Tuesday, June 1, 2021

കത്തിക്കുത്തിൽ 4 ബിജെപിക്കാർ പിടിയിൽ ; ഒബിസി മോർച്ച സംസ്ഥാന നേതാവിന്‌ വധ ഭീഷണി

വാടാനപ്പള്ളി: കുഴൽപ്പണക്കേസിൽ സമൂഹ്യമാധ്യമങ്ങളിലെ വാക്ക്‌പോരിനെത്തുടർന്ന്‌  സഹപ്രവർത്തകനെ കുത്തിയ കേസിൽ നാലു ബിജെപിക്കാർ  അറസ്‌റ്റിൽ. വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശികളായ മേനോത്തുപറമ്പിൽ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), തൃപ്രയാറ്റ്പുരയ്ക്കൽ വീട്ടിൽ  സജിത്ത് (26), ഗണേശമംഗലം പ്രാക്കൻ വീട്ടിൽ ബിപിൻദാസ് (31) എന്നിവരാണ് അറസ്റ്റിലായത്. 

അതിനിടെ  ജില്ലാ നേതാക്കളെ വിമർശിച്ച്‌  ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ട  ഒബിസി മോർച്ച സംസ്ഥാന നേതാവിനെ കൊല്ലുമെന്ന്‌ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി  ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി.  ഒബിസി മോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിഷി പൽപ്പുവാണ്‌ അഡ്വ. കെ ആർ ഹരിക്കെതിരെ  തൃശൂർ വെസ്റ്റ്‌ പൊലീസിൽ‌  പരാതി നൽകിയത്‌.  പരാതി നൽകിയതിനു പിന്നാലെ റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന്‌ പുറത്താക്കി.  

കുഴൽപ്പണക്കേസിലും കത്തിക്കുത്ത്‌ കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു‌ പൽപ്പുവിന്റെ പോസ്‌റ്റ്‌.  വിഷയത്തിൽ ജില്ലാട്രഷറർക്കും പഞ്ചായത്ത്‌ മെമ്പർമാർക്കും പങ്കുണ്ടെന്ന്‌ സമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടതിന്‌  വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ ഒപ്പമുള്ളവർ തന്നെ കുത്തിവീഴ്‌ത്തിയതിന്‌ പിന്നാലെയാണിത്‌.

കുത്തുകേസിൽ അറസ്‌റ്റിലായവരെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.   ഒന്നാം പ്രതി സഹലേഷാണ് ഹിരണിനെ കുത്തിയത്.   കേസിൽ മൂന്നുപേരെക്കൂടി  പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

താമസമൊരുക്കിയത്‌ 
ജില്ലാ ട്രഷറർ പറഞ്ഞിട്ട്‌ ; ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി

കൊടകര കുഴൽപ്പണക്കവർച്ച കേസിലെ പ്രതികൾക്ക്‌ മുറിയെടുത്തു നൽകിയത്‌ ബിജെപി ജില്ലാ ട്രഷറർ സുജയ്‌സേനൻ പറഞ്ഞിട്ടാണെന്ന്‌ തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയുടെ മൊഴി. തിങ്കളാഴ്‌ചയാണ്‌ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി  തിരൂർ സതീശിനെ തൃശൂർ പൊലീസ്‌ ക്ലബ്ബിൽ ചോദ്യംചെയ്‌തത്‌. ഇതോടെ കേസിൽ ബിജെപി ജില്ലാ നേതാക്കളുടെപങ്ക്‌ കൂടുതൽ വ്യക്തമായി. മുറിയെടുത്തു നൽകുമ്പോൾ കുഴൽപ്പണസംഘമാണെന്ന്‌ അറിയില്ലായിരുന്നുവെന്നാണ്‌ സതീശിന്റെ മൊഴി. നേതാക്കൾ ആവശ്യപ്പെടുമ്പോൾ മുറി വിളിച്ചുപറയാറുണ്ട്‌. ഏതാനും  മാസംമുമ്പുമാത്രമാണ്‌‌ ഓഫീസ്‌ സെക്രട്ടറിയായത്‌‌. സുജയ്‌സേനന്റെ വിശ്വസ്‌തൻ പ്രശാന്തിനെയും തിങ്കളാഴ്‌ച ചോദ്യംചെയ്‌തു.  ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കെന്നപേരിൽ കൊണ്ടുവന്ന കുഴൽപ്പണം ഏപ്രിൽ മൂന്നിനു പുലർച്ചെയാണ്‌  കൊടകരയിൽ  കാർ തടഞ്ഞുനിർത്തി കവർന്നത്‌.

കോഴിക്കോട്ടുനിന്ന്‌ മൂന്നരക്കോടിയുടെ കുഴൽപ്പണവുമായി വന്ന ധർമരാജനും സംഘത്തിനും ഏപ്രിൽ രണ്ടിനു രാത്രിയാണ്‌ തൃശൂർ ലോഡ്‌ജിൽ താമസമൊരുക്കിയത്.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതുപ്രകാരമാണ്‌ മുറി നൽകിയതെന്ന്‌‌‌  ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. രാത്രി ഏഴിനു ശേഷമാണ്‌ മുറിയെടുത്തത്‌.

പന്ത്രണ്ടോടെ രണ്ടു വാഹനത്തിൽ എത്തിയവർ  215ഉം  216ഉം മുറികളിൽ താമസിച്ചു. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം കണ്ടെടുത്തു. നേതാക്കളാണ്‌ താമസ സൗകര്യമൊരുക്കിയതെന്ന്‌ ധർമരാജും മൊഴി നൽകിയിരുന്നു.

കേന്ദ്രത്തിനയച്ച പരാതി വെളിപ്പെടുത്തൂ ; വിട്ടുവീഴ്‌ച വേണ്ടെന്ന്‌ ഔദ്യോഗിക വിഭാഗം

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെടുത്തി കൃഷ്ണദാസ്‌ പക്ഷത്തുള്ളവരുടെ നീക്കത്തിന്‌ തടയിടാൻ കെ സുരേന്ദ്രനോടൊപ്പമുള്ളവരും രംഗത്ത്‌. കേന്ദ്ര നേതൃത്വത്തിന്‌ പരാതി കൊടുത്തവർ കത്തിന്റെ കോപ്പി പുറത്തുവിടട്ടെയെന്ന വെല്ലുവിളിയാണ്‌ ഔദ്യോഗിക വിഭാഗം നടത്തുന്നത്‌. കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമടക്കമുള്ളവർ പാർടിയെ പത്ത്‌ കൊല്ലംമുമ്പുള്ള അവസ്ഥയിലേക്കെത്തിച്ചെന്നാണ്‌ എതിർപക്ഷത്തിന്റെ വാദം. മുതിർന്ന പല നേതാക്കളും ഇതേ വികാരമാണ്‌ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്‌. 400 കോടിയോളം രൂപ കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്ക്‌ കൊടുത്തുവിട്ടെന്നും അതിൽ നല്ലൊരു ശതമാനം മണ്ഡലങ്ങളിലേക്ക്‌ എത്തുന്നതിനുമുമ്പേ അടിച്ചുമാറ്റി എന്നുമാണ്‌ ആക്ഷേപമുള്ളത്‌.

ഔദ്യോഗിക നേതൃത്വത്തിൽ ചിലർക്ക്‌ കേന്ദ്ര നേതാക്കളുമായുള്ള ബന്ധത്തിന്റെ ബലത്തിലാണ്‌ സുരേന്ദ്രനടക്കമുള്ളവർ വിമതരെ വെല്ലുവിളിക്കുന്നത്‌. കേന്ദ്ര നേതൃത്വത്തിന്‌ പരാതി കൊടുക്കാൻ ഒരാളും ധൈര്യപ്പെടില്ലെന്നും അങ്ങനെ കൊടുത്തെങ്കിൽ അത്‌ പുറത്തുവിടട്ടേയെന്നും തിരുവനന്തപുരത്തെ ഔദ്യോഗികപക്ഷ നേതാവ്‌ പറഞ്ഞു.എന്നാൽ, കൃഷ്ണദാസ്‌ പക്ഷത്തുള്ളവർ ശക്തമായ നീക്കമാണ്‌ നടത്തുന്നത്‌. കേന്ദ്ര സഹമന്ത്രിയുടെ അടുത്ത അനുയായിയായ സുനിൽ നായിക്കാണ്‌ പണം കടത്തിയതിന്റെ മുഖ്യ ഇടനിലക്കാരനെന്ന്‌ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്‌.

deshabhimani

No comments:

Post a Comment