന്യമായില്ലെങ്കിൽ എന്താ കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ട്. അവരോടു പറയാനുള്ളത് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
വരുമാനത്തിലും ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ജനങ്ങൾക്കിടയിൽ വൻവിടവ് നിലനിൽക്കുന്ന രാജ്യത്ത് നയങ്ങളും തീരുമാനങ്ങളും അതിനനുസരിച്ചുവേണം എന്നാണ് കോടതി ഓർമിപ്പിച്ചത്. പൊതുഫണ്ട് കൂടി ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിലകൊടുത്തു വാങ്ങേണ്ടിവന്നാൽ അത് ലഭിക്കാതെ പോകുക ഏറ്റവും പാവപ്പെട്ടവനാകും. രോഗം വന്നാൽ ആശുപത്രിയിൽ പോയി ചികിത്സിക്കാൻ പ്രയാസമുള്ള ആ വിഭാഗമാകും ഇക്കാര്യത്തിലും പിന്തള്ളപ്പെടുക. ഇപ്പോൾ തന്നെ മഹാമാരി അവരുടെ ജീവിതമാർഗം അടച്ചിരിക്കുന്നു. തെല്ലും വരുമാനമില്ലാതെ കഴിയുന്ന അവർക്ക് വാക്സിന് കൂടി പണം കണ്ടെത്തുക സാധ്യമല്ല. വാക്സിൻ സൗജന്യമാക്കിയില്ലെങ്കിൽ വലിയൊരു വിഭാഗം ജനങ്ങളെ ഒരു കൊടും പകർച്ചവ്യാധിക്ക് എറിഞ്ഞുകൊടുക്കലാകും സംഭവിക്കുക.
ജനകീയ ആരോഗ്യനയവും ക്ഷേമപദ്ധതികളുമുള്ള കേരളത്തിൽ ഒരു പരിധിവരെ ജനങ്ങൾ പിടിച്ചുനിൽക്കും. ഇതല്ല ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും സ്ഥിതി. ഇവിടെപ്പോലും വാക്സിൻ വിലകൊടുത്തു വാങ്ങേണ്ടിവന്നാൽ അതിനു സാധിക്കാത്തവർ ലക്ഷങ്ങളായിരിക്കും. വില കൊടുത്തുവാങ്ങി സംസ്ഥാന സർക്കാരിനു സൗജന്യമായി ജനങ്ങൾക്ക് കൊടുത്തുകൂടെ എന്ന വാദം ഉയർത്തുന്നവരുമുണ്ട്. ഒരു വശത്ത് വരുമാനം വറ്റിയ അവസ്ഥ. മറുവശത്ത് ഉള്ള വരുമാന സ്രോതസ്സുകൾ പോലും അടയ്ക്കുന്ന കേന്ദ്രനയം. ഇതിനിടയിൽ വാക്സിന് കൂടി പണം മുടക്കേണ്ടിവന്നാൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ പ്രതിസന്ധിയിലാകും.
വാക്സിൻ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണം എന്ന കേരളത്തിന്റെ ആവശ്യം അതിനാൽ തന്നെ ഏറെ പ്രസക്തമാണ്. പ്രമേയം കൊണ്ടുവരിക മാത്രമല്ല സർക്കാർ ചെയ്തത്. പ്രശ്നം പരിഹരിക്കാൻ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്ന് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കഴിഞ്ഞ ദിവസം കത്തും എഴുതിയിരുന്നു. ഇതുപോലെ ഒരു പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രം അതിന്റെ ജനതയോട് എങ്ങനെ പെരുമാറണം എന്ന് ചൂണ്ടിക്കാട്ടുകയാണ് കേരളം. പലതിലും മാതൃകയായ സംസ്ഥാനം ഇന്ത്യക്ക് ഒരിക്കൽക്കൂടി വഴികാട്ടുകയാണ്. കൂടുതൽ സംസ്ഥാന നിയമസഭകളും സർക്കാരുകളും രംഗത്തെത്തി ഉയർത്തുന്ന പ്രതിരോധത്തിലൂടെ മാത്രമേ ജനദ്രോഹം മുഖമുദ്രയാക്കിയ കേന്ദ്ര സർക്കാരിനെ തിരുത്താൻ കഴിയൂ.
deshabhimani editorial 030621
No comments:
Post a Comment