Sunday, October 30, 2011

ജോര്‍ജിനെതിരെ നടപടി വേണം: വി എസ്


ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. എ കെ ബാലനെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിന്റെ പ്രസംഗം സാംസ്ക്കാരശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും മന്ത്രി കെ ബി ഗണേഷ്കുമാറിന്റെയും പത്തനാപുരത്തെ ആഭാസപ്രസംഗം അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രസംഗത്തില്‍ ഗണേഷ്കുമാറും മുഖ്യമന്ത്രിയും മറ്റുള്ളവരും ഖേദം പ്രകടിപ്പിച്ചു. പ്രശ്നത്തെ രാഷ്ട്രീയ പോരാട്ടത്തിലേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ അതേരീതിയില്‍ യുഡിഎഫും കാണുമെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗണേശ്കുമാറിനെ ന്യായീകരിച്ച് യുഡിഎഫ് നേതാക്കള്‍

കോഴിക്കോട്: ആഭാസപ്രസംഗം നടത്തിയ മന്ത്രി ഗണേശ്കുമാറിനെയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിനെയും തള്ളിപ്പറയാതെ യുഡിഎഫ് നേതാക്കള്‍ . യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവര്‍ ഗണേശിനെ വിമര്‍ശിച്ച് ഒരക്ഷരം പറയാന്‍ തയ്യാറാവാതിരുന്നത്. കേരളമാകെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധമുയര്‍ത്തിയ ഗണേശ്കുമാറിന്റെ ആഭാസപ്രസംഗത്തെ ഫലത്തില്‍ ന്യായീകരിക്കയായിരുന്നു യുഡിഎഫ് നേതാക്കള്‍ . ജനാധിപത്യ സംരക്ഷണത്തിനായായിരുന്നു സമ്മേളനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഖേദപ്രകടനത്തോടെ എല്ലാം അവസാനിച്ചെന്നാണ് ഉമ്മന്‍ചാണ്ടി ഈ വിഷയം പരാമര്‍ശിക്കാതെ സൂചിപ്പിച്ചത്. മാന്യത എല്‍ഡിഎഫ് നേതാക്കന്മാര്‍ക്കും ബാധകമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇടതുപക്ഷത്തുള്ളപ്പോള്‍ തനിക്ക് മാനുഷികത ലഭിച്ചില്ലെന്നും വലതുമുന്നണിയാണ് പരിഗണിച്ചതെന്നുമായിരുന്നു വീരേന്ദ്രകുമാര്‍ പറഞ്ഞത്. മുതലക്കുളത്തു ചേര്‍ന്ന യോഗത്തില്‍ മുന്നണി ജില്ലാചെയര്‍മാന്‍ പി കെ കെ ബാവ അധ്യക്ഷനായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ , എം കെ രാഘവന്‍ എംപി, എം പി വീരേന്ദ്രകുമാര്‍ , ടി സിദ്ദിഖ്, പി വി മുഹമ്മദ് അരീക്കോട് എന്നിവര്‍ സംസാരിച്ചു. മുന്നണിജില്ലാകണ്‍വീനര്‍ അഡ്വ. എം വീരാന്‍കുട്ടി സ്വാഗതം പറഞ്ഞു.

പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: മന്ത്രി ഗണേശ്കുമാറിന്റെയും ചീഫ്വിപ്പ് പി സി ജോര്‍ജിന്റെയും വിവാദപരാമര്‍ശങ്ങളോട് പ്രതികരിക്കാതെ, മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് വിവിധപരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞുമാറുകയായിരുന്നു. വാളകം അക്രമം അറിയാമെന്ന് ഗണേശ്കുമാര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കുമോയെന്നത് സംബന്ധിച്ചും പി സി ജോര്‍ജ് സിപിഐ എം നേതാവ് എ കെ ബാലനെ അധിക്ഷേപിച്ചതിനെക്കുറിച്ചുമെല്ലാം വാര്‍ത്താലേഖകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മുഖ്യമന്ത്രി വാ തുറന്നില്ല. നിങ്ങള്‍ക്ക് വിവാദമാണാവശ്യമെന്നും അതിനെന്നെ കിട്ടില്ലെന്നുമായിരുന്നു മറുപടി. ഖേദപ്രകടനം നടത്തിയിട്ടും വിവാദങ്ങള്‍ തുടരാനാണ് പ്രതിപക്ഷത്തിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പറഞ്ഞു. വിവാദങ്ങളുടെ കുറ്റിയില്‍ കേരളത്തെ കെട്ടിയിടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

ഹൈക്കോടതിയെ സമീപിക്കും: പട്ടികവിഭാഗ ഐക്യവേദി

കണ്ണൂര്‍ : എ കെ ബാലന്‍ എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പട്ടികജാതി- വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം കേസെടുത്ത് ജോര്‍ജിനെ അറസ്റ്റുചെയ്യണം. നിയമസഭയില്‍നിന്ന് പുറത്താക്കണം. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കും. ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്. പൊലീസ് സ്റ്റേഷനിലെത്തിയാല്‍ പട്ടിക വിഭാഗക്കാരനാണെങ്കില്‍ മര്‍ദനമുറപ്പാണ്. ചോദിക്കാനാരുമില്ലെന്ന മനോഭാവമാണ് പൊലീസിന്. വിതുരയിലെ സിനു പൊലീസിന്റെ മൃഗീയ മര്‍ദനത്തെതുടര്‍ന്നാണ് തൂങ്ങിമരിച്ചത്. സിനു മദ്യപിച്ചെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മര്‍ദനത്തെ ന്യായീകരിച്ചത്. പട്ടിക വിഭാഗം ഇരകളാകുന്ന പല കേസുകളിലും പൊലീസ് ന്യായമായ നടപടി സ്വീകരിക്കുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍ , ജനറല്‍ സെക്രട്ടറി കട്ടക്കുളം രാമചന്ദ്രന്‍ , ബി ബാലന്‍ എന്നിവര്‍ പങ്കെടുത്തു

പാര്‍ടി നിയന്ത്രിക്കണം: തങ്കച്ചന്‍

കൊച്ചി: ചീഫ് വിപ്പ് പി സി ജോര്‍ജിനെ അദ്ദേഹത്തിന്റെ പാര്‍ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍പദവികള്‍ വഹിക്കുന്ന ജോര്‍ജ് എല്ലാകാര്യങ്ങളിലും പക്വത കാട്ടണം. പ്രസ്താവനകളിലും മിതത്വം പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും തങ്കച്ചന്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരെ നവംബര്‍ നാലിന് പ്രഖ്യാപിക്കും. ഒരു എംഎല്‍എയുള്ള പാര്‍ടിക്കും എംഎല്‍എമാരില്ലാത്ത പാര്‍ടികള്‍ക്കും മൂന്നില്‍ താഴെ സ്ഥാനങ്ങളേ നല്‍കൂ. ഇക്കാര്യത്തില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എം പാര്‍ടികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്നും തങ്കച്ചന്‍ പറഞ്ഞു.

നിയമപരമായി നേരിടും: എ കെ ബാലന്‍

പാലക്കാട്: ജാതിപ്പേര് വിളിച്ച് അപമാനിച്ച പി സി ജോര്‍ജിന്റെ നടപടി നിയമപരമായി നേരിടുമെന്ന് എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. പൊലീസും ക്യാബിനറ്റ് പദവിയുമുണ്ടെങ്കില്‍ എന്തും വിളിച്ചുപറയാമെന്ന് ധരിക്കരുത്. ഇവരുടെ പ്രസംഗത്തിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. തനിക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൊതുജനമധ്യത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ നിയമത്തിന്റെ വഴിക്കുപോകില്ലായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ദളിത്വിരുദ്ധ സമീപനത്തിന്റെ നേതാവാണ് പി സി ജോര്‍ജ്. സവര്‍ണരുടെ കൈയടിനേടാനാണ് ജോര്‍ജ് ശ്രമിക്കുന്നത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിയെ പാക്കിസ്ഥാന്‍കാരനോടാണ്ജോര്‍ജ് ഉപമിച്ചത്- എ കെ ബാലന്‍ പറഞ്ഞു.

പരാതി കൊടുക്കേണ്ടത് മാധ്യമങ്ങള്‍ക്കെതിരെ: ജോര്‍ജ്

കട്ടപ്പന: വിവാദ പ്രസ്താവന ന്യായീകരിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും വീണ്ടും പി സി ജോര്‍ജ്. ആലങ്കാരികമായി താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പറഞ്ഞകാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ജില്ലാപഞ്ചായത്തംഗങ്ങള്‍ പങ്കെടുത്ത ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ അതിരുവിടുന്നത് ശരിയല്ല. മാധ്യമങ്ങള്‍ ധാര്‍മികത പാലിക്കണം. മാധ്യമങ്ങളാണ് വേണ്ടാധീനം കാണിക്കുന്നത്. പരാതി കൊടുക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് അവകാശമുണ്ട്. സംഭവങ്ങള്‍ കാണിക്കുന്ന ചാനലുകള്‍ക്കെതിരെയും പരാതി കൊടുക്കേണ്ടതുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani 301011

1 comment:

  1. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. എ കെ ബാലനെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിന്റെ പ്രസംഗം സാംസ്ക്കാരശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete