Sunday, November 4, 2018

ശബരിമല : നേരും നുണയും

സ്ത്രീപ്രവേശനത്തിന‌് അനുമതി നൽകിയത‌് സുപ്രീംകോടതി

ഇപ്പോള്‍ സംഘപരിവാർ നടത്തുന്ന പ്രചാരവേലയില്‍ പ്രധാനം പിണറായി സര്‍ക്കാരും സിപിഐ എമ്മുമാണ് ശബരിമലയെ തകര്‍ക്കാനായി യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ‌്. രാജ്യത്തെ ഉന്നതനീതി പീഠമാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല ദര്‍ശനം തടയുന്ന ചട്ടം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തി റദ്ദാക്കിയത‌്. 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് വിശ്വാസം ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്.

ദേവസ്വംബോര്‍ഡ്, തന്ത്രി, എന്‍എസ്എസ് അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമിതി, അയ്യപ്പ പൂജാസമിതി, ശ്രീധര്‍മ്മ ശാസ്താ സേവാ സമാജം, അഖില ഭാരതീയ മലയാളി സംഘം, ശബരിമല അയ്യപ്പ സേവാ സമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല ആചാര സംരക്ഷണ സമിതി, ആത്മ ഡിവൈന്‍ ട്രസ്റ്റ്, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ വാദം വിശദമായി കേട്ടതിനുശേഷവും രണ്ടു അമിക്കസ്ക്യൂറിമാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചശേഷമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിപ്രഖ്യാപിച്ചത്.    ഭരണഘടനാ അനുശാസിക്കുന്ന തുല്യമായ ആരാധനാവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ വിശ്വാസത്തിന്റെ പ്രശ്നവും ദീര്‍ഘകാലമായി വിശ്വാസികള്‍ സ്വീകരിച്ച കാര്യവും ഹൈക്കോടതി വിധിയുടെ പിന്‍ബലമുള്ളതുമായ നിരോധനമായതുകൊണ്ട് ഹിന്ദുമതത്തില്‍ അറിവുള്ള പണ്ഡിതരും സാമൂഹ്യപരിഷ്കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ കോടതി നിയോഗിക്കണമെന്നും ഈ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനത്തിലെത്താനെന്നും സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം തന്നെ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.
 
വിധി നടപ്പാക്കൽ സർക്കാരിന്റെ ഭരണഘടനാ ബാധ്യത

ഭരണഘടനയനുസരിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ഇതില്‍ വീഴ്ചവരുത്തിയാല്‍ സര്‍ക്കാരിന് തുടരാന്‍ ഭരണഘടനാപരമായി കഴിയാതെവരും. 1991 ല്‍ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള മൂന്നാമത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സുപ്രീംകോടതിവിധി വരുന്നതുവരെ  ഹൈക്കോടതിവിധി അക്ഷരംപ്രതി നടപ്പിലാക്കുകയാണ് ഈ സര്‍ക്കാരുകള്‍ ചെയ്തത്. ഈ വിധിക്കെതിരെ അപ്പീല്‍ കൊടുക്കാന്‍ ശ്രമിക്കുകയോ, ഏതെങ്കിലും നിയമനിര്‍മ്മാണം നടത്തുകയോ ചെയ്തില്ല. ഇപ്പോള്‍ സുപ്രീംകോടതിവിധിയും പൂര്‍ണമായും നടപ്പാക്കുന്നു. ഇനി റിവ്യുഹര്‍ജിയില്‍ സുപ്രീംകോടതി എന്താണോ വിധിക്കുന്നത് അതായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക.

എല്ലാ സുപ്രീംകോടതിവിധിയും നടപ്പാക്കുന്നില്ലല്ലോ?

ഏതെങ്കിലും നിയമനം ചട്ടപ്രകാരമല്ലെന്ന് കണ്ട് കോടതി റദ്ദാക്കിയാല്‍ ചട്ടമനുസരിച്ച് വേണമെങ്കില്‍ അതേ നിയമനം നടത്താം.
ഏതെങ്കിലും ചട്ടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് കഴിയും. രണ്ടു സഭകള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ വിധി വന്നാല്‍ സമാധാനപൂര്‍വം വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. എന്നാല്‍ ഭരണഘടനയുടെ മൗലീകാവകാശമാണെന്നു കോടതി വിധിച്ച കേസില്‍ ഒന്നാം കക്ഷിയായ സംസ്ഥാനസര്‍ക്കാരിനു അത് അതേപ്പടി നടപ്പിലാക്കാതെ മറ്റൊരു മാര്‍ഗമില്ല.

ഓര്‍ഡിനന്‍സ് ഇറക്കല്‍ ഭരണഘടനാ വിരുദ്ധമാകും

ഏതു നിയമവും ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. അല്ലാത്ത നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് സുപ്രീംകോടതിക്ക് ജുഡീഷ്യല്‍ റിവ്യുവിലൂടെ റദ്ദുചെയ്യാം. അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ മൗലികാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയ പ്രശ്നത്തില്‍ മറ്റൊരു വഴിയും സര്‍ക്കാരിനു മുമ്പിലില്ല.

പുനഃപ്പരിശോധനാ ഹര്‍ജിക്ക‌് നിയമതടസ്സം

സുപ്രീംകോടതി വിധി പൂര്‍ണമായും നടപ്പിലാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. ഇതേ നിലപാടുതന്നെയാണ് ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്. എന്നാല്‍ ഏതൊരാള്‍ക്കും പുനഃപപരിശോധനാ ഹര്‍ജി നല്‍കാന്‍ അവകാശമുണ്ട്. അതിന് ആരും എതിരല്ല. സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുള്ളവര്‍ കോടതിയില്‍ റിവ്യുഹര്‍ജി നല്‍കി ഇടപെടണം.  അതിനുപകരം സമരം ചെയ്യാന്‍ ജനങ്ങളെ ഇളക്കിവിട്ടുകൊണ്ട് വിധി മാറ്റാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്.

വിശ്വാസമാണോ പ്രധാനം, അതോ ഭരണഘടനയോ

ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനമെന്നാണ് ബിജെപിയും, കോണ്‍ഗ്രസ്സും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് ആഴത്തില്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധിയെഴുതിയത്. ഭരണഘടന മാനിക്കേണ്ടതില്ലെന്നു വന്നാല്‍ രാജ്യത്ത് അരാജകത്വമായിരിക്കും. വിശ്വാസമാണ് പ്രധാനമെങ്കില്‍ അയോദ്ധ്യയില്‍ ബാബറിപ്പള്ളി തകര്‍ത്തത് ശരിയാണെന്നും ഇവര്‍ പറയും. കോടതിവിധി അനുസരിച്ച് ശബരിമലയില്‍ ദര്‍ശനത്തിനുവരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

ലക്ഷ്യം രണ്ടാംവിമോചനസമരം

വര്‍ഗീയ ധ്രുവീകരണവും രണ്ടാം വിമോചന സമരവുമാണ് ലക്ഷ്യം. ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ ആദ്യം അനുകൂലിച്ചു. വിധിവന്നപ്പോള്‍ സ്വാഗതം ചെയ്തു. എന്നാല്‍ പിന്നീട് കലാപത്തിന് ആഹ്വാനം ചെയ്തു. ചരിത്രപരമായ വിധിയെന്ന് എഐസിസി ആദ്യം പ്രഖ്യാപിച്ചു. ചെന്നിത്തലയും സുപ്രീംകോടതി വിധിയാണ് ഇനി ബാധകമെന്ന് പറഞ്ഞു. എന്നാല്‍, പിന്നീട് നിലപാട് മാറ്റി. ബിജെപി സമരം കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഉദ്ഘാടനം ചെ യ്യുന്നതിലേക്ക് കാര്യങ്ങൾ എത്തി. വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിക്കാര്‍ക്കായി രംഗത്തുവന്നു. ആര്‍എസ്എസ‌്– കോണ്‍ഗ്രസ‌് കൂട്ടുകെട്ട് രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കുകയാണ്.

കേരളത്തെ തകര്‍ക്കാനാണ‌് നീക്കം

നവോത്ഥാന പോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ് ആധുനിക കേരളം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം ഇവയൊക്കെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുടെ നേട്ടമാണ്. ഇവയെല്ലാം അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിന്നോക്കക്കാര്‍ക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്തേയ്ക്ക് കടക്കാന്‍ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞതെങ്കില്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂജാരിയായും, ദളിത്, പിന്നോക്കക്കാരെ നിയമിച്ചു. അതും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഇവയെല്ലാം ഇല്ലാതാക്കാനാണ്  ശ്രമിക്കുന്നത്.

ഹർജി നൽകിയത‌് ആർഎസ‌്എസ‌ുമായി ബന്ധമുള്ളവർ

ശബരിമലയിൽ സ‌്ത്രീപ്രവേശം ആവശ്യപ്പെട്ട‌് സുപ്രീംകോടയില്‍ കേസ് കൊടുത്തത് ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. വിധിയെ സ്വാഗതം ചെയ്തതും അവര്‍ തന്നെ. 12 വര്‍ഷത്തിനിടയില്‍ കേസില്‍ കക്ഷിചേരാന്‍ ബിജെപിയോ, ആര്‍എസ്എസോ തയ്യാറായില്ല. ഇപ്പോള്‍ പുനഃപ്പരിശോധന ഹര്‍ജിയും നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്നില്ല. വിധി നടപ്പാക്കാന്‍ പൊലീസിനെ സജ്ജമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസ‌് ആസൂത്രണം ചെയ്ത ഒരു ഗൂഢപദ്ധതിയാണ് പ്രക്ഷോഭത്തിനുപുറകിലുള്ളത്. അപവാദപ്രചാരവേലകളിലൂടെ ഇടുതുപക്ഷത്തെ ദുര്‍ബലമാക്കാനും കലാപം സൃഷ്ടിച്ച് ധ്രുവീകരണം ശക്തമാക്കാനും കഴിയുമോയെന്നാണ് ഇവർ ശ്രമിക്കുന്നത്. പ്രളയകാലത്ത് കേരളം പ്രകടിപ്പിച്ച മതനിരപേക്ഷതയെ തകര്‍ക്കാനാണ് ശ്രമം.

ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളീയ സമൂഹത്തിന്റെ പൊതുസ്വീകാര്യത നേടിയ പിണറായി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുക എന്ന ലക്ഷ്യവും ഇതിന‌് പിന്നിലുണ്ട‌്.  സംഘപരിവാറിനെ  പിന്തുണക്കുകയെന്ന ആത്മഹത്യാപരമായ നിലപാട് കോണ്‍ഗ്രസ്സും സ്വീകരിക്കുന്നു

No comments:

Post a Comment