തിരുവനന്തപുരം > ഇത‌് സുവർണാവസരം, നമ്മൾ മുന്നോട്ടുവച്ച അജൻഡയിൽ ഓരോരുത്തരായി അടിയറവ‌് പറഞ്ഞു–-ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ ഈ വാക്കുകളിൽ എല്ലാമുണ്ട‌്. 1983ൽ തന്റെ മുൻഗാമി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നിലയ‌്ക്കൽ പ്രക്ഷോഭത്തിന്റെ മറവിൽ വർഗീയ കലാപമഴിച്ചുവിട്ട‌് ചോരപ്പുഴയൊഴുക്കാൻ നടത്തിയ ഗൂഢാലോചനയുടെ തനിയാവർത്തനമാണ‌് പിള്ള വെളിപ്പെടുത്തിയ ഈ അജൻഡയും.
അന്ന‌് ക്രിസ‌്തീയ ദേവാലയത്തിന‌് ഭൂമി അനുവദിച്ചതിന്റെ പേരിലാണെങ്കിൽ ഇപ്പോൾ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ മറവിൽ എന്ന വ്യത്യാസം മാത്രം.
മതസൗഹാർദത്തിന്റേയും ഉയർന്ന മാനവികതയുടേയും പ്രതീകമായ ശബരിമലയുടെ പേരിൽ വർഗീയകലാപം അഴിച്ചുവിട്ട‌് നടത്താൻ ലക്ഷ്യമിട്ട ചോരക്കളിയെക്കുറിച്ചുള്ള സ‌്ഫോടനാത‌്മക വിവരമാണ‌് പുറത്തുവന്നത‌്.
നടന്നതെല്ലാം രാഷ്ട്രീയക്കളി
പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കാനുള്ള ബാധ്യതയുള്ള സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയും പതിനായിരക്കണക്കിന‌് അയ്യപ്പഭക്തരുടെ വിശ്വാസത്തെ മറയാക്കിയുമാണ‌് ബിജെപി തീക്കളിക്ക‌് തുടക്കമിട്ടത‌്. 16നും 17നും പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും സൃഷ്ടിച്ച സംഘർഷങ്ങൾക്കൊപ്പം സംസ്ഥാനത്ത‌് പലയിടത്തും അഴിഞ്ഞാടിയതും രാഷ്ട്രീയക്കളി മാത്രമെന്നും പിള്ള പറയാതെ പറഞ്ഞിരിക്കുന്നു. ശബരിമലയിലെ സമരം ബിജെപിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറൽ സെക്രട്ടറിമാർ അത് വിജയകരമായി നടപ്പാക്കിയെന്ന‌് പറഞ്ഞതിൽ ഇത‌് വ്യക്തമാണ‌്. തങ്ങളുടെ അജൻഡയിൽ മറ്റുള്ളവരും വീണിരിക്കുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട‌്. ഇൗ മറ്റുള്ളവർ കോൺഗ്രസും യുഡിഎഫുമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ബിജെപിയുടെ പിന്നാലെ അതേ വാശിയോടെ വിശ്വാസികളെ തെരുവിലിറക്കാൻ ശ്രമിച്ചത‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിലാണ‌്. ഇപ്പോഴിതാ പിള്ളയുടെ വെളിപ്പെടുത്തലോടെ യുഡിഎഫിന്റെ രാഷ‌്ട്രീയ അജൻഡയുമാണ‌് വെളിച്ചത്തായത‌്.
സുവർണാവസരം കലാപത്തിന‌്
സുപ്രീംകോടതി വിധിയെ തുടർന്നുള്ള സംഭവവികാസങ്ങൾ തങ്ങൾക്ക‌് സുവർണാവസരമെന്ന‌് പറയുന്നത‌് വിശ്വാസികളുടെ പാർടിയെന്ന‌് പറയുന്ന ബിജെപിയുടെ നേതാവാണ‌്. ബിജെപിക്കും ആർഎസ‌്എസിനും മറ്റ‌് സംഘപരിവാർ ശക്തികൾക്കും ഭക്തിയും വിശ്വാസവുമല്ല, രാഷ്ട്രീയ മുതലെടുപ്പ‌് മാത്രമാണ‌് ഉന്നമെന്നും വ്യക്തമായിരിക്കുന്നു. ചിത്തിര ആട്ടത്തിരുനാൾ പൂജയുടെ ഭാഗമായി തിങ്കളാഴ‌്ച നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയവരിൽ വിശ്വാസികൾ പത്ത‌് ശതമാനത്തോളം മാത്രമാണ‌്. അവശേഷിക്കുന്നവരെല്ലാം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ‌്, വിശ്വഹിന്ദു പരിഷത് നേതാവും കടുത്ത വർഗീയ വാദിയുമായ ശശികല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ക്രിമിനലുകളാണ‌്. ഇവരുടെ ലക്ഷ്യം ശബരിമലയിൽ കലാപമഴിച്ചുവിടുകയെന്നതാണ‌്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ഇത‌് സാക്ഷ്യപ്പെടുത്തുന്നു.
തന്ത്രി ശബരിമലയുടേതല്ലേ
തുലാമാസ പൂജയ്ക്കിടെ സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നുമുള്ള ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലും അത്യന്തം ഗൗരവമുള്ളതാണ‌്. ദേവസ്വം ബോർഡിന‌് കീഴിലാണ‌് തന്ത്രിയുടെ പദവി. അങ്ങനെയൊരാൾ ബോർഡുമായോ അവരുടെ അഭിഭാഷകരുമായോ ചർച്ച നടത്തുന്നതിന‌് പകരം സമരം ചെയ്യുന്ന സംഘടനയുടെ സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചുവെന്നാണ‌് വെളിപ്പെടുത്തൽ. ഇത‌് ശരിയാണെങ്കിൽ അദ്ദേഹത്തിന‌് തന്ത്രി പദവിയിൽ തുടരാൻ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട‌്. ബിജെപിയുടെയും ആർഎസ‌്എസിന്റെയും ഗൂഢാലോചനയിൽ തന്ത്രി കുടുംബവും പന്തളം മുൻ രാജകുടുംബവും പെട്ടുപോയോ എന്നതും ഇനിയുള്ള ദിവസങ്ങളിൽ ചർച്ചയാകും. നട അടച്ചിട്ടാൽ കോടതിയലക്ഷ്യമാകില്ലേ എന്ന‌് തന്ത്രി ചോദിച്ചപ്പോൾ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകിയതായും പറയുന്നു.
സുപ്രീംകോടതി വിധി ലംഘിക്കാൻ പ്രമുഖ അഭിഭാഷകൻ കൂടിയായ ശ്രീധരൻപിള്ള ആഹ്വാനം ചെയ‌്തിരിക്കുന്നു. കോടതിയലക്ഷ്യ നടപടികളിൽ പ്രതിസ്ഥാനത്ത‌് നിൽക്കുന്ന ശ്രീധരൻപിള്ളയ്‌ക്കും ബിജെപിക്കും ഇതും കുരുക്കാവുകയാണ‌്.
എം രഘുനാഥ‌്
No comments:
Post a Comment