കണ്ണപുരം: മതവിരോധം വളര്‍ത്തി അധികാരത്തിലെത്താനാണ് ആര്‍എസ്എസ് ശ്രമം നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മോഡിയെ രംഗത്തിറക്കിയുള്ള പരീക്ഷണവും ഇതിന്റെ ഭാഗമാണ്. വംശഹത്യയില്‍ ആര്‍എസ്എസ് അഭിമാനിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യമാകെ വര്‍ഗീയകലാപമുണ്ടാക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കം. കണ്ണപുരം ചുണ്ടയില്‍ രക്തസാക്ഷി റിജിത്ത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനദ്രോഹനയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്. അമേരിക്കക്ക് കീഴ്പ്പെടുന്ന നയമാണ് രണ്ടുകൂട്ടരുടെയും. നരേന്ദ്രമോഡിയെ പുതുമുഖമായി അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. സ്വയം അപഹാസ്യനാകുന്ന പ്രവൃത്തികളാണ് മന്‍മോഹന്‍സിങ്ങിന്റേത്. കേന്ദ്രസര്‍ക്കാരും യുപിഎയും കോണ്‍ഗ്രസുമെല്ലാം ആലോചിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതി തിരിച്ചയക്കുമെന്ന് വിവരം ലഭിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞത്. ഇതില്‍പ്പരം ഒരു പ്രധാനമന്ത്രിക്ക് അപമാനം സംഭവിക്കാനുണ്ടോ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും അദ്ദേഹത്തിന്റെ കീഴില്‍ എന്തുസ്ഥാനവും വഹിക്കാന്‍ താന്‍ തയ്യാറാണെന്നും മന്‍മോഹന്‍സിങ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ തടി എങ്ങനെ രക്ഷിക്കാമെന്നാണ് സര്‍ക്കാരിന്റെ ആലോചന. ഇവിടെയൊരു ഭരണമുണ്ടോയെന്ന് ഹൈക്കോടതിയാണ് ചോദിച്ചത്. സലിംരാജിനെതിരെ പരാതി ലഭിച്ചാല്‍ ഡിജിപി എന്തിനാണ് സര്‍ക്കാരിന് അത് അയച്ചുകൊടുക്കുന്നതെന്നും കോടതി ചോദിച്ചു. അധോലോകരാജാക്കന്മാരുമായി ബന്ധമുള്ള ഒരു പുതിയ അവതാരം ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. കള്ളക്കടത്തും അധോലോകപ്രവര്‍ത്തനങ്ങളും നടത്തുന്ന ഫയാസ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുതല്‍ താഴേത്തട്ടുവരെയുള്ള സ്വാധീനം ഉപയോഗിച്ച് ഗ്രീന്‍ചാനലിലൂടെ സ്വര്‍ണം കടത്തുന്നതാണ് ഹോബി. ഇത്തരത്തില്‍ കുറ്റവാളികളുടെ സംരക്ഷകനായ മുഖ്യമന്ത്രിക്ക് ഒരു നിമിഷംപോലും തുടരാന്‍ അര്‍ഹതയില്ല. സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ജനങ്ങളുടെ മുമ്പാകെ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ഇതുവരെ വാക്കുപാലിച്ചില്ല. മുഖ്യമന്ത്രി അധികാരം വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം എല്‍ഡിഎഫ് കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment