ആലപ്പുഴ > കീഴാളരെ ചേറ്റില്‍ ചവിട്ടിത്താഴ്ത്തിയ ജാതിമേധാവിത്വത്തിന്റെ തേര്‍വാഴ്ചയുടെ ഓര്‍മപ്പെടുത്തലായി പാടശേഖരങ്ങളില്‍ അപ്പൂപ്പന്‍ തറയും പെരുമ്പറയനും. പുന്നപ്ര നൂറ്റമ്പതില്‍ച്ചിറപ്പാടത്ത് ഒന്നരനൂറ്റാണ്ടുമുമ്പാണ് അപ്പൂപ്പന്‍ എന്ന പുലയനെ സവര്‍ണരും ഗുണ്ടകളും ചേര്‍ന്ന് മടയില്‍ കുത്തിത്താഴ്ത്തിയത്. വെള്ളം വറ്റിക്കാന്‍ പ്രയാസമുണ്ടായിരുന്ന പാടത്ത്, വലിയ ആകാരമുള്ള അപ്പൂപ്പനെ മടയില്‍ ഇരുത്തി മടകുത്തുക പതിവായിരുന്നു. ശരീരത്തിന്റെ ഒരു പരിധിവരെ ചേറ് നിറയുമ്പോള്‍ അപ്പൂപ്പന്‍ മതിയെന്നു പറയും. അപ്പോള്‍ അപ്പൂപ്പന്‍ എഴുന്നേല്‍ക്കുകയായിരുന്നു പതിവ്.
സംഭവദിവസം അപ്പൂപ്പനെ കൊല്ലാന്‍ സവര്‍ണമേധാവികള്‍ ഏര്‍പ്പാടുചെയ്തു. അപ്പൂപ്പനെ ഇരുത്തിയശേഷം മടയുടെ ഇരുവശങ്ങളിലും വള്ളത്തില്‍നിന്ന് ചേറുകുത്തി അദ്ദേഹത്തെ ആളുകള്‍ മൂടുകയായിരുന്നുവെന്നാണ് തന്റെ കേട്ടറിവെന്ന് അറവുകാട് കോളനിയിലെ 77 വയസുള്ള കര്‍ഷകത്തൊഴിലാളി ചെല്ലമ്മ പറഞ്ഞു. കൊല്ലാന്‍ പറഞ്ഞ ന്യായം അപ്പൂപ്പന്‍ വീടിനകത്തു തുരങ്കമുണ്ടാക്കി പെരുംകൂടിട്ടു മീന്‍ പിടിച്ചതുമൂലം പാടത്തെ വെള്ളം വറ്റിയില്ല എന്നതാണ്. ജന്മിയുടെ അന്ധവിശ്വാസം അപ്പൂപ്പനെ പാടത്തിനു നടുക്ക് കുടിയിരുത്തി. അപ്പൂപ്പനെ കൊന്നശേഷം വീട്ടിലെത്തിയ ജന്മി ' അടിയനിവിടുണ്ടേ തീണ്ടാതെ മാറിക്കോളൂ' എന്ന് അശരീരി കേട്ടുവത്രെ. പിന്നീട് ജന്മിക്കുണ്ടായ ദുരന്തങ്ങള്‍ക്കെല്ലാം അപ്പൂപ്പനായി ഉത്തരവാദി! ജന്മി കുടിയിരുത്തിയ അപ്പൂപ്പനോട് അനുവാദം ചോദിച്ചിട്ടേ പാടത്തിപ്പോള്‍ കൃഷിപ്പണി നടക്കൂ.
മൂന്നു തലമുറകള്‍ക്കു മുമ്പുണ്ടായ സംഭവമാണ് പെരുമ്പറയന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളത്. അയ്യനാട്ടെ പാടത്ത് ഒരിക്കലും ഉറപ്പിക്കാന്‍ കഴിയാത്ത ഒരു മടയുണ്ടായിരുന്നു. എത്രകുട്ട മണ്ണ് കുത്തി മറച്ചാലും മട പൊട്ടും. മട ഉറപ്പിക്കല്‍ പ്രയാസകരമായതോടെ ജന്മി ജ്യോത്സ്യരെ വിളിച്ചു പ്രശ്‌നംവച്ചു. മനുഷ്യക്കുരുതി നടത്തിയാലേ മടയുറയ്ക്കൂ എന്നായി ജ്യോത്സ്യന്‍. മനുഷ്യക്കുരുതിക്ക് ജീവന്‍ നല്‍കാന്‍ ആളെക്കിട്ടാതെ ജന്മി അലഞ്ഞ കാലത്താണ് അയ്യനാട്ടെ അടിയാന്‍മാരുടെ മൂപ്പനായ കൊച്ചിട്ട്യാതിയുടെ വീട്ടില്‍ ബന്ധുവുമായ പെരുമ്പറയന്‍ വിരുന്നുവന്നത്. കോട്ടയം പുതുപ്പള്ളിക്കാരനായിരുന്നു പെരുമ്പറയന്‍. അന്ന് രാത്രി ഭക്ഷണം കഴിഞ്ഞു കൊച്ചിട്ട്യാതിയും പെരുമ്പറയനും സംസാരിച്ചിരിക്കെ കനത്ത മഴയില്‍ പാടത്തെ മട വീണ്ടും പൊട്ടി. കൊയ്‌തെടുക്കാറായ നെല്ലു മുഴുവന്‍ നശിച്ചുപോവുമെന്ന് ഉറപ്പ്.
കൊച്ചിട്ട്യാതിയും കൂട്ടരും മട അടയ്ക്കാന്‍ പാടത്തേക്കു കുതിച്ചു; കൂടെ പെരുമ്പറയനും. മീറ്ററുകളോളം നീളത്തില്‍ വീണുപോയ മട കെട്ടാന്‍ അക്കാലത്തു വലിയ ബുദ്ധിമുട്ടാണ്. അന്നു രാത്രി പെരുമ്പറയനും മറ്റു പണിക്കാരോടൊപ്പം തടയിട്ടു മണ്ണ് ചവിട്ടിത്താഴ്ത്താന്‍ പാടത്തെ വെള്ളത്തിലിറങ്ങി. മണ്‍കട്ടയിട്ട് ഉയര്‍ത്തുന്ന മട പെരുമ്പറയന്റെ നെഞ്ചുവരെ ഉയരത്തിലെത്തി. അപ്പോള്‍ ജന്‍മി പെരുമ്പറയനെ മനുഷ്യക്കുരുതിയായി മടയില്‍ കൊന്നുതാഴ്ത്താന്‍ വള്ളത്തിലെ പണിക്കാര്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കി. കട്ടകള്‍ പെരുമ്പറയന്റെ തലവഴിയിട്ടുമൂടി. മണ്ണ് ചവിട്ടിയുറപ്പിക്കുന്നതിനൊപ്പം പെരുമ്പറയനെയും ചവിട്ടിയുറപ്പിച്ചു.
ജന്മിയുടെ കുടുംബത്തിന് ചില തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ജന്മി വീണ്ടും ജ്യോത്സ്യരെ വരുത്തി പ്രശ്‌നം വയ്പ്പിച്ചു. പെരുമ്പറയനെ ആവാഹിച്ചു പ്രതിമയിലാക്കി കാലവും നേരവും നോക്കി നേര്‍ച്ച കൊടുക്കാനായിരുന്നു നിര്‍ദേശം. അങ്ങനെ പെരുമ്പറയന്റെ രൂപം കരിങ്കല്ലില്‍ കൊത്തിയെടുത്തു. കൊച്ചിട്ട്യാതിയുടെ വീടായ തോപ്പില്‍ച്ചിറയിലെത്തിച്ചു പറമ്പില്‍ പ്രതിഷ്ഠിച്ചു. നാട്ടുകാരുടെ ദൈവമായി പെരുമ്പറയന്റെ പ്രതിമ ചതുര്‍ഥ്യാകരിയിലെ പാടവരമ്പത്തുണ്ട്. ഒരു കൈയില്‍ മണ്‍കട്ടയും മറുകൈയില്‍ കട്ടകുത്താനുള്ള വടിയുമേന്തി.
ഇത്തരം നിരവധി കീഴാളരാണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന സവര്‍ണ മേധാവികളുടെ പ്രതാപകാലത്ത് ചേറ്റില്‍ താഴ്ത്തപ്പെട്ടത്.
No comments:
Post a Comment