സ്റ്റോക്കെടുപ്പുവേളയിലുണ്ടായ റെയ്ഡ് കണ്‍സ്യൂമര്‍ഫെഡിനെ പ്രതിസന്ധിയിലാക്കിയെന്ന് റിജി ജി നായര്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡില്‍ 60 കോടിയുടെ ക്രമക്കേട്
കണ്‍സ്യൂമര്‍ഫെഡില്‍ 60 കോടിയുടെ ക്രമക്കേട് നടന്നതായി വിജലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം "ഓപ്പറേഷന്‍ അന്നപൂര്‍ണ" എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ മഹേഷ് കുമാര്‍ സിംഗ്ള ഉടന്‍ സര്‍ക്കാരിന് നല്‍കും. കണ്‍സ്യൂമര്‍ഫെഡില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള ആക്ഷേപം ശരിവയ്ക്കുന്നതാണ് വിജിലന്‍സ് കണ്ടെത്തലുകള്‍. പരിശോധനയുടെ പേരില്‍ മന്ത്രിസഭയിലും കോണ്‍ഗ്രസിലും വിവാദങ്ങളും ഗ്രൂപ്പുപോരും രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
കണ്‍സ്യൂമര്‍ഫെഡില്‍ കോടികളുടെ ധൂര്‍ത്ത് നടത്തുന്നതിന്റെ രേഖകള്‍ പരിശോധനയില്‍ ലഭിച്ചു. രണ്ടുവര്‍ഷത്തെ രേഖകളാണ് പരിശോധിച്ചത്. കൊല്ലത്ത് പുഴുക്കലരി വാങ്ങിയതില്‍ 55 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്ന്് റിപ്പോര്‍ട്ട് പറയുന്നു. ചെയര്‍മാന്റെ െ്രഡെവറുടെ ശമ്പളത്തിനും വിനോദത്തിനുമായി ചെലഴിച്ചത് ലക്ഷങ്ങള്‍. കൊല്ലം, കരിക്കോട് നീതി വിതരണകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിനോദത്തിനായി മാത്രം 5,70,000 രൂപ ചെലവഴിച്ചതായി കണ്ടെത്തി. യാത്രാ ബത്തയായും വന്‍തുക ചെലവഴിച്ചു. പുഴുക്കലരിക്ക് വിപണിയില്‍ 24 രൂപ വിലയുള്ളപ്പോല്‍ നാലുരൂപ കൂട്ടിയാണ് വാങ്ങിയത്. അരക്കോടി രൂപയുടെ നഷ്ടം. പലയിടങ്ങളിലും കൃത്യമായി ഓഡിറ്റ് നടത്തുന്നില്ല. ടെന്‍ഡറുകളില്‍ സുതാര്യതയില്ല. സ്റ്റോക്ക് സൂക്ഷിക്കുന്നില്ലെന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതായി ബില്ലുണ്ടെങ്കിലും സ്റ്റോക്കില്ലെന്നും വിജിലന്‍സ് കണ്ടെത്തി. വന്‍ തുകയ്ക്ക് ടെന്‍ഡര്‍ നല്‍കുന്നവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നീതി ഗ്യാസിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തില്‍ ക്രമക്കേട് കാണിച്ച് തൃശൂരിലെ ഗോഡൗണ്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ നടപടിക്കും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കൊല്ലം, കോഴിക്കോട്, എറണാകുളം ഗോഡൗണുകളില്‍ വലിയ തിരിമറി നടക്കുന്നു. കോഴിക്കോട് ഗോഡൗണില്‍ 20 ടണ്‍ അനധികൃത അരി സ്റ്റോക്ക് കണ്ടെത്തി. സൂക്ഷിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ലക്ഷങ്ങളുടെ ഭക്ഷ്യധാന്യങ്ങളാണ് പല ജില്ലകളിലും നശിക്കുന്നത്. സഹകരണമന്ത്രിയുടെ ജില്ലയായ തൃശൂരിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ഫ്ളോട്ടിങ് നീതി സ്റ്റോറുകള്‍ക്കായി ബോട്ട് വാങ്ങിയതിലും ക്രമക്കേടുണ്ട്. ചില ബോട്ടിന് പെര്‍മിറ്റില്ല. ജീവനക്കാരുടെ നിയമനത്തിലും തിരിമറി നടന്നു. രണ്ടുവര്‍ഷത്തെ കണക്കുകളുടെ ശരിയായ പരിശോധനയ്ക്ക് വിജിലന്‍സ് അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിജിലന്‍സ് എഡിജിപി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ 26 ഓഫീസുകളിലും ഗോഡൗണുകളിലുമായിരുന്നു പരിശോധന. പതിനാറിടത്ത് ക്രമക്കേട് കണ്ടെത്തി.
തിരുവഞ്ചൂരിനെതിരെ സഹകരണമന്ത്രി പരാതി നല്‍കും
തിരു: കണ്‍സ്യൂമര്‍ഫെഡിലെ ക്രമക്കേടുകളെയും അഴിമതികളെയും പറ്റി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. സഹകരണ അഡിഷണല്‍ രജിസ്ട്രാര്‍ കെ വി സുരേഷ്ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണറിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം. അതിനിടെ തന്റെ അറിവില്ലാതെ കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തീരുമാനിച്ചു.
ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നാണ് മന്ത്രിയുടെ നിലപാട്. പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് മന്ത്രിയുടെ തീരുമാനം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് പരാതി അറിയിക്കും. വകുപ്പിനെയും തന്നെയും അപമാനിക്കുകവഴി സര്‍ക്കാരിനെത്തന്നെ താറടിച്ചിരിക്കയാണെന്നാണ് മന്ത്രിയുടെ പരാതി. മറ്റു വകുപ്പുകളില്‍ ഇടപെട്ട് ആളാകാന്‍ ശ്രമിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സി എന്‍ ബാലകൃഷ്ണന്‍ തിരുവഞ്ചൂരിനു നേരെ തുറന്നടിച്ചിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദും ബാലകൃഷ്ണന്റെ പക്ഷം ചേര്‍ന്നതോടെ യോഗത്തില്‍ പ്രക്ഷുബ്ധരംഗത്തിന് വഴിവച്ചു. മൂന്നു മന്ത്രിമാരുടെ പോര്‍വിളി മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഇടപെടലിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായി ശമിച്ചത്.
deshabhimani
No comments:
Post a Comment