Saturday, June 5, 2021

‘ഒരാളെയും ഒഴിവാക്കില്ല, എല്ലാവരെയും ഉൾക്കൊള്ളും' ; പറഞ്ഞത്‌ 
നടപ്പാക്കും

കോവിഡാനന്തര കേരളത്തിനുള്ള കണ്ണാടിയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്‌. കഴിഞ്ഞ സർക്കാരിന്റെ ചുവടുപിടിച്ച്‌ ആരോഗ്യത്തിനും തീരദേശത്തിനും വിദ്യാഭ്യാസത്തിനും കുടുംബശ്രീക്കും സമൃദ്ധമായ പദ്ധതികൾ ആവിഷ്‌കരിച്ച്‌ മന്ത്രി കെ എൻ ബാലഗോപാൽ. ക്ഷാമ കാലത്ത്‌ കിറ്റ്‌ മുതൽ വാക്‌സിൻ വരെ നീളുന്ന ക്ഷേമപദ്ധതികൾ തുടരുമെന്ന ഉറപ്പും പുതുക്കിയ ബജറ്റിലുണ്ട്‌ 

പറഞ്ഞത്‌ 
നടപ്പാക്കും

‘ഒരാളെയും ഒഴിവാക്കില്ല. എല്ലാവരെയും ഉൾക്കൊള്ളും. പ്രകടനപത്രികയിലെ മുഴുവൻ പ്രഖ്യാപനവും നടപ്പാക്കും. മഹാമാരിയുടെ രണ്ടാം വരവിൽ പരിഷ്‌കാരങ്ങളോടെ മുൻ സർക്കാർ നൽകിയ വാഗ്‌ദാനം നടപ്പാക്കും. ഒന്നാം പിണറായി സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞത്‌ നടപ്പാക്കിയതിനാലാണ്‌ തുടർഭരണം ലഭിച്ചത്. പ്രകടനപത്രികയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകും...’  ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്‌ വ്യക്തമാക്കി.

കേരള ജനതയുടെ വിജയം

ജനാധിപത്യത്തിന്റെ അഭിമാനകരമായ വളർച്ചയുടെ തിളക്കമാർന്ന ഏടാണ്‌‌ എൽഡിഎഫ്‌ തുടർഭരണം. കേരള ജനതയുടെ വിജയമാണിത്‌. രാഷ്‌ട്രീയ കുതിരക്കച്ചവടത്തിൽനിന്ന്‌ എൽഡിഎഫ്‌ കേരളത്തെ രക്ഷിച്ചു. പ്രതിപക്ഷത്തിന്‌ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചോ മാധ്യമങ്ങളെ ഉപയോഗിച്ചോ അല്ല തുടർഭരണം നേടിയത്‌. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കഴിഞ്ഞ സർക്കാരിനെ ഒരു കൊല്ലം വേട്ടയാടി. പ്രതിപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും ആരോപണം വിശകലനം ചെയ്‌താണ് ജനം‌ ഉചിതമായ തീരുമാനമെടുത്തത്‌. തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യ ഗഡു. നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തിമ വിധിയും വന്നുവെന്ന്‌- ബാലഗോപാൽ പറഞ്ഞു.

വായ്‌പയ്‌ക്കും പലിശ ഇളവിനും 8300 കോടി

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നിലംപൊത്തിയ സമ്പദ്‌ഘടനയെ പുനരുജ്ജീവിപ്പിക്കാൻ പലിശ ഇളവിൽ വായ്‌പകൾ ഉദാരമാക്കും. ഇതിന്‌ 8300 കോടി രൂപ ബജറ്റിൽ വകയിരുത്തി. പലിശ ഇളവിനുമാത്രം 100 കോടി രൂപയുണ്ട്‌.

കേരള ബാങ്ക്‌ വായ്‌പ 
2000 കോടി

കാർഷിക മേഖലയിൽ മൂലധനരൂപീകരണം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം.   പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക്‌ നബാർഡ്‌ സഹകരണത്തോടെ വായ്‌പ ഉറപ്പാക്കും.

തൊഴിൽ സംരംഭങ്ങൾക്ക്‌ 1600 കോടി

കാർഷിക–-വ്യാവസായിക–-സേവന മേഖലയിൽ പുതിയ സംരംഭങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ‌വായ്‌പ. പ്രവർത്തനസജ്ജമല്ലാത്തവ പുനരുജ്ജീവിപ്പിക്കാനും സഹായം.

കുടുംബശ്രീക്ക്‌ 1000 കോടി

അയൽക്കൂട്ടങ്ങൾക്ക്‌ നാലുശതമാനം നിരക്കിൽ വായ്‌പ. ഒരു അയൽക്കൂട്ടത്തിന്‌ പരമാവധി അഞ്ചുലക്ഷംവരെ തുക. ജീവനോപാധി നഷ്ടപ്പെട്ടവർക്ക്‌ പുതിയ സംരംഭങ്ങൾ ഉറപ്പാക്കുന്ന ഉപജീവന പദ്ധതിക്ക്‌ 100 കോടി രൂപ.

ഒരു വർഷം വായ്‌പാ മൊറട്ടോറിയം;
കെഎഫ്‌സിവഴി 10,000 കോടി വായ്‌പ

അഞ്ചുവർഷത്തിൽ കെഎഫ്‌സിയുടെ 10,000 കോടി രൂപയുടെ സംരംഭക വായ്‌പകൾ ഉറപ്പാക്കും. നടപ്പുവർഷം 4500 കോടി നൽകും. വ്യവസായികൾക്ക്‌ നിലവിലുള്ള വായ്‌പയ്‌ക്ക്‌ 20 ശതമാനം അധിക വായ്‌പ ലഭ്യമാക്കും. 500 കോടിയെങ്കിലും വിതരണം ചെയ്യും. നേരത്തെ 20ശതമാനം വർധന നടപ്പാക്കിയിരുന്നു. അധിക വായ്‌പ ആകെ 40 ശതമാനമായി.

വായ്‌പാ തിരിച്ചടവിന്‌ പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക്‌ ഒരുവർഷംവരെ മൊറട്ടോറിയം അനുവദിക്കും.

നികുതി വർധന അനിവാര്യം; ഇപ്പോഴില്ല

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർധന അനിവാര്യമാണെങ്കിലും കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങളില്ലാതെയാണ്‌ പുതുക്കിയ ബജറ്റ്‌. അനിവാര്യമല്ലാത്ത ചെലവുചുരുക്കലിനും വരുമാനം വർധിപ്പിക്കുന്നതിനും സമഗ്രപദ്ധതിക്ക്‌ തുടക്കമിട്ടതായി ബജറ്റ്‌ പ്രഖ്യാപിച്ചു. കോവിഡ്‌ സാഹചര്യം പരിഗണിച്ച് ഇപ്പോൾ‌ നടപടികളിലേക്ക്‌ കടക്കുന്നില്ലെന്ന്‌ ധന മന്ത്രി വ്യക്തമാക്കി. കോവിഡ്‌  കുറയുന്ന ഘട്ടത്തിൽ നികുതി, നികുതിയേതര വരുമാനം വർധിപ്പിക്കൽ നടപടികൾ ശക്തമാക്കും.

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 3.82 ശതമാനം ഇടിഞ്ഞു. ലോക്‌ഡൗൺ ആഘാതത്തിൽ പൊതുവരുമാനത്തിലെ കുറവ്‌ 18.77 ശതമാനവും. നിയമപരമായി ലഭിക്കേണ്ട കേന്ദ്ര വിഹിതങ്ങളെല്ലാം അനിശ്ചിതത്വത്തിലായി. വരവുചെലവിലെ അന്തരം കുറയ്‌ക്കാൻ വായ്‌പയെ ആശ്രയിക്കുന്നത്‌ റവന്യു കമ്മി ഉയർത്തുന്നു. കോവിഡ്‌ ഒന്നും രണ്ടും തരംഗങ്ങളിൽ വരുമാന വളർച്ച നിരക്ക്‌ സമീപകാലത്തെ ഏറ്റവും താഴ്‌ന്ന നിലയിലായി. പ്രതികൂല സാഹചര്യത്തിലും ചെലവ്‌ കുറയ്‌ക്കുകയല്ല, ഉയർത്തുകയാണ്‌ സർക്കാർ. നികുതി–-നികുതിയേതര വരുമാനം ഉയർത്താതെ അധികകാലം പിടിച്ചുനിൽക്കാനാകില്ല.

വ്യാപാരികളെയും വ്യവസായികളെയും സമ്മർദത്തിലാക്കിയുള്ള നികുതി പിരിവ്‌ ആവശ്യമില്ലെന്നതാണ്‌ സർക്കാർ നിലപാട്‌.  വ്യാപാരവും വ്യവസായവും വളരുന്ന മുറയ്‌ക്ക്‌ കൂടുതൽ നികുതി നൽകാൻ അവർ തയ്യാറാകുമെന്നാണ്‌ സർക്കാർ പ്രതീക്ഷ. നികുതി വെട്ടിപ്പുകാരോട്‌ വിട്ടുവീഴ്‌ചയുണ്ടാകില്ല.  പ്രാദേശിക സർക്കാരുകളുടെ നികുതി, നികുതിയേതര വരുമാനം ഉയർത്തുന്നതിന്റെ സാധ്യതകൾ പരിഗണിക്കും.   ജിഎസ്‌ടിയിൽ കേന്ദ്ര നിയമത്തിൽ വരുത്തിയ ഭേദഗതികൾ സംസ്ഥാന നിയമത്തിലും കൊണ്ടുവരും.

സ്‌മാർട്ട്‌ കൃഷി ഭവനും‍ കൃഷിയും

കൃഷി ഭവനുകളെ സ്‌മാർട്ടാക്കാനും വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി വകുപ്പിനെ നവീകരിക്കാനും പദ്ധതി. പ്രാഥമിക ചെലവുകൾക്ക്‌ 10 കോടി. ഉൽപ്പന്നങ്ങൾക്ക്‌ 
വിപണനശൃംഖല. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വിവരസാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ സേവനശൃംഖല ആരംഭിക്കും. രണ്ട്‌ ജില്ലയിൽ ഈവർഷം  പൈലറ്റ്‌ പദ്ധതി ആരംഭിക്കും. കാർഷിക ഉൽപ്പാദന കമ്പനികൾ, സഹകരണ സംഘങ്ങൾ, ചന്തകൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി 10 കോടി രൂപ നീക്കിവച്ചു. 

മരച്ചീനി, കിഴങ്ങുവർഗങ്ങൾ, കശുമാങ്ങ, മാങ്ങ, ചക്ക, പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.   കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ലഭ്യമാക്കും.  കർഷകരുടെയും കിഫ്‌ബിയുടെയും പങ്കാളിത്തത്തോടെ അഞ്ച്‌ അഗ്രോപാർക്ക്‌ സ്ഥാപിക്കും.

വില്ലേജ്‌ ഓഫീസുകളും സ്‌മാർട്ടാക്കും

അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ്‌ ഓഫീസും സ്‌മാർട്ടാക്കും. ഇതോടെ വില്ലേജ്‌ ഓഫീസ്‌ സേവനങ്ങളും ഓൺലൈനായി ലഭ്യമാകും.

ഡിജിറ്റൽ റീ സർവേയും പൂർത്തിയാക്കും. കൃത്യമായ ഭൂരേഖ തയ്യാറാക്കാനും അനുബന്ധ സേവനങ്ങൾ ലഭ്യമാക്കാനുമാണ്‌ കോർസ്‌ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഡിജിറ്റൽ റീസർവേ.

ചെറുകിട സംരംഭങ്ങൾക്ക്‌  2000 കോടി വായ്‌പ

സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്‌ (എംഎസ്‌എംഇ) കുറഞ്ഞ പലിശ നിരക്കിൽ 2000 കോടി രൂപ വായ്‌പ നൽകും. അധിക പ്രവർത്തന മൂലധന വായ്‌പയും ടേം ലോണും ഇതിൽ ഉൾപ്പെടും. പലിശ ഇളവിന്‌ 50 കോടി രൂപയും വകയിരുത്തി. വ്യവസായ വകുപ്പിന്റെ സംരംഭകത്വസഹായ പദ്ധതിക്ക്‌ 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റിന്‌‌ 15 കോടി രൂപയും അധികം വകയിരുത്തി.

മടങ്ങിയെത്തിയ പ്രവാസികൾക്ക്‌  1000 കോടി വായ്‌പ

കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട്‌ തിരിച്ചെത്തിയ പ്രവാസികൾക്ക്‌ കുറഞ്ഞ പലിശയ്‌ക്ക്‌ 1000 കോടി രൂപ വായ്‌പ. വിവിധ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. കോവിഡിനെ തുടർന്ന് മടങ്ങിയെത്തി‌യ‌ 14.5 ലക്ഷത്തോളം പ്രവാസികളിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ടവരാണ്‌. ഇവരുടെ പുനരധിവാസത്തിനും സംരംഭം തുടങ്ങുന്നതിനുമായി നോർക്ക സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ വായ്‌പ. വായ്‌പയ്‌ക്ക്‌ പലിശ ഇളവുനൽകുന്നതിനായി 25 കോടി രൂപ വകയിരുത്തി. വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ്‌ വിഹിതവും 170 കോടിയായി ഉയർത്തി.

സ്‌റ്റാർട്ടപ്പുകൾക്ക്‌ വെഞ്ച്വർ 
കാപിറ്റൽ ഫണ്ട്‌

സ്‌റ്റാർട്ടപ്പുകളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും വളർച്ചയ്‌ക്ക്‌ പ്രോത്സാഹനം നൽകാൻ 100 കോടി രൂപയുടെ വെഞ്ച്വർ കാപിറ്റൽ ഫണ്ട്‌ സ്ഥാപിക്കും. കെഎഫ്‌സി, കെഎസ്‌എഫ്‌ഇ, കെഎസ്‌ഐഡിസി, കേരള ബാങ്ക്‌, വാണിജ്യ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയും വിദേശ മലയാളികളിൽനിന്ന്‌ നിക്ഷേപം സ്വീകരിച്ചും ഫണ്ട്‌ സമാഹരിക്കും. ഫണ്ട്‌ കൈകാര്യം ചെയ്യാൻ വെഞ്ച്വർ കാപിറ്റൽ മേഖലയിലെ പരിചയസമ്പന്നരെ ഉൾപ്പെടുത്തി പ്രൊഫഷണൽ മാനേജ്‌മെന്റ്‌ ടീം രൂപീകരിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി ഒരു കോടി വകയിരുത്തി.

സ്‌മാർട്ട്‌ കിച്ചന്‌  അഞ്ചു കോടി

ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ സർക്കാർ പ്രഖ്യാപിച്ച സ്‌മാർട്ട്‌ കിച്ചൻ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന്‌ അഞ്ചു കോടി രൂപ വകയിരുത്തി. കെഎസ്‌എഫ്‌ഇയുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

പാൽ ഉൽപ്പന്ന 
ഫാക്ടറിക്ക്‌  10 കോടി

ക്ഷീരമേഖലയെ ശക്തിപ്പെടുത്താൻ പാൽ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. 10 കോടി രൂപ ഇതിന്‌ അനുവദിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പാൽ പൊടി നിർമാണ ഫാക്ടറി ആരംഭിക്കാൻ നടപടി സ്വീകരിച്ചിരുന്നു.

ഓൺലൈൻ കൂടുതൽ ഓണാകും

കോവിഡിൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ കർമപരിപാടി. വിശദപഠനത്തിന്‌ വിദ്യാഭ്യാസ, ആരോഗ്യ, സമൂഹ്യ വിദഗ്‌ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.  വിദ്യാർഥികൾക്ക്‌ സ്‌കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ 10 കോടി രൂപ അനുവദിച്ചു. വിക്ടേഴ്‌സ്‌ ചാനലിലെ ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം സ്‌കൂളുകളിൽ അതത്‌ ക്ലാസുകളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾക്കായാണ്‌ പുതിയ സംവിധാനം.  

രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്‌ഠ സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നം പരിഹരിക്കാൻ ടെലി/ ഓൺ ലൈൻ കൗൺസലിങ്ങിന്‌ സ്ഥിരം സംവിധാനം. കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാൻ തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്‌സ്‌ ചാനൽ വഴി സംപ്രേഷണം ചെയ്യും.

No comments:

Post a Comment